ആ സ്വപ്നം പൂവണിഞ്ഞു; ക്രിസ്മസ് അപ്പൂപ്പനരികില് നിന്നും ചിത്രം പങ്കുവച്ച് റിമി ടോമി
Mail This Article
മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമെല്ലാമായ റിമി ടോമിയുടെ യാത്രാ ചിത്രങ്ങള്‍ ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കും. ക്രിസ്മസ്- ന്യൂ ഇയര്‍ യാത്രയ്ക്ക് ഇക്കുറി റിമി പോയത് ക്രിസ്മസ് അപ്പൂപ്പന്‍റെ സ്വന്തം നാട്ടിലേക്കായിരുന്നു. ഫിന്‍ലന്‍ഡിലെ മഞ്ഞുമൂടിയ താഴ്വാരങ്ങളുടെ കാഴ്ചകള്‍ക്കൊപ്പം, ക്രിസ്മസ് അപ്പൂപ്പന്‍റെ അടുത്തിരിക്കുന്ന ചിത്രവും റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ക്രിസ്മസ് കഴിഞ്ഞെങ്കിലും സാന്താക്ലോസ് അപ്പൂപ്പനെ കാണാന്‍ പറ്റി' എന്ന് റിമി ക്യാപ്ഷന്‍ കൊടുത്തിട്ടുണ്ട്. സാന്താക്ലോസിനുള്ള കത്തുകള്‍ ഇടുന്ന പോസ്റ്റ് ബോക്സിന്‍റെ ചിത്രവും റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവിടെ നിന്നുള്ള വിഡിയോയും റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ഞുമൂടിയ എയര്‍പോര്‍ട്ട് കാണുന്നത് ജീവിതത്തില്‍ ആദ്യമായാണെന്ന് റിമി പറയുന്നു.
മറ്റൊരു വിഡിയോയില്‍, നിറയെ പൈന്‍ മരങ്ങളും മറ്റും മഞ്ഞുപുതച്ചു നില്‍ക്കുന്ന ഇടത്തു നിന്നും 'പുതുവെള്ളൈമഴൈ' പാട്ട് പാടുന്ന റിമിയെ കാണാം. ഇതിനടിയില്‍ രസകരമായ ഒട്ടേറെ കമന്‍റുകളും കാണാം. "പുട്ടും കുറ്റിയിൽനിന്നും ആവി പറകുന്നപോലെ ശ്രുതിയൊക്കെ ദേ പറന്നു പോകുന്നു എന്റെ തഗ് റാണി..." എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. "തണുപ്പത്ത് ചൂടുള്ള പാട്ട് പാടി റിമി ചേച്ചി" എന്ന് മറ്റൊരു ആരാധകന്‍ പറയുന്നു.
സാന്താക്ലോസിന്‍റെ ഔദ്യോഗിക ജന്മനാടായി ലോകം മുഴുവനും അറിയപ്പെടുന്ന പ്രദേശമാണ് ഫിന്‍ലാന്‍ഡിലെ റൊവാനിമി. ഫിൻലാന്‍ഡിന്‍റെ വടക്കേയറ്റത്തെ പ്രവശ്യയായ ലാപ്‌ലാൻഡിന്‍റെയും തെക്കൻ ഭാഗമായ പെറോപോജോലയുടെയും തലസ്ഥാനവും കൂടിയായ ഈ പ്രദേശം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് നഗരങ്ങളിലൊന്നാണ്. ആർട്ടിക് സർക്കിളിലെ സാന്താക്ലോസ് വില്ലേജും സാന്താപാർക്ക് ആർട്ടിക് വേൾഡും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
സാന്താ പാര്‍ക്കിനുള്ളിലാണ് സാന്തയുടെ ഓഫീസും പോസ്റ്റോഫീസുമെല്ലാം ഉള്ളത്. പ്രവേശന ഫീസ് നല്‍കി പാര്‍ക്കിനുള്ളിലേക്ക് കടന്നാല്‍, സാന്താക്ലോസിന്‍റെ ഓഫീസില്‍ പോയി അദ്ദേഹത്തെ കാണാനും, ഒപ്പം നിന്ന് സൗജന്യമായി ചിത്രങ്ങൾ എടുക്കാനും കഴിയും. ഇവിടെയുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് പോസ്റ്റ്കാർഡുകൾ അയയ്ക്കാനും സാധിക്കും.
1998 നവംബർ 28 നാണ് ഈ ക്രിസ്മസ് തീം പാർക്ക് തുറന്നത്. ആർട്ടിക് സർക്കിളിലെ സാന്താക്ലോസിന്‍റെ ഗുഹാവീടിനു സമാനമായി രൂപ കല്‍പ്പന ചെയ്തിട്ടുള്ള ഈ പാര്‍ക്ക്, വേനൽക്കാലത്ത്, ജൂൺ പകുതി മുതൽ ഓഗസ്റ്റ് ആദ്യ ആഴ്ച വരെയും ശൈത്യകാലത്ത് നവംബർ അവസാനം മുതൽ ജനുവരി ആദ്യം വരെയും സന്ദര്‍ശകര്‍ക്കായി തുറക്കും. റൊവാനിമിയിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ വടക്കുകിഴക്കും റൊവാനിമി എയർപോർട്ടിൽ നിന്ന് ഏകദേശം 2 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
റൊവാനിമിയിലൂടെ ആർട്ടിക് സർക്കിൾ കടന്നുപോകുന്നുണ്ട്. ഇവിടെ ഇത് വ്യക്തമായി അടയാളപ്പെടുത്തിയത് കാണാം. ഭൂമധ്യരേഖയുടെ വടക്ക് 66°33′45.9″ അക്ഷാംശ വൃത്തമാണ് ആർട്ടിക് സർക്കിൾ. വെളുത്ത വരയില്‍ അടയാളപ്പെടുത്തിയ ഈ രേഖ ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍പ്പെടുന്നു. ആര്‍ട്ടിക് സര്‍ക്കിള്‍ പ്രദേശത്ത്, മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ റെയിൻഡിയർ സവാരികൾ നടത്താം. കൂടാതെ, സൈബീരിയൻ ഹസ്കീസ്, ലാമകൾ, റെയിൻഡിയർ, അൽപാക്കസ് തുടങ്ങി, കഥകളില്‍ കേട്ടറിഞ്ഞ മൃഗങ്ങളെ നേരിട്ട് കാണാനും കഴിയും. 2021 ൽ ആർട്ടിക് സർക്കിളിനുള്ളിൽ നടന്ന ആദ്യത്തെ WRC ഇവന്റായ 2021 ലെ ആർട്ടിക് ലോക റാലി ചാമ്പ്യൻഷിപ്പിനും റൊവാനിമി ആതിഥേയത്വം വഹിച്ചു .
ഈ പ്രദേശത്ത് നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പ്രതിഭാസമാണ് അറോറ ബൊറിയാലിസ് അഥവാ നോർത്തേൺ ലൈറ്റ്സ്. ഫിന്നിഷ് ലാപ്‌ലാൻഡിൽ പ്രതിവർഷം 200 തവണ വരെ ഈ മനോഹരകാഴ്ച കാണാനാവും.
കെമിജോക്കി നദിക്ക് മുകളിലൂടെയുള്ള ജറ്റ്‌കാൻകിന്റില പാലം, ഔനാസ്‌ജോക്കി നദിയുടെ തീരത്തുള്ള ആർക്‌റ്റികം സയൻസ് മ്യൂസിയം, റൊവാനിമി സിറ്റി ഹാൾ , ലാപ്പിയ ഹാൾ, ഔനസ്വര സ്കീ സെന്‍റര്‍ തുടങ്ങിയവയും ഇവിടെ സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.
റോവാനിമി സിറ്റി സെന്ററിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ വടക്കായാണ് റൊവാനിമി എയർപോർട്ട് സ്ഥിതി ചെയ്യുന്നത്, ഹെൽസിങ്കി-വന്റ എയർപോർട്ടിനും ഔലു എയർപോർട്ടിനും ശേഷം ഫിൻലൻഡിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണിത്. ക്രിസ്മസ് ന്യൂ ഇയര്‍ സീസണിലാണ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ സമയം.