കാഞ്ചനബുരിയുടെ കാനനഭംഗിയില്‍ മതിമറന്ന് രജിഷ വിജയന്‍

HIGHLIGHTS
  • ബാങ്കോക്കില്‍ നിന്നും വെറും രണ്ടു മണിക്കൂര്‍ മാത്രം അകലെയുള്ള റിസോര്‍ട്ട് പട്ടണമാണ് കാഞ്ചനബുരി
Rajisha Vijayan
Image Credit : rajishavijayan / Instagram
SHARE

ലഹരി നുരയുന്ന നിശകളും പാര്‍ട്ടി ലൈഫിന്‍റെ ബഹളവും നിറഞ്ഞ നഗരങ്ങള്‍ മാത്രമല്ല തായ്‌ലൻഡിന്‍റെ സൗന്ദര്യത്തിന്‌ മാറ്റു കൂട്ടുന്നത്. നിറയെ വനങ്ങളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും പര്‍വ്വതങ്ങളുമെല്ലാം നിറഞ്ഞ മറ്റൊരു മുഖം കൂടി തായ്‌ലൻഡിനുണ്ട്. അത്തരമൊരു അനുഭവം തേടിയുള്ള യാത്രയിലാണ് നടി രജിഷ വിജയന്‍. തായ്‌ലൻഡിലെ കാഞ്ചനബുരിയില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം രജിഷ പങ്കുവെച്ചു. തായ്‌ലൻഡിന്‍റെ പ്രകൃതിഭംഗി ചിത്രങ്ങളിൽ കാണാം.

ബാങ്കോക്കില്‍ നിന്നും വെറും രണ്ടു മണിക്കൂര്‍ മാത്രം അകലെയുള്ള റിസോര്‍ട്ട് പട്ടണമാണ് കാഞ്ചനബുരി. പ്രകൃതി സ്നേഹികൾക്ക് ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. ഖ്വേ നോയിയും ഖ്വേ യായും കൂടിച്ചേര്‍ന്ന്, മേ ക്ലോംഗ് നദി രൂപപ്പെടുന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നദിക്കരയില്‍, കയ്യില്‍ പുസ്തകവുമായി വന്നിരിക്കുന്ന സഞ്ചാരികള്‍ ഒട്ടേറെയാണ്. കൂടാതെ നദീതീരത്ത് 12 മീറ്റർ ഉയരവും 150 മീറ്റർ നീളവുമുള്ള ഗ്ലാസ് നടപ്പാതയായ 'സ്കൈ വാക്ക്' ഉണ്ട്. സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഈ സ്കൈവാക്കില്‍ ടിക്കറ്റ് എടുത്ത് കയറി നടക്കാം.

മനോഹരമായ വെള്ളച്ചാട്ടങ്ങൾ, സമൃദ്ധമായ വനം, തായ്‌ലൻഡിലെ ഏറ്റവും വലിയ മൂന്ന് ജലസംഭരണികൾ എന്നിവ സന്ദർശിക്കുന്നതിനൊപ്പം വൈറ്റ് വാട്ടർ റാഫ്റ്റിംഗ് , ആന ട്രക്കിങ് , ഗോൾഫിങ് എന്നിവയും ഇവിടെയെത്തുന്ന സന്ദർശകർക്ക് പ്രിയപ്പെട്ട വിനോദങ്ങളാണ് . ശ്രീനഗറിൻ അണക്കെട്ട്, വജിരലോങ്‌കോൺ ഡാം, സായ് യോക് നോയ് വെള്ളച്ചാട്ടം, സായ് യോക്യായ് വെള്ളച്ചാട്ടം, എറവാൻ വെള്ളച്ചാട്ടം, മോൺ ബ്രിജ്, മുവാങ് സിങ് ഹിസ്റ്റോറിക്കൽ പാർക്ക്, ത്രീ പഗോഡ പാസ്, വാട്ട് വാങ് വിവേകരം, അണ്ടർവാട്ടർ സിറ്റി, കാഞ്ചനബുരി യുദ്ധ സെമിത്തേരി, രണ്ടാം ലോകമഹായുദ്ധ  മ്യൂസിയം, ആർട്ട് ഗാലറി എന്നിവയാണ് കാഞ്ചനബുരിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. 

ബുദ്ധസന്യാസിയായ പ്രഭവനവീരിയാഖുന്‍റെ ജന്മസ്ഥലം എന്ന നിലയിലും കാഞ്ചനബുരി പ്രശസ്തമാണ്. ബുദ്ധക്ഷേത്രമായ വാട്ട് താം ഫു വായിൽ നിന്ന് 5 കിലോമീറ്റർ തെക്കുകിഴക്കായി, ഒരു വലിയ ചുണ്ണാമ്പുകല്ല് ഗുഹയ്ക്കുള്ളിൽ നിരവധി ഗ്രോട്ടോ ആരാധനാലയങ്ങൾ ഉൾക്കൊള്ളുന്നു. ഓരോ ഗ്രോട്ടോയിലും ബുദ്ധന്‍റെ ജീവിതത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങളുടെ പ്രതിമകളുണ്ട്. പ്രശസ്തമായ ടൈഗർ ടെമ്പിളിലേക്ക് ഏറ്റവും എളുപ്പമുള്ള ആക്സസ് പോയിന്റാണിത്, കൂടാതെ ഒരു വിപാസന ധ്യാന കേന്ദ്രവും ഇവിടെയുണ്ട്.

Kanchanaburi is a province in western Thailand, bordering Myanmar, Images shared by actress Rajisha Vijayan.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS