ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ തംരംഗം സൃഷ്ടിക്കുന്ന യുവതാരമാണ് മാളവിക മേനോൻ. സ്റ്റൈൽ കൊണ്ടും നൃത്തം കൊണ്ടും സ്റ്റേജ് ഷോകളിലെ സാന്നിധ്യം കൊണ്ടും ഇന്ന് മലയാളികളുടെ ഹൃദയം കവരുകയാണ് മാളവിക. ചെറുപ്രായം മുതൽ മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മാളവികയ്ക്ക് അഭിനയത്തോടൊപ്പം സംഗീതവും നൃത്തവും പ്രിയപ്പെട്ടതാണ്.

മാളവിക
മാളവിക

കുടുംബമാണ് എന്റെ ട്രാവൽ ബഡി 
കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്. എന്നും കൂടെയുള്ളവരും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നവരുമാണെങ്കിലും അവർക്കൊപ്പം യാത്ര പോകുന്നത് രസമുള്ള കാര്യമാണ്. കൂടുതലും തീർഥാടനങ്ങളാണ് നടന്നിട്ടുള്ളതെങ്കിലും എനിക്ക് അതൊക്കെ ഏറെ സന്തോഷം നൽകുന്ന യാത്രകളായിരുന്നു. മൂകാംബികയിലാണ് എന്റെ അരങ്ങേറ്റം നടന്നത്. ‌ഞങ്ങളുടെ ഭൂരിഭാഗം യാത്രകളും ഒരു അമ്പലത്തിൽ നിന്നാണു തുടങ്ങുക. പിന്നെ അവിടെയുള്ള മറ്റിടങ്ങളിലേക്കു പോകും. എങ്ങനെ നോക്കിയാലും യാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഏതെങ്കിലും തീർത്ഥാടന കേന്ദ്രത്തിലായിരിക്കുമെന്നുറപ്പ്. തിരുപ്പതി, പഴനി അങ്ങനെ ഞങ്ങൾ പോകാത്ത ക്ഷേത്രങ്ങൾ കുറവാണ്. നമുക്ക് ഏറ്റവും കംഫർട്ടബിൾ ആയ മനുഷ്യരുടെ കൂടെയുള്ള യാത്ര എന്നുപറയുമ്പോൾ ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ ആസ്വദിക്കാം.

മാളവിക
മാളവിക

ഗോവയിലെ സൺബേൺ ഫെസ്റ്റ് മറക്കാനാവില്ല 

ജോലി സംബന്ധമായിട്ടാണ് എന്റെ യാത്രകളേറെയും. വർക്ക് കഴിയുമ്പോൾ അത് ട്രിപ്പാക്കി മാറ്റിയെടുക്കും. ദുബായ്, ഖത്തർ, ഗോവ ഒക്കെ പല പ്രാവശ്യം ഇതുപോലെ വർക്കിന്റെ ആവശ്യത്തിനു പോയതാണ്. എങ്കിലും ചില സമയങ്ങളിൽ നമുക്കൊപ്പമുള്ള ആളുകൾ ആ യാത്ര കൂടുതൽ മനോഹരമാക്കും. അതുപോലെ മറക്കാനാവാത്ത ട്രിപ്പായിരുന്നു കഴിഞ്ഞ വർഷം ഗോവയിലേക്കു പോയത്. കഴിഞ്ഞ ന്യൂ ഇയർ ഞങ്ങൾ അവിടെയാണ് ആഘോഷിച്ചത്. ഞാനും അമ്മയും ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു പോയത്. ഗോവയിൽ പലപ്പോഴും പോയിട്ടുണ്ടെങ്കിലും അവിടുത്തെ സൺബേൺ ഫെസ്റ്റ് ഞാൻ അന്നാണ് ആദ്യമായി കാണുന്നത്. അത് ശരിക്കുമൊരു ഫീൽ തന്നെയാണ്. ന്യൂഇയറിനോടനുബന്ധിച്ച് ഗോവൻ ബീച്ചുകളിൽ സംഘടിപ്പിക്കുന്ന ഗംഭീര ഫെസ്റ്റാണത്. ഗോവയിൽ പോയിട്ടുള്ള പലർക്കും അതിനെക്കുറിച്ച് അറിവുണ്ടാകും. കേൾക്കുന്നതുപോലെയല്ല, അതിന്റെ ഭാഗമായി നിൽക്കുമ്പോഴാണ് ശരിക്കുമതിന്റെ ഫീൽ അനുഭവിക്കാവുക. ഡാൻസും പാട്ടുമെല്ലാം ഇഷ്ടപ്പെടുന്നയൊരാൾ എന്ന നിലയ്ക്ക് ഞാൻ അത് ആസ്വദിക്കുകയും ചെയ്തു. ഇത്തരം പരിപാടികളിലൊക്കെ എനിക്കു സാധിക്കും വിധം പങ്കെടുക്കാറുമുണ്ട്. എന്നാൽ ഗോവയിലെ സൺബേൺ ഫെസ്റ്റ് അനുഭവം ആദ്യത്തെയായിരുന്നു. 

മാളവിക
മാളവിക

ലോകത്തിലെ ഏറ്റവും വലിയ സംഗീതോത്സവങ്ങളിൽ ഒന്നാണിത്. 2007 - ൽ 3 ദിവസത്തെ സംഗീതോത്സവമായി ആരംഭിച്ച സൺബേൺ, സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ കൂടിച്ചേരലാണ്. രാജ്യത്തുടനീളവും വിദേശത്തുമുള്ള ലക്ഷക്കണക്കിനു നൃത്ത സംഗീത പ്രേമികളെ രസിപ്പിക്കുന്നതിനായി പ്രശസ്ത രാജ്യാന്തര, ഇന്ത്യൻ കലാകാരന്മാർ ഈ വേദിയിൽ എല്ലാ വർഷവും എത്തുന്നു. സ്വീഡിഷ് ഹൗസ് മാഫിയ, മാർട്ടിൻ ഗാരിക്‌സ്, ടൈസ്റ്റോ, എബോവ് ആൻഡ് ബിയോണ്ട്, ദ് ചെയിൻ സ്‌മോക്കേഴ്‌സ്, ദിമിത്രി വേഗസ് എന്നിവയുൾപ്പെടെ ലോകത്തിലെ മികച്ച 10 ഡിജെകളെ ഇന്ത്യയിലെത്തിച്ചതിന്റെ ബഹുമതി സൺബേണിനുണ്ട്. ഗോവയിലെ ന്യൂ ഇയർ ആഘോഷങ്ങൾക്കു തുടക്കമാവുന്നത് ഈ സംഗീത നിശയിലൂടെയാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും സൺബേൺ ഫെസ്റ്റിൽ പങ്കെടുക്കാൻ ആയിരങ്ങളായിരിക്കും ആ സമയം ഗോവൽ മണ്ണിൽ ഇറങ്ങുക.

മാളവിക
മാളവിക

വിശ്രമവേളയിൽ യാത്ര

ഏറെ ആകർഷിച്ച മറ്റൊരിടമാണ് ദുബായ്. പലവട്ടം അവിടെ പോയിട്ടുണ്ടെങ്കിലും എന്നും പുതുമയുള്ള സ്ഥലമാണത്. ഓരോ പ്രാവശ്യം അവിടം സന്ദർശിക്കുമ്പോഴും പുത്തൻ അനുഭവങ്ങളാണ്. ജോലിയുമായി ബന്ധപ്പെട്ടാണ് പോകുന്നതെങ്കിലും ഒഴിവുസമയങ്ങളിൽ കാഴ്ചകൾ കാണാനാണ് എനിക്കിഷ്ടം. ഒരു ഷോ ചെയ്യുന്നതിനു വേണ്ടി ഈയടുത്ത് യുഎസിൽ പോയിരുന്നു. പക്ഷേ ഷോ + ട്രിപ്പ് എന്നു പറയാം. അതായത് ആഴ്ചയിൽ 3-4 ദിവസം ഷോ, ബാക്കി ഫുൾ ഫ്രീ ടൈം അങ്ങനെയായിരുന്നു. ഫ്രീ ടൈം എന്നുപറയുമ്പോൾ നമുക്കു വിശ്രമിക്കാനുള്ള സമയമാണ്. എന്നെ സംബന്ധിച്ച് അത് ട്രാവലിങ് ടൈമായിരുന്നു. സത്യം പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത്. കാരണം വിശ്രമിക്കേണ്ട സമയത്താണ് നമ്മൾ യാത്ര ചെയ്യുന്നത്. പക്ഷേ ഞാനത് ശരിക്കും ആസ്വദിച്ചു. ഇതുപോലെയുളള അവസരങ്ങൾ ജീവിതത്തിൽ എപ്പോഴും ലഭിക്കണമെന്നില്ലല്ലോ. അപ്പോൾ നമുക്കു കാണാനാവുന്ന പരമാവധി കാഴ്ചകൾ കണ്ടാസ്വദിക്കുക എന്നതുതന്നെയായിരുന്നു എന്റെ ലക്ഷ്യം. എനിക്കൊപ്പം സഹപ്രവർത്തകരുമുണ്ടായിരുന്നു ആ ട്രാവലിന്. അത്രയും ആർട്ടിസ്റ്റുകൾക്കൊപ്പം യാത്ര ചെയ്യുന്നതും ആദ്യമായിട്ടായിരുന്നു. 

മാളവിക
മാളവിക

ഫ്രണ്ട്സിനും ഫാമിലിയ്ക്കുമൊപ്പം യാത്ര ചെയ്യുന്നതിൽനിന്നും വളരെ വ്യത്യസ്തമായ അന്തരീക്ഷമായിരുന്നുവെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ച് സമയം ചെലവഴിച്ചപ്പോൾ അത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി. ഞാൻ കൂടുതലും നഗരങ്ങളിലാണ് പോയിട്ടുള്ളത്. ഒരു മാസത്തെ ട്രിപ്പായിരുന്നു അത്. അങ്ങനെ നോക്കുമ്പോൾ ഈ അമേരിക്കൻ യാത്ര വേറെ ലെവലായിരുന്നു. എന്നെ ഏറ്റവും ആകർഷിച്ച മനോഹരമായ സ്ഥലം നാഷ് വില്ലെയായിരുന്നു. സംഗീതത്തിന്റെ നഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത്. 

മാളവിക
മാളവിക

നാഷ്‌വില്ലെ: മ്യൂസിക് സിറ്റി

ടെന്നസിയിലെ നാഷ്‌വില്ലെയുടെ ഹൃദയമാണ് സംഗീതം. കൺട്രി മ്യൂസിക്കിന്റെ ലോക തലസ്ഥാനമായി അംഗീകരിക്കപ്പെട്ടിരുന്ന ഈ മ്യൂസിക് സിറ്റി പോപ്പ്, റോക്ക്, ഗോസ്പൽ, അമേരിക്കാന, ബ്ലൂഗ്രാസ്, ജാസ്, ക്ലാസിക്കൽ തുടങ്ങിയവയുടെ  കേന്ദ്രമാണ്. സ്റ്റേഷൻ ഇൻ, ബേസ്‌മെന്റ് ഈസ്റ്റ്, ബ്ലൂബേഡ് കഫേ, റൈമാൻ ഓഡിറ്റോറിയം, ലോവർ ബ്രോഡ്‌വേ എന്നിവിടങ്ങളിലെ 180-ലധികം തത്സമയ സംഗീത വേദികളിലായി സദാസമയം സംഗീതമൊഴുകുന്ന ഒരിടം. നാഷ്‌വില്ലെ ആദ്യം ഫോർട്ട് നാഷ്‌ബറോ എന്നാണ് അറിയപ്പെട്ടിരുന്നത്, 1780-ൽ ജയിംസ് റോബർട്ട്‌സൺ സ്ഥാപിച്ചതാണ് ഈ ചരിത്ര നഗരം. ജർമൻ ടൗൺ യുദ്ധത്തിൽ കൊല്ലപ്പെട്ട ജനറൽ ഫ്രാൻസിസ് നാഷിന്റെ പേരിലാണ് ഈ ചരിത്ര നഗരം അറിയപ്പെടുന്നത്. സമ്പന്നമായ ചരിത്രവും സംസ്കാരവുമുള്ള ഇവിടം ഭക്ഷണത്തിനും ആതിഥ്യ മര്യാദയ്ക്കും പേരുകേട്ടതാണ്. 

മാളവിക
മാളവിക

പ്രധാന നഗരങ്ങളായ ന്യൂജഴ്സി, ന്യൂയോർക്ക് സിറ്റി, ടെക്സസ്, ഡാലസ് തുടങ്ങിയവയെല്ലാം സന്ദർശിച്ചിരുന്നു. ഒരിടത്തുനിന്നും മറ്റിടത്തേയ്ക്കുള്ള യാത്ര ചിലപ്പോൾ മണിക്കൂറുകൾ നീണ്ടതായിരിക്കും. വിമാനത്തിനു പുറമേ കാറിലും ബസിലും ട്രെയിനിലുമെല്ലാം അവിടെ സഞ്ചരിക്കാനായി. അതൊക്കെ ബോറടിക്കാതെ ആസ്വദിക്കാനായത് അത്രയും നല്ല ടീം കൂടെയുണ്ടായിരുന്നതിലാണ്. മാളവികയുടെ കൂടുതൽ യാത്രകളും ജോലി സംബന്ധിച്ചുള്ളതാണെങ്കിലും പോകുന്നയിടങ്ങളെല്ലാം തന്നാൽ കഴിയും വിധം ചുറ്റിക്കറങ്ങാനും കാണാനും സമയം കണ്ടെത്താറുണ്ടെന്നും ഇനിയും കുറേ സ്ഥലങ്ങൾ കാണണമെന്നുമാണ് തന്റെ ആഗ്രഹമെന്നും മാളവിക പറഞ്ഞു.

English Summary:

Travel Talk with Malavika C Menon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com