രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ സിനിമ സംവിധായകനാണു രാജമൗലി. ഇന്ത്യൻ സിനിമയെ ലോകത്തിന്റെ മുന്നിലെത്തിച്ച പ്രിയ സംവിധായകൻ, തന്റെ ഏറ്റവും പ്രശസ്ത സിനിമയായ ബാഹുബലിയുടെ കോൺസെർട്ടുമായി ബന്ധപ്പെട്ടു നോർവേ യാത്രയിലാണ്. ആ രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നായ സ്റ്റാവഞ്ചർ ഒപേറ ഹൗസിൽ ബാഹുബലി പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് രാജമൗലി നോർവേയിൽ എത്തിയത്. അവിടുത്തെ പുൾപിറ്റ് മലകൾ സന്ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് രാജമൗലി ബാഹുബലി -1 സ്റ്റാവഞ്ചർ ഒപേറ ഹൗസിൽ പ്രദർശിപ്പിക്കുന്ന വിശേഷവും അതിനൊപ്പം താൻ കാണണമെന്ന് ആഗ്രഹിച്ച ഒരിടമാണ് ഈ മലനിരകളെന്നും കുറിച്ചത്. ചിത്രങ്ങളിലും വിഡിയോയിലും ആ മലനിരകളുടെ മനോഹാരിത ആവോളം കാണാവുന്നതാണ്. പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം തന്റെ മറ്റൊരു വിജയചിത്രമായ മഗധീരയ്ക്ക് വേണ്ടി ഗവേഷണങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സമയത്താണ് ആദ്യമായി പുൾപിറ്റ് മലകളുടെ ചിത്രങ്ങൾ കാണാനിടയാതെന്നും അന്ന് മുതൽ ഇവിടം സന്ദർശിക്കാൻ ആഗ്രഹിച്ചിരുന്നെന്നും ഒടുവിൽ അത് സംഭവിച്ചു എന്നും രാജമൗലി എഴുതി.

നോർവേയിലെ റോഗാലാൻഡ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന പ്രൈക്സ്റ്റോളൻ കൊടുമുടി അഥവാ പുൾപിറ്റ് ആ രാജ്യത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഒരിടമാണ്. ഹൈക്കിങ് താൽപര്യമുള്ളവർക്കു 8 കിലോമീറ്റർ ദൂരം താണ്ടി മലമുകളിൽ എത്തിച്ചേരാം. ഏകദേശം നാല് മുതൽ അഞ്ച് മണിക്കൂർ വരെ സമയമെടുക്കും കൊടുമുടിയ്ക്കു മുകളിലെത്താൻ. വേനലിലാണ് ഇവിടെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്. സ്റ്റാവഞ്ചറിൽ നിന്നും രണ്ടു കമ്പനികൾ ബസ് സർവീസുകൾ നടത്തുന്നുണ്ട്. ഹൈക്കിങ് തുടങ്ങുന്ന സ്ഥലം വരെ കാറിലും യാത്ര അനുവദനീയമാണ്.

കുത്തനെയുള്ള ചെരിവുലൂടെയാണ് ഹൈക്കിങ് ആരംഭിക്കുന്നത്. അധികം ആയാസമില്ലാതെ തന്നെയാണ് തുടക്കം. യാത്രയിൽ ആദ്യത്തെ കാഴ്ച പൈൻ മരക്കാടുകളാണ്. പരന്ന പ്രതലങ്ങളും ചവിട്ടി കയറാനായി പടവുകളുമെല്ലാം ഈ ഭീമൻ പാറയിൽ നിർമിച്ചു വെച്ചിട്ടുണ്ട്. യാത്ര കുറച്ചു ദൂരം താണ്ടുമ്പോൾ മനോഹരമായ കാഴ്ചകൾ കൂട്ടുവരും. പുൾപിറ്റിന്റെ മുകളിൽ എത്തുന്നതിനു മുൻപ് തന്നെ ലൈസെഫ്ജോർഡിന്റെ കാഴ്ച്ചകൾ കാണുവാൻ സാധിക്കും. പിന്നീട് മുകളിലേക്കുള്ള യാത്ര ചിലരെയെങ്കിലും വെല്ലുവിളിക്കും. കാരണം ആ ഉയരം ഭയപ്പെടുത്താനിടയുണ്ട്. മുകളിൽ നിന്നുമുള്ള താഴേയ്ക്കുള്ള കാഴ്ച വാക്കുകളാൽ വിവരിക്കുന്നതിനുമപ്പുറമാണ്.

ഓഗസ്റ്റിലാണ് ഇവിടെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഹൈക്കിങ്ങിനു അനുയോജ്യം. അതിൽ തന്നെ ജൂൺ മുതലാണ് നോർവേയിൽ വേനൽക്കാലം ആരംഭിക്കുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ലക്ഷകണക്കിന് സന്ദർശകർ ഈ മല മുകളിലേക്കുള്ള ദൂരം താണ്ടാൻ എത്തും. ആളുകളുടെ തിരക്ക് ഒഴിവാക്കണമെന്നുള്ളവർക്കു ആഴ്ചയിലെ അവസാന ദിനങ്ങൾ ഒഴിവാക്കാം. നവംബർ മുതൽ മാർച്ച് വരെ നല്ല തണുപ്പ് അനുഭവപ്പെടുന്ന മാസങ്ങളായതു കൊണ്ട് തന്നെ മലമുകളിലേക്കുള്ള യാത്ര ദുസ്സഹമാണ്. നല്ല തണുപ്പും വെളിച്ചക്കുറച്ചും മഞ്ഞുമൊക്കെയുണ്ടാകും.