പ്രിയങ്ക ചോപ്രയുടെ സാഹസിക ഹൈക്കിങ്; യാത്രയിൽ കൈപിടിച്ച് മകളും

Mail This Article
മകൾക്കൊപ്പമുള്ള ആദ്യത്തെ ഹൈക്കിങ് അനുഭവം പങ്കുവച്ച് പ്രിയങ്ക ചോപ്ര. മകളുടെ ചിത്രങ്ങള്‍ക്കൊപ്പം വിശദമായ ഒരു കുറിപ്പും പ്രിയങ്ക പോസ്റ്റ് ചെയ്തു. കലിഫോർണിയയിലെ ടോപാംഗ സ്റ്റേറ്റ് പാർക്കിലായിരുന്നു ഹൈക്കിങ്. പ്രിയങ്കയുടെ കൈപിടിച്ച് നടക്കുന്ന മകൾ മാൾട്ടി മേരിയെ വിഡിയോയില്‍ കാണാം.

“പ്രകൃതിയുടെ മാജിക്. അവളുടെ ആദ്യത്തെ ഹൈക്ക്. അവള്‍ വഴിയില്‍ കണ്ടതെല്ലാം തൊട്ടു. ചെളിക്കുഴികളില്‍ ചാടി മുട്ടുവരെ ചെളിയില്‍ മുങ്ങി. ആദ്യമായി അവള്‍ ഇതെല്ലാം അനുഭവിച്ചറിയുന്നത് കാണുന്നതുതന്നെ മായികമായ കാഴ്ചയായിരുന്നു” പ്രിയങ്ക കുറിച്ചു.

സാഹസിക സഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ടോപാംഗ സ്റ്റേറ്റ് പാർക്ക്. ലൊസാഞ്ചലസ് കൗണ്ടിയിൽ, സാന്താമോണിക്ക പർവതനിരകളിലാണ് ടോപാംഗ സ്റ്റേറ്റ് പാർക്ക്. ലൊസാഞ്ചലസ് നഗരത്തിനുള്ളിൽ ടോപാംഗ കമ്യൂണിറ്റിയോട് ചേർന്നുകിടക്കുന്ന പാര്‍ക്ക്, സാന്താ മോണിക്ക മൗണ്ടൻസ് നാഷനൽ റിക്രിയേഷൻ ഏരിയയുടെ ഭാഗമാണ്.
ഏകദേശം, 11,000 ഏക്കർ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പാര്‍ക്കില്‍, പരസ്പരം ബന്ധിപ്പിച്ച മുപ്പത്തിയാറു മൈൽ നീളമുള്ള പാതകളുണ്ട്. ടോപാംഗ കാന്യോൺ മുതൽ പസഫിക് പാലിസേഡ്‌സ്, മൾഹോളണ്ട് ഡ്രൈവ് വരെ പാർക്കിന്‍റെ അതിരുകൾ നീളുന്നു. സാന്താ മോണിക്ക പർവതനിരകളിലെ ഏറ്റവും വലിയ പാർക്ക് മാത്രമല്ല ടോപാംഗ സ്റ്റേറ്റ് പാർക്ക്. ഒരു നഗരത്തിന്‍റെ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പാർക്ക് എന്ന ബഹുമതി കൂടി ഇതിനുണ്ട്.

പ്രകൃതിരമണീയമായ പാര്‍ക്കിനുള്ളില്‍ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്ര രൂപങ്ങള്‍ കാണാം. മണൽക്കല്ല്, പാറ രൂപങ്ങൾ, സമുദ്ര ഫോസിലുകൾ, അഗ്നിപർവതഭാഗങ്ങള്‍ എന്നിവ ഇവിടെ കാണപ്പെടുന്നു.
ട്രിപ്പെറ്റ് റാഞ്ച് കെട്ടിടങ്ങൾ, വിൽ റോജറിന്‍റെ ക്യാബിൻ, ജോസെഫോ ബാൺ എന്നിവയാണ് പാർക്കിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ചരിത്ര ആകർഷണങ്ങൾ. ഈഗിൾ റോക്ക്, ഈഗിൾ സ്പ്രിങ് ട്രയൽ, ഹബ് ജംക്‌ഷൻ എന്നിവയും പാര്‍ക്കിനുള്ളിലെ ജനപ്രിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. കാൽനടയാത്രക്കാർക്കും മൗണ്ടൻ ബൈക്കർമാർക്കും കുതിരസവാരിക്കാർക്കുമായി നിരവധി പാതകളും പാര്‍ക്കിനുള്ളിലുണ്ട്. ട്രിപ്പെറ്റ് റാഞ്ച് ഏരിയയിലാണ് പ്രധാന പാതകള്‍.
20 ഏക്കറിലധികം വിസ്തൃതിയുള്ള ടോപാംഗ സ്റ്റേറ്റ് ബീച്ച് ഇവിടെ അടുത്താണ്. സര്‍ഫിങ് പോലുള്ള സമുദ്ര വിനോദങ്ങളും ഇവിടെ സജീവമാണ്. ക്ലാസിക് ആംഫിതിയേറ്റർ ശൈലിയിൽ രൂപകൽപന ചെയ്ത, ചരിത്രപരമായ ഔട്ട്ഡോർ തിയറ്ററായ വിൽ ഗീര്‍സ് തിയാട്രിക്കം ബൊട്ടാണിക്കം ആണ് സന്ദര്‍ശിക്കേണ്ട മറ്റൊരു ഇടം. വേനൽക്കാല മാസങ്ങളിൽ ഷേക്സ്പിയറിന്‍റെ നാടകങ്ങളും കച്ചേരികളും ഇംപ്രോവ് നൈറ്റ്സും പോലുള്ള മറ്റ് പ്രൊഡക്ഷനുകളും ഇവിടെ നടത്തുന്നു. ടോപാംഗ കാന്യോണിൽ നിന്ന് അഞ്ച് മൈല്‍ പോയാല്‍ പൈൻ ട്രീ സർക്കിൾ വില്ലേജിലെ ബോട്ടിക് ഷോപ്പുകളില്‍ ഷോപ്പിങ് നടത്താം.
ടോപാംഗയെ ലാസ് ഫ്ലോറസ് കാന്യോണുമായി ബന്ധിപ്പിക്കുന്ന ഈ മനോഹരമായ 1,255 ഏക്കർ പ്രദേശമാണ് ട്യൂണ കാന്യോൺ പാർക്ക്. സാന്താ മോണിക്ക പിയറിന്‍റെ വിസ്മയകരമായ കാഴ്ചകള്‍ ഇവിടെ ആസ്വദിക്കാം. രസകരമായ രൂപത്തിൽ ചുവപ്പും തവിട്ടും കലര്‍ന്ന നിറത്തിലുമുള്ള പാറക്കൂട്ടങ്ങൾ നിറഞ്ഞ റെഡ് റോക്ക് കാന്യോൺ പാർക്ക് ആണ് അടുത്തുള്ള മറ്റൊരു കാഴ്ച. കണ്ടു നില്‍ക്കെ നിറം മാറുന്നതുപോലെ തോന്നുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ പിക്നിക് നടത്താം.
പസഫിക് കോസ്റ്റ് ഹൈവേയിൽ നിന്ന്, ടോപാംഗ കാന്യോൺ ബൊളിവാർഡിലേക്ക് വടക്കോട്ട് യാത്ര ചെയ്താല്‍ പാര്‍ക്കില്‍ എത്താം. എല്ലാ വര്‍ഷവും ജനുവരി മുതല്‍ ജൂലൈ വരെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.