ADVERTISEMENT

ആഗ്രഹിച്ചാലും ശ്രമിച്ചാലും നടക്കാത്ത ചില യാത്രകളുണ്ട്. ഭൂരിഭാഗത്തിനും അത്തരമൊരു യാത്രയാണ് ഉത്തര കൊറിയയിലേക്കുള്ളത്. കോവിഡിനു ശേഷം ഉത്തര കൊറിയയിലെ അവസ്ഥയെപ്പറ്റി അധികം വിവരങ്ങളൊന്നും പുറം ലോകത്തേക്കെത്തിയിട്ടില്ല. ഇപ്പോഴിതാ കോവിഡിനു ശേഷം ആദ്യ വിനോദസഞ്ചാരിസംഘം ഉത്തര കൊറിയയിലേക്കെത്തിയിരിക്കുന്നു. അപൂര്‍വമായ ഉത്തര കൊറിയന്‍ യാത്ര  നടത്തിയ നൂറു റഷ്യക്കാരില്‍ ഉള്‍പ്പെട്ട ലെന ബൈച്ച്‌കോവയും ട്രാവല്‍ വ്‌ളോഗര്‍ ഇല്യ വോസ്‌ക്രിസെന്‍സ്‌കിയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഉത്തര കൊറിയന്‍ വീസ ലഭിച്ചപ്പോള്‍ ആദ്യം അമ്പരന്നു പോയെന്നാണ് ബൈച്ച്‌കോവ പറയുന്നത്. വിനോദ സഞ്ചാരത്തിന്റെ കാര്യത്തില്‍ വലിയ നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. ഇവിടേക്ക് വ്യക്തികള്‍ക്ക് വിനോദസഞ്ചാരത്തിന് അനുമതിയില്ല. സുഹൃദ് രാഷ്ട്രങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ക്കാണ് കര്‍ശന നിയന്ത്രണത്തോടെ വടക്കന്‍ കൊറിയ സന്ദര്‍ശിക്കാനാവുക. 

യുഎസ് വിദ്യാർഥി ഒട്ടോ ഫ്രഡറിക് വാമ്പിയർ (ഫയൽ ചിത്രം)
യുഎസ് വിദ്യാർഥി ഒട്ടോ ഫ്രഡറിക് വാമ്പിയർ (ഫയൽ ചിത്രം)

ഉത്തര കൊറിയ സന്ദര്‍ശിച്ചവര്‍ക്ക് വളരെ മോശം അനുഭവങ്ങള്‍ മുൻപ് ഉണ്ടായിട്ടുമുണ്ട്. 2016ല്‍ ഉത്തര കൊറിയ കാണാനെത്തിയ അമേരിക്കന്‍ കോളജ് വിദ്യാര്‍ഥി ഒട്ടോ വാംബെയറിന്റേത് ഒരു ദുരന്താനുഭവമായിരുന്നു. അവിടെനിന്ന് ഒരു സര്‍ക്കാര്‍ അനുകൂല പ്രചാരണ പോസ്റ്റര്‍ മോഷ്ടിച്ചുവെന്നതായിരുന്നു കുറ്റം. അതിന് ഒട്ടോ വാംബെയറിനെ തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചു. 17 മാസത്തിനു ശേഷം ആരോഗ്യം പൂര്‍ണമായും ക്ഷയിച്ച നിലയില്‍ അമേരിക്കയിലെത്തിയ ഇയാള്‍ വൈകാതെ മരണമടയുകയും ചെയ്തു. 

Image Credit : GagoDesign / Shutterstock
Image Credit : GagoDesign / Shutterstock

കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ബൈച്ച്‌കോവയും സംഘവും പ്യോങ്‌യാങിലേക്കെത്തുന്നത്. റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോകില്‍നിന്ന് ഉത്തര കൊറിയന്‍ ഉടമസ്ഥതയിലുള്ള എയര്‍ കോറിയോയിലായിരുന്നു യാത്ര. ട്രാവല്‍ വ്‌ളോഗറായ ഇല്യ വോസ്‌ക്രിസെന്‍സ്‌കിയും ഈ കൂട്ടത്തിലുണ്ടായിരുന്നു. തന്റെ പൂര്‍വികര്‍ പറഞ്ഞു കേട്ടിട്ടുള്ള പഴയ സോവിറ്റ് യൂണിയനാണ് ഇന്നത്തെ ഉത്തര കൊറിയയെന്നാണ് ഇല്യ വോസ്‌ക്രിസെന്‍സ്‌കി പറയുന്നത്. 

യുക്രെയ്ൻ–റഷ്യ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാംപിന്റെ പശ്‍ചാത്തലത്തിൽ സെൽഫിയെടുക്കുന്ന യുവതി. കീവിൽനിന്നുള്ള ദൃശ്യം. (Photo by Sergei SUPINSKY / AFP)
യുക്രെയ്ൻ–റഷ്യ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാംപിന്റെ പശ്‍ചാത്തലത്തിൽ സെൽഫിയെടുക്കുന്ന യുവതി. കീവിൽനിന്നുള്ള ദൃശ്യം. (Photo by Sergei SUPINSKY / AFP)

‘‘അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ചിരുന്ന പഴയ സോവിറ്റ് യൂണിയനെയാണ് ഇന്നത്തെ ഉത്തര കൊറിയയിലെത്തിയപ്പോള്‍ എനിക്ക് ഓര്‍മ വന്നത്. ഭൂതകാലത്തേക്കുള്ള ഒരു യാത്ര പോലുള്ള അനുഭവം. ഒരു പരസ്യം പോലുമില്ല നഗരങ്ങളില്‍. പാര്‍ട്ടി സൂക്തങ്ങളും കൊടികളും മാത്രമാണ് നമുക്ക് കാണാനാവുക’’ ഇല്യ വോസ്‌ക്രസെന്‍സ്‌കി പറയുന്നു. ട്രാവല്‍ വ്‌ളോഗറെന്നു പറഞ്ഞാല്‍ അനുമതി നല്‍കാതിരിക്കുമോ എന്ന ആശങ്ക മൂലം, പാത്രങ്ങളുടെ വില്‍പനയാണ് തന്റെ ജോലിയെന്നാണ് വോസ്‌ക്രസെന്‍സ്‌കി പറഞ്ഞിരുന്നത്.

russia

നാലു ദിവസത്തെ ഉത്തര കൊറിയന്‍ യാത്രയ്ക്ക് ഓരോരുത്തര്‍ക്കും ഏകദേശം 750 ഡോളറാണ് (ഏകദേശം 62,000 രൂപ) ചെലവു വന്നത്. റഷ്യന്‍ഭാഷ സംസാരിക്കുന്ന ഗൈഡുകളും ട്രാൻസ്​ലേറ്റർമാരും ഇവരുടെ സംഘത്തിനൊപ്പം എപ്പോഴുമുണ്ടായിരുന്നു. ഉത്തര കൊറിയന്‍ നേതാക്കളായ കിം ഇല്‍ സുങ്, കിം ജോങ് ഇല്‍ എന്നിവരുടെ വെങ്കല പ്രതിമകള്‍ സന്ദര്‍ശിക്കുന്നതും യാത്രയുടെ ഭാഗമായിരുന്നു. റിസോര്‍ട്ടിലാണ് ഇവരെ മൂന്നു ദിവസവും താമസിപ്പിച്ചത്. ഇതിനിടെ കുട്ടികളുടെ നൃത്ത സംഗീത വിരുന്നുകളും അതിഥികള്‍ക്കായി ഉത്തര കൊറിയ ഒരുക്കിയിരുന്നു. 97 പേരുടെ വിനോദ സഞ്ചാരികളുടെ സംഘത്തിനു മുന്നില്‍ 200 കുട്ടികളാണ് പരിപാടികൾ അവതരിപ്പിച്ചതെന്നും ബൈച്ച്‌കോവ പറയുന്നുണ്ട്.

ചിത്രങ്ങളും വിഡിയോയും എടുക്കുന്ന കാര്യത്തിലായിരുന്നു പ്രധാനമായും കര്‍ശന നിയന്തണങ്ങള്‍. പ്രത്യേകിച്ച് സൈനികരുടേയും മറ്റു യൂണിഫോമിലുള്ളവരുടേയും ചിത്രങ്ങള്‍ എടുക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നിര്‍മാണം നടക്കുന്ന സ്ഥലങ്ങളുടേയും കെട്ടിടങ്ങളുടേയും ചിത്രങ്ങളെടുക്കാനും അനുമതിയില്ലായിരുന്നു. ഉത്തര കൊറിയന്‍ നേതാക്കളുടെ ചിത്രങ്ങളുള്ള പത്രങ്ങളും മാസികകളും മടക്കാനും അനുമതിയില്ലായിരുന്നു. നേതാക്കളുടെ ചിത്രം മടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് ബൈച്ച്‌കോവ പറഞ്ഞത്. 

എങ്കിലും ഈ പത്രങ്ങളും മാസികകളുമാണ് യാത്രയുടെ ഓര്‍മക്കായി പ്രധാനമായും ശേഖരിച്ചതെന്നും ബൈച്ച്‌കോവ പറയുന്നുണ്ട്. മറ്റു രാജ്യങ്ങളിലേതുപോലെ സഞ്ചാരികള്‍ക്ക് വാങ്ങാനായി എണ്ണമറ്റ സാധനങ്ങളുള്ള നാടല്ല ഉത്തര കൊറിയ. രാജ്യത്തിന്റെ തലസ്ഥാനത്തും വിമാനത്താവളത്തിലുമുള്ള രണ്ട് കടകളില്‍ നിന്നാണ് സാധനങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് വാങ്ങാനാവുക. കാന്തം, പാവകള്‍, ചെറിയ സമ്മാനങ്ങള്‍ എന്നിവയൊക്കയാണ് ഇവിടെ പ്രധാനമായുമുള്ളത്. 

കോവിഡിനു മുമ്പ് ഉത്തര കൊറിയയിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയിരുന്നത് ചൈനയില്‍ നിന്നായിരുന്നു. എന്നാല്‍ കോവിഡിനു ശേഷം ആദ്യം സഞ്ചാരികളെത്തിയത് റഷ്യയില്‍ നിന്നാണെന്നു മാത്രം. ഉത്തര കൊറിയയും റഷ്യയും തമ്മില്‍ നല്ല ബന്ധമാണ് നിലവിലുള്ളത്. അവസരം ലഭിച്ചാല്‍ ഇനിയും ഉത്തര കൊറിയയിലേക്കു പോകുമെന്നാണ് ബൈച്ച്‌കോവയും വോസ്‌ക്രസെന്‍സ്‌കിയും പറഞ്ഞത്. അടുത്ത റഷ്യന്‍ വിനോദ സഞ്ചാരികളുടെ ഉത്തര കൊറിയന്‍ യാത്ര 2024 മാര്‍ച്ചിലാണ്.

English Summary:

For the first time since the epidemic, travelers are visiting North Korea once more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com