ADVERTISEMENT

യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബെയ്ജാൻ. വളരെ വേഗത്തില്‍ വളര്‍ന്നു വരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. അസർബെയ്ജാനിലെ ബാക്കു നഗരത്തില്‍ നിന്നും മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി ത്രിഷ കൃഷ്ണന്‍. ജീന്‍സും കറുത്ത ടോപ്പും കഴുത്തില്‍ ചുറ്റിയ ഷാളുമായി നില്‍ക്കുന്ന ത്രിഷയെ ചിത്രങ്ങളില്‍ കാണാം. അജിത് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ വിടാമുയര്‍ച്ചിയുടെ ഷൂട്ടിംഗ് ഇപ്പോള്‍ അസര്‍ബെയ്ജാനില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ത്രിഷയാണ് ചിത്രത്തിലെ നായിക. ജി, കിരീടം, മങ്കാത്ത, യെന്നൈ അറിന്താൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത് അഞ്ചാം തവണയാണ് തൃഷ അജിത്തിനൊപ്പം ഒന്നിക്കുന്നത്.  

Image Credit : trishakrishnan/instagram.com
Image Credit : trishakrishnan/instagram.com

അസര്‍ബെയ്ജാന്‍റെ തലസ്ഥാന നഗരമാണ് ബാക്കു. രാജ്യത്തെ ഏറ്റവും വലിയ നഗരം കൂടിയാണിത്. കോക്കസസ് മേഖലയിലും കാസ്പിയൻ കടലിലും സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 28 മീറ്റർ താഴെയാണ്, അതിനാല്‍ ലോകത്തിലെ ഏറ്റവും താഴ്ന്ന ദേശീയ തലസ്ഥാനമായും ബാക്കു അറിയപ്പെടുന്നു. ചരിത്രപ്രാധാന്യമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകള്‍ ഉള്ളതിനാല്‍, ബാക്കു വിനോദസഞ്ചാരികളുടെ പറുദീസയാണ്‌.

Image Credit : trishakrishnan/instagram.com
Image Credit : trishakrishnan/instagram.com

ബാക്കുവിന്‍റെ നഗര മതിലുകൾക്ക് പിന്നിലായി ഷിർവൻഷാസ് കൊട്ടാരമുണ്ട്. 15 ആം നൂറ്റാണ്ടിൽ നിര്‍മ്മിച്ച ഈ കൊട്ടാരം, 2000 ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നഗരത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് ദി മെയ്ഡൻ ടവർ. ബാക്കുവില്‍ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ കെട്ടിടമായ ഈ ഗോപുരത്തില്‍ നിന്നും നോക്കിയാല്‍ 360 ഡിഗ്രിയില്‍ നഗരക്കാഴ്ചകള്‍ കാണാം. 

കാസ്പിയൻ കടലിന്‍റെ തീരത്ത്, ബോട്ട് സവാരിയും രാത്രിക്കാഴ്ചകളുമൊരുക്കുന്ന ബാക്കു ബൊളിവാർഡ് എന്ന കടൽത്തീര ദേശീയോദ്യാനമാണ് മറ്റൊരു കാഴ്ച. റസ്റ്ററനറുകൾ, ഷോപ്പിങ് മാളുകൾ, ബിസിനസ്സ് സെന്ററുകൾ, ചായ്‌ഖാനകൾ തുടങ്ങിയവയെല്ലാമുള്ള ഈ ഭാഗത്ത് വൈകുന്നേരങ്ങളില്‍ കടല്‍ക്കാറ്റും കൊണ്ടിരിക്കാം. 

ഒരു കാലത്ത് പ്രശസ്ത അസർബൈജാനി എണ്ണ വ്യവസായിയായിരുന്ന സെയ്നലാബ്ദിൻ തഗിയേവിന്‍റെ കുടുംബവീടായിരുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്. കൂടാതെ, രമണ, ബാലഖാനി, സാബുഞ്ചു ഗ്രാമങ്ങളുടെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന എണ്ണപ്പാടങ്ങളുടെ കാഴ്ചയും ലോക സംസ്കാരത്തിന്‍റെ ഏറ്റവും അപൂർവവും അതുല്യവുമായ സ്മാരകങ്ങളിൽ ഒന്നായ ഗോബുസ്താൻ, മഡ് അഗ്നിപർവ്വതങ്ങളും  ചുക്കോവ്സ്കി, ദസ്തയേവ്സ്കി, പുഷ്കിൻ , ഗോഗോൾ എന്നിവരുടെ കൃതികളുടെ മിനിയേച്ചർ പതിപ്പുകള്‍ സൂക്ഷിച്ച ബാക്കു മ്യൂസിയം ഓഫ് മിനിയേച്ചർ ബുക്സുമെല്ലാം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.

ലോകത്തെതന്നെ അപൂര്‍വ്വ മനോഹരമായ കാഴ്ചകളിലൊന്നാണ് അസര്‍ബെയ്ജാനിലുള്ള കാന്‍ഡി കെയ്ന്‍ മലനിരകള്‍. വര്‍ണ്ണാഭമായ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ പ്രദേശത്ത്, ട്രെക്കിങ്, ഹൈക്കിങ് മുതലായവയ്ക്ക് സൗകര്യമുണ്ട്. സുന്ദരമായ മുന്തിരിപ്പാടങ്ങളാണ് അസര്‍ബെയ്ജാനിലെ മറ്റൊരു കാഴ്ച.  ക്രിസ്തുവിന് മുന്‍പ്, രണ്ടാം നൂറ്റാണ്ടു മുതല്‍ വൈന്‍ നിര്‍മ്മാണമുള്ള പ്രദേശമാണിത്. ഈ മുന്തിരിത്തോട്ടങ്ങളിലൂടെ സഞ്ചാരികള്‍ക്ക് നടക്കാം.

English Summary:

Trisha's shares pictures from Vidaamuyarchi's shooting location.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com