ADVERTISEMENT

കടലിനു മുകളില്‍ പൊങ്ങി നില്‍ക്കുന്ന വലിയൊരു മഞ്ഞു പർവതം പോലെ കാണുന്ന അന്റാർട്ടിക്കയുടെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് സംവിധായകന്‍ ലാല്‍ ജോസ്. ചെറുപ്പം മുതലേ യാത്രകൾ ഇഷ്ടപ്പെടുന്നയാളാണ് ലാൽ ജോസ്. സ്വന്തം നാടായ ഒറ്റപ്പാലത്തു നിന്നു സ്കൂൾ അവധിയുള്ള ശനിയാഴ്ചകളിൽ കൗതുകമുളള സ്ഥലപ്പേരുകൾ എഴുതി വച്ചിട്ടുള്ള ബസുകളിൽ അവസാന സ്റ്റോപ്പുവരെ ടിക്കറ്റ് എടുത്തു പോവുക എന്നതായിരുന്നു ആദ്യത്തെ യാത്രകൾ. മുതിർന്നപ്പോൾ സിനിമയുടെ തിരക്കുകൾക്കിടയിലും യാത്രയ്ക്കു സമയം കണ്ടെത്തും. ലോകത്തിലെ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം യാത്ര ചെയ്തിട്ടുള്ള ലാൽജോസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്ര കൊച്ചിയിൽനിന്നു ലണ്ടനിലേക്കു കാറിൽ പോയതാണ്. തെക്കേ അമേരിക്കയിലെ ബ്രസീൽ, പെറു, ചിലെ, അർജന്റീന, പരാഗ്വെ, യുറഗ്വായ് എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രയും അടുത്തിടെയാണ് കഴിഞ്ഞത്. മാച്ചു പിച്ചുവിൽ നിന്നുള്ള വിഡിയോയും ലാൽജോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

Image Credit: Frank Günther/istockphoto
Image Credit: Frank Günther/istockphoto

അധികം പേരൊന്നും പോകാത്ത ഒരിടമാണ് അന്റാർട്ടിക്ക. മഞ്ഞു മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കയില്‍ കാണാന്‍ ഒരുപാടൊന്നും ഇല്ല. എന്നിരുന്നാലും ഈയിടെ ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. അന്റാർട്ടിക്കയിൽ ടൂറിസം ആരംഭിച്ചത് 1960 കളിലാണ്. ഓസ്‌ട്രേലിയയിൽനിന്നും ന്യൂസീലൻഡിൽ നിന്നുമുള്ള വിമാനസർവീസാണ് ആദ്യം ആരംഭിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കം ആയപ്പോഴേക്കും, അന്റാർട്ടിക്കയിലെത്തിയ സന്ദർശകരിൽ ഭൂരിഭാഗവും കടൽ വഴിയാണ് വന്നത്. 2009–10 വിനോദസഞ്ചാര സീസണിൽ 37,000 ത്തിലധികം ആളുകൾ അന്റാർട്ടിക്ക സന്ദർശിച്ചെന്നാണ് കണക്ക്.

Image Credit : elmvilla/istockphoto
Image Credit : elmvilla/istockphoto

ടൂറിസം കമ്പനികൾക്ക് അന്റാർട്ടിക്ക  സന്ദർശിക്കാൻ അന്റാർട്ടിക് ഉടമ്പടി പ്രകാരം അനുമതി ആവശ്യമാണ്. അന്റാർട്ടിക്ക ഒരു രാജ്യത്തിന്‍റെയും ഉടമസ്ഥതയില്‍ അല്ലാത്തതിനാല്‍, അന്റാർട്ടിക്ക് ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങൾ വീസയ്ക്കു പകരം പെർമിറ്റ് നൽകുന്നു. പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം വിലയിരുത്തിയാണ് അനുമതി നല്‍കുന്നത്.  ക്രൂസ് കപ്പലുകൾ വഴിയുള്ള പല കടൽയാത്രകളിലും ഹെലികോപ്റ്റർ ലാൻഡിങ് ഉൾപ്പെടുന്നു. ചില കര സന്ദർശനങ്ങളിൽ പർവതാരോഹണം, സ്കീയിങ്, ദക്ഷിണധ്രുവത്തിലേക്കുള്ള സന്ദർശനം എന്നിവ ഉൾപ്പെടാം.

ടൂറിസം ആരംഭിച്ചത് 1960 കളിലാണെങ്കിലും 1920 കളില്‍ത്തന്നെ അന്റാർട്ടിക്കയിലേക്ക് വിനോദസഞ്ചാരികള്‍ എത്തിയിരുന്നു. ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ എസ്എസ് ഫ്ലൂറസ് എന്ന കപ്പല്‍ സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകളിലേക്കും സൗത്ത് ഓർക്ക്‌നി ദ്വീപുകളിലേക്കും വാർഷിക യാത്രകൾ നടത്തിയിരുന്നു. ഈ സമയത്ത് വിരലില്‍ എണ്ണാവുന്ന ടൂറിസ്റ്റുകളെയും കൊണ്ടുപോയിരുന്നു. അന്റാർട്ടിക്കയിലേക്കു കപ്പൽ കയറിയ ആദ്യത്തെ വാണിജ്യ വിനോദസഞ്ചാരികൾ ഇവരായിരിക്കാം എന്നു കരുതുന്നു.

Melting iceberg in Antarctic Peninsula. Photo Credits: spatuletail/ Shutterstock.com
Melting iceberg in Antarctic Peninsula. Photo Credits: spatuletail/ Shutterstock.com

ആധുനിക കാലത്തെ ടൂറിസത്തിനു തുടക്കമിട്ടത് സ്വീഡിഷ് - അമേരിക്കന്‍ സഞ്ചാരിയായ ലാർസ് എറിക് ലിൻഡ്ബ്ലാഡാണ്. 1969 ൽ അദ്ദേഹം നിർമിച്ച എംഎസ് ലിൻഡ്ബ്ലാഡ് എക്സ്പ്ലോറർ എന്ന ലൈനർ പുറത്തിറക്കി.

കടൽ യാത്രകളിൽ പലതും അർജന്റീനയിലെ ഉഷുവയയിൽ നിന്നാണ് പുറപ്പെടുന്നത്. യാത്രകൾ സാധാരണയായി 10 ദിവസത്തിനും 3 ആഴ്‌ചയ്‌ക്കും ഇടയിൽ നീണ്ടുനിൽക്കും, ഒരാൾക്ക് ഏകദേശം 6,000 യുഎസ് ഡോളർ മുതൽ ചെലവുണ്ട്. അന്റാർട്ടിക്കയിലെ റോസ് കടലിലേക്കും കിഴക്കൻ അന്റാർട്ടിക് (കോമൺവെൽത്ത് ബേ) പ്രദേശങ്ങളിലേക്കും കടൽ യാത്രകൾ പരിമിതമാണ്. ന്യൂസീലൻഡ് യാത്രാ കമ്പനിയായ ഹെറിറ്റേജ് എക്‌സ്‌പെഡിഷൻസ് ഈ പ്രദേശങ്ങളിലേക്ക് വർഷത്തിൽ നിരവധി തവണ 'ഹെറിറ്റേജ് അഡ്വഞ്ചറർ' എന്ന കപ്പലിൽ ക്രൂസ് യാത്രകള്‍ നടത്തുന്നു. ഇടയ്ക്കിടെ വലിയ കപ്പലുകള്‍ അന്റാര്‍ട്ടിക്ക ചുറ്റി കടന്നുപോകുന്നു, 500 ലധികം ആളുകളെ കയറ്റുന്ന കപ്പലുകൾക്ക് ദ്വീപില്‍ അടുക്കാന്‍ അനുവാദം ഇല്ല.

antarticatravel
Image Credit : Ray Hems/istockphoto

ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും നിന്ന്  ഒട്ടേറെ വിമാനങ്ങളും ഇവിടേക്ക് വിനോദസഞ്ചാര സര്‍വീസ് നടത്തുന്നുണ്ട്. അന്റാർട്ടിക്ക സന്ദർശിക്കാൻ വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഈയിടെയായി വർധിച്ചിട്ടുണ്ട്. ക്യാംപിങ്, ഹൈക്കിങ്, ക്രോസ് കൺട്രി സ്കീയിങ് എന്നിവയും യാചിങുമെല്ലാം ഈയിടെ വളരെ ജനപ്രിയമായിട്ടുണ്ട്.

Image Credit: Gerald Corsi/ Istock
Image Credit: Gerald Corsi/ Istock

കണ്ണെത്താദൂരത്തോളം മഞ്ഞിന്‍റെ കടല്‍... 

ഒരു തരി പച്ചപ്പോ പറയത്തക്ക ജൈവസാന്നിധ്യമോ ഇല്ലാത്ത ഇടം. താമസത്തെക്കുറിച്ച് ആലോചിക്കുക കൂടി വയ്യ. – അന്റാര്‍ട്ടിക്ക എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്ന ചില കാര്യങ്ങളാണ് ഇവ. എന്നാല്‍, ഏഴു ഭൂഖണ്ഡങ്ങളിൽ ഒന്നായ അന്റാര്‍ട്ടിക്കയ്ക്ക് ഈ പറയുന്നതിലുമേറെ കാര്യങ്ങള്‍ അവകാശപ്പെടാനുണ്ട്. വര്‍ഷം മുഴുവനും അന്റാര്‍ട്ടിക്കയില്‍ത്തന്നെ താമസിക്കുന്ന ആളുകളും മഞ്ഞില്‍ വളരുന്ന പ്രത്യേകതരം സസ്യജാലങ്ങളുമെല്ലാം ഇവിടെയുണ്ട്. ഈയിടെയായി, സാഹസികരായ സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറുകയാണ് ഇവിടം. കണ്ണിനെ അക്ഷരാർഥത്തില്‍ കുളിരണിയിക്കുന്ന കാഴ്ചകള്‍ മാത്രമല്ല, അന്‍റാര്‍ട്ടിക്കയില്‍ മാത്രം കാണുന്ന അപൂര്‍വ ജീവികളുമായി അടുത്തിടപഴകാനുള്ള അവസരവും ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ സസ്തനിയായ നീലത്തിമിംഗലത്തെ മുതല്‍, പ്രതികൂല കാലാവസ്ഥയെ ചെറുക്കാൻ കഴിയുന്ന കുഞ്ഞുജീവികളെ വരെ നേരിട്ടു കാണാം. ടിവിയില്‍ മാത്രം കണ്ടിട്ടുള്ള പെൻഗ്വിനുകൾ, സീലുകൾ, ഡോൾഫിനുകൾ, അപൂര്‍വ പക്ഷികൾ തുടങ്ങിയവയെ അടുത്ത് കാണാം.

ടൂർ സീസൺ, ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെ

അന്റാർട്ടിക്കയിലെ ടൂർ സീസൺ ആകെ നാലു മാസമേയുള്ളൂ. ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെ - ഈ സമയം അന്റാർട്ടിക്കയിൽ വേനൽക്കാലമാണ്. (AUSTRAL SUMMER, നമ്മുടെ കാലാവസ്ഥയ്ക്ക് നേരെ വിപരീതമാണ് അവിടെ) ബാക്കിയുള്ള മാസങ്ങളിൽ കടൽ മുഴുവൻ ഐസ് മൂടി കിടക്കുന്നതിനാൽ യാത്ര സാധ്യമല്ല. അന്റാർട്ടിക്ക എത്ര മനോഹരവും വൈവിധ്യപൂർണവുമാണെന്ന് അറിയാത്തവര്‍ക്കായി ചില കാര്യങ്ങള്‍ ഇതാ. 

Image Credit: Sebastian Gleich/British Antarctic Survey
Image Credit: Sebastian Gleich/British Antarctic Survey

ശുദ്ധജലം വളരെക്കൂടുതൽ

ഈ ഭൂഖണ്ഡം സമുദ്രത്താൽ ചുറ്റപ്പെട്ടതാണെന്ന് ഭൂരിഭാഗം ആളുകൾക്കും അറിയാമെങ്കിലും ഭൂമിയിലെ ശുദ്ധജലത്തിന്‍റെ 60% ഇവിടെയാണ്‌ ഉള്ളതെന്ന് അധികമാര്‍ക്കും അറിയില്ല. എന്നാല്‍, വര്‍ഷം മുഴുവനും ഈ ജലം മരവിച്ച് മഞ്ഞുപാളികളായി കിടക്കുന്നതിനാല്‍ ഉപയോഗിക്കാനാവില്ലെന്ന് മാത്രം. ഈ മഞ്ഞ് ഉരുക്കി ഉപയോഗിക്കാനായി അന്റാർട്ടിക്കയിൽ പ്ലാന്റുകൾ നിർമിച്ചിട്ടുണ്ട്. ഈ വെള്ളം സംഭരിക്കാനായുള്ള ചെറിയ തടാകങ്ങളില്‍നിന്നു മനുഷ്യരും മറ്റു ജീവികളും ദാഹമകറ്റുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്ലമർമാരെയും ടാങ്ക് ക്ലീനർമാരെയും നിയമിച്ചിട്ടുണ്ട്. 

അന്റാര്‍ട്ടിക്കയും ഒരു മരുഭൂമി

മരുഭൂമിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, സഹാറ പോലെ, മണൽ നിറഞ്ഞതും തരിശായതും ചൂടുള്ളതുമായ ഒരു പ്രദേശമാണ് നമുക്കോര്‍മ വരിക. എന്നാല്‍, പ്രതിവർഷം 10 എംഎമ്മില്‍ താഴെ മഴ ലഭിക്കുന്ന പ്രദേശത്തെയാണ്‌ യഥാർഥത്തില്‍ മരുഭൂമി എന്നു വിളിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ ഒരു വര്‍ഷം രണ്ടിഞ്ചില്‍ത്താഴെയാണ് മഴ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അന്റാര്‍ട്ടിക്ക ഒരു ശീതമരുഭൂമിയാണ്. 

സജീവ അഗ്നിപർവതങ്ങളുടെ സാന്നിധ്യം 

അന്റാര്‍ട്ടിക്കയുടെ മഞ്ഞുനിറഞ്ഞ ഉപരിതലത്തിനടിയില്‍ 138 അഗ്നിപർവതങ്ങളെങ്കിലുമുണ്ട്. ഇവയിൽ മൗണ്ട് എറെബസ്, ഡിസെപ്ഷൻ ഐലൻഡ് എന്നിങ്ങനെ രണ്ടെണ്ണം മാത്രമേ ഇപ്പോൾ സജീവമായിട്ടുള്ളൂ. മറ്റുള്ളവയില്‍ പലതും വരുംകാലങ്ങളില്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇവിടെയുള്ള എറെബസ് പർവതത്തിൽ തിളച്ചുമറിയുന്ന ലാവാ തടാകമുണ്ട്, പക്ഷേ അത് ഹിമാനികൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. 

English Summary:

Journey to Antarctica Video by Lal Jose.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com