‘‘സമ്മതിച്ചു, നീ തന്നെ ഏറ്റവും ക്യൂട്ട്!’’; ദുല്‍ഖറിന്റെ ഫോട്ടോയിലേക്ക് നുഴഞ്ഞുകയറിയ പെൺകുട്ടി
Mail This Article
ഇറ്റാലിയന്‍ നഗരമായ സിസിലിയിലേക്കുള്ള യാത്രക്കിടയില്‍ വീണുകിട്ടിയ മനോഹരനിമിഷത്തിന്‍റെ ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. നഗരത്തെരുവില്‍ നിര്‍ത്തിയിട്ട വർണാഭമായ സ്റ്റിക്കറുകൾ കൊണ്ട് അലങ്കരിച്ച ഫിയറ്റ് 500 ന് അരികിൽ നിൽക്കുന്ന ഫോട്ടോ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ചിത്രത്തില്‍ ദുല്‍ഖറിനരികില്‍ ഒരു കുഞ്ഞുപെണ്‍കുട്ടി നില്‍ക്കുന്നത് കാണാം. ഫോട്ടോ എടുക്കാന്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഫ്രെയിമിലേക്ക് വന്ന പെണ്‍കുട്ടിയെപ്പറ്റി "സമ്മതിച്ചു, നീ തന്നെയാണ് ഏറ്റവും ക്യൂട്ട്" എന്ന് ദുല്‍ഖര്‍ ക്യാപ്ഷനില്‍ പറഞ്ഞിട്ടുണ്ട്.
കടുംനീല ഷര്‍ട്ടും ഫേഡഡ് ജീന്‍സും സണ്‍ഗ്ലാസും വൈറ്റ് സ്‌നീക്കേഴ്‌സുമെല്ലാമായി, എല്ലായ്പ്പോഴുമുള്ളതുപോലെ സ്റ്റൈലിഷായാണ് നടനെ ചിത്രത്തില്‍ കാണുന്നത്. ഇറ്റലിയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് സിസിലി. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ആർക്കിമിഡീസിന്‍റെ ജനനസ്ഥലമായ ഇവിടം പ്രാചീനകാലം മുതൽക്കേ പ്രസിദ്ധമാണ്. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള സജ്ജീവ അഗ്നിപർവതമായ എറ്റ്ന ഇവിടെയാണ് ഉള്ളത്.
സിസിലിയിലെ മനോഹരമായ കാലാവസ്ഥയും പ്രകൃതിഭംഗിയും രുചികളും ചരിത്രവും വാസ്തുവിദ്യയുമെല്ലാം ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. വർഷം മുഴുവനും ആളുകൾ ദ്വീപ് സന്ദർശിക്കാറുണ്ടെങ്കിലും വേനൽക്കാലത്താണ് ഇവിടുത്തെ ടൂറിസ്റ്റ് സീസണ്‍. എറ്റ്ന പർവ്വതം, ബീച്ചുകൾ, പുരാവസ്തു സൈറ്റുകൾ, പലേർമോ, കാറ്റാനിയ, സിറാക്കൂസ്, റഗുസ തുടങ്ങിയ പ്രധാന നഗരങ്ങൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. പഴയ പട്ടണമായ ടോർമിനയും സമീപത്തെ കടൽത്തീര റിസോർട്ടായ ജിയാർഡിനി നക്സോസുമാണ് ഏറ്റവും ജനപ്രിയം. പുരാതന ഗ്രീക്ക് കാലഘട്ടത്തിലെ ഏറ്റവും മികച്ച സംരക്ഷിത ക്ഷേത്രങ്ങളിൽ ചിലതും ഇവിടെ സ്ഥിതിചെയ്യുന്നു. സിസിലിയിൽ യുനെസ്കോയുടെ ഏഴ് ലോക പൈതൃക സൈറ്റുകളുണ്ട്.
വൈന്‍ ടൂറിസം, മെഡിറ്ററേനിയൻ ക്രൂയിസ് യാത്രകള്‍ എന്നിവയ്ക്കും ഇവിടം പ്രസിദ്ധമാണ്. നിരവധി ഹോളിവുഡ്, സിനിമകളും സിസിലിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സിസിലിയുടെ ആകർഷണം വർദ്ധിപ്പിച്ചു.