ADVERTISEMENT

'മിന്നൽ മുരളി' പറക്കുമോയെന്നത് സിനിമയിൽ ജെയിസണും ജോസ്മോനും പരീക്ഷിച്ചു പരാജയപ്പെട്ടെങ്കിലും, നടൻ ടൊവിനോ 'പറക്കും'. ജോര്‍ജിയന്‍ ആകാശ സവാരിയുടെ വിഡിയോ ഷെയര്‍ ചെയ്ത് നടന്‍ ടൊവിനോ തോമസ്‌. ജോര്‍ജിയയിലെ മനോഹരമായ മഞ്ഞണിഞ്ഞ പർവതങ്ങള്‍ക്കു മുകളിലൂടെ പാരാഗ്ലൈഡിങ് ചെയ്ത് ആവേശത്തോടെ പറന്നു നടക്കുന്ന നടനെ വിഡിയോയില്‍ കാണാം. ശൈത്യകാല കായികവിനോദങ്ങള്‍ക്കു പ്രസിദ്ധമായ ഗുഡൗരി പ്രദേശത്താണ് ടൊവിനോ പാരാഗ്ലൈഡിങ് ചെയ്യുന്നത്. "പറക്കുന്നതും കണ്ടവരുണ്ടത്രേ" എന്നാണ് നടന്‍ ഇതിനൊപ്പം കുറിച്ചിരിക്കുന്നത്. ജോർജിയയിലെ ഗ്രേറ്റർ കോക്കസസ് പർവതനിരയുടെ തെക്ക് അഭിമുഖമായുള്ള പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്കീ റിസോർട്ടാണ് ഗുഡൗരി. സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ ഉയരത്തിൽ ജ്വാരി പാസിനും ജോർജിയൻ മിലിട്ടറി ഹൈവേയ്‌ക്കും സമീപം, സ്റ്റെപ്പന്റ്മിൻഡ ജില്ലയിലാണ് ഈ റിസോർട്ട്. ജോർജിയൻ തലസ്ഥാനമായ ടിബിലിസിയില്‍ നിന്നും 120 കിലോമീറ്റർ വടക്കോട്ടേക്കു യാത്ര ചെയ്താല്‍ ഇവിടെയെത്താം.

Sabaduri Forest. Image Credit:k_samurkas/istockphoto
Sabaduri Forest. Image Credit:k_samurkas/istockphoto

ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയം ഇവിടെ ടൂറിസ്റ്റ് സീസണ്‍ ആണ്. ഈ സമയത്ത് യാതൊരു നിയന്ത്രണവുമില്ലാതെ സഞ്ചാരികള്‍ക്ക് പവതങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന ഹെലിസ്കീയിങ് പോലുള്ള വിനോദങ്ങള്‍ സജീവമാകും. സമുദ്രനിരപ്പിൽ നിന്ന് 1,500 മുതൽ 4,200 മീറ്റർ വരെ ഉയരത്തിൽ സ്കീയർമാർക്ക് സഞ്ചരിക്കാം.

Ushguli Village, Georgia. Image Credit: tawatchaiprakobkit/istockphoto
Ushguli Village, Georgia. Image Credit: tawatchaiprakobkit/istockphoto

ഗുഡൗരി റിസോർട്ട് ഏരിയയും മൗണ്ട് കസ്ബെക്ക് മാസിഫും സ്കീ ടൂറിംഗിനുള്ള സ്ഥലങ്ങളാണ്. കൂടാതെ, സ്പീഡ് റൈഡിങ്ങിനും പാരാഗ്ലൈഡിങ്ങിനും രാജ്യത്തെ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന സ്ഥലമാണ് ഗുഡൗരി. ഏകദേശം 76 കിലോമീറ്ററിലധികം നീളുന്ന സ്കീ റണ്ണുകളും 18 ലിഫ്റ്റുകളും ഗുഡൗരിയിലുണ്ട്. മൾട്ടി-ഡേ ബാക്ക്‌കൺട്രി ക്യാംപിങ്ങിന് ഏറ്റവും നല്ല സീസൺ മാർച്ച്-ഏപ്രിൽ ആണ്.

വിനോദങ്ങള്‍ കൂടാതെ രസകരമായ മറ്റു പല കാഴ്ചകളും ഇവിടെയുണ്ട്. ലോമിസി, സമേബ, ദാരിയാലി തുടങ്ങിയ മൊണാസ്ട്രികള്‍ സന്ദര്‍ശിക്കേണ്ടതാണ്. അനനൂരി കോട്ട, ഹഡ ഗോർജ് ടവറുകൾ, ഗുഡൗരി പോസ്റ്റ്, പീപ്പിൾസ് ഫ്രണ്ട്ഷിപ്പ് കമാനം, സിയോണി ടവർ സ്റ്റോൺ, സ്നോ ഫോർട്രസ്, ഡാരിയൽ ഗേറ്റ് തുടങ്ങിയവ ഇവിടുത്തെ ഏറ്റവും പ്രധാന കെട്ടിടങ്ങളാണ്. ഗ്വെലെറ്റി, ആർഷ, ചൗഖി, അരഗ്വി തുടങ്ങിയ വെള്ളച്ചാട്ടങ്ങളും ഒട്ടേറെ ആളുകളെ ആകര്‍ഷിക്കുന്നു.

English Summary:

Tovino Thomas's Georgian paragliding video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com