ADVERTISEMENT

ഭൂമിയിലെ സ്വർഗമെന്ന വിശേഷണമുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ഓരോ പ്രദേശങ്ങളും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. സ്വിറ്റ്സർലൻഡിന്‍റെ തെക്കുഭാഗത്ത് ലുഗാനോ തടാകത്തിന്റെ കരയിലുള്ള ഒരു ചെറിയപട്ടണമാണ് ലുഗാനോ. ശുദ്ധമായ  അന്തരീക്ഷവും തടാകത്തിന്റെ ഓരം ചുറ്റിയുള്ള നടപ്പാതകളും വാഹനത്തിരക്കില്ലാത്ത വീഥികളും ദൂരെയായി മഞ്ഞുമലകളും സുന്ദരമായ കാലാവസ്ഥയുമുള്ള ഒരു നഗരം. യൂറോപ്പിലെ ഏറ്റവും മനോഹരമായ സുഖവാസകേന്ദ്രങ്ങളിലൊന്നായ ലുഗാനോയിലേക്കു നടത്തിയ യാത്ര മറക്കാനാകാത്ത അനുഭവമായിരുന്നു. 

ലുഗാനോ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര
ലുഗാനോ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര

ഇറ്റലിയിലെ മിലാനിൽ നിന്ന് ബസ് മാർഗമാണ് സ്വിറ്റ്സർലൻഡിലെ ലുഗാനോയിൽ എത്തിയിരിക്കുന്നത്. കുന്നുകളും മലയോരങ്ങളും കടന്ന് തുരങ്കപാതകളിലൂടെയുള്ള അവിസ്മരണീയമായ ഒരു യാത്ര. സുന്ദരമായതെല്ലാം ഒന്നിച്ചൊരിടത്തു ചേർന്നതുപോലെ ഒരു ഭൂപ്രദേശം. മെഡിറ്ററേനിയൻ ശൈലിയിലുള്ള നഗരചത്വരങ്ങളും  പൂന്തോട്ടങ്ങളും തടാകത്തിൽ നിന്നുള്ള കുളിർകാറ്റും ഈ നഗരത്തിന് ഒരു വശ്യസൗന്ദര്യം സമ്മാനിക്കുന്നു. ഒരുവശത്ത് അതിരിടുന്ന ആൽപ്സും മറുവശത്ത്  ഇറ്റാലിയൻ നഗരങ്ങളുമുള്ള ലുഗാനോ സഞ്ചാരികൾക്കുള്ള ഒരു ഇടത്താവളമാണ്.  കമീലിയാസ് പൂക്കളുടെയും ലൊംബാർഡി സ്‌റ്റൈൽ സൗധങ്ങളുടെയും നഗരം. വീഥികളിൽ വലിയ തിരക്കില്ല. വർഷം മുഴുവൻ നല്ല കാലാവസ്ഥയുള്ള ഇവിടം യൂറോപ്പിലെ ഏറ്റവും മനോഹരമായ സുഖവാസകേന്ദ്രങ്ങളിലൊന്നാണ്.

ലുഗാനോ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര
ലുഗാനോ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര

തടാകത്തിന്റെ മറുകരയിൽ മനോഹരമായ ഒരു പെയിന്റിങ് പോലെ ദൂരെ വെള്ളിത്തലക്കെട്ടു കെട്ടിയ ആൽപ്സ് പർവതനിരകൾ. ഇറ്റലിയിലെ കോമോയാണ് അതിന്റെ മറുവശത്ത്. അടുത്തടുത്ത് ഒരു മലയ്ക്കപ്പുറവും ഇപ്പുറവുമായി കിടക്കുന്ന പ്രദേശങ്ങളാണ് കോമോയും ലുഗാനോയും. തടാകത്തിന്റെ ഇരുവശത്തുമുള്ള ഭംഗിയാർന്ന കുന്നുകളിൽ സുന്ദരമായ കെട്ടിടങ്ങൾ കാണാം, ധനികരുടെ വേനൽക്കാലവസതികളാണ് അവയെല്ലാം. തടാകത്തിന്റെയും ആകാശത്തിന്റെയും നീലിമ നമ്മെ ഒരു സ്വപ്‌നലോകത്ത് എത്തിയതുപോലെ തോന്നിപ്പിക്കും. കാൽപ്പനികഭാവത്തിലേക്ക് ഏതു യാത്രികനും നിമിഷങ്ങൾ കൊണ്ടു വീണുപോകും. ലുഗാനോയിലെ എല്ലാ കാഴ്ചകളും പ്രകൃതിയുടെ കരവിരുതുകളാണ്. അതിനെ പരിപൂർണമായും സഞ്ചാരികൾക്കുതകും വിധം ഉപയോഗപ്പെടുത്തുക മാത്രമാണ് ലുഗാനോ ടൂറിസം അധികൃതർ ചെയ്ത‌ിട്ടുള്ളത്. പ്രകൃതിയോടിണങ്ങാത്ത ഒന്നും ഇവിടെ കാണാൻ സാധിക്കില്ല.

ലുഗാനോ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര
ലുഗാനോ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര

ബസ് ഇറങ്ങിയ ഞാൻ തടാകത്തിന്റെ കരയിലൂടെ നടന്നു. പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങളിലൂടെ അരിച്ചറങ്ങുന്ന സൂര്യകിരണങ്ങൾ, ഇളം കാറ്റ്,   ശുദ്ധജലാശയത്തിൽ  അരയന്നങ്ങൾ നീന്തിത്തുടിക്കുന്നു. വലിയ ഒരു അരയന്നം കരയിലൂടെ അടുത്തേക്കു വന്നത് കൗതുകം ഉണർത്തി. തീരത്തായി ചൂണ്ടയിടുന്ന ചിലർ. അവിടെയിരുന്ന ഒരാളിൽ നിന്നു ചൂണ്ട വാങ്ങി മീൻ കൊത്തുന്നുണ്ടോ എന്നു ഞാനും പരീക്ഷിച്ചു. കുറച്ചു സമയം അവിടെ നടന്നതിനുശേഷം തടാകക്കരയുടെ  സമീപത്തുള്ള പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച സാന്താ മരിയ ഡെഗ്ലി ആൻജിയോലി എന്ന ദേവാലയത്തിലേക്ക് നടന്നു. മൈക്കലാഞ്ചലോയുടെ ശിഷ്യനായിരുന്ന ബെർണാർഡിനോ ലുയിനി വരച്ച ഇവിടത്തെ ചുവർ ചിത്രങ്ങൾ പ്രസിദ്ധമാണ്. അതിനടുത്തായി കുന്നിൻ മുകളിലേക്ക് എത്തുന്ന തരത്തിൽ നിർമിച്ചിരിക്കുന്ന ഫണികുലാർ ട്രെയിനിന്റെ പാത കണ്ടു, അത് ഇപ്പോൾ പ്രവർത്തനരഹിതമാണ്. ലുഗാനോയിൽ പുരാതനകാലം മുതൽക്കേ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ചരിത്രങ്ങളൊക്കെ വിവരിക്കുന്ന ഇവിടുത്തെ മ്യൂസിയം പ്രസിദ്ധമാണ്. കാഴ്ചകൾ കണ്ട് നിറയെ കച്ചവടസ്ഥാപനങ്ങളുള്ള സജീവമായ തെരുവിലേക്കു നടന്നു.

ലുഗാനോയിലെ കാഴ്ചകൾ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര
ലുഗാനോയിലെ കാഴ്ചകൾ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര

സ്വിറ്റ്സർലൻഡിൽ  ലക്ഷ്വറി ഉൽപ്പന്നങ്ങൾക്കു നികുതി ഇല്ലാത്തതിനാൽ എല്ലാ വലിയ ബ്രാൻഡുകളുടെയും ഷോപ്പുകൾ ഇവിടെ കാണാൻ സാധിക്കും. നല്ല തിരക്കുണ്ട്. ലോകോത്തര വാച്ചുകൾക്ക് സ്വിറ്റ്സർലൻഡ് പ്രശസ്തമാണ്, പേരുകേട്ട സ്വിസ് വാച്ചുകളുടെ ഷോറൂമുകൾ നിരനിരയായി കാണാം. ലോകപ്രശസ്തമായ സ്വിസ് ചോക്ലേറ്റുകൾ വിൽക്കുന്ന ഷോപ്പുകളും പാതയ്ക്ക് ഇരുവശവുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ചോക്ലേറ്റും ചീസും ഉൽപ്പാദിപ്പിക്കുന്നതിന്റെ ഖ്യാതിയുള്ള  സ്വിറ്റ്സർലൻഡിൽ വന്നിട്ട്  ചോക്ലേറ്റ് വാങ്ങാതെ മടങ്ങുന്നതു ശരിയല്ല, സമീപം കണ്ട ഒരു ഷോപ്പിൽനിന്ന് കുറച്ച് ടോബ്‌ളറോൺ, ലിൻഡ് ചോക്ലേറ്റുകൾ വാങ്ങി. അടുത്തു തന്നെയുള്ള കോഫി ഷോപ്പിൽ കയറി ഒരു ഹോട്ട് ചോക്ലേറ്റും ക്രോയ്‌സന്റും കഴിച്ചു.

ലുഗാനോയിലെ കാഴ്ചകൾ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര
ലുഗാനോയിലെ കാഴ്ചകൾ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര
സാന്താ മരിയ ഡെഗ്ലി ആൻജിയോലി ദേവാലയത്തിലെ ചുവർ ചിത്രങ്ങൾ, മൈക്കലാഞ്ചലോയുടെ ശിഷ്യനായിരുന്ന ബെർണാർഡിനോ ലുയിനിയാണ് ഈ ചിത്രങ്ങൾ വരച്ചത്.
സാന്താ മരിയ ഡെഗ്ലി ആൻജിയോലി ദേവാലയത്തിലെ ചുവർ ചിത്രങ്ങൾ, മൈക്കലാഞ്ചലോയുടെ ശിഷ്യനായിരുന്ന ബെർണാർഡിനോ ലുയിനിയാണ് ഈ ചിത്രങ്ങൾ വരച്ചത്.

ലുഗാനോവിലെത്തുന്ന സഞ്ചാരികൾ ഷോപ്പിങ് നടത്തുന്നു, ഇവിടുത്തെ രുചികൾ ആസ്വദിക്കുന്നു, ചിലരാകട്ടെ ഗ്രാമങ്ങളിലേക്കു പോയി വൈൻ യാർഡുകളും മുന്തിരിത്തോപ്പുകളും ചുറ്റിക്കാണുന്നു. ഫിഷിങ് വില്ലേജുകളിൽ പോയി മീൻ പിടിക്കുന്നു, മല കയറുന്നു, തടാകത്തിൽ ബോട്ടിങ് നടത്തുന്നു, അങ്ങനെ പലതരത്തിൽ ഉല്ലസിക്കുന്നു. സ്വിറ്റ്സര്‍ലന്‍ഡിനെക്കുറിച്ചു പറയുമ്പോള്‍ നമ്മു‌ടെ മനസ്സില്‍ ആദ്യമെത്തുന്നത് ഇവിടുത്തെ ആല്‍പ്സ് പര്‍വ്വത നിരകളാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ലുഗാനോയിലെ പ്രീ ആല്‍പ്സിന്‍റേത്. 

ലേഖകൻ ലുഗാനോയിൽ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര
ലേഖകൻ ലുഗാനോയിൽ. ചിത്രം : സിബി മാത്യു, കൊട്ടാരക്കര

ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന് ഭൂരിഭാഗം യാത്രാപ്രേമികളും ആഗ്രഹിക്കുന്ന ഇടങ്ങളില്‍  ഒന്നായി സ്വിറ്റ്സര്‍ലന്‍ഡ് മാറിയതിൽ അത്ഭുതമില്ല. എനിക്ക് തിരിച്ചു പോകാൻ സമയമാകുന്നു. സ്വച്ഛശീതളമായ കാലാവസ്ഥയും നയനമനോഹരമായ പ്രകൃതിയും ഇവിടം വിട്ടുപോകുവാൻ നമ്മുടെ മനസ്സ് അനുവദിക്കുകയില്ല, ഇവിടുത്തെ കാഴ്ചയുടെ സൗകുമാര്യം മനസ്സിൽ നിന്ന് ഒരിക്കലും മായുകയില്ല.

English Summary:

Activities in the Swiss City of Lugano. Lugano provides a wide range of experiences.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com