‘ഡ്രീം ഓഫ് ദ് ഡെസേർട്ട്’: വിസ്മയമാകാന് സൗദിയിലെ ആദ്യ ആഡംബര ട്രെയിന്‍

Mail This Article
വെനീസ് സിംപ്ലോൺ ഓറിയന്റ് എക്‌സ്‌പ്രസ്, റോയൽ സ്കോട്ട്‌സ്മാൻ തുടങ്ങിയ ഐതിഹാസിക ട്രെയിനുകളുടെ നിരയിലേക്ക് ഒരു ഗംഭീര അതിഥി കൂടി ഉടനെത്തും. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആഡംബര ട്രെയിനായ ‘ഡ്രീം ഓഫ് ദ് ഡെസേർട്ട്’ സൗദി അറേബ്യയില്‍ ഒരുങ്ങുന്നു. സൗദി അറേബ്യയുടെ ഹൃദയത്തിലൂടെ ആവേശവും ആഡംബരവും നിറഞ്ഞ ഒരു യാത്രയാണ് ഈ ട്രെയിന്‍ സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

സൗദിയുടെ തലസ്ഥാനമായ റിയാദിൽനിന്നു വടക്ക് പടിഞ്ഞാറ് ജോർദാൻ അതിർത്തിയിലേക്കു നീളുന്ന യാത്ര 800 മൈൽ ദൂരം താണ്ടും. വഴിയിലുടനീളം വിശാലമായ മരുഭൂമിയിലെ കൗതുകമാര്‍ന്ന ഭൂരൂപങ്ങളും യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളും യാത്രക്കാരെ ആകർഷിക്കും.
അൽ ഖാസിം പ്രവിശ്യയിലെ ചരിത്ര നഗരമായ ഹായിൽ, അൽ ജൗഫിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ നാചുറൽ റിസർവ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉണ്ടാകും. ജോർദാൻ അതിർത്തിക്കടുത്തുള്ള അൽ ഖുരായത്തിൽ യാത്ര അവസാനിക്കുന്നു. ട്രെയിനിന്റെ ആദ്യ സവാരിക്കുള്ള റിസർവേഷൻ 2024 അവസാനമോ 2025 ആദ്യമോ തുടങ്ങും.

സൗദി അറേബ്യ റെയിൽവേയും (SAR) ഇറ്റാലിയൻ ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്‌സനാലെ ഗ്രൂപ്പും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമാണ് ഡ്രീം ഓഫ് ദ് ഡെസേർട്ട്. 40 കാറുകളിലായി 82 യാത്രക്കാർക്ക് താമസ സൗകര്യമുണ്ട്. ഡൈനിങ് റസ്റ്ററന്റ്, ലോഞ്ച് ബാർ, സ്ലീപ്പിങ് ക്വാർട്ടേഴ്‌സ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
രാജ്യത്ത് സാംസ്കാരിക അനുഭവങ്ങളും ആഡംബരവും തേടിയെത്തുന്ന രാജ്യാന്തര യാത്രക്കാരെ ആകർഷിക്കാൻ ഡ്രീം ഓഫ് ദ് ഡെസേർട്ട് ലക്ഷ്യമിടുന്നു. ഒരു പുതിയ യാത്രാനുഭവം എന്നതിലുപരി ലോകത്തിനു മുന്നിൽ അതിന്റെ വാതിലുകൾ തുറക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്. വിനോദസഞ്ചാര വികസനത്തിൽ കോടിക്കണക്കിന് റിയാലിന്‍റെ നിക്ഷേപം നടത്താനുള്ള പദ്ധതിയുടെ തുടക്കമാണ് ഡ്രീം ഓഫ് ദ് ഡെസേർട്ട്.
രാജകീയമായ യാത്രകള്‍ ഒരുക്കുന്ന ഒട്ടേറെ ലക്ഷ്വറി ട്രെയിനുകള്‍ ഇന്ത്യയിലുമുണ്ട്. വിമാനയാത്രയെ കവച്ചുവയ്ക്കുന്ന സൗകര്യങ്ങള്‍ ഇവയ്ക്കുള്ളിലുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ചില ആഡംബര ട്രെയിനുകളെക്കുറിച്ച് അറിയാം.

മഹാരാജാസ് എക്സ്പ്രസ്
ലോകത്തിലെ ഏറ്റവും ആഡംബരപൂർണമായ 5 ട്രെയിനുകളിൽ ഒന്നാണ് അര മൈൽ നീളമുള്ള മഹാരാജാസ് എക്സ്പ്രസ്. മികച്ച ഹോസ്പിറ്റാലിറ്റി, ബാറുകൾ, ആഡംബര സ്യൂട്ടുകൾ, ബട്ട്‌ലർ സേവനങ്ങൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ഇതിലുണ്ട്. 2012, 2013, 2014 വർഷങ്ങളിൽ തുടർച്ചയായി 'ലോകത്തിലെ മുൻനിര ലക്ഷ്വറി ട്രെയിൻ' ആയി മഹാരാജാസ് എക്സ്പ്രസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഏകദേശം അരലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് പാക്കേജുകള്‍ വരുന്നത്. ഇന്ത്യയിലെ ലക്ഷ്വറി ട്രെയിനുകളുടെ കൂട്ടത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞത് ഈ ട്രെയിനാണ്.

റൂട്ടുകള്‍:
1. മുംബൈ - അജന്ത - ഉദയ്പുർ - ജോധ്പുർ - ബിക്കാനീർ - ജയ്പുർ - രത്തംബോർ - ആഗ്ര - ഡൽഹി
2. ഡൽഹി - ആഗ്ര - രത്തംബോർ - ജയ്പുർ - ഡൽഹി
3. ഡൽഹി - ജയ്പുർ - രത്തംബോർ - ഫത്തേപുർ - സിക്രി - ആഗ്ര - ഗ്വാളിയോർ - ഓർക്കാ - ഖജുരാഹോ - വാരാണസി - ലഖ്നൗ - ഡൽഹി
4. ഡൽഹി - ആഗ്ര - രത്തംബോർ - ജയ്പുർ - ബിക്കാനീർ - ജോധ്പുർ - ഉദയ്പുർ - ബാലസിനോർ - മുംബൈ
5. ഡൽഹി - ആഗ്ര - രത്തംബോർ - ജയ്പുർ - ഡൽഹി

പാലസ് ഓൺ വീൽസ്
സഞ്ചാരികള്‍ക്ക് ഒരു കൊട്ടാരത്തില്‍ കടന്നത് പോലെയുള്ള അനുഭവമാണ് പാലസ് ഓണ്‍ വീല്‍സ് ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്. ആഡംബര ക്യാബിനുകളും ബാർ, പെയിന്റിങ്ങുകള്‍, മനോഹരമായ കരകൗശലവസ്തുക്കള്‍ എന്നിവയെല്ലാം ഇതിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ ആഡംബര ട്രെയിനായി ഇത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് പാലസ് ഓൺ വീൽസ് ഓടുന്നത്. ആഡംബരത്തോടെ രാജസ്ഥാൻ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഇത്.
റൂട്ട്:
ഡൽഹി - ജയ്പുർ - സവായ് മധോപുർ - ചിത്തോർഗഡ് - ഉദയ്പുർ - ജയ്സൽമേർ - ജോധ്പുർ - ഭരത്പുർ - ആഗ്ര - ഡൽഹി
പ്രധാന ആകര്‍ഷണങ്ങള്‍:
- ഡൽഹി - ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെംപിൾ, കുത്തബ് മിനാർ, ഹുമയൂണിന്‍റെ ശവകുടീരം
- ജയ്പുർ - ഹവാ മഹൽ, ആംബർ ഫോർട്ട്, രാജസ്ഥലി, സിറ്റി പാലസ്, ജന്തർ മന്തർ
- സവായ് മധോപുർ, ചിറ്റോർഗഡ് - രൺതംബോർ നാഷണൽ പാർക്ക്, ചിറ്റോർഗഡ് കോട്ട
- ഉദയ്പുർ - ജഗ് നിവാസ്, പിച്ചോല തടാകം
- ജയ്സൽമേർ - കോട്ടകള്‍, പുരാതന മാളികകൾ
- ജോധ്പുർ - മെഹ്റൻഗഡ് കോട്ട, കൊട്ടാരങ്ങൾ, ഷോപ്പിങ് ടൂർ
- ഭരത്പുർ - കിയോലാഡിയോ ഘാന നാഷനൽ പാർക്ക്
- ആഗ്ര - ഫത്തേപുർ സിക്രി, താജ്മഹൽ

ഡെക്കാൻ ഒഡീസി
പുരാതന ഇന്ത്യയിലെ വിവിധ രാജകീയ കാലഘട്ടങ്ങളിലെ രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും യാത്രാ ശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കൊട്ടാരസമാനമായ ട്രെയിനാണ് ഡെക്കാൻ ഒഡീസി. ആഡംബരപൂര്‍ണമായ ഇന്റീരിയർ, മൾട്ടി-ക്വിസീൻ റസ്റ്ററന്റുകൾ, ലോഞ്ചുകൾ, ഒരു കോൺഫറൻസ് കാർ, ഒരു ഓൺബോർഡ് സ്പാ തുടങ്ങിയ സൗകര്യങ്ങളുമായി ഒരു പഞ്ചനക്ഷത്രഹോട്ടലിനെ അനുസ്മരിപ്പിക്കും ഈ ട്രെയിന്‍. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ട്രെയിന്‍ ഓടുന്നത്.

റൂട്ടുകൾ:
1. മുംബൈ - നാസിക് - എല്ലോറ ഗുഹ - അജന്ത ഗുഹകൾ - കോലാപുർ - ഗോവ - രത്‌നഗിരി – മുംബൈ
2. ഡൽഹി - സവായ് മധോപുർ - ആഗ്ര - ജയ്പുർ - ഉദയ്പുർ - വഡോദര - എല്ലോറ ഗുഹകൾ - മുംബൈ
3. മുംബൈ - വഡോദര - പാലിതാന - സസൻ ഗിർ - സോമനാഥ് - ലിറ്റിൽ റാൻ ഓഫ് കച്ച് - മൊധേര - പാടാൻ - നാസിക് – മുംബൈ
4. മുംബൈ - വഡോദര - ഉദയ്പുർ - ജോധ്പുർ - ആഗ്ര - സവായ് മധോപുർ - ജയ്പുർ - ഡൽഹി
5. മുംബൈ - ബീജാപുർ - ഐഹോളെ - പട്ടടക്കൽ - ഹംപി - ഹൈദരാബാദ് - എല്ലോറ ഗുഹകൾ - അജന്ത ഗുഹകൾ - മുംബൈ
6. മുംബൈ - ഔറംഗബാദ് - രാംടെക് - തഡോബ - അജന്ത - നാസിക് – മുംബൈ

ഗോൾഡൻ ചാരിയറ്റ്
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചില വിനോദസഞ്ചാര സ്ഥലങ്ങളിലേക്കു സഞ്ചാരികളെ കൊണ്ടുപോകുന്ന മികച്ച ആഡംബര ട്രെയിനുകളിലൊന്നാണ് ഗോൾഡൻ ചാരിയറ്റ് . 2008-ൽ ആരംഭിച്ച ഗോൾഡൻ ചാരിയറ്റ് ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടതാണ്. രാജകീയ ഇന്റീരിയറുകളുള്ള എസി ചേംബറുകൾ, ബാറുകൾ, വിവിധതരം വിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്റുകൾ, മിനി ജിം, ആയുർവേദ സ്പാ തുടങ്ങി ഒട്ടനവധി സൗകര്യങ്ങളുള്ള ട്രെയിന്‍, 2013-ൽ 'ഏഷ്യയിലെ പ്രമുഖ ലക്ഷ്വറി ട്രെയിൻ' എന്ന ബഹുമതിയും നേടി. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ട്രെയിന്‍ ഓടുന്നത്.
റൂട്ടുകൾ:
1. ബെംഗളൂരു - കബനി - മൈസൂർ - ഹാസൻ - ഹംപി - ബദാമി - ഗോവ - ബെംഗളൂരു
2. ബെംഗളൂരു - ചെന്നൈ - മഹാബലിപുരം - പോണ്ടിച്ചേരി - തഞ്ചാവൂർ - മധുര - തിരുവനന്തപുരം - ആലപ്പുഴ - കൊച്ചി - ബെംഗളൂരു

ഫെയറി ക്വീൻ എക്സ്പ്രസ്
ഇന്ത്യയിലെ ഏറ്റവും പഴയ ആഡംബര ട്രെയിനുകളിലൊന്നാണ് രാജസ്ഥാനില്‍ സര്‍വീസ് നടത്തുന്ന ഫെയറി ക്വീൻ എക്സ്പ്രസ്. സരിസ്കയിലെ ലേക്ക് പാലസ്, സരിസ്ക നാഷനൽ പാർക്ക് എന്നിവയും അല്‍വാറിലെ അൽവാർ മ്യൂസിയവുമാണ് ഈ യാത്രയിലെ പ്രധാന ആകര്‍ഷണങ്ങള്‍.
- റൂട്ട്: ഡൽഹി - അൽവാർ - സരിസ്ക- അൽവാർ - ഡൽഹി
ഹെറിറ്റേജ് ഓൺ വീൽസ്
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ആഡംബര ട്രെയിനുകളിലൊന്നായ ഹെറിറ്റേജ് ഓൺ വീൽസ് രാജസ്ഥാന്‍റെ പാരമ്പര്യങ്ങളും സംസ്കാരവും തുറന്നുകാട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിനുകളിൽ ഒന്നാണ് ഹെറിറ്റേജ് ഓൺ വീൽസ്.
- റൂട്ട്: ജയ്പുർ - ബിക്കാനീർ - താൽ ഛപ്പർ, ശെഖാവതി - ജയ്പുർ
ഹെറിറ്റേജ് ഓൺ വീൽസിൽ 3 രാത്രിയും 4 പകലും യാത്ര ചെയ്യുന്നവര്‍ സന്ദര്‍ശിക്കുന്ന ജനപ്രിയ ആകർഷണങ്ങൾ ഇവയാണ്:
- ബിക്കാനീർ: ജുനഗർ കോട്ട, ഹാത്ത്, ഒട്ടക സഫാരി, ലാൽഗഡ് പാലസ്, ദേശീയ ഗവേഷണ കേന്ദ്രം
താൽ ഛപ്പർ, ഷെഖാവതി: ലക്ഷ്മൺഗഡ് കോട്ട, ഗോയങ്ക ഹവേലി, സിക്കാർ, ചുരു, മണ്ഡാവ, നവൽഗഡ്
- ജയ്പുർ: ഹവാ മഹൽ, ആംബർ പാലസ്, സിറ്റി പാലസ്, ജന്തർ മന്തർ