ADVERTISEMENT

യൂറോപ്പ് വൻകരയിലെ ഗോത്രങ്ങൾ അധീശത്വം സ്ഥാപിച്ച ശേഷം സങ്കര സംസ്കാരങ്ങളുടെ സ്വാധീനത്തിൽ വളർന്ന ഐറിഷ് മരതക ദ്വീപ് പിന്നീട് മത-രാഷ്ട്രീയ കാരണങ്ങളാൽ കാത്തലിക്-പ്രൊട്ടസ്റ്റന്റ് ചേരികളായി വിഭജിക്കപ്പെട്ടു. 1921-ൽ റിപ്പബ്ലിക് ഓഫ് അയർലൻഡ്, നോർത്തേൺ അയർലൻഡ് എന്ന രണ്ടു മേഖലകളായി. റിപ്പബ്ലിക് ഓഫ് അയർലൻഡ് ഒരു രാജ്യമാണ്. നോർത്തേൺ അയർലൻഡ് ഗ്രേറ്റ്‌ ബ്രിട്ടന്റെ കീഴിലുള്ള ഒരു ടെറിറ്ററി. അയർലൻഡിൽ നൂറ്റാണ്ടുകളായി അഞ്ച് പ്രവശ്യകളുണ്ട്. കൊണാട്ട്, അൾസ്റ്റർ, മൺസ്റ്റർ, മീത്ത്, ലെൻസ്റ്റർ. മീത്ത് പിന്നീട് ലെൻസ്റ്ററിൽ ലയിച്ചു. രാജവംശങ്ങൾ പ്രവിശ്യകളെ ഭരിച്ചു. ഇപ്പോൾ അവയുടെ പേര് ഭൂവതിർത്തി വിവരിക്കാൻ മാത്രം ഉപയോഗിക്കുന്നു. പ്രവിശ്യാഭരണം അവസാനിച്ചു. അൾസ്റ്റർ പ്രൊവിൻസിലെ ഒമ്പത് കൗണ്ടികളിൽ, ആറെണ്ണം ചേർന്നതാണ് വടക്കൻ അയർലൻഡ്.

Japanese trip mates in Derry
Japanese trip mates in Derry. ചിത്രം : ഡിബിൻ റോസ് ജേക്കബ്

റിപ്പബ്ളിക് ഓഫ് അയർലൻഡിലെ മലയാളികൾക്കു വടക്കൻ അയർലൻഡും തലസ്ഥാനമായ ബെൽഫാസ്റ്റും സഞ്ചാര പഥത്തിന് പുറത്താണ്. പോകാൻ ആഗ്രഹമുണ്ട്, പക്ഷേ ഒട്ടേറെ കെട്ടുകഥകൾ പിന്തിരിപ്പിക്കുന്നു. സാങ്കേതികമായി അതൊരു വിദേശരാജ്യമാണ്, ബ്രിട്ടീഷ് വീസ വേണം. പക്ഷേ അതിർത്തിയിൽ ചെക്ക് പോസ്റ്റോ പരിശോധനയോ ഇല്ല. യൂറോപ്യൻ വൻകരയിലെ പോലെ, അതിർത്തി കടന്നു എന്നറിയുന്നത് കുറേ കഴിഞ്ഞായിരിക്കും. യാത്ര പോകാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൊലീസിന്റെ പിടിയിൽ പെട്ടാൽ അവർ അറസ്റ്റ് ചെയ്ത് ലണ്ടനിൽ കൊണ്ടു പോകും എന്നൊക്കെ ചിലർ പേടിപ്പിച്ചു. അതു കൊള്ളാം, നല്ലതല്ലേ? ലണ്ടൻ കണ്ട് വരാമല്ലോ! എന്തും വരട്ടെ. 2008-ൽ ഡബ്ലിൻ നഗരത്തിൽ എംബിഎ വിദ്യാർത്ഥിയായ ഞാൻ വേനൽക്കാലത്ത് പാഡി വാഗൺ കമ്പനിയുടെ ടൂർ ബുക്ക് ചെയ്ത് ഇറങ്ങി. തീരുമാനിക്കുമ്പോൾ മനസ്സിൽ പിൻവിളിയുണ്ടാകും. സംശയം മൂലം ആവേശം കെടുന്നതിനു മുമ്പ് ടിക്കറ്റ് എടുക്കും. ഇനി പിന്നോട്ടില്ല, പോയേ മതിയാകൂ.

11
ചിത്രം : ഡിബിൻ റോസ് ജേക്കബ്

മൂടിക്കെട്ടിയ ഒരു ദിവസം അതിരാവിലെ ഡബ്ളിനിൽ നിന്നു പുറപ്പെട്ടു. കൂടെ ഒരു ബ്രസീലിയൻ സഞ്ചാരിയുണ്ട്. സെർഗിയോ എന്ന യുവാവ്, ഫോർമുല-1 റേസിങ് ഇതിഹാസം അയർട്ടൺ സെന്നയുടെ ഛായ. ജപ്പാനിലെ യുവാക്കളുടെ, തയ്​വാനിലെ യുവതികളുടെ, സംഘങ്ങളും കൂടെയുണ്ട്. മൂന്നു മണിക്കൂറിനു ശേഷം ബെൽഫാസ്റ്റ് ബസ് സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി. ഇവിടെ ലോക്കൽ ഗൈഡ് വണ്ടിയുമായി വരും. ഒമ്പത് മണി കഴിഞ്ഞപ്പോൾ തോരാതെ പെയ്യുന്ന മഴയിലൂടെ പച്ചനിറമുള്ള ഒരു മിനി വാൻ എത്തി. ഞങ്ങൾ പതിനഞ്ചു പേർ യാത്ര തുടങ്ങി. ബെൽഫാസ്റ്റ് ചോരപ്പുഴ ഒഴുകിയ ഒരു ചരിത്ര നഗരമാണ്. പക്ഷേ നഗരം കാണാൻ ഞങ്ങൾക്ക് നേരമില്ല. വടക്കു കിഴക്കൻ തീരത്തെ ആൻട്രിം താഴ്​വരയാണ് ലക്ഷ്യം. നഗരം കടക്കുന്നതിനു മുമ്പ് ഗൈഡ് തെല്ലകലേക്ക് കൈ ചൂണ്ടി, ഒരു ഷിപ്പ്യാർഡ്. ടൈറ്റാനിക് പണിതത് ഇവിടെയാണ്. 1912 ഏപ്രിലിൽ ഇംഗ്ലണ്ടിലെ സൗതാംപ്ടണിൽ നിന്നും അഭിശപ്തമായ യാത്ര തുടങ്ങുന്നതിനു മുമ്പ് പേരുകേട്ട ആ കപ്പൽ ആദ്യമായി നീറ്റിലിറങ്ങിയത് ബെൽഫാസ്റ്റിൽ. ഇവിടെ വേറെയും കപ്പൽ നിർമാണ ശാലകളുണ്ട്. എന്നാൽ വ്യാവസായിക നഗരമെന്ന പെരുമയ്ക്ക് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നു.

ബ്രിട്ടീഷ് ചലച്ചിത്രകാരൻ കെന്നത്ത് ബ്രാനായുടെ സിനിമ (Belfast, 2021) ആധുനിക നഗരത്തിന്റെ നിറമുള്ള ആകാശ ദൃശ്യങ്ങളിൽ തുടങ്ങുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ബോംബിങിൽ തകർന്ന ശേഷം പടുത്തുയർത്തിയ കെട്ടിടങ്ങൾ, തെരുവുകൾ, നഗരകാര്യാലയം, ആരാമങ്ങൾ, പഠന കേന്ദ്രങ്ങൾ, കപ്പൽ നിർമ്മാണശാല, ഉൾക്കടൽ. ദൃശ്യങ്ങൾ ക്രമേണ കറുപ്പും വെളുപ്പുമായി പരിണമിക്കുന്നു. വർഷം 1969. പ്രധാന കഥാപാത്രമായ ഒരു ബാലനിലൂടെ ബ്രാനാ തന്റെ ബാല്യം ഓർമിക്കുന്നു. കാത്തലിക് തെരുവിൽ ജീവിക്കുന്ന പ്രൊട്ടസ്റ്റന്റ് കുടുംബം. അവർക്കിടയിൽ വെറുപ്പില്ല, പക്ഷേ ചിലർ വെറുപ്പ് നിർമ്മിക്കാൻ ശ്രമിക്കുന്നു. ബാല്യം കലുഷിതമാകുന്നു. വേരുകൾ ഉപേക്ഷിക്കാൻ മനസ്സില്ലെങ്കിലും പ്രവാസമല്ലാതെ ആ കുടുംബത്തിന് വേറെ വഴിയില്ല. അവർ ഇംഗ്ലണ്ടിൽ ചേക്കേറുന്നു.

Northern Irish Atlantic coast with Scottish mountains
Northern Irish Atlantic coast with Scottish mountains in the background. ചിത്രം : ഡിബിൻ റോസ് ജേക്കബ്

വടക്കൻ അയർലൻഡ് സ്കോട്ട്ലൻഡിന്റെ തീരത്തു നിന്നും ഏറെ ദൂരെയല്ല. ഇംഗ്ലണ്ടിലേക്കും വെയിൽസിലേക്കും കപ്പൽച്ചാലുകൾ. കിഴക്ക് ഐറിഷ് കടൽ. വടക്ക് നോർത്ത് ചാനൽ, അറ്റ്ലാന്റിക്ക് സമുദ്രം. പടിഞ്ഞാറൻ അതിരിനപ്പുറം ഡോണെഗൽ ഉൾപ്പെടെ ഐറിഷ് കൗണ്ടികൾ. കടൽചാലുകളിലൂടെ അനേകം തലമുറകൾക്കു മുമ്പേ ഈ പ്രദേശത്ത് കുടിയേറ്റക്കാരും അധിനിവേശകരും വന്നെത്തി - കെൽറ്റുകൾ, വൈക്കിംഗുകൾ, നോർമനുകൾ, ആംഗ്ളോ സാക്സനുകൾ. പതിനേഴാം നൂറ്റാണ്ടു മുതൽ പണിയപ്പെട്ട ഇംഗ്ലീഷ് പട്ടാള പാളയങ്ങൾ മത-രാഷ്ട്രീയ-വംശീയ വൈരത്തിന് വിത്തു പാകി. കാത്തലിക് - ആംഗ്ളിക്കൻ വൈരം ദ്വീപിനെ വിഭജിച്ച് അശാന്തി വിതച്ചു. 1921-ൽ വടക്കൻ പ്രവിശ്യ റിപ്പബ്ലിക് ഓഫ് അയർലൻഡിൽ നിന്ന് വേർപെട്ടെങ്കിലും എഴുപത് വർഷത്തോളം ഇരുഭാഗത്തും ഹിംസ തുടർന്നു.

4
Antrim Glen at Northern Irish Atlantic coast

മരിച്ചവരുടെ താഴ്​വര എന്ന പേര് പിന്തിരിപ്പിക്കുന്നില്ല!


ഞങ്ങളുടെ വാഹനം നഗരം വിട്ട് ആൻട്രിം താഴ്വരയിലേക്ക് നീങ്ങി. മരതക ദ്വീപിന്റെ പൊതുസ്വഭാവം നിലനിർത്തുന്ന വശ്യസുന്ദര ഭൂമിയാണിതും. പ്രകൃതിജന്യവും മനുഷ്യ നിർമിതവുമായ അത്ഭുതങ്ങൾക്ക് കുറവില്ല. ആൻട്രിം കൗണ്ടിയിലെ ഒമ്പത് താഴ്വരകളിൽ പ്രകൃതിയുടെ ലാസ്യസൗന്ദര്യഭാവം തുളുമ്പുന്നു.ഗ്ളെൻകോർപ് താഴ്വരയിലെ കോസ് വേ കോസ്റ്റൽ റൂട്ടിൽ ഞങ്ങളുടെ വാഹനം പ്രവേശിച്ചു. മരിച്ചവരുടെ താഴ്​വര എന്ന പേര് പിന്തിരിപ്പിക്കുന്നില്ല. മരണതീരം സുന്ദരമായിക്കൂടേ? ബാലിൻടോയ് ഗ്രാമത്തിനു സമീപം ഒരു തൂക്കുപാലമുണ്ട് (Carrick-a-Rede rope bridge) അതാണ് ആദ്യ ലക്ഷ്യം. വാഹനം പാർക്ക് ചെയ്ത ശേഷം ഗൈഡ് ഞങ്ങളെ നയിച്ചു. പറുദീസയുടെ ഒരു ചീന്ത് ജലത്തിൽ വീണ പോലെ ഒരിടം. കടലിൽ ഒട്ടേറെ തുരുത്തുകൾ. തീരത്ത് സമുദ്ര ജലത്തെ തൊടുന്ന ചുണ്ണാമ്പു കൽത്തിട്ടകൾ. വടക്കു നിന്നു വരുന്ന കാറ്റിൽ ഈർപ്പമുണ്ട്. വിദഗ്ധ നാവികരായ വൈക്കിംഗുകൾ ആ കാറ്റിന്റെ ചിറകിലേറി വന്നു. നനഞ്ഞു കുതിർന്ന തണുത്ത ഈ ദിനം ശാന്തസുന്ദരം. കടൽത്തീരത്ത് കൈവരി കെട്ടിയ വഴിയിലൂടെ നടന്നു. കടലിലേക്ക് ഇറങ്ങി ചെല്ലും വിധം ഇടവഴികൾ. പതിനേഴ് കിലോമീറ്റർ അകലെ സ്കോട്ടിഷ് ദ്വീപുകൾ അവ്യക്തമായി കാണാം.

മെയിൻലാൻഡിൽ നിന്നും കാരിക്ക്-എ-റീഡ് എന്ന കൊച്ചു തുരുത്തിലേക്ക് നയിക്കുന്ന പാലമാണ് മുന്നിൽ. ഇരുപത് മീറ്റർ നീളം, സമുദ്ര നിരപ്പിൽ നിന്നും മുപ്പത് മീറ്റർ ഉയരം. 350 വർഷം മുൻപ് സാൽമൺ മൽസ്യത്തെ കുരുക്കാൻ മൽസ്യ തൊഴിലാളികൾ കെട്ടിയതാണ് പാലത്തിന്റെ ആദിരൂപം. കടലിൽ നിന്നും ഉൾനാടൻ ജലവഴിയിലൂടെ ശുദ്ധ ജലാശയങ്ങളിലേക്ക് നീന്തുന്ന മീൻ പടിപ്പുരയിൽ കെണിയിൽ വീഴുന്നു. നൂറ്റാണ്ടുകളിലൂടെ പാലം പരിഷ്കരിച്ചു. ഇപ്പോൾ പത്തു ടൺ ഭാരം താങ്ങാവുന്ന നിർമിതി. ഉരുക്കു കമ്പിയും, വടവും ഫിർമരപ്പലകയും ചേർന്ന നിർമാണം. ഒറ്റ നോട്ടത്തിൽ പാലം കടക്കുന്നത് കഠിനമല്ല. പക്ഷേ ആദ്യചുവട് വയ്ക്കുന്നതിനു മുമ്പേ പതറും. അറ്റ്ലാന്റിക്ക് കാറ്റിൽ പാലം ഉലയുന്നു. ബ്രസീലിയൻ സെർജിയോയും ഞാനും ഒരുമിച്ചാണ് നടപ്പ്, ഫോട്ടോ എടുത്ത് പരസ്പരം സഹായിക്കുന്നുമുണ്ട്. ചങ്കിടിപ്പോടെ ഞങ്ങൾ മറുകരയിൽ. കുഞ്ഞുദ്വീപിൽ ഒരേയൊരു ഫിഷർമാൻ കോട്ടേജ് മാത്രം. വിദൂരമായ, വിജനമായ ആ ദ്വീപ് ഹാരി പോർട്ടർ സിനിമയിലെ ഏതോ രംഗത്തെ ഓർമിപ്പിച്ചു. അനുഭവം ശക്തി നൽകിയതിനാൽ മടക്കയാത്രയിൽ പ്രശ്നമില്ല. ഭാവഭേദമില്ലാതെ പാലത്തിൽ നിന്ന് വിദൂരതയിലേക്ക് നോക്കുന്ന ഒരു ചിത്രം സെർജിയോ പകർത്തി. കാറ്റിന് ശക്തിയുള്ള ദിവസങ്ങളിൽ പാലത്തിൽ തിരിച്ചു കയറാനാകാതെ ഭയന്ന യാത്രികർ ബോട്ടിൽ മറുകര താണ്ടിയ സംഭവങ്ങളുമുണ്ട്.

രാക്ഷസന്റെ സഞ്ചാരപഥം തേടി...

വിന്റേജ് സ്പർശമുള്ള ഒരു റസ്റ്ററന്റിൽ ഉച്ചഭക്ഷണം. പുറത്ത് കണ്ണിനു വിരുന്നായി കണ്ണെത്താ ദൂരത്തോളം പരന്നു നീണ്ടു കിടക്കുന്ന താഴ്​വര. അവിടവിടെ ചെറിയ ഹർമ്യങ്ങൾ. തീരത്തെ പച്ചപ്പിന് വിരുദ്ധമായി തവിട്ടു നിറമണിഞ്ഞ് വിളവിന് തയ്യാറായ ഒരു കൃഷിയിടം. അതിനപ്പുറം പച്ചയിൽ ധവള ബിന്ദുക്കൾ, സൂക്ഷിച്ചു നോക്കിയപ്പോൾ പുല്ലുമേയുന്ന ചെമ്മരിയാടുകൾ. വീണ്ടും യാത്ര. ഇപ്പോൾ ഏറെ പരിചിതമായ ഹരിതകഞ്ചുകമണിഞ്ഞ താഴ്്്​വരയിലൂടെ രാക്ഷസന്റെ സഞ്ചാരപഥം തേടി, കുന്നിൻ ചരിവുകളുടെ അരികുപറ്റി തീരപാത. കടലിനെ നോക്കി അൽപനേരം ഇരുന്നു, വീണ്ടും നടന്നു. മണ്ണിടിഞ്ഞു വീണേക്കാം, അപായ സൂചന കാണുന്നു. പ്രകൃതിയുടെ ഒരു അത്ഭുതത്തിൽ ചെന്നു കയറി (Giant's causeway). ആറു കോടി വർഷം മുമ്പുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ ഉരുകിയൊലിച്ച ലാവ ഉറഞ്ഞുണ്ടായ പ്രതിഭാസം. ഇപ്പോളത് നാൽപതിനായിരം ബസാൾട്ട് തൂണുകളായി രൂപപ്പെട്ടിരിക്കുന്നു. ഇതൊരു യുനസ്കോ ലോക പൈതൃക കേന്ദ്രം. ചെത്തി മിനുക്കിയ പോലുള്ള ഈ കല്ലുകൾ ഏറെയും ഷഡ്ബുജാകൃതിയിൽ (Hexagon). നാല്, അഞ്ച്, ഏഴ്, എട്ട് വശങ്ങളുള്ളവയും കാണാം. പന്ത്രണ്ട് മീറ്റർ വരെ ഉയരമുള്ള കൽത്തൂണുകൾ. ഉറഞ്ഞുണ്ടായ ഉരുളൻ കല്ലുകൾ. പടവുകളായും കുന്നുകളായും പുകക്കുഴലായും രാക്ഷസന്റെ കാലുകളായും പാറകൾ രൂപം മാറുന്നു. കാണിയുടെ മനസ്സ് വായിച്ചെന്നോണം അവയുടെ കലാചാതുര്യം.

6
ലേഖകൻ

പ്രകൃതിയിലെ ഗണിതകൃത്യത അന്വേഷിക്ക് ആശ്ചര്യമാണ്. ഒച്ചിന്റെ തോടിന്റെ സ്പൈരൽ, നോട്ടിലസ് എന്ന സമുദ്രജീവിയുടെ ചുറ്റിപ്പിണഞ്ഞ തോട്, വൃക്ഷങ്ങളുടെ വാർഷിക വലയങ്ങൾ, സൂര്യകാന്തി പൂവിലെ ഗോൾഡൻ റേഷ്യോ, പൂവിതളിന്റെ സിമ്മട്രി. പ്രകൃതി എങ്ങനെ ഗണിതജ്ഞനായി? പ്രപഞ്ചത്തിന് ബോധമുണ്ടോ? ഷഡ്ബുജം പ്രകൃതിയുടെ ഇഷ്ടരൂപമാണ്. തേനീച്ചക്കൂടിൽ മാത്രമല്ല, തുമ്പിയുടെ കണ്ണിലും ബസാൾട്ട് തൂണിലും അത് കാണാം. ഒരു ഉപരിതലത്തിൽ തുല്യ വശങ്ങളുള്ള ഷഡ്ബുജം അടുക്കി വച്ചാൽ സ്ഥലം പാഴാവില്ല. 120 ഡിഗ്രി കോൺ ഒരു ജ്യാമിതീയ രൂപത്തിന്റെ ചുറ്റളവ് ഏറ്റവും പരിമിതമായി നിർത്തും. ഈ ഘടനയിൽ എല്ലാ ദിശയിലുമുള്ള ഉപരിതല ബലം (Surface tension) സന്തുലിതമാകും. തേനീച്ചകൾ കൂടൊരുക്കുമ്പോൾ അറകൾ വൃത്താകൃതിയിൽ, പക്ഷേ മെഴുക് ഉറയുമ്പോൾ അറകൾ ഷഡ്ബുജ ഘടനയെ തേടുന്നു.

Basalt columns on the Giant's causeway
Basalt columns on the Giant's causeway. ചിത്രം : ഡിബിൻ റോസ് ജേക്കബ്

ആറു കോടി വർഷം പ്രായമുള്ള ഒരു ഭൂവിടത്തെ അഭിമുഖീകരിക്കുകയാണ് ഞങ്ങൾ. നട്ടെല്ലില്ലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി. സങ്കൽപിക്കാവുന്നതിലും നീണ്ട, അനന്തമായ കാലം. അതിനു മുന്നിൽ പ്രത്യക്ഷത്തിൽ നിസ്സാരമായ ആയുസ്സും ജീവന്റെ ഒടുങ്ങാത്ത തുടർച്ചയുമായി മനുഷ്യൻ. കുന്നു കയറി പോകുന്ന ലാവശിലാഖണ്ഡങ്ങൾ. എതിർഭാഗത്ത് അവ കടലിൽ ഇറങ്ങുന്നു. കാലുറപ്പിച്ച് നടക്കുമ്പോൾ തിരകൾ പാദങ്ങളെ നനയ്ക്കുന്നു. മഴയുടെ മൃദുമന്ത്രണവും കാറ്റിന്റെ തണുപ്പും തിരയുടെ ഹുങ്കാരവും. ഷഡ്ബുജ തൂണുകൾ ഇരിപ്പിടമാക്കി സാഗരത്തെ നോക്കി. ഗണിതത്തിന്റെ സൗന്ദര്യമുള്ള താഴ്വരയിലെ ഉദയാസ്തമയ വേളയിൽ കല്ലുകൾക്ക് മറ്റൊരു മാനം കൈവരുന്നു, പൊൻവെയിലിൽ ചേല് കൂടുന്നു.

കടലിലേക്ക് ഇറങ്ങിപ്പോകുന്ന ഈ ലാവാ പാതയും രാക്ഷസനൂം തമ്മിലെന്ത്?

ഗേലിക് മിത്തോളജിയിലെ ഒരു ഭീമൻ കഥാപാത്രം ഫിൻ മക്കൂൾ സ്കോട്ട്ലൻഡിലെ മറ്റൊരു ഭീമൻ ബെനൻഡോണറിനെ വെല്ലുവിളിച്ചു. കടൽ കടന്ന് യുദ്ധം നടത്താൻ കൽപ്പാത പണിതു. ഫിൻ മക്കൂൾ അങ്ങോട്ടു പോകുന്നതിന് മുമ്പ് ബനർഡോണർ ഇങ്ങോട്ടു വന്നു. വലുപ്പം കണ്ട് ഫിൻ മക്കൂൾ പേടിച്ചു വിറച്ചു. ഓടിപ്പാഞ്ഞ് വീട്ടിലെത്തിയ അയാളെ ഭാര്യ ഒരു കുഞ്ഞാണെന്ന ഭാവേന തുണിയിൽ പൊതിഞ്ഞ് തൊട്ടിലിൽ കിടത്തി. അകത്തു കയറി കുഞ്ഞിന്റെ വലുപ്പം കണ്ട ബനർഡോണർ അച്ഛന്റെ വലുപ്പം ഊഹിച്ചു. പോരിന് പോയാൽ ജീവൻ പോകും. രായ്ക്കു രാമാനം സ്കോട്ടിഷ് ദ്വീപിലേക്കു പോയ അയാൾ പോകുന്ന വഴി പാലം തകർത്തു. ലാവാശിലകളുടെ ഒരു കൂട്ടം കടലിനക്കരെ സ്കോട്ടിഷ് ദ്വിപിലുമുണ്ട്. പ്രപഞ്ചശക്തികൾ രൗദ്രഭാവം കാട്ടി, സൗമ്യമായി പിൻവാങ്ങി പൃഥ്വിയെ പരുവപ്പെടുത്തുന്നു.

ചരിത്രവും ഐതിഹ്യവും കൈകോർത്ത ഭൂവിൽ നിന്ന് ഞങ്ങൾ മടങ്ങുകയായി. ആൻട്രിം താഴ്വരയിൽ കാറ്റും മഴയും താണ്ഡവമാടുന്നു. സഞ്ചാരി എന്ന നിലയിൽ കാലാവസ്ഥ മോശമായാൽ പരിതപിക്കാറില്ല. എല്ലാതരം കാലാവസ്ഥയും അനുഭവിക്കണം. പക്ഷേ ഈ മേഖലയിൽ വസിക്കുന്നവർ കടലിൽ നിന്നും കയറി വരുന്ന കാറ്റിനേയും മഴയേയും പതിവായി നേരിടേണ്ടി വരുന്നു. അവരുടെ അഭിപ്രായം മറ്റൊന്നാകാം. വഴിയോരത്ത് തിരകൾക്ക് തൊട്ടു മുകളിൽ ഇപ്പോൾ പൊളിഞ്ഞു വീഴുമെന്ന മട്ടിൽ ഒരു കോട്ട. മൂന്നൂറ് സംവൽസരം പഴക്കമുള്ള ഡൺലൂസ് കാസിൽ. മക്വില്ലൻ, മക്ഡോണൽ എന്നീ പരസ്പര വൈരികളായ തറവാടുകൾ (Clans) മാറി മാറി അധീനതയിലാക്കിയ ദുർഗം. ഇപ്പോഴും ചില ദിനങ്ങളിൽ സഞ്ചാരികളെ അനുവദിക്കുന്നു, ഞങ്ങൾ കയറുന്നില്ല. കാഴ്ച മറയുമ്പോൾ കോട്ടയുടെ പ്രതാപകാലം ഭാവനയിൽ വരുന്നു. പകലിൽ തിരകളോട് സല്ലപിച്ച്, ഇരവിൽ താരകങ്ങൾക്ക് താഴെ.

അവശേഷിക്കുന്ന ഒരേയൊരു കോട്ടനഗരം...

തോരാതെ പെയ്യുന്ന മഴയിലൂടെ ഞങ്ങളുടെ വാഹനം ഫോയൽ നദി കടന്ന് ഒരു ചരിത്ര നഗരത്തിൽ പ്രവേശിച്ചു - ഡെറി. ബ്രിട്ടീഷുകാർ അവരുടെ സൗകര്യാർത്ഥം ലണ്ടൻഡെറിയാക്കി. ഫോയൽ നദിയുടെ കുറുകെ കോട്ട കെട്ടിയ ഈ ചെറു നഗരത്തിലേക്ക് നീളുന്ന മൂന്ന് പാലങ്ങൾ. അയർലൻഡിൽ അവശേഷിക്കുന്ന ഒരേയൊരു കോട്ടനഗരമാണിത്. യൂറോപ്പിന്റെ ചരിത്രത്തിൽ ആക്രമണത്തിൽ വീഴാത്ത ഏതാനും കോട്ടകളിൽ ഒന്ന്. മഴ തോർന്നിരിക്കുന്നു, പക്ഷേ മേഘം മൂടിയ വാനം. വേനലിൽ പകലിന് നീളം കൂടുന്നതിനാൽ ഇപ്പോഴും വെളിച്ചമുണ്ട്. മറ്റൊരു ഗൈഡ് ഞങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. വോക്കിംഗ് ടൂറിന് പത്തു യൂറോ നൽകണം. ചരിത്രവും വർത്തമാനവും അറിയാവുന്ന നാട്ടുകാരനാണ് ഗൈഡ്. സ്വയം വഴിയും സ്ഥലവും കണ്ടു പിടിച്ചു യാത്ര ചെയ്യുന്നതാണ് എനിക്കിഷ്ടം, പക്ഷേ നിലവാരമുള്ള വഴികാട്ടികൾ ആസ്വാദനം പതിന്മടങ്ങ് വർധിപ്പിക്കും. ചരിത്രമുറങ്ങുന്ന, ചോരയുണങ്ങിയ ഡെറിയുടെ വഴിയിലൂടെ ഞങ്ങൾ നടന്നു.

Cannons on the top of Derry castle
Cannons on the top of Derry castle. ചിത്രം : ഡിബിൻ റോസ് ജേക്കബ്

ഡെറിയുടെ കോട്ട ഉയർന്നിട്ട് നാനൂറ് വർഷം കടന്നു പോയിരിക്കുന്നു. കാലപ്രവാഹത്തിൽ ഒരിളക്കം പോലും തട്ടാത്ത വിധം ഇപ്പോഴുമത്
ഉയർന്നു നിൽക്കുന്നു. ഒന്നര കിലോമീറ്റർ ചുറ്റളവുണ്ട് കോട്ടമതിലിന്. മൂന്നു മുതൽ പത്തു മീറ്റർ വരെ ഉയരം. മുകൾത്തട്ടിൽ കോട്ട ചുറ്റിയുള്ള നടപ്പാതയിൽ കയറി. ദുർഗത്തിന് ഏഴു വാതിലുകൾ. ശത്രുനീക്കത്തെ തച്ചു തകർക്കാൻ തയ്യാറായ പീരങ്കികൾ ഇപ്പോഴുമുണ്ട്, പക്ഷേ വെടി പൊട്ടില്ല. താഴെ സെയിന്റ് കൊളംബിന്റെ പേരിൽ ഗോഥിക് ശൈലിയിൽ 1633-ൽ സ്ഥാപിതമായ തവിട്ടു നിറമുള്ള ഒരു ദേവാലയം. . പ്രദേശത്ത് ക്രിസ്ത്യൻ സെറ്റിൽമെന്റ് ഉണ്ടാക്കിയ ഐറിഷ് സന്യാസിയാണ് വിശുദ്ധ കൊളംബ. കോട്ടമുകളിൽ നിന്നാൽ മനോഹരമായ നഗരക്കാഴ്ചകൾ. നവോത്ഥാന കാലത്ത് രൂപകൽപന ചെയ്ത തെരുവുകൾ ഇപ്പോഴും അതേ നഗരപദ്ധതി പിന്തുടരുന്നു.

Historical signpost in Derry
Historical signpost in Derry. ചിത്രം : ഡിബിൻ റോസ് ജേക്കബ്

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡെറി പ്രദേശത്ത് കടന്നു കയറിയ ബ്രിട്ടീഷ് സേന ഐറിഷ് ദേവാലയങ്ങൾ നശിപ്പിച്ചു. ബ്രിട്ടീഷ് അധീനതയിലായ നഗരത്തെ ജെയിംസ് ഒന്നാമൻ രാജാവ് ലണ്ടൻവാസികൾക്ക് നൽകി. അവർ ശക്തമായ കോട്ട കെട്ടി ഇംഗ്ലീഷ് - സ്കോട്ടിഷ് പ്രൊട്ടസ്റ്റന്റുകളെ കൊണ്ടു വന്ന് അധിവസിപ്പിച്ചു. അങ്ങനെ ഡെറി ലണ്ടൻഡെറിയായി, കാത്തലിക്-പ്രൊട്ടസ്റ്റന്റ് വിദ്വേഷത്തിന് അരങ്ങൊരുങ്ങി.

Basalt columns on the Giant's causeway
Basalt columns on the Giant's causeway. ചിത്രം : ഡിബിൻ റോസ് ജേക്കബ്
Basalt columns on the Giant's causeway
Basalt columns on the Giant's causeway. ചിത്രം : ഡിബിൻ റോസ് ജേക്കബ്

നടത്തം തുടരുന്ന ഗൈഡ് ഇടയ്ക്കിടെ നിൽക്കും. കൗതുകം കൂടി പിന്നിലായവരേയും, കൂട്ടത്തിൽ നിന്നും മാറിനിൽക്കാൾ ഇഷ്ടപ്പെടുന്നവരേയും ഒരുമിച്ചു കൂട്ടി വിവരണംതുടരും. ലഭ്യമായ അൽപ്പനേരത്ത് ഏതൊക്കെയോ ദേശവാസികൾക്ക് തന്റെ നാടിന്റെ ചരിത്രത്തിന്റെ ഒരു ചീന്ത് ആവേശപൂർവ്വം നൽകുകയാണ് ആ ചെറുപ്പക്കാരൻ. താഴെ ഫോയർ നദിയിലൂടെ തോരാതെ പെയ്ത മഴവെള്ളം കൂലം കുത്തിയൊഴുകുന്നു, അതിനി അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരും. തെക്കുഭാഗത്ത് പച്ച പുതച്ച കുന്നുകൾ, താഴ്്​വരകൾ. അഗ്നിപർവതങ്ങൾ ഇവിടെയുമുണ്ടായിരുന്നു. ലാവാശിലകളിൽ ആ ചരിത്രം എഴുതിയിരിക്കുന്നു. പുല്ലിന്റെ മൃദുലത കഴിഞ്ഞ
കാലത്തിന്റെ രൗദ്രതയെ ഭംഗിയായി മറയ്ക്കുന്നു. കോട്ടമുകളിൽ നിന്നു താഴെയിറങ്ങി ചുറ്റും നടന്നു. പുൽത്തകിടിയിൽ ഒരു നടപ്പാത. കുട ചൂടി ജലവർഷത്തെ തടുക്കുന്ന സഞ്ചാരികൾ. എന്റെ കോട്ട് നനഞ്ഞു കുതിർന്നു. സെർജിയോ മഴയിലും മന്ദഹസിക്കുന്നു.

Basalt columns on the Giant's causeway
Basalt columns on the Giant's causeway. ചിത്രം : ഡിബിൻ റോസ് ജേക്കബ്
Antrim glen
Antrim glen. ചിത്രം : ഡിബിൻ റോസ് ജേക്കബ്

ഡെറിയുടെ രക്തം ചിന്തിയ ദിനങ്ങളെ ഗൈഡ് അനുസ്മരിച്ചു. വർധിച്ചു വന്ന ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് കുടിയേറ്റത്തിൽ ഐറിഷ് കത്തോലിക്കർ അസ്വസ്ഥരായി, അധികാരം കയ്യാളുന്ന ബ്രിട്ടൻ അവരെ പീഢിപ്പിച്ചു. അങ്ങനെ ഐറിഷ് സ്വാതന്ത്ര്യസമര പ്രസ്ഥാനം ഉടലെടുത്തു, ദ്വീപിൽ സ്വാതന്ത്ര്യ ദാഹം അലയടിച്ചു. ഡെറിയിൽ ഐറിഷ് റെവല്യുഷനറി ആർമിയും ബ്രിട്ടീഷ് സേനയും തമ്മിൽ പോരാട്ടം പതിവായി. ഇരുഭാഗത്തും ആൾനാശം. സാമുദായിക കലാപത്തിൽ രണ്ടു ചേരിയിലും ഭവനരഹിതർ വർധിച്ചു. അവരെല്ലാം തീവ്രവാദികളല്ല, എന്നാൽ പക്ഷം പിടിക്കാത്തവനെ ശത്രുവായി പ്രഖ്യാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കത്തോലിക്കർ രാഷ്ട്രീയമായും സാമ്പത്തികമായും കൂടുതൽ വിവേചനത്തിന് ഇരയായി. മറുപടിയായി സിവിൽ റൈറ്റ്സ് മൂവ്മെന്റ് ഉയർന്നു. 1969-ൽ കത്തോലിക്ക തെരുവുകളിലെ ചുവരുകളിൽ ഒരു മുദ്രാവാക്യം നിറഞ്ഞു (You are now entering free derry). തുടർന്ന് ബ്രിട്ടീഷ് സേന പ്രക്ഷോഭം നിരോധിച്ചു. 1972 ജനുവരി 30-ന് സമാധാനപരമായി നടന്ന പ്രകടനത്തെ ബ്രിട്ടീഷ് പാരാട്രൂപ്പർ സേന ആക്രമിച്ചു. പതിമൂന്ന് പേർ കൊല്ലപ്പെട്ടു. സംഘർഷം വീണ്ടും രണ്ടു പതിറ്റാണ്ട് തുടർന്നു.1990-കളിൽ സമാധാന ഉടമ്പടികളോടെ ശാന്തത കൈവന്നു. പതിമൂന്ന് മരണം കണ്ട ബ്ലഡി സൺഡേയിലെ സംഭവങ്ങൾ വിവരിക്കുമ്പോൾ ഗൈഡ് വികാരാധീനനായി. നിണമണിഞ്ഞ ആ ദിനങ്ങൾക്കു ശേഷം ഫോയൽ നദിയിലൂടെ വീണ്ടും ജലമൊഴുകി. ഇന്ന് സ്ഥിതി ശാന്തം.

On the top of Derry castle
On the top of Derry castle. ചിത്രം : ഡിബിൻ റോസ് ജേക്കബ്
Basalt columns on the Giant's causeway
Basalt columns on the Giant's causeway. ചിത്രം : ഡിബിൻ റോസ് ജേക്കബ്

ഡെറിയെന്ന കോട്ട നഗരം ഞങ്ങളെ സ്പർശിച്ചു. മഴ തോരാതെ പെയ്ത ഈ ദിനത്തിൽ, ചരിത്രത്തിന്റെ വിരിമാറിലൂടെ നടക്കുകയായിരുന്നു. യാത്ര തീരുന്നു, വഴികാട്ടി വിടപറഞ്ഞ് നടന്നകന്നു. വാഹനവുമായി ഞങ്ങളുടെ സാരഥി വന്നു. ഫോയൽ നദി ഒരിക്കൽ കൂടെ കടന്ന് നീങ്ങി, ചില്ലുജാലകത്തിൽ പറ്റിപ്പിടിച്ച മഴത്തുള്ളികൾ കാഴ്ച മറച്ചു. ഇരുൾ പരക്കാൻ തുടങ്ങി, കാഴ്ചകൾ അവ്യക്തമായി പിന്നിലേക്ക് മാഞ്ഞു പോയി. ഞങ്ങൾ ബെൽഫാസ്റ്റ് ബസ് സ്റ്റേഷനിൽ ഇറങ്ങി. ഇനി ഡബ്ളിനിലേക്ക് മടക്കയാത്ര. അതിവേഗം പായുന്ന ബസ്, പുറംകാഴ്ച വ്യക്തമല്ല, എപ്പോഴാണ് ബ്രിട്ടീഷ് അതിർത്തി പിന്നിട്ട് തെക്കൻ അയർലൻഡിൽ കടന്നതെന്ന് അറിയില്ല. മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഈ പകലിൽ ഒരിക്കൽ പോലും കയ്യിൽ പാസ്പോർട്ടും വിസയും ഇല്ലെന്ന് ഞാൻ ചിന്തിച്ചതേയില്ല, ബ്രിട്ടീഷ് പൊലീസിനെ ഒരിടത്തും കണ്ടതുമില്ല. ഒമ്പതു മണിയോടെ ഡബ്ളിനിൽ, സെർജിയോ വിട ചൊല്ലി, ഇനിയൊരിക്കലും കാണില്ല. ഇരുപത് കിലോമീറ്റർ അകലെ ബ്രേ എന്ന തീരദേശ പട്ടണത്തിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ അതായിരുന്നു മനസ്സിൽ - ഒരു പകൽ മാത്രം നീളുന്ന സൗഹൃദങ്ങൾ പോലും എത്ര ഹൃദ്യമാണ്!

Dunluce castle: Antril Glen
Dunluce castle: Antril Glen. ചിത്രം : ഡിബിൻ റോസ് ജേക്കബ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com