ADVERTISEMENT

തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കിയ, ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയ ചിത്രമാണ് മഹേഷ് ബാബു നായകനായി എത്തിയ ഗുണ്ടൂർ കാരം. ചിത്രം വൻ വിജയം സ്വന്തമാക്കിയതിനു പിന്നാലെ യാത്രയിലാണ് താരം. ജർമനിയിൽ നിന്നുള്ള ചിത്രങ്ങൾ മഹേഷ് ബാബു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ജർമൻ സ്വദേശിയും ഫിസിഷ്യനുമായ ഡോ. ഹാരി  കോയിങും ഈ യാത്രയിൽ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ആരോഗ്യ പരിപാലത്തിൽ നിർദേശങ്ങൾ നൽകുന്ന ഡോ. ഹാരി  കോയിങ്, മഹേഷിന്റെ സുഹൃത്തും കൂടിയാണ്. 'മരവിപ്പിക്കുന്ന താപനിലയിൽ ബ്ലാക്ക് ഫോറസ്റ്റിലെ ട്രക്കിങ്' എന്നാണ് മഹേഷ് ബാബു യാത്രാ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Black Forest. Image Credit : urstrulymahesh/instagram
Black Forest. Image Credit : urstrulymahesh/instagram

ട്രെക്കിങ് ചിത്രങ്ങൾക്കൊപ്പം ബ്ലാക്ക് ഫോറസ്റ്റിന്റെ മനോഹരമായ ദൃശ്യങ്ങളും  മഹേഷ് ബാബു പങ്കുവച്ചിട്ടുണ്ട്. ഇളം തവിട്ടു നിറത്തിലുള്ള ജാക്കറ്റും ഹൂഡിയും ഗ്രേ ട്രൗസേഴ്സും തൊപ്പിയും ഷൂസുമാണ് മഹേഷ് ബാബുവിന്റെ വേഷം. നീല നിറത്തിലുള്ള ജാക്കറ്റും ഗ്രേ നിറത്തിലുള്ള പാന്റ്സും തൊപ്പിയും ഷൂസുമാണ് ഡോ ഹാരി കോയിങ്ങിന്റെ വേഷം.  മഹേഷ് ബാബു ജർമനിയിൽ എത്തിയത് എസ്.എസ്. രാജമൗലിയുമായി ചേർന്നുള്ള അടുത്ത ചിത്രത്തിന്റെ ഭാഗമായുള്ള പരിശീലനത്തിനാണ്.

Black Forest. Image Credit : urstrulymahesh/instagram
Black Forest. Image Credit : urstrulymahesh/instagram

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. താരത്തിന്റെ ഭാര്യ നമ്രത ശിരോദ്കർ പങ്കുവച്ച കമന്റും ആരാധകർ ഏറ്റെടുത്തു. വല്ലാതെ മിസ് ചെയ്യുന്നു എന്നായിരുന്നു നമ്രത കുറിച്ച കമന്റ്. 

ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ് ട്രെക്കിങ് എന്തുകൊണ്ടാണ് ഇത്ര വിശേഷപ്പെട്ടതാകുന്നത് ?

Black Forest. Image Credit : urstrulymahesh/instagram
Black Forest. Image Credit : urstrulymahesh/instagram

അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് ബ്ലാക്ക് ഫോറസ്റ്റിന്റെ പ്രത്യേകത. സാഹസികത കൂടി ആസ്വദിക്കാൻ കഴിയും ഇവിടെ. എപ്പോഴും പച്ചപ്പോടെ നിൽക്കുന്ന മരങ്ങൾ, വളഞ്ഞു പുളഞ്ഞ പാതകൾ, ആകർഷണീയമായ ഗ്രാമങ്ങൾ എന്നിവയാണ് ബ്ലാക്ക് ഫോറസ്റ്റിന്റെ പ്രത്യേകത. ചെറിയ ചെറിയ ചെരിവുകളും കയറ്റങ്ങളും നിറഞ്ഞ ട്രെക്കിങ് പാത ആകർഷണീയമാണ്. ട്രെക്കിങ്ങിനിടെ മാനിനെയും കുറുക്കനെയും ഒക്കെ കണ്ടുമുട്ടാനും അവസരമുണ്ട്. ചുരുക്കത്തിൽ പ്രകൃതിയുടെ വശ്യസൗന്ദര്യത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന സുഖമാണ് ബ്ലാക്ക് ഫോറസ്റ്റ് ട്രെക്കിങ്ങിന് എത്തുന്ന ഓരോ സഞ്ചാരിക്കും ലഭിക്കുന്നത്.

മനോഹരമായ നിരവധി സ്പോട്ടുകളാണ് ബ്ലാക്ക് ഫോറസ്റ്റിൽ ഓരോ സഞ്ചാരിയെയും കാത്തിരിക്കുന്നത്. ടിടിസീ തടാകം ബ്ലാക്ക് ഫോറസ്റ്റിലെ പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്നാണ്. വേനൽക്കാലങ്ങളിൽ അത്യാവശ്യം തിരക്ക് അനുഭപ്പെടാറുണ്ട്. തടാകത്തിൽ പെഡൽ ബോട്ടിൽ സഞ്ചാരം നടത്താവുന്നതും ഒരു ആകർഷണീയതയാണ്. ജർമനിയിൽ ഒരുപാട് യക്ഷിക്കഥകളുടെ കേന്ദ്രം കൂടിയാണ് ബ്ലാക്ക് ഫോറസ്റ്റ്. തടാകങ്ങൾ മാത്രമല്ല പൈൻ ഫോറസ്റ്റുകളും ബ്ലാക്ക് ഫോറസ്റ്റിന്റെ പ്രത്യേകതയാണ്.

The world's largest cuckoo clock in Black Forest. Image Credit : titoslack/istockphoto
The world's largest cuckoo clock in Black Forest. Image Credit : titoslack/istockphoto

ട്രിബെർഗ് വെള്ളച്ചാട്ടമാണ് ബ്ലാക്ക് ഫോറസ്റ്റിലെ മറ്റൊരു ആകർഷണം. ഈ വനഭൂമികയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം കൂടിയാണ് ഇത്. ഇവിടെ എത്തുന്നവർക്ക് ഇവിടുത്തെ പ്രത്യേകതയായ കുക്കൂ ക്ലോക്ക് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. ബ്ലാക്ക് ഫോറസ്റ്റ് സന്ദർശിക്കുന്നവർ അതിന്റെ ഓർമയ്ക്കായി കുക്കൂ ക്ലോക്ക് സ്വന്തമാക്കാറുണ്ട്. ട്രിബെർഗ് വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നതിനു മുമ്പ് നിരവധി ഷോപ്പുകളിലായി ആയിരക്കണക്കിന് കുക്കൂ ക്ലോക്കുകൾ കാണാവുന്നതാണ്. ക്ലോക്കിന്റെ ആധികാരികത ഉറപ്പു വരുത്താനായി ബ്ലാക്ക് ഫോറസ്റ്റ് ക്ലോക്ക് അസോസിയേഷന്റെ (വിഡിഎസ്) സർട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.

English Summary:

Trekking in the Black Forest in freezing temperatures, Travel Images Shared by urstrulymahesh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com