ADVERTISEMENT

മൗറീഷ്യസ് യാത്രയുടെ ആവേശകരമായ വിഡിയോ പങ്കുവച്ച് നടി അനുപമ പരമേശ്വരന്‍. സിപ് ലൈന്‍ ചെയ്യുന്നതും റോപ്പിലൂടെ സൈക്കിള്‍ ചവിട്ടുന്നതും കടലിനടിയിലെ കാഴ്ചകളും ജംഗിള്‍ സഫാരിയുമെല്ലാം ഇതില്‍ കാണാം. നടിയുടെ ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷത്തിന് മൗറീഷ്യസിലെ ലേ മെറീഡിയന്‍ ഐല്‍ മൗറിസ് റിസോട്ടിൽ നിന്നുള്ള മനോഹര ചിത്രങ്ങള്‍ നടി പോസ്റ്റ്‌ ചെയ്തിരുന്നു. 

മഡഗാസ്കറിന് 700 മൈൽ കിഴക്ക്, ഇന്ത്യൻ മഹാസമുദ്രത്തിലാണ് മൗറീഷ്യസ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ ഏറെ ജനപ്രിയമായ ഒരു ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ വംശജരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഇവിടം, ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യക്കാരാണ്. മായികമായ നൈറ്റ് ലൈഫും സാഹസിക വിനോദങ്ങളും മനോഹരമായ ബീച്ച് ബാറുകളും ആഡംബര റിസോർട്ടുകളും  മികച്ച ഭക്ഷണവും യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളുമടക്കം ആകര്‍ഷകമായ നിരവധി കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

മൗറീഷ്യസിലെ ഗ്രാൻഡ് ബേ, പെരേബെരെ, ബെല്ലെ മേരെ, ബ്ലൂ ബേ തുടങ്ങിയ ബീച്ചുകള്‍ വര്‍ഷം തോറും ആയിരക്കണക്കിനു ഹണിമൂണ്‍ സഞ്ചാരികളെ വരവേല്‍ക്കുന്നു. മൗറീഷ്യസിന്‍റെ വടക്കു ഭാഗത്തുള്ള ഗ്രാന്‍ഡ് ബേ, പഞ്ചാരമണല്‍ ബീച്ചുകള്‍ക്കും വിന്‍ഡ്‌സര്‍ഫിങ്ങിനും ബോട്ട് റൈഡുകള്‍ക്കുമെല്ലാം പ്രശസ്തമാണ്. കടലിന്‍റെ അടിത്തട്ടിലുള്ള മനോഹരമായ പാറക്കെട്ടുകളും പവിഴപ്പുറ്റുകളും അതിനിടയിലൂടെ ഒഴുകിനടക്കുന്ന മത്സ്യങ്ങളേയും കണ്ട് നടക്കാനുള്ള അത്യപൂര്‍വമായ അവസരമാണ് ഇവിടെ ഉള്ളത്. 

മൗറീഷ്യസിലെ ഏറ്റവും പ്രശസ്തമായ ഡൈവിങ് സ്പോട്ടുകളില്‍ ഒന്നാണ് ബ്ലൂ ബേ മറൈന്‍ പാര്‍ക്ക്. ഇവിടെ 38 ഇനത്തില്‍പ്പെട്ട പവിഴപ്പുറ്റുകളും 72 ഇനത്തോളം മത്സ്യങ്ങളും ഉണ്ട്. സ്‌നോര്‍ക്കലിങ്ങ്, സെയില്‍ബോട്ട്, സ്പീഡ് ബോട്ട്, ഗ്ലാസ് ബോട്ടം ബോട്ട് എന്നിങ്ങനെയുള്ള വിനോദങ്ങളുമുണ്ട്. മൗറീഷ്യസിലെ ഒരു ചെറിയ ഗ്രാമമായ ട്രൂ ഓക്‌സ് ബീച്ചില്‍, സഞ്ചാരികള്‍ക്കു സബ്മറൈനില്‍ കടലിനടിയിലൂടെ സഫാരി നടത്താനുള്ള അവസരവും ഉണ്ട്.

പല നിറത്തിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ചമരെൽ എന്ന ചെറിയ ഗ്രാമം മൗറീഷ്യസിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ്. ബസാല്‍ട്ടിക് ലാവയും മണ്ണിലെ വിവിധ ധാതുക്കളും ചേര്‍ന്ന് ഉണ്ടായ ചുവപ്പ്, ബ്രൗണ്‍, വയലറ്റ്, പച്ച, നീല, പര്‍പ്പിള്‍, മഞ്ഞ എന്നീ നിറങ്ങളിലുള്ള മണല്‍ വിരിച്ച ഈ സ്ഥലം പ്രകൃതിയുടെ ഒരു മനോഹര പ്രതിഭാസമാണ്.

കൂടാതെ, സാഹസിക പ്രേമികൾക്ക് സ്കൈ ഡൈവിങ്, ബൈക്കിങ്, സിപ്‌ലൈനിങ്, ട്രെക്കിങ്, പാരാഗ്ലൈഡിങ്, ഹെലികോപ്റ്റർ ആൻഡ് സീപ്ലെയിൻ യാത്രകൾ എന്നിങ്ങനെയുള്ള വിനോദങ്ങളും പരീക്ഷിക്കാം. പ്രാദേശിക സസ്യജന്തുജാലങ്ങളുടെ സമ്പത്ത് ഉൾക്കൊള്ളുന്ന നിരവധി പ്രകൃതിദത്ത പാർക്കുകളും വിനോദ പാർക്കുകളും മൗറീഷ്യസിലുണ്ട്. കൂടാതെ പൈതൃകവും സാംസ്കാരികവുമായ കാഴ്ചകള്‍ കാണാന്‍ വിവിധ ടൂറുകൾ, ഗോൾഫ് എന്നിവയെല്ലാം ഒരുക്കുന്നു. 

കൂടാതെ, ലോകത്തിലെ ഏറ്റവും രുചിയേറിയ റം ബ്രാന്‍ഡുകളാണ് മൗറീഷ്യസില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. രുചിച്ചുനോക്കാന്‍ മാത്രമല്ല, റം നിര്‍മിക്കുന്നതു നേരിട്ട് കാണാനും ഇവിടെ സഞ്ചാരികള്‍ക്ക് അവസരമുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിലും മുന്നിലാണ് മൗറീഷ്യസ്. ലോകത്തിൽ എറ്റവും ശുദ്ധമായ വായു ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇത്. ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച വായു ഗുണനിലവാര സൂചികയിൽ മൗറീഷ്യസിനു രണ്ടാം സ്ഥാനമാണുള്ളത്.

ഇന്ത്യൻ പൗരന്മാർ മൗറീഷ്യസ് വീസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ മൗറീഷ്യസ് വീസ ലഭിക്കും. ഈ വീസ ഓൺ അറൈവൽ 60 ദിവസം വരെ ഉപയോഗിക്കാം. മാത്രമല്ല, സാധുവായ വീസ ഉള്ള ഇന്ത്യക്കാര്‍ക്ക് 90 ദിവസം വരെ ഇവിടെ താമസിക്കാം. വർഷം മുഴുവനും ചൂടുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ദ്വീപിനുള്ളത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെ, ചൂടും ഈര്‍പ്പവുമുള്ള വേനല്‍ക്കാലമാണ്. മേയ് മുതൽ ഡിസംബർ വരെയുള്ള സമയമാണ് മൗറീഷ്യസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി പറയുന്നത്. ഈ സമയത്ത് കാലാവസ്ഥ പൊതുവേ സുഖകരമായിരിക്കും.

English Summary:

Travel photos from Mauritius that Anupama Parameswaran posted.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com