ഫ്രാന്‍സിലെ പുരാതന നഗരത്തില്‍ നിന്നുള്ള ചിത്രങ്ങളുമായി ഇഷാ ഗുപ്ത

Mail This Article
ഫ്രാന്‍സിലെ നൗവെൽ അക്വിറ്റൈന്‍ പ്രദേശത്തുള്ള പുരാതന നഗരമായ പാവുവില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി ഇഷാ ഗുപ്ത. ചരിത്ര കാഴ്ചകള്‍ നിറഞ്ഞ ഈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പൈറനീസ് പർവതനിരകള്‍ക്ക്, വടക്ക് അക്വിറ്റൈനിലെ പൈറനീസ് അറ്റ്ലാന്റിക് ഡിപ്പാർട്ട്‌മെന്റിലാണ് പാവു പട്ടണം. മുൻ പരമാധികാര പ്രിൻസിപ്പാലിറ്റിയായ ബേണിന്‍റെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് 100 കിലോമീറ്ററും സ്പെയിനില്‍ നിന്നും 50 കിലോമീറ്ററും അകലെയുള്ള ഈ പട്ടണത്തില്‍ പുരാതന ഫ്രാന്‍സിന്‍റെ നേര്‍ക്കാഴ്ചയായ ഒട്ടേറെ നിര്‍മിതികള്‍ കാണാം.

ചരിത്രപുസ്തകങ്ങളില്‍ ഗാലോ റോമൻ കാലഘട്ടം മുതൽ പാവുവിനെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും 12-ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിൽ മാത്രമാണ് പാവുവിനെ ഒരു പട്ടണമായി ആദ്യം പരാമർശിക്കുന്നത്. ബേൺ താഴ്‌വരകളിലേക്കും സ്‌പെയിനിലേക്കും പ്രവേശനം നൽകുന്ന തന്ത്രപ്രധാനമായ ഒരു കോട്ടയുടെ നിർമ്മാണത്തിന് ശേഷമാണ് നഗരം വികസിച്ചത്. പിന്നീട് പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍, ഇവിടം നവാരെയിലെ രാജാക്കന്മാരുടെ ഇരിപ്പിടമായി. ഹെൻറി ഡി ആൽബ്രെറ്റിന്‍റെ ഭരണത്തിൻ കീഴിൽ പാവു ഒരു പ്രമുഖ രാഷ്ട്രീയ, ബൗദ്ധിക കേന്ദ്രമായി മാറി.

ശീതകാലം ചെലവഴിക്കാൻ വരുന്ന സമ്പന്നരായ വിദേശ വിനോദസഞ്ചാരികളുടെ വൻതോതിലുള്ള ഒഴുക്ക് പണ്ടുമുതലേ പാവു നഗരത്തിന്‍റെ പ്രധാന സാമ്പത്തിക സ്രോതസായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ വിനോദസഞ്ചാരത്തിന്‍റെ തകർച്ച കണ്ട നഗരം, 1951-ൽ ലാക്ക് വാതക ഫീൽഡ് കണ്ടെത്തിയതോടെ ക്രമേണ വ്യോമയാന വ്യവസായത്തിലേക്കും പിന്നീട് പെട്രോകെമിക്കലുകളിലേക്കും മാറി.

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പാവുവിന് 2011 ൽ സിറ്റി ഓഫ് ആർട്ട് ആന്റ് ഹിസ്റ്ററി എന്ന ബഹുമതി നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍ ആദരിച്ചു.
വിനോദസഞ്ചാരികള്‍ക്കായി ഒട്ടേറെ കാഴ്ചകളും വിനോദങ്ങളും നഗരത്തിലുണ്ട്. ഹൈക്കിങ്, ക്ലൈംബിങ്, സ്കീയിങ് തുടങ്ങിയവയും സർഫിങ്, ഡൈവിങ്, സെയിലിങ് മുതലായ ജലവിനോദങ്ങളും ഇവിടെ സജീവമാണ്. ശീതകാല കായിക വിനോദസഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ഒസാവു, വല്ലീ ഡി ആസ്പെ, വല്ലീ ഡി ബാരേറ്റസ്, വല്ലീ ഡി എൽ ഓസോം, വാത് വിയേല എന്നീ താഴ്വരകളിലേക്കുള്ള കവാടമാണ് പാവു. നേപ്പിൾസ് കടലിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചയും ഇവിടുത്തെ പ്രത്യേകതയാണ്.
ചരിത്രപരമായി യുണൈറ്റഡ് കിങ്ഡവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ നഗരം, ബ്രിട്ടീഷുകാർക്കിടയിൽ ജനപ്രിയമാണ്. സ്‌കോട്ട്‌ലൻഡുകാര്‍ നിര്‍മ്മിച്ച, യൂറോപ്പിലെ ആദ്യത്തെ പൂർണ്ണമായ 18 ഹോൾ ഗോൾഫ് കോഴ്‌സ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പാവുവിലെ കാലാവസ്ഥയും പൈതൃകവും കൊണ്ട് ആകർഷിക്കപ്പെട്ട ജർമൻകാരും ഡച്ചുകാരുമടക്കമുള്ള യൂറോപ്യന്‍മാരുടെ വലിയൊരു ജനസംഖ്യ തന്നെ ഇവിടെയുണ്ട്.