ADVERTISEMENT

‘‘നമ്മൾ ആരാണെന്നോ എന്താണെന്നോ ചേദ്യങ്ങളില്ലാതെ, ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ നോട്ടപ്പുള്ളികളാതെ, സ്വസ്ഥമായൊരു സന്ദർശനമായിരുന്നു ബാലി സമ്മാനിച്ചത്. നമ്മുടെ നാട്ടിൽനിന്നു വ്യത്യസ്തമായി, ഇഷ്ടമുള്ള വസ്ത്രം ധരിച്ച്, ജഡ്ജ് ചെയ്യപ്പെടാതെ സന്തോഷത്തോടെ എല്ലാം ആസ്വദിച്ച് നമ്മളായി അവിടെ നടക്കാം’’ – രസ്ന പവിത്രൻ

മലയാളത്തിന്റെ അനിയത്തിക്കുട്ടിയാണ് രസ്ന പവിത്രൻ. ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും അനിയത്തിയായി വെള്ളിത്തിരയിൽ തിളങ്ങിയ രസ്ന വിവാഹശേഷം വീണ്ടും മലയാളത്തിൽ സജീവമാവുകയാണ്. ഒരുപിടി ചിത്രങ്ങളുമായി താരം മലയാളത്തിൽ മാത്രമല്ല തമിഴിലും തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ്. വിവാഹശേഷവും അതിനുമുമ്പും നിരവധി യാത്രകൾ നടത്തിയിട്ടുള്ള ആളാണ് രസ്ന. യാത്രകളോട് വല്ലാത്തൊരു ഇഷ്ടവും താരത്തിനുണ്ട്. സിനിമയിൽ ഒരു ഇടവേള എടുത്തുവെങ്കിലും സമൂഹമാധ്യമങ്ങളിൽ രസ്ന സജീവമാണ്. രസ്‌നയുടെ ഫോട്ടോഷൂട്ടുകൾ ആരാധക ശ്രദ്ധ നേടാറുമുണ്ട്. ഏറ്റവും പുതിയ ബാലി യാത്രയുടെ വിശേഷങ്ങൾ രസ്ന പവിത്രൻ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ഫ്രീയായി നടക്കാം, നമ്മുടെ നാട്ടിൽനിന്ന് ഏറെ വ്യത്യസ്തം

ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ബാലി യാത്ര. വിഡിയോകൾ കാണുമ്പോഴും പലരും അവിടെ പോയതിനെപ്പറ്റി പറയുമ്പോഴും മനസ്സിൽ കയറിക്കൂടിയതാണ് അവിടെ പോകണമെന്നത്. ഇൻസ്റ്റഗ്രാമിൽ റീൽസും മറ്റും കാണുമ്പോഴൊക്കെ കൊതിക്കും അവിടെ പോകാൻ. നമ്മുടെ നാട്ടിൽനിന്നു വിട്ടുനിന്നെന്ന് അവിടെ ചെന്നപ്പോൾ തോന്നിയില്ല. മനഃസമാധാനമുള്ള ഒരു നാട് എന്നു വിളിക്കാം ബാലിയെ. ലോകത്തിലെ മിക്ക വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാണ് ബാലി. സംസ്‌കാരം, പാരമ്പര്യങ്ങള്‍, സവിശേഷമായ ഭക്ഷണങ്ങളും പാചകരീതികളും സഞ്ചാരി-സൗഹൃദ മനോഭാവമുള്ള പ്രദേശവാസികള്‍ അങ്ങനെ നല്ലൊരു അനുഭവമായിരിക്കും ബാലിയാത്ര. ഇന്ത്യന്‍ മഹാസമുദ്രത്തിനുള്ളിലെ ഇന്തൊനീഷ്യന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും പ്രശസ്തമായ ദ്വീപുകളിലൊന്നാണ് ഇത്. പര്‍വതങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, മനോഹരമായ കടത്തീരങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ ബാലിയില്‍ അദ്ഭുതപ്പെടുത്തുന്ന വാസ്തുവിദ്യകളുള്ള ക്ഷേത്രങ്ങളുണ്ട്. ബാലിനീസ് ക്ഷേത്രങ്ങളുടെ വാസ്തുവിദ്യകള്‍ അതിന് ചുറ്റുമുള്ള മതിലുകളില്‍ വരെ പ്രകടമാണ്. തുറന്ന ആരാധനാലയങ്ങളായിട്ടാണ് ബാലിനീസ് ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ബാലിയിൽ എന്നെ ആകർഷിച്ചതും ഈ ആരാധനാലയങ്ങൾ തന്നെയാണ്.

എന്നാൽ അതിനേക്കാളൊക്കെ ആകർഷിച്ച മറ്റൊരു കാര്യം അവിടുത്തെ സ്വാതന്ത്ര്യമായിരുന്നു. ലോകത്തിന്റെ നാനാദിക്കിൽ നിന്നുമുള്ള ആളുകൾ സന്ദർശിക്കുന്ന ബാലി സാംസ്കാരികമായി ഏറെ മുന്നിൽ നിൽക്കുന്ന നാടാണ്. അവിടെ ആയിരുന്നപ്പോൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് സ്വാതന്ത്ര്യമായിരുന്നു. നമ്മൾ ആരാണ്, എന്താണ് ധരിച്ചിരിക്കുന്നത് എന്നൊന്നും ആരും നോക്കില്ല. ഇഷ്ടമുള്ള വസ്ത്രം ധരിച്ച്, ജഡ്ജ് ചെയ്യപ്പെടാതെ സന്തോഷത്തോടെ എല്ലാം ആസ്വദിച്ച് നമ്മളായി അവിടെ നടക്കാം. സ്വസ്ഥമായൊരു സന്ദർശനം. നമ്മുടെ നാട്ടിൽ ഒരൽപം ഇറക്കം കുറഞ്ഞ ഡ്രസ് ഇട്ടാലോ മറ്റുള്ളവരുടെ കണ്ണിൽ മോശമെന്നു തോന്നിയാലോ ചിലപ്പോഴൊക്കെ ഉണ്ടാകാറുള്ള അതിരുകടന്ന കമന്റുകളോ നോട്ടങ്ങളോ മുൻവിധികളോ ഒന്നും ആ നാട്ടിൽ കാണാനാവില്ല. ആയിരക്കണക്കിന് സഞ്ചാരികളിൽ ഒരാൾ മാത്രമായിരിക്കും നമ്മൾ. ബിക്കിനി ധരിച്ച് ബീച്ചിൽ സമയം ചെലവഴിച്ചാലോ നമുക്കിഷ്ടമുള്ള ഡ്രസിട്ട് തിരക്കേറിയ തെരുവോരങ്ങളിലൂടെ നടന്നാലോ ആരും മൈൻഡ് പോലും ചെയ്യില്ല. നിങ്ങൾ മാത്രമുള്ള നിങ്ങളുടെ നിമിഷങ്ങളായിരിക്കും അത്. ബാലിയെ സംബന്ധിച്ച് എന്നെ ഏറെ സന്തോഷിപ്പിച്ച കാര്യം അതായിരുന്നു. യാത്ര ചെയ്യുന്നത് എല്ലാ ടെൻഷനുകളെല്ലാം മറന്നു തിരക്കുകളിൽനിന്നും ബഹളങ്ങളിൽനിന്നും മാറിനിൽക്കാനാണല്ലോ. അങ്ങനെയെങ്കിൽ മനഃസമാധാനത്തോടെ യാത്ര ചെയ്യാൻ പറ്റിയ മികച്ച സ്ഥലമാണു ബാലി.

കടൽത്തീരത്തെ നിറപ്പകിട്ടാർന്ന നൃത്തവും കൊത്തുപണികളാൽ സമ്പന്നമായ വഴിത്താരകളും

ബാലിയാത്രയുടെ പ്ലാനിങ് തനിച്ചാണ് ചെയ്തത്. യൂടുബിലും മറ്റും നോക്കി കാണേണ്ട സ്ഥലങ്ങളും മറ്റും നേരത്തേ തീരുമാനിച്ചാണ് പോയത്. ആറുദിവസത്തെ യാത്രയായിരുന്നു. എല്ലായിടത്തും പോകാനാവാത്തതിനാൽ ഇനിയും ബാലിയിലേക്കു പോകണമെന്നാണ് ആഗ്രഹം. വീണ്ടും വീണ്ടും അങ്ങനെ ഒരേ സ്ഥലത്തേക്കു യാത്ര ചെയ്യുന്നതു പണവും സമയവുമെല്ലാം നഷ്ടപ്പെടുത്തുന്ന കാര്യമല്ലേ എന്നു ചോദിച്ചാൽ ഒരിക്കലുമല്ല എന്നു ഞാൻ പറയും. കാരണം ആ നാട്ടിൽനിന്നു നമുക്ക് ലഭിക്കുന്നത് സമാധാനമാണ്. ഇത്രയും സന്തോഷമായി, സമാധാനത്തോടെ മറ്റെവിടെയെങ്കിലും സഞ്ചരിക്കാനാവുമോ എന്നെനിക്കറിയില്ല. എവിടെ നോക്കിയാലും ദൈവങ്ങളും ക്ഷേത്രങ്ങളും ആരാധനായലങ്ങളുമായി ശരിക്കും ഒരു ഗോഡ്സ് ഓൺ കൺട്രിയാണ് അവിടം. അവിടെയായിരുന്നപ്പോൾ ആ നാട്ടിലെ പ്രശസ്തമായ പരമ്പരാഗത നൃത്തങ്ങളിലൊന്നായ കേകാക് കാണാൻ സാധിച്ചു. ഇത് ശരിക്കുമൊരു നൃത്ത നാടകമാണ്. കേകാക് നൃത്തത്തിലെ മിക്ക കഥകളും രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റ് ബാലിനീസ് നൃത്തങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേകാക് നൃത്തത്തിന് അതിന്റേതായ പ്രത്യേകതയുണ്ട്.

മറ്റു നൃത്തനാടകരൂപങ്ങളിൽ കാണുന്നതുപോലെ ഇതിൽ ഒരു സംഗീതോപകരണവും ഉപയോഗിക്കുന്നില്ല. നൃത്തം ചെയ്യുന്ന ആളുകൾ തന്നെ ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു. അതുപോലെ നൃത്തത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണവും വളരെ വലുതാണ്. പ്രമുഖ നർത്തകർ ഒഴികെ 150 പേർ വരെ കേകാക് നൃത്തത്തിൽ പങ്കെടുക്കാറുണ്ടത്രേ. ശരാശരി 50 ആളുകളെങ്കിലും ഈ നൃത്തത്തിന് അണിനിരക്കും. അതിൽ ഭൂരിഭാഗവും പുരുഷൻമാരായിരിക്കും. കടലോരത്തുള്ള ക്ഷേത്രത്തിനോടു ചേർന്നാണ് പരമ്പരാഗതമായ ആചാരങ്ങളോടെ ഈ നൃത്തകലാരൂപം അരങ്ങേറുക. കടൽത്തീരത്ത് തീക്കുണ്ഡം നിർമ്മിച്ച് അതിനോട് ചേർന്നാണ് ഇവർ നൃത്തം അവതരിപ്പിക്കുക. വർണാഭമായൊരു പ്രകടനമാണത്. കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായൊരു കാഴ്ച. ബാലി ദ്വീപിൽ പലയിടത്തും കേകാക് നൃത്തം അവതരിപ്പിക്കാറുണ്ട്. ബാലിയിൽ മിക്കവാറും എല്ലാ ദിവസവും കേകാക് നൃത്ത പ്രകടനം നടക്കുന്നത് ഉലുവാട്ടു ക്ഷേത്രത്തിലാണ്. മറക്കാനാവാത്തൊരു അനുഭവമായിരുന്നു ആ നൃത്തവും അത് അരങ്ങേറിയ സ്ഥലവും. നമ്മുടെ നാട്ടിലെ തെയ്യത്തിന്റെയൊക്കെ വേറൊരു പതിപ്പായി ആ നൃത്തം തോന്നി. മനോഹരമായ സൂര്യാസ്തമയത്തോടൊപ്പം സാംസ്കാരികമായ ഒരു കലാരൂപത്തിനു ദൃക്സാക്ഷിയാകാനും സാധിച്ചു.

ബാലിയിൽ എവിടെ തിരിഞ്ഞുനോക്കിയാലും മനോഹരമായ ക്ഷേത്രങ്ങളാണ്. കൊത്തുപണികളുടെ കൂമ്പാരമെന്നു പറയേണ്ടിവരും അത്രമാത്രം കൊത്തുപണികളും ചിത്രപണികളും കൊണ്ട് നിറഞ്ഞതാണ് അവിടുത്തെ ഓരോ ക്ഷേത്രവും. എല്ലാ വഴിയിലും നിറയെ വലുതും ചെറുതുമായ ക്ഷേത്രങ്ങളാണ്. നമ്മൾ കരുതും നമ്മുടെ നാട്ടിലാണ് അമ്പലങ്ങളും ആരാധനാലയങ്ങളും കൂടുതലെന്ന്. എങ്കിൽ ബാലിയിൽ ചെന്നാൽ നിങ്ങൾ അത് മാറ്റിപ്പറയും. അവിടുത്തെ ക്ഷേത്രങ്ങളുടെ ഭംഗി വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. അവിടെ ചെന്നു കണ്ടു തന്നെ അത് അനുഭവിച്ചറിയണം. അതുപോലെ തന്നെയാണ് നല്ല അടിപൊളി റിസോർട്ടുകളും രാജ്യത്തുണ്ട്. പാറക്കെട്ടുകളും ചെങ്കുത്തായ മലഞ്ചെരുവുകളും വരെ അവർ അതിഗംഭീര റിസോർട്ടുകളാക്കി മാറ്റിയിരിക്കുകയാണ്. ഒരു പ്രാവശ്യം പോയാൽ നിങ്ങൾക്ക് ബാലിയുടെ കുറച്ചു ഭാഗം മാത്രമേ കാണാനാകൂ, അവിടേയ്ക്കുള്ള ഓരോ യാത്രയും വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് വീണ്ടും ബാലിയിലേക്കു പോകണമെന്നു ഞാൻ പറഞ്ഞത്.

 

Content Summary : Bali is a popular tourist destination in Indonesia. It is known for its beautiful beaches, charming villages, and rich culture.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com