മഞ്ഞില്‍ പൊതിഞ്ഞ ഇന്റര്ലേക്കന് നഗര കാഴ്ചകളുമായി കാജല്‍ അഗര്‍വാള്‍
Mail This Article
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട്, ഒട്ടേറെ സെലിബ്രിറ്റികള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നടി കാജല്‍ അഗര്‍വാളും ഈയിടെ സ്വിസ് നഗരമായ ഇന്‍റര്‍ലേക്കനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചു. മഞ്ഞുമൂടിയ പര്‍വതനിരകളുടെ പശ്ചാത്തലത്തില്‍ കോഫിയുമായി നില്‍ക്കുന്ന നടിയെ ഇതില്‍ കാണാം.
സ്വിസ് ആൽപ്‌സിലെ ബെർണീസ് ഒബർലാൻഡ് മേഖലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ് ഇന്‍റര്‍ലേക്കന്‍. ഈ പ്രദേശത്തെ പർവതങ്ങളിലേക്കും തടാകങ്ങളിലേക്കും ഉള്ള പ്രധാന കവാടമാണിത്. നഗരത്തിന്‍റെ കിഴക്ക് ബ്രിയൻസ് തടാകവും പടിഞ്ഞാറ് തുൺ തടാകവും അതിരിടുന്നു.
സമുദ്രനിരപ്പിൽനിന്ന് 1,857 അടി ഉയരത്തിലുള്ള ഇന്‍റര്‍ലേക്കന്‍, ഒരു സ്വിസ് റിസോര്‍ട്ട് നഗരമെന്ന നിലയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ്. സ്വിസ് ഉത്സവമായ അൺസ്പം ഫെസ്റ്റ് നിരവധി വിനോദസഞ്ചാരികളെ ഇന്‍റര്‍ലേക്കനിലേക്കു കൊണ്ടുവന്നു. മൗണ്ടന്‍ എയര്‍ സ്പാകള്‍ക്കും ഇവിടം പ്രശസ്തമായതോടെ ഹോട്ടലുകളും ഗതാഗതസൗകര്യങ്ങളും വർധിക്കുകയും ടൂറിസം തഴച്ചു വളരുകയും ചെയ്തു.
ആല്‍പ്സിന്‍റെ പ്രധാന കൊടുമുടികളായ ജംഗ്‌ഫ്രോ, മോഞ്ച്, ഈഗർ എന്നിവയുൾപ്പെടെ ജംഗ്‌ഫ്രോ മേഖലയിലെ പർവതനിരകള്‍ ഇന്‍റര്‍ലേക്കനിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളാണ്. ജംഗ്ഫ്രോവിനും മോഞ്ചിനും ഇടയിലുള്ള ജംഗ്ഫ്രൗജോച്ചി ട്രെയിനിൽ എത്തിച്ചേരാവുന്ന, യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ്. ഇന്‍റര്‍ലേക്കന് അടുത്തായി, പട്ടണത്തിന്‍റെ വടക്ക് ഭാഗത്തുള്ള ഹാർഡർകുൽ, തെക്ക് വശത്തുള്ള ഷിനിജ് പ്ലാറ്റ് എന്നിവയും റെയിൽവേ വഴി എത്തിച്ചേരാവുന്ന മനോഹര സ്ഥലങ്ങളാണ്.
തുൺ തടാകവും ബ്രിയൻസ് തടാകവും ബോട്ട് യാത്രകൾക്കും ജലവിനോദങ്ങള്‍ക്കുമുള്ള അവസരം നല്‍കുന്നു. സ്വിറ്റ്‌സർലൻഡിലെ ശേഷിക്കുന്ന, ആവിയിൽ ഓടുന്ന മൗണ്ടൻ റെയിൽവേകളിലൊന്നായ ബ്രിയൻസ് റോത്തോൺ റെയിൽവേയുടെ ആരംഭ പോയിന്റാണ് ബ്രിയൻസ്.
ബാക്ക്പാക്കർമാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം കൂടിയാണ് ഇന്‍റര്‍ലേക്കൻ. സ്കൈ ഡൈവിങ്, കാന്യനിങ്, ഹാങ് ഗ്ലൈഡിങ്, പാരാഗ്ലൈഡിങ്, സ്കീയിങ് എന്നിവയിൽ ഗൈഡഡ് സേവനങ്ങൾ നൽകുന്ന നിരവധി ബാക്ക്പാക്കർ ഫ്രണ്ട്ലി ഹോട്ടലുകളും കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നു.