ADVERTISEMENT

തഞ്ചാവൂരിലേക്ക് നടത്തിയ യാത്രയ്ക്ക് ശേഷം, ജോര്‍ദ്ദാനിലെ യാത്രാ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ ശോഭന. പുരാതന റോമന്‍ നഗരമായ ജെറാഷിന്‍റെ മനോഹര ദൃശ്യങ്ങള്‍ ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ കാണാം. ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജോർദാനിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളില്‍ ഒന്നാണ് പുരാതന നഗരമായ ജെറാഷ്. ഇറ്റലിക്ക് പുറത്ത്, ലോകത്തിലെ റോമൻ വാസ്തുവിദ്യയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 6,500 വർഷത്തിലേറെ പഴക്കമുള്ള ഈ നഗരം പുരാതന കാലത്തേ ഏറ്റവും സമ്പന്നമായ ഒരു കോസ്‌മോപൊളിറ്റൻ നഗരമായിരുന്നു.

 

ജോർദാന്‍റെ തലസ്ഥാനമായ അമ്മാനിൽ നിന്ന് 48 കിലോമീറ്റർ  വടക്കായും ജോർദാനിലെ ഇർബിഡിന് 40 കിലോമീറ്റർ തെക്കുമായാണ് ജെറാഷ് സ്ഥിതി ചെയ്യുന്നത്. നബാറ്റിയൻ നഗരമായ പെട്രയ്ക്ക് ശേഷം ജോർദാനിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ജെറാഷ്.

Read Also : ഓര്‍മ്മയുണ്ടോ ഈ നടിയെ? ആൻഡ്രിയയുടെ സൂപ്പർ യാത്രകള്‍!
 

വളരെ സംഭവബഹുലമായ ചരിത്രമാണ് ജെറാഷ് നഗരത്തിനുള്ളത്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ആദ്യകാല നിവാസികൾ  ഗർഷു എന്നായിരുന്നു പട്ടണത്തെ വിളിച്ചത്. പിന്നീട് ഇത് ഗെരസ ആയും പിന്നീട് ജെറാഷ് ആയും മാറി. ബിസി നാലാം നൂറ്റാണ്ടിൽ മഹാനായ അലക്സാണ്ടറുടെ ഭരണത്തിൻ കീഴിൽ ജെറാഷ് ഒരു ചെറിയ ഗ്രാമത്തിൽ നിന്ന്, വളര്‍ന്ന് വന്‍ നഗരമായി മാറി. ബിസി 63 ൽ ജനറൽ പോംപി ഇത് കീഴടക്കി, റോമൻ ഭരണത്തിൻ കീഴിൽ, ഡെക്കാപോളിസ് ലീഗിലെ മഹത്തായ റോമൻ നഗരങ്ങളിലൊന്നായി ഇത് നാമകരണം ചെയ്യപ്പെട്ടു.

 

മൂന്നാം നൂറ്റാണ്ടിൽ നഗരം ക്ഷയിച്ചു തുടങ്ങി. ആദ്യം പേർഷ്യക്കാരും പിന്നീട് മുസ്‌ലിംകളും ഇവിടം ആക്രമിച്ചു. പിന്നീടുണ്ടായ ഭൂകമ്പങ്ങളും ദുരിതം സമ്മാനിച്ചതോടെ ജനങ്ങള്‍ ഇവിടം ഉപേക്ഷിച്ച് പലായനം ചെയ്തു. നൂറ്റാണ്ടുകളായി മണലിനടിയിൽ മറഞ്ഞിരിക്കുകയായിരുന്നു ജെറാഷ്. 1806 ൽ ഒരു ജർമ്മൻ സഞ്ചാരിയായ ഉൾറിക് ജാസ്പർ സീസ്റ്റൻ, അവശിഷ്ടങ്ങളുടെ ഒരു ഭാഗം തിരിച്ചറിഞ്ഞു. 1925 മുതൽ ഇവിടം ഖനനം ചെയ്യാന്‍ തുടങ്ങി, അത് ഇന്നും തുടരുന്നു. 500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന നഗരത്തിൽ വർഷം മുഴുവനും മിതശീതോഷ്ണ കാലാവസ്ഥയാണ്. ജെറാഷിലെയും സമീപപ്രദേശങ്ങളിലെയും പ്രദേശം തികച്ചും ഫലഭൂയിഷ്ഠമാണ്, കൂടാതെ വർഷം മുഴുവനും ജലവിതരണം നടത്താന്‍ ഒരു പുരാതന ജലസംഭരണിയുമുണ്ട്. ജെറാഷിന് ചുറ്റുമുള്ള കുന്നുകളും താഴ്വര പ്രദേശങ്ങളും ഒലിവ് മരങ്ങൾ, പ്ലം മരങ്ങൾ, അത്തിമരങ്ങൾ, ഗോതമ്പ്, യൂക്കാലിപ്റ്റസ്, ദേവദാരു എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. 

 

സന്ദർശകർക്ക് പുരാതന നഗരത്തിലൂടെ നടക്കാനും നന്നായി സംരക്ഷിക്കപ്പെട്ട കോളനഡ് തെരുവുകൾ, തിയേറ്ററുകൾ, പൊതു കുളിമുറികൾ, ജലധാരകൾ എന്നിവ നിരീക്ഷിക്കാനും അവസരമുണ്ട്. സൈറ്റിന്‍റെ സൗത്ത് ഗേറ്റിലുള്ള ജെറാഷ് വിസ്‌റ്റേഴ്‌സ് സെന്ററിലൂടെ പുരാതന നഗരമായ ജെറാഷിലേക്ക് പ്രവേശിക്കാം.

Content Summary : Jerash is an ancient city in Jordan that is known for its well-preserved Roman ruins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com