ഗഗനചാരി, പക്ഷിയെ പോലെ പറക്കുക!

Mail This Article
ചരിത്രാതീത കാലം മുതൽ അത് മനുഷ്യന്റെ ശ്രേഷ്ഠമായ സ്വപ്‌നമായിരുന്നു. അഞ്ഞൂറു വർഷം മുമ്പ് ഫ്ളോറൻസിലെ ലിയൊനാർദോ ഡാവിൻചി തന്റെ നോട്ട് ബുക്കിൽ പറക്കും യന്ത്രത്തിന്റെ രേഖാചിത്രം വരച്ചു. ഗ്ലൈഡറിന്റെ ആദിരൂപം രൂപകൽപന ചെയ്ത് കുന്നിൻ മുകളിൽനിന്നു ചാടി വായുവിൽ തെന്നി നീങ്ങി നിലം തൊട്ടു. പക്ഷേ യന്ത്രത്തിന്റെ രൂപകൽപന ലിയൊനാർദോയുടെ മഹാപ്രതിഭയ്ക്കു വഴങ്ങിയില്ല. മനുഷ്യന്റെ ആ സ്വപ്നം ഒരുനാൾ സഫലമാകുമെന്ന പ്രതീക്ഷ നൽകി ലിയൊനാർദോ വിടവാങ്ങി. അതിന്റെ സാക്ഷാൽക്കാരത്തിനായി എണ്ണമറ്റ എൻജിനീയർമാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവസാനം വിജയിച്ചത് റൈറ്റ് സഹോദരന്മാർ. പക്ഷേ തങ്ങളുടെ സൃഷ്ടിയുടെ യഥാർഥ വിലയെന്തെന്ന് അവർ അറിഞ്ഞില്ല.

പിൻഗാമികൾ വാണിജ്യ-സൈനിക മേഖലയിൽ വിമാനത്തിന്റെ സാധ്യതകൾ തിരഞ്ഞു. വ്യവസായിയുടെ ദീർഘദർശനവും എൻജിനീയറുടെ മികവും ചേർന്ന ഒരാൾ ലോകത്തിനു വേണ്ടിയിരുന്നു. വാണിജ്യ വിമാനങ്ങൾ പറക്കേണ്ടതെങ്ങനെ എന്ന ദർശനമുള്ള, അത് വികസിപ്പിക്കാനുള്ള തന്ത്രജ്ഞതയുള്ള ഒരാൾ. വില്യം ബോയിങ്.

ശാസ്ത്രവും സാങ്കേതികതയും അതിവേഗം മുന്നേയറിയ ഇരുപതാം നൂറ്റാണ്ടിൽ വിഹഗ സാമ്രാജ്യത്തിൽ മനുഷ്യൻ കടന്നു കയറി. ആധുനിക ഗഗനചാരികൾ മുമ്പേ പറന്ന പ്രതിഭകളോട് കടപ്പെട്ടിരിക്കുന്നു. ചിറകടിക്കാനുള്ള ശ്രമത്തിൽ അവരിൽ പലർക്കും ജീവൻ പോലും നഷ്ടമായിരുന്നു. ഒരുകാലത്ത് സമ്പന്നർക്കു മാത്രം സാധ്യമായിരുന്ന വിമാനയാത്ര ഇന്ന് ജനകീയമായി. ഒരു ദിവസം ആകാശയാത്ര ചെയ്യുന്നത് ഏതാണ്ട് അറുപതു ലക്ഷം പേർ. അഞ്ചു ലക്ഷം പേർ എപ്പോഴും ആകാശത്തുണ്ട്. ജോലിക്കും പഠനത്തിനും വിനോദത്തിനുമായി അവർ വിമാനത്തിലേറി മറുകര പുൽകുന്നു.

പതിനാലു വർഷം മുമ്പായിരുന്നു ട്രോപോസ്ഫിയറിനു മുകളിലേക്കുള്ള എന്റെ ആദ്യ പറക്കൽ. കൊച്ചിയിൽനിന്ന് അബുദാബി വഴി ഡബ്ലിൻ. ഉള്ളിൽ പരിഭ്രമമുണ്ട്. ഉയർന്നു പൊങ്ങാൻ വിമാനം ടാർമാക്കിൽ കുതിച്ചു പാഞ്ഞപ്പോൾ വയറ്റിൽ ചിത്രശലഭങ്ങൾ പാറി. ആദ്യമായി ഭൗമബന്ധം വിടുന്ന നിമിഷത്തിന്റെ ഭാരമില്ലായ്മ അറിഞ്ഞു. ഓരോ നിമിഷവും ഭൗമദൃശ്യങ്ങളെ ചെറുതാക്കിക്കൊണ്ട് യന്ത്രപ്പക്ഷി മേഘങ്ങൾക്കിടയിൽ മറഞ്ഞപ്പോൾ മനസ്സിൽ ചെറുതല്ലാത്ത വേദന, വേർപാടിന്റെ പിടച്ചിൽ. ഉദിച്ചുയരുന്ന സൂര്യന്റെ ദൃശ്യം വേദനയെ മായിച്ചു. അരുണോദയം കാണാൻ ഇതിലും മികച്ച ഇടമുണ്ടോ? അന്നു മുതൽ ഇന്നുവരെ ആകാശത്തെ ഓരോ നിമിഷവും ഏതൊരു സാഹചര്യത്തിലും ആസ്വദിച്ചിട്ടുണ്ട്. വിമാനയാത്രയിൽ ഞാൻ സിനിമകൾ കാണില്ല. സംഗീതവും വായനയും അപൂർവം. ശ്രദ്ധ ഭൂപടത്തിൽ - ആകാശ വീഥികൾ, ഭൗമപാതകൾ, പിന്നിട്ട ദൂരം, പോകേണ്ട ദൂരം, സമയം, വേഗം, ഉയരം, മർദ്ദം, പുറത്തെ താപനില - നാൽപതിനായിരം അടി ഉയരത്തിൽ അന്തരീക്ഷ താപനില മൈനസ് അറുപത്. വിമാനം റുമാനിയയിലെ കാർപാത്തിയൻ മലനിരകൾക്കു മുകളിൽ പ്രവേശിക്കുമ്പോൾ, ഡ്രാക്കുളയെ ഓർക്കും. ഐറിഷുകാരൻ ബ്രാം സ്റ്റോക്കറിന്റെ ഭീകര ഗോഥിക് നോവൽ നൽകിയ അനുഭവത്തിലൂടെ കടന്നു പോകും. ഭാവനയെ വന്യമായി അലയാൻ വിടും. വ്ളാദ് ഡ്രാക്കുൽ എന്ന റുമാനിയൻ ചരിത്ര പുരുഷനിൽ നിന്നാണ് ബ്രാം സ്റ്റോക്കർ രക്തദാഹിയായ ഡ്രാക്കുളയെ സൃഷ്ടിച്ചത്, ഒട്ടോമൻ ടർക്കുകളുടെ അന്തകൻ. പിന്നീട് ഡബ്ലിനിൽ കണ്ട ഒരു റുമാനിയക്കാരൻ അഭിമാനത്തോടെ പറഞ്ഞു: ഡ്രാക്കുള ഞങ്ങളുടെ രാജാവാണ്!

വിമാനം ഉയരം താണ്ടുമ്പോൾ ഭൂമി കണ്ണിൽ നിന്നു മായുന്നു. താഴെ പാലാഴി പോലെയുള്ള മേഘങ്ങൾ ഒരു സ്വപ്നദൃശ്യം. മേഘക്കടലിൽ വീണ ദ്വാരങ്ങളിലൂടെ മിന്നിമറയുന്ന പൃഥ്വി. അങ്ങു താഴെ നിന്ന് നാൽപതിനായിരം അടി ഉയരത്തിൽ മന്ദം നീങ്ങുന്ന ഒരു കടലാസ് വിമാനം കാണുന്ന ആ കുട്ടിയെ ഓർക്കുന്നു. 'ബീമാനം!' അവൻ അദ്ഭുതം കൂറുന്നു. താഴ്ന്നു പറക്കുമ്പോൾ നഗരങ്ങളുടെ രൂപരേഖ വ്യക്തം. നദികൾ ഉത്ഭവിക്കുന്നു, നാരുപോലെ ഒഴുകി കടലിൽ ചേരുന്നു. സന്ധ്യയിൽ പൊന്നുരുക്കിയൊഴിച്ച പോലെ തിളങ്ങുന്നു. വിമാനത്തിനകം ഇപ്പോൾ സജീവം. ഭക്ഷണവും മദ്യവും വരും; സുന്ദരികളായ എയർ ഹോസ്റ്റസുകളും. വിമാനത്തിലെ ഭക്ഷണം അതീവ രുചികരമല്ല. വിഭവങ്ങൾ മേന്മയുള്ളതാകാം, പക്ഷേ ഉയരത്തിലും മർദ്ദത്തിലും രുചി അറിയാനുള്ള കഴിവു കുറയും. ഇടുങ്ങിയ സ്ഥലത്തിരുന്ന് ആഹരിക്കുന്നത് സുഖകരമല്ല, വിശപ്പുണ്ടെങ്കിൽ ഇതൊന്നും പ്രശ്നവുമല്ല. സഹയാത്രികരുടെ സഹകരണം അവശ്യം; ടോയ്‌ലറ്റിൽ പോകാൻ വഴിമാറുന്നത് ഉൾപ്പെടെ.

ഇടങ്ങൾ ഇടുങ്ങിയതാണ്, ഇക്കോണമി ക്ലാസ് എങ്കിൽ പറയേണ്ടതില്ല. ചായുന്ന സീറ്റ് പിന്നിലിരിക്കുന്നവരുടെ ചലന സ്വാതന്ത്ര്യം കുറയ്ക്കും. കരച്ചിൽ നിർത്താത്ത കുഞ്ഞുങ്ങൾ സഹയാത്രികരുടെ ക്ഷമ പരീക്ഷിക്കും, അച്ഛനും അമ്മയും വിയർക്കും. ഏകാന്ത സഞ്ചാരിക്ക് ഒരു പരിഹാരമുണ്ട് - വൈനോ ബീയറോ വോഡ്കയോ വിസ്ക്കിയോ വായിലേക്ക് കമഴ്ത്തി കിടന്നുറങ്ങുക. ഹോസ്റ്റസിനോടു പറഞ്ഞാൽ എക്സ്ട്രാ ബോട്ടിൽ കിട്ടും. പതുക്കെ നുകർന്ന്, ഹെഡ് സെറ്റിൽ ബീഥോവന്റെ സിംഫണിക്ക് കാതോർത്ത്, ഉറക്കത്തിൽ വീഴാം. വിളക്കുകൾ അണയുന്നു, പുറത്ത് ഇരുട്ട്. സമയബോധം നഷ്ടമായി ഞാൻ അന്ധകാര ഇടനാഴിയിൽ പ്രവേശിക്കുന്നു. ഉണരുമ്പോൾ കിഴക്ക് വെള്ളിരേഖകൾ. പകൽ ഇങ്ങെത്തി, നിദ്ര വെടിഞ്ഞ് യാത്രികർ. അകം വീണ്ടും ചലനാത്മകം.

വാനസഞ്ചാരത്തിൽ അവിസ്മരണീയമായ അനേകം ദൃശ്യങ്ങളുണ്ട്. ആദ്യ യാത്രയിൽ കണ്ട അറേബ്യൻ തീരവും മരുഭൂമിയും - വീട്ടിൽനിന്ന് ഏറെ ദൂരെയെത്തി, നഷ്ടബോധമുണർന്നു, ഹൃദയം തേങ്ങി. ആ പകലിൽ അബുദാബി എയർപോർട്ടിൽ മധ്യപൂർവദേശത്തെ നാനാതരം മനുഷ്യരെ കണ്ടു. വൈകിട്ട് ഡബ്ലിന്റെ പച്ചപ്പിൽ താണിറങ്ങുമ്പോൾ ശാന്തി. രണ്ടു വർഷത്തിനു ശേഷം കേരളത്തിന്റെ ആകാശത്ത് തിരിച്ചു കയറുന്ന നിമിഷത്തിൽ താഴെ പച്ചപ്പ് കണ്ടപ്പോൾ അനൽപമായ ആഹ്ലാദം. മറ്റൊരു യാത്രയിൽ കെയ്റോയിൽനിന്നു പറന്നുയരുമ്പോൾ ദൃശ്യമായ പുരാതന ഈജിപ്തിന്റെ ഗരിമ. നീന്തൽക്കുളം പോലെ തോന്നിയ നീലനിറമുള്ള മെഡിറ്ററേനിയനും ചെങ്കടലും. അവയെ ബന്ധിപ്പിക്കുന്ന ചരട് പോലെ സൂയസ് കനാൽ.
അറേബ്യൻ മരുഭൂമിയിലെ പട്ടണങ്ങളുടെ രാക്കാഴ്ച. വിക്ടോറിയ ദിനത്തിൽ വാനിലുയരുമ്പോൾ നിലയമിട്ടുകളുടെ വർണരാജിയിലൂടെ ദൃശ്യമായ, സൂക്ഷ്മമായി നഗരാസൂത്രണം ചെയ്ത ടൊറന്റോ. മിലാനിൽ ഇറങ്ങുന്നതിനു തൊട്ടു മുൻപ് ഇറ്റാലിയൻ ആകാശത്തിനു താഴെ മഞ്ഞു മൂടിയ ആൽപ്സ്. യുക്രെയ്നിലെ ഗോതമ്പു പാടങ്ങൾ. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ്. ഇംഗ്ലിഷ് ചാനലിലെ വിൻഡ് മിൽ. റോട്ടർഡാമിലെ കനാൽ. ലണ്ടന്റെ വിഹഗ വീക്ഷണം. ഡൽഹിയിൽനിന്നു കൊച്ചിയെ തേടുമ്പോൾ ചെന്തീ പോലെ പടിഞ്ഞാറൻ ആകാശം. ബ്രിട്ടിഷ് കൊളംബിയയുടെ വടക്കൻ മലനിരകൾ, തടാകങ്ങൾ. വാൻകൂവർ തുറമുഖത്ത് കളിവള്ളം പോലെ കാർഗോ ഷിപ്പുകൾ.

ആകാശമാർഗേ സഹചാരികളുമായി ഹ്രസ്വവും മനോഹരവുമായ സൗഹൃദങ്ങളുണ്ടായി, വഴിയിൽ അദ്ഭുതങ്ങളും കണ്ടു. 2019 ൽ ഒമാനിലെ മസ്കറ്റിൽനിന്നു ലണ്ടനിലേക്കുള്ള ഇക്കോണമി ക്ലാസ് അവസാന നിമിഷം ബിസിനസ് ക്ലാസായി മാറി. കാരണമറിയില്ല. നേരത്തേ കയറാം, കിടക്കയാക്കാവുന്ന ഇരിപ്പിടത്തിൽ അമരാം. മേൽത്തരം ബ്ലാങ്കറ്റ്, വലിയ വിഡിയോ ഡിസ്പ്ലേ, വലുപ്പം കൂടിയ ഫൂഡ് ട്രേ. പരിസരത്ത് രണ്ടു പരിചാരികമാരെ നിയോഗിച്ചിട്ടുണ്ട്. ഷാംപെയ്ൻ ഗ്ലാസ് നിറഞ്ഞു. ഇഷ്ടം പോലെ ലെഗ് സ്പെയ്സ്, ഇടുങ്ങിയ ഇടങ്ങൾ ഇല്ല. ടോയ്‌ലറ്റിൽ നീണ്ടു നിവർന്ന് നിൽക്കാം, സ്വതന്ത്രമായി ചലിക്കാം. ടേക്കോഫിനു മുമ്പ് എയർ ഹോസ്റ്റസ് ഒമാനി ഹെർബൽ ചായ പകരുന്നു. അലാവുദ്ദീന്റെ അദ്ഭുതവിളക്ക് പോലെ ചായപ്പാത്രം. ബാഗ്ദാദ് സുൽത്താൻ ഹാറൂൺ അൽ റഷീദാണോ ഞാൻ? എയർപോർട്ടിൽ ‘ആയിരത്തൊന്ന് രാത്രികളു’ടെ 'ചുവർചിത്രം കണ്ടിരുന്നു, നാവികനായ സിൻബാദിനെ പ്രത്യേകം ശ്രദ്ധിച്ചു. മുഖം തുടയ്ക്കാൻ നേർത്ത ചൂടുള്ള തുണിയെത്തി, കൂടെ ഇളം ചൂടുള്ള ബദാമും അണ്ടിപരിപ്പും. ഷാംപെയ്ൻ ഗ്ലാസ് വീണ്ടും നിറഞ്ഞു, വിമാനം പറന്നുയർന്നു.

അതാ വരുന്നു മെനു. ക്ലാസി റസ്റ്ററന്റ് രീതിയിൽ വിഭവങ്ങൾ. സാമണും സാലഡും ഓരോ പ്ലേറ്റ് പോരട്ടെ. ഫ്രഞ്ച് വീഞ്ഞിന്റെ ഒന്നാം തരം ശേഖരം. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അതും ഭോജനശാലയുടെ രീതിയിൽ ഒറിജിനൽ ബോട്ടിലിൽനിന്നു പകരും. ഒഴിക്കുന്നത് വില കൂടിയ വൈൻഗ്ലാസിൽ. മോണിറ്ററിൽ പുതുമയുള്ള ഒരു പരസ്യം. വിമാനയാത്രയിലെ സുരക്ഷാ ക്രമീകരണങ്ങൾ ഒമാനിലെ വൈവിധ്യം നിറഞ്ഞ പ്രകൃതിയിലൂടെ, ഒരു സഞ്ചാരത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നു. നിശയുടെ അടുത്ത യാമത്തിൽ ലഹരിയിൽ മയങ്ങി. നേരം പുലർന്നു. ബ്ലാക്ക് കോഫി. ക്ലാസി കോണ്ടിനെന്റൽ ബ്രേക്ഫാസ്റ്റ്. ബ്രഡ്, ചീസ്, ബീഫ്, ഓറഞ്ച് ജ്യൂസ് - മേൽത്തരം സെറാമിക് പാത്രത്തിൽ. എന്തിനേറെ പറയുന്നു, കലങ്ങിയ മനസ്സുമായി മസ്ക്കറ്റിൽനിന്നു കയറിയ എനിക്ക് പ്രപഞ്ചം ഒരുക്കിയ മാന്ത്രിക ലോകം പോലെ തോന്നി, ഒൻപതു മണിക്കൂർ നീണ്ട ആ യാത്ര. ലണ്ടൻ ഹീത്രോയിലെ നീണ്ട കാത്തിരിപ്പിനു ശേഷം, വാൻകൂവറിലേക്കുള്ള എയർ കാനഡ വിമാനത്തിലെ ഇക്കോണമി ക്ലാസിൽ ചെന്നിരുന്ന് ഞാൻ സമനില വീണ്ടെടുത്തു. ആകാശത്ത് ഒരേ വാഹനത്തിൽ വർഗസമരം. ഒമാൻ എയറിലെ ആഡംബരം ഇതാണെങ്കിൽ, ഡബിൾ ഡെക്കർ എയർബസ് A-380 യുടെ എ-ക്ലാസ് എന്തായിരിക്കും? സ്പായും ലോബിയും ബാറുമുണ്ടെന്ന് കേൾക്കുന്നു.

യാത്ര തീവ്രമായ അനുഭവമാണ്. താണു പറക്കുമ്പോൾ സമുദ്രത്തിന്റെ വിശാലത അദ്ഭുതപ്പെടുത്തും. ഉയരെ നീങ്ങുമ്പോൾ താഴെ ആഴി പോലെ മേഘങ്ങൾ. അനന്തമായ അവബോധം. വിമാനം പറക്കുന്നേയില്ല എന്നു തോന്നും, വിഹായസ്സിൽ തൂക്കിയിട്ട പോലെ നിശ്ചലം. ഒരിക്കൽ എതിർദിശയിലേക്ക് വെടിയുണ്ട പോലെ പോയ മറ്റൊരു വിമാനം കണ്ടപ്പോൾ, ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം നിമിഷാർധത്തിൽ പിടികിട്ടി. ഞങ്ങൾ അപ്പോൾ പായുന്നത് 900 കിലോമീറ്റർ വേഗത്തിൽ. നിശ്ചലതയും വേഗവും തമ്മിലുള്ള വൈരുധ്യം എങ്ങനെ സാധ്യമാകുന്നു? ഇന്ദ്രിയങ്ങൾക്കു പരിമിതിയുണ്ട്. ഗോളാകൃതിയിലുള്ള (Spherical) ഭൂമിയെ ചുറ്റുമ്പോൾ യാത്ര രേഖീയമായി (Linear) തോന്നും. പുറത്തേക്ക് നോക്കുമ്പോൾ യാത്ര നേർരേഖയിൽ (Straight line) എന്നു തോന്നും, പക്ഷേ സഞ്ചാരപഥം വളഞ്ഞിട്ടാണ് (Curve). ഭൂമിയുടെ അസാമാന്യ വലുപ്പമാണ് ഇന്ദ്രിയങ്ങളെ കബളിപ്പിക്കുന്നത്. പ്രപഞ്ചത്തിൽ ഭൂമി വളരെ ചെറുതുമാണ്. അനന്തമായ സമയം രേഖീയമാണോ? ഒരേ ദിശയിൽ മാത്രം അത് സഞ്ചരിക്കുമോ? അന്തിമ തീർപ്പുകളില്ല, സമയം ഒരു നിഗൂഢത. ടൈം സോണിലെ വ്യത്യാസം മൂലം, കൊച്ചിയിൽനിന്നു പടിഞ്ഞാറ് വാൻകൂവറിലേക്ക് വരുമ്പോൾ, ഞാൻ പന്ത്രണ്ടര മണിക്കൂർ നേടുന്നു. എതിർദിശയിൽ കിഴക്കോട്ട് വരുമ്പോൾ പന്ത്രണ്ടര മണിക്കൂർ നഷ്ടമാകുന്നു. ഡേലൈറ്റ് സേവിങ് വിന്ററിലും സമ്മറിലും ഒരു മണിക്കൂർ വ്യത്യാസം വരുത്തും.
എന്താണ് കഥ? ഞാൻ സമയം നേടുന്നുമില്ല, കളയുന്നുമില്ല. അന്തമില്ലാത്ത സമയത്തെ സൗകര്യത്തിനു വേണ്ടി ദിവസങ്ങളും മണിക്കൂറുകളുമാക്കി വിഭജിച്ചതിന്റെ ഫലമാണ് സമയലാഭവും നഷ്ടവും. ഭൂതവും ഭാവിയും മിഥ്യയാണ്. വർത്തമാന നിമിഷമാണ് യാഥാർഥ്യം. ഹ്രസ്വമായ ആയുസ്സിൽ പരിമിതമായ ഇന്ദ്രിയങ്ങളുമായി ജീവിക്കുന്ന മനുഷ്യൻ അറിഞ്ഞതിനേക്കാൾ ആഴമുണ്ട് പ്രപഞ്ചത്തിന്. എങ്കിലും നാം ശ്രമിക്കുന്നു, മുമ്പേ പോയവരുടെ ജ്ഞാനത്തോട് നമ്മുടെ നിരീക്ഷണങ്ങൾ ചേർത്തു വയ്ക്കുന്നു. എന്നിട്ടും പരിമിതമാണ് ആ അറിവ്. നിരന്തരം അന്വേഷിച്ചാൽ ഒരായുസ്സിൽ കുറച്ചൊക്കെ മനസ്സിലാകും. മുൻ അമേരിക്കൻ എയർ ഫോഴ്‌സ് ഫൈറ്റർ പൈലറ്റും ‘ജൊനാഥൻ ലിവിങ്സ്റ്റൺ സീഗൾ’ എന്ന ക്ലാസിക്ക് കൃതിയുടെ രചയിതാവുമായ റിച്ചാർഡ് ബാക്കിന്റെ ഏവിയേഷൻ പ്രമേയമായ പുസ്തകങ്ങൾ പ്രിയങ്കരമാണ്. ഗഗനത്തെ അറിയും മുമ്പേ റിച്ചാർഡിന്റെ വാക്കുകളിലൂടെ ഞാൻ പറന്നിട്ടുണ്ട്. വിമാന രൂപകത്തിലൂടെ ആഴമുള്ള ആശയങ്ങൾ ലളിതമായി പറഞ്ഞ വൈമാനികന് പറക്കൽ അനന്തതയുമായുള്ള സല്ലാപം.
പാരാഗ്ലൈഡിങ് ചെയ്യണം. കൂടില്ലാത്ത പറവയെ പോലെ വായുവിനെ വേദനയില്ലാതെ കീറിമുറിക്കണം. വിമാനമെന്നാൽ യാത്രാമാർഗം മാത്രമല്ല, ദാർശനിക വിചാരങ്ങൾക്കുള്ള ഇടം കൂടിയാണ്. വായുമാർഗേ ചില നിമിഷങ്ങളിൽ ഭയക്കാറുണ്ട്. എയർ പോക്കറ്റിൽ പരുക്കനായി വീഴുമ്പോഴും തൂവൽ പോലെ മൃദുലമായി താഴേക്ക് പതിക്കുമ്പോഴും ഉള്ളു കിടുങ്ങും. നിലം തൊടുമ്പോൾ ആശ്വാസമാണ്. അപകടങ്ങൾക്കു ശേഷം, ആഴത്തിൽ വിശകലനം ചെയ്തു പരിഷ്‌കരിച്ച്, എൻജിനീയർമാർ ഈ യന്ത്രത്തെ സുരക്ഷിതമാക്കുന്നു. പക്ഷേ പൊങ്ങിയാൽ നിലത്തിറങ്ങും എന്നതിന് ഒരുറപ്പുമില്ല. വായുവിൽ എന്തും സംഭവിക്കാം. ഒരു പക്ഷി പോലും അപകടകാരി. ടേക്കോഫിനു മുൻപുള്ള സുരക്ഷാ നിർദ്ദേശം ആളുകൾ ശ്രദ്ധിക്കാത്തത് അപകടം ഉണ്ടാകില്ലെന്ന വിശ്വാസം കൊണ്ടാകില്ല, അരുതാത്തത് സംഭവിച്ചാൽ നിർദ്ദേശങ്ങൾ പ്രയോജനപ്പെടില്ല എന്ന തിരിച്ചറിവിൽ നിന്നാകാം. ആകാശയാത്രയുടെ അപ്രവചനീയതയാണ് അതിന്റെ ഏറ്റവും വലിയ ആകർഷണം. മരണവുമായുള്ള ഈ ഒളിച്ചു കളി ജീവിതത്തെ പൂർണമായി നമുക്ക് നൽകുന്നു.