സാഹസികതയും അദ്ഭുതക്കാഴ്ചകളും നിറഞ്ഞ കലിഫോര്‍ണിയ; ട്രെക്കിങ് പ്രേമികളുടെ ഇഷ്ടയിടം

Mail This Article
കേരളത്തിന്റെ പത്തിരട്ടിയിലേറെ വലുപ്പമുണ്ട് അമേരിക്കന്‍ സംസ്ഥാനമായ കലിഫോര്‍ണിയയ്ക്ക്. ഈ വിശാലതക്കൊപ്പം വൈവിധ്യം നിറഞ്ഞ ഭൂപ്രകൃതി കൂടിയാവുമ്പോള്‍ കലിഫോര്‍ണിയ ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട കേന്ദ്രമായി മാറുന്നു. സാഹസികതയും പ്രകൃതിയുടെ അദ്ഭുതങ്ങളും ചേരുന്ന, കലിഫോര്‍ണിയയിലെ പ്രസിദ്ധങ്ങളായ ട്രെക്കിങ്ങുകളെക്കുറിച്ച് കൂടുതല്‍ അറിയാം.

റണ്‍ കറ്റാലിന ഐലന്‍ഡ്
ഓട്ടക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യമാണ് റണ്‍ കറ്റാലിന. കലിഫോര്‍ണിയയിലെ അള്‍ട്ടിമേറ്റ് ട്രെയില്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, ട്രയാത്ത്‌ലണ്‍ ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാന്‍ റണ്‍ കറ്റാലിനയില്‍ അവസരമുണ്ട്.

മുരിയേറ്റയിലെ പ്രകൃതി
പ്രകൃതിയുടെ സൗന്ദര്യവും ഭക്ഷണവൈവിധ്യവും ചേര്‍ന്നതാണ് മരിയേറ്റ. 1,350 ഏക്കറിലേറെ സ്ഥലത്തായി നീണ്ടുകിടക്കുന്ന ട്രെക്കിങ് സാധ്യതകളാണ് ഇവിടെയുള്ളത്. 53 പാര്‍ക്കുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. പ്രകൃതിയോടു ചേര്‍ന്നുള്ള യാത്രയും ജീവിതവുമുള്ള ഈ പാര്‍ക്കുകള്‍ ആ നാട്ടിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാണ്.
സാന്റ റോസ് പരിസ്ഥിതി സംരക്ഷണകേന്ദ്രം
ടെമേക്കുലയോടു ചേര്‍ന്നു സാന്റ അന മലനിരകളുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതാണ് സാന്റ റോസ് പരിസ്ഥിതി സംരക്ഷണ കേന്ദ്രം. ചരിത്രവും പ്രകൃതി മനോഹാരിതയും പേറുന്ന പ്രദേശമാണിത്. ഇരുനൂറിലേറെ ഇനം പക്ഷികള്‍ 9,000 ഏക്കറിലേറെ നീണ്ടു കിടക്കുന്ന ഈ പാര്‍ക്കിലുണ്ട്. പസഫിക് സമുദ്രത്തോടു ചേര്‍ന്നുള്ള ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും ട്രെക്കിങ് പ്രേമികളെ ആകര്‍ഷിക്കാറുണ്ട്.

കാസില്‍ ക്രാഗ്‌സ് ട്രയല്‍
ആകാശം മുട്ടനെ ഉയര്‍ന്നു നില്‍ക്കുന്ന പാറകള്‍ നിറഞ്ഞ പ്രദേശങ്ങള്‍ക്കിടയിലൂടെ ഒരു ട്രെക്കിങ്, അതാണ് കാസില്‍ ക്രാഗ്‌സിന്റെ വാഗ്ദാനം. എളുപ്പമുള്ളതു മുതല്‍ കഠിനമായതു വരെയുള്ള ട്രെക്കിങ് പ്രോഗ്രാമുകള്‍ ഇവിടെയുണ്ട്.
ഡിസ്‌കവറി ട്രെയല്‍
102 ഏക്കറില്‍ പരന്നു കിടക്കുന്ന റിസോര്‍ട്ടാണ് ടെറാനിയ റിസോര്‍ട്ട്. സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന ഈ ഭൂമിയും പ്രകൃതിയും മനോഹരമായ ഡിസ്‌കവറി ട്രെയിലിന്റെ സാധ്യത കൂടിയാണ് മുന്നോട്ടുവയ്ക്കുന്നത്. വാരാന്ത്യങ്ങളില്‍ ഗൈഡുമാരുടെ സഹായത്തോടെ, തീരങ്ങളോടു ചേര്‍ന്നുള്ള മലകയറ്റവും ഇവിടെയുണ്ട്. ചരിത്രപ്രാധാന്യമുള്ള പോയിന്റ് വിന്‍സെന്റ് ലൈറ്റ് ഹൗസ് ഡിസ്‌കവറി ട്രെയിലിനെത്തുന്നവര്‍ക്കുള്ള അധിക അനുഭവമാണ്.

ജെഫ് ഷെല്‍ട്ടണ്‍ വോക്കിങ് ടൂര്‍
സാന്റ ബാര്‍ബറയിലെ തെരുവുകളിലൂടെയുള്ള ദീര്‍ഘ നടത്തമാണ് ജെഫ് ഷെല്‍ട്ടണ്‍ വോക്കിങ് ടൂര്‍ നല്‍കുന്ന വാഗ്ദാനം. സ്പാനിഷ് നവോത്ഥാന കാലത്തെ നിര്‍മാണ ശൈലിയിലുള്ള കെട്ടിടങ്ങള്‍ ഈ നടത്തത്തിനിടെ കാണാനാവും.
മക്ക്ലൗഡ് വെള്ളച്ചാട്ടം
മക്ക്ലൗഡ് നദീ തീരത്തിലൂടെയുള്ള മലകയറ്റം മൂന്നു വെള്ളച്ചാട്ടങ്ങളിലേക്കുള്ള വഴി കൂടിയാണ്. ഏറ്റവും താഴെയുള്ളതും മധ്യത്തിലുള്ളതും കടന്നു വേണം മുകളിലെ മക് ക്ലൗഡ് വെള്ളച്ചാട്ടത്തിലേക്കെത്താന്‍. എളുപ്പത്തിലുള്ള മലകയറ്റമാണെന്ന സവിശേഷതയുമുണ്ട്. ഒപ്പം നീന്തലിനും ക്ലിഫ് ജംപിങ്ങിനും കയാക്കിങ്ങിനും ക്യാംപിങ്ങിനുമൊക്കെയുള്ള സാധ്യതകള്‍ വേറെയും. തുടക്കക്കാര്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അനുയോജ്യം.
നഗരത്തിനോടു ചേര്‍ന്നുള്ള നടത്തം
വൈവിധ്യമാര്‍ന്ന ഔട്ട്‌ഡോര്‍ സാഹസങ്ങള്‍ ചേര്‍ന്നതാണ് സാന്‍ ലൂയിസ് ഒബിസ്‌പോയിലെ നടത്തങ്ങള്‍. ഏതാണ്ട് 7,000 ഏക്കറില്‍ പരന്നു കിടക്കുന്ന നഗരത്തോടു ചേര്‍ന്നുള്ള പ്രദേശമാണ്. ഭൂരിഭാഗം ട്രെക്കിങ് പാതകളും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പൂക്കളാല്‍ നിറയാറുണ്ട്.

പസഫിക്ക
100 മൈല്‍ വരെ ദൈര്‍ഘ്യമുള്ള ഹൈക്കിങ് ബൈക്കിങ് ട്രെയലുകളാണ് പസഫിക്കയിലുള്ളത്. 1,052 ഏക്കര്‍ വിസ്തൃതിയുള്ള സാന്‍ പെഡ്രോ വാല്‍ പാര്‍ക്കില്‍ പിക്‌നിക് സൈറ്റുകളും മലകയറ്റ പാതകളും വെള്ളച്ചാട്ടങ്ങളുമുണ്ട്. മോണ്ടാര മല, ബ്രൂക്ക്‌സ് വെള്ളച്ചാട്ടം, സ്വീനി റിഡ്ജ്, പെഡ്രോ പോയിന്റ് ഹെഡ്‌ലാന്‍ഡ്‌സ്, ഡെവിള്‍സ് സ്ലൈഡ് ട്രെയല്‍ എന്നിങ്ങനെ പോവുന്നു വിവിധ ട്രെക്കിങ് സാധ്യതകള്‍.
സാന്‍ ഡിയാഗോ ബൊട്ടാണിക് ഗാര്‍ഡന്‍
37 ഏക്കറില്‍ പരന്നു കിടക്കുന്ന സാന്‍ ഡിയാഗോ ബൊട്ടാണിക് ഗാര്‍ഡനില്‍ 5,300ലേറെ സസ്യജാലങ്ങളുടെ വൈവിധ്യമുണ്ട്. പ്രത്യേകം വിഷയങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച 29 പൂന്തോട്ടങ്ങളാണ് മറ്റൊരു സവിശേഷത. 100 ഇനം മുളകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സസ്യങ്ങളും ഇവിടെയുണ്ട്. ഓപണ്‍ എയര്‍ യോഗ, ഫോറസ്റ്റ്/ സൗണ്ട് ബാത്തിങ് എന്നിങ്ങനെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങളുമുണ്ട് സാന്‍ ഡിയാഗോ ബൊട്ടാണിക് ഗാര്‍ഡനില്‍.

സാന്‍ എലിജോ ലഗൂണ്‍, എന്‍സിനിറ്റാസ്
ഓട്ടം, മലകയറ്റം, പക്ഷി നിരീക്ഷണം, ഫൊട്ടോഗ്രഫി, പെയിന്റിങ് എന്നിങ്ങനെ പല ലക്ഷ്യങ്ങളുമുള്ളവരുടെ ലക്ഷ്യസ്ഥാനമാവാറുണ്ട് സാന്‍ എലിജോ ലഗൂണ്‍. സാന്‍ ഡിയാഗോയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടങ്ങളിലൊന്നായ സാന്‍ എലിജോ ലഗൂണിന് 979 ഏക്കറാണ് വിസ്തീര്‍ണം.
വാകാവില്ലെ
സാഹസിക സൈക്കിള്‍ യാത്രികരുടെ സ്വപ്‌നമാണ് മിക്‌സ് കാന്യോണ്‍. പരന്ന ഭൂമിയില്‍നിന്നു മുളച്ചുയര്‍ന്നതു പോലുള്ള പാറകളും മലകയറ്റക്കാര്‍ക്ക് പുതിയ സാഹസിക സാധ്യതകള്‍ നല്‍കുന്നു. 10-20 അടി ഉയരത്തിലുള്ളവയാണ് ഇത്തരം പാറകള്‍. അപൂര്‍വമായെങ്കിലും 30 അടി വരെ ഉയരമുണ്ടാവാറുണ്ട്.