ADVERTISEMENT

അയർലൻഡിലെ ഡബ്ളിൻ നഗരത്തിനു വടക്ക് മീത്ത് കൗണ്ടിയിലെ ബോയൻ താഴ്​വര പഴമയിലേക്കുള്ള വാതിലാണ്. ഈ മരതക ദ്വീപിന്റെ കിഴക്കു തീരത്ത് നാലു തരം ചരിത്രശേഷിപ്പുകളുണ്ട്.

1. ശിലായുഗ-കെൽറ്റിക് പാരമ്പര്യം പേറുന്ന, നിർമിതികൾ, കല്ലറകൾ. ദ്വീപ് തേടി കടൽ കടന്നു വന്നവരുടെ മായാമുദ്ര അവയിൽ നിൽക്കുന്നു (Ancient east).

2. സന്യാസാശ്രമങ്ങളും അന്തേവാസികളുടെ വർണചിത്ര ഗ്രന്ഥങ്ങളും. റൗണ്ട് ടവർ, കെല്ലുകളുടെ പുസ്തകം, സെയിന്റ് പാട്രിക്കിന്റെ പാദമുദ്രകൾ. ദ്വീപിൽ പുനർജീവൻ നേടിയ ക്രിസ്തുമതം ഇരുണ്ട യുഗത്തിൽ നിന്ന് പുറത്തു വരുന്ന യൂറോപ്പിൽ വീണ്ടും പടർന്നതിന്റെ നേർച്ചിത്രം. ഉയർന്നു പൊങ്ങിയ മൊണസ്ട്രികളും കെൽറ്റുകളുടെ കുരിശുകളും (Early christian Ireland).

3. മധ്യകാലത്തെ അധിനിവേശങ്ങളും തേരോട്ടങ്ങളും ത്വരിതമാക്കിയ സാംസ്കാരിക സമന്വയം. നോർമൻ, വൈക്കിങ് കാൽപാടുകൾ പതിഞ്ഞ പട്ടണങ്ങൾ, ഗ്രാമങ്ങൾ, കോട്ടകൾ, കൊട്ടാരങ്ങൾ (Medieval Ireland).

4. ബ്രിട്ടിഷ് അധിനിവേശകർ അവരുടെ അഭിരുചിയിൽ പണിതെടുത്ത ആഡംബര മന്ദിരങ്ങൾ, എസ്റ്റേറ്റുകൾ, പൂന്തോട്ടങ്ങൾ, മാൻഷൻ ഹൗസ് (Anglo Ireland).

Meadow in the Boyne valley
Meadow in the Boyne valley

വർഷം 2008, ഒരു വേനൽ പ്രഭാതം

ഡബ്ലിൻ നഗരത്തിൽ എംബിഎ വിദ്യാർത്ഥിയായ ഞാൻ അവധിക്കാലത്ത് ഒരു ടൂർ ഏജൻസിയുടെ ഓഫീസിനു മുന്നിൽ നിന്ന് യാത്ര തുടങ്ങുന്നു. വലിയൊരു ബസ് നിറയെ നാനാദേശത്തു നിന്നുള്ള സഞ്ചാരികൾ. സ്കൂൾ അധ്യാപികയുടെ ഭാവമുള്ള ഗൈഡ് വിവരണം തുടങ്ങി. ഇംഗ്ളണ്ടിലെ സ്റ്റോൺഹെഞ്ചിനേക്കാൾ, ഈജിപ്തിലെ പിരമിഡിനേക്കാൾ പഴയ ഒരു നിർമിതി തേടിയാണ് ഈ യാത്ര. ന്യൂഗ്രാഞ്ചിലെ 5,000 വർഷം പഴക്കമുള്ള ശവക്കല്ലറ. നഗരാതിർത്തി പിന്നിട്ട് ബസ് ബോയൻ താഴ്​വരയിൽ കയറി. നീലാകാശത്തിനു കീഴെ പച്ചപുതച്ച മേടുകൾക്ക് അതിരിടുന്ന കല്ലുവേലികൾ ചേതോഹരമായി ദൃശ്യമാകുന്നു. ന്യൂഗ്രാഞ്ചിലെ സന്ദർശക കേന്ദ്രത്തിനരുകിൽ ഇറങ്ങി. അകത്ത് കല്ലറയുടെ വലിയ ചിത്രങ്ങൾ.

Newgrange tomb
Newgrange tomb

ചില്ലുജാലകത്തിൽ ചുരുളി, ഉൾപ്പിരിവോടെ ഒരൊറ്റ സ്പൈറൽ. കൗതുകത്തോടെ അത് പരിശോധിക്കുന്ന അമേരിക്കൻ സഞ്ചാരി, കൂട്ടിന് ജാപ്പനീസ് ഗേൾഫ്രണ്ട്.

Newgrange tomb
Newgrange tomb

ഗൈഡ് നിർദ്ദേശിച്ച വഴിയിലൂടെ ഞങ്ങൾ നടന്നു. മുന്നിലൂടെ നടന്നു പോകുന്ന യുവമിഥുനങ്ങൾ. ഹരിതാഭമായ ബോയൻ താഴ്​വരയെ പകുത്ത് ശാന്തമായി ഒഴുകുന്ന നദി. കുന്നിൻ ചരിവിലെ പുൽമേട്ടിൽ മേയുന്ന തവിട്ടു നിറമുള്ള കുതിരകൾ. അങ്ങകലെ ഒരു തളിക കമിഴ്ത്തി വച്ചെന്നോണം കല്ലറ കാണാം. ചേർത്തടുക്കിയ കല്ലുകളുടെ വെണ്മ, മേലെ വളർന്ന പുല്ലിന്റെ പച്ച. അതിമനോഹരമായി ലാൻഡ്സ്കേപ് ചെയ്ത പ്രദേശം. കല്ലറയുടെ ശോഭ കെടുത്താൻ അടുത്തൊന്നും മറ്റു നിർമിതികളില്ല. ക്രമമുള്ള ഇടവേളകളിൽ വരുന്ന സന്ദർകരല്ലാതെ ആൾത്തിരക്കില്ല. വാഹനങ്ങളുടെ ശബ്ദമില്ല. ശ്രദ്ധയോടെ,  പാദം പതിപ്പിക്കേണ്ട പവിത്രമായ ഇടമാണിതെന്ന് ഒരു ഉൾവിളിയുണ്ടായി.

Restorated stone work on the tomb wall
Restorated stone work on the tomb wall

മെല്ലെ നടന്ന് അടുത്തു ചെന്നു. ശിലായുഗ കൈത്തൊഴിലാളികളുടെ കരവിരുത്. ഒരേക്കർ സ്ഥലത്ത് നിലകൊള്ളുന്ന, 85 മീറ്റർ ചുറ്റളവും 13 മീറ്റർ ഉയരവുമുള്ള കല്ലറ. ഉള്ളിലേക്കു നീളുന്ന ഇരുപത് മീറ്റർ നീളമുള്ള ഇടനാഴി. ഉള്ളറയിൽ മൂന്ന് ചെറിയ അറകൾ. നൂറോളം വലിയ കല്ലുകൾ കൊണ്ട് പുറംഭാഗം പണിതെടുത്തിരിക്കുന്നു. അവയിൽ മെഗാലിത്തിക് ലിഖിതങ്ങൾ. പ്രവേശന കവാടത്തിലെ കല്ലിൽ പരസ്പരം പിണയുന്ന മൂന്ന് സ്പൈരൽ. ബോയൻ താഴ്​വരയിലെ പുരാതന കർഷക സമൂഹമാണ് ഈ അന്ത്യവിശ്രമ കേന്ദ്രത്തിന്റെ ഉടമകളെന്ന് കരുതപ്പെടുന്നു. താഴ്​വരയിലെ മറ്റു പ്രദേശങ്ങളായ നൗത്തിലും ഡൗത്തിലും ഇത്തരം കല്ലറകളുണ്ട്, ചെറുതും വലുതുമായി മുപ്പത്തഞ്ച് എണ്ണം.

Ancient engraving of Triskelion on the tomb wall
Ancient engraving of Triskelion on the tomb wall

ഇടുങ്ങിയ പ്രവേശന കവാടത്തിലൂടെ ഞാൻ ഉള്ളിൽ കയറി, ഗൈഡ് വിവരണവുമായി ഒപ്പമുണ്ട്. ലംബമായി സജ്ജീകരിച്ച കൂറ്റൻ കല്ലുകൾ. കാലമെത്ര കടന്നുപോയിരിക്കുന്നു! അവയിപ്പോഴും ഇവിടെ. മൃതരുടെ എല്ലുകൾ വച്ചിരുന്ന ഒരു കല്ലുപാത്രം അരണ്ട വെളിച്ചത്തിൽ കാണാം. ശൈത്യ വിഷുവവുമായി (Winter solstice) ബന്ധപ്പെട്ട് കെൽറ്റിക് ഗോത്ര മനുഷ്യർക്ക് ചില വിശ്വാസങ്ങൾ ഉണ്ടായിരുന്നു. ഉത്തരാർധ ഗോളത്തിൽ പകലിന്റെ നീളം ഏറ്റവും കുറഞ്ഞ ദിവസമാണ് ശൈത്യ വിഷുവം (ഡിസംബർ 21). തണുപ്പിന്റെ കാഠിന്യം ഏറ്റവും കൂടിയ ദിവസമെന്നും പറയാം. ദക്ഷിണ ധ്രുവത്തിലേക്ക് ചാഞ്ഞ സൂര്യൻ ഉത്തര ധ്രുവത്തിലേക്ക് മടക്കയാത്ര ആരംഭിക്കുന്ന ദിനം - മരണത്തെ മറികടക്കുന്ന ജീവൻ. ഭൂമിയുടെ ജീവദായകനാണ് സൂര്യൻ. ഇനി പുലരുന്ന ഓരോ ദിവസവും സൂര്യൻ തോജോമയമാകും പകലിന്റെ നീളം മെല്ലെ വർധിക്കും. മരത്തിൽ നവമുകുളങ്ങൾ വരും പൂക്കൾ വിരിയും വസന്തം വരും. പൂവ് കായാകും വേനൽ വരും അന്തമില്ലാതെ പകലുകളുണ്ടാകും. മെല്ലെ അതും കുറയും ഇലകൾ നിറംമാറി കൊഴിയും വീണ്ടും ശൈത്യമാകും. കാലചക്രം ചലിച്ചുകൊണ്ടേയിരിക്കും.

Bective abbey
Bective abbey

ന്യൂഗ്രാഞ്ച് കല്ലറയുടെ പ്രവേശന കവാടത്തിനു മുകളിൽ ഒരു ദ്വാരമുണ്ട്. ഡിസംബർ 21-ന് സൂര്യോദയ നേരത്ത്, രാവിലെ ഒമ്പത് മണിയോടടുത്ത് ആ ദ്വാരത്തിലൂടെ കല്ലറയുടെ അകത്ത് സ്വർണ വെളിച്ചം കൃത്യമായി വീഴും. സൂര്യന്റെ സഞ്ചാരപാതയ്ക്ക് അനുസൃതമായി കല്ലറയുടെ അകം പ്രകാശമയമാകും. പുരാതന എൻജിനിയറിങ് വൈഭവം, കല്ലാശാരിമാരുടെ മികവ്. ഹെർമറ്റിക് ചിന്തയിൽ സൂര്യൻ എന്നാൽ വെറുമൊരു ഗ്രഹമല്ല. സകല സൃഷ്ടികളുടേയും ഉറവിടമായ സ്വയം പ്രകാശിക്കുന്ന ഒരു സൂര്യനുണ്ട് - സകലത്തിന്റേയും സത്ത, അനാദിയായ സത്യം. രൂപകമായ ആ സൂര്യന്റെ പ്രതിരൂപമാണ് സൂര്യൻ എന്ന ഗ്രഹം. ശൈത്യവിഷുവ പ്രഭാതത്തിൽ, ശിലാ തളികയിലെ എല്ലുകളിൽ വീഴുന്ന പ്രകാശം, മരണമടഞ്ഞ പൂർവികരുടെ ആത്​മാക്കളെ കൂട്ടിക്കൊണ്ടു പോകാൻ വരുന്ന സൂര്യഭഗവാനത്രേ - അതായിരുന്നു ഹെർമറ്റിക് ഊർജ്ജം സ്വീകരിച്ച കെൽറ്റിക് ജനതയുടെ വിശ്വാസം. അതിനാൽ ശൈത്യവിഷുവം പുരാതന സമൂഹങ്ങളിൽ വർഷത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു, പുതുവർഷം അവിടെ തുടങ്ങുന്നു. ഒരാഴ്ച നീളുന്ന ആ ആഘോഷത്തിന്റെ പുതുരൂപമാണ് ക്രിസ്മസ്.

Bective abbey
Bective abbey

പൗരാണികതയിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ച് ആധുനികവൽക്കരിച്ച ആഘോഷം

ശൈത്യവിഷുവ ദിനത്തിൽ ന്യൂഗ്രാഞ്ച് കല്ലറയുടെ ഉള്ളിൽ കയറി സൂര്യദേവനെ മുഖാമുഖം കാണാൻ അവസരമുണ്ട്. പക്ഷേ ഭാഗ്യം തുണവേണം. അപേക്ഷകർ അനേകം, നറുക്കിട്ടാണ് പ്രവേശനം തീരുമാനിക്കുന്നത്. സെപ്റ്റംബറിൽ പ്രത്യേക അപേക്ഷാ ഫോമിലൂടെ രജിസ്റ്റ്രേഷൻ. ഒക്ടോബറിൽ ലോട്ടറിയിലൂടെ തീരുമാനമാകും. ഭാഗ്യവാന്മാർ ഡിസംബറിലെ തണുപ്പിൽ, അറയിലെ ഇരുട്ടിൽ അരുണനെ കാത്തു നിൽക്കും. ഒമ്പതു മണിക്ക് ഇരുട്ടിനെ കീറുന്ന സ്വർണസൂചികൾ കണ്ട് അവർ വിസ്മയിക്കും. ഈ മാന്ത്രിക നിമിഷം വന്നു ഭവിക്കാൻ കാലാവസ്ഥ കനിയണം. അയർലൻഡിൽ ശീതകാലത്ത് പ്രഭാതം തെളിയുമെന്ന് ഉറപ്പൊന്നുമില്ല. മേഘം മൂടിയാൽ സൂര്യന്റെ ശക്തി കുറയും അറയിലെ കാത്തിരിപ്പ് വെറുതെയാകും.

ഞാൻ അറയുടെ പുറത്തിറങ്ങി കല്ലറയുടെ  ചുറ്റും ഒരു വലം വച്ചു. അറ്റകുറ്റപ്പണി പലവുരു ചെയ്തിട്ടുണ്ട്. പക്ഷേ അറകൾ അയ്യായിരം വർഷം ഇളകാതെ നിലനിന്നു. ഓരോ കാലത്ത് നാട് കയ്യേറിയവർ അതിനെ തകർക്കാതെ വിടാൻ കാരണമെന്താകാം? അവരുടെ കാഴ്ചയിൽ നിന്ന് മറഞ്ഞിരുന്നോ ഈ കെൽറ്റിക് താഴ്​വര, പുറം കെട്ടിയെടുത്ത ചുണ്ണാമ്പു കല്ലുകൾ ഹരിത പശ്ചാത്തലത്തിൽ നയനാനന്ദകരം. വിശാലമായ മേട്ടിൽ വിജനമായ ഈ ശവസംസ്കാര കേന്ദ്രം കാലപ്രവാഹത്തിൽ ഒരു അർധവിരാമം പോലെ. പ്രധാന കവാടത്തിലെ പരസ്പര ബന്ധിതമായ മൂന്ന് സ്പൈരൽ (Triskelion) കെൽറ്റിക് മിത്തോളജിയിലെ കേന്ദ്ര ചിഹ്നമാണ്.  ജീവന്റെ ഉൾപ്പിരിവുകൾ (As above, so below). ഹെർമെറ്റിക് മിത്തിൽ ത്രിമൂർത്തമായ പ്രപഞ്ച തത്വം. ക്രിസ്തുമതത്തിലെ ത്രിത്വം (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്). ഭൂമിയിൽ ജീവിതം, മരണം, പുനർജന്മം. പുരുഷൻ, സ്ത്രീ, ശിശു.

ഒരു പ്രഭവകേന്ദ്രത്തിൽ നിന്ന് വളർന്നു വികസിക്കുന്ന ജീവൻ, പ്രപഞ്ച ചേതന

പുനർജന്മം എന്നാൽ പുതിയ തുടക്കം, വളർച്ച, രൂപമാറ്റം. ജീവിക്കുന്തോറും നാം വൃത്തം പൂർത്തിയാക്കുന്നു, എന്നാൽ ഒരേ വൃത്തമല്ല; ഓരോ തവണയും ഒരു പടി മുകളിലാണ് വട്ടം ചുറ്റുന്നത്. വികസിച്ചു കൊണ്ടേയിരിക്കുന്ന പ്രപഞ്ചമായി ഇതിനെ കാണാം, ആയുസ്സിന് ആനുപാതികമായി വർധിക്കുന്ന അവബോധമായി കാണാം. ഉള്ളിലേക്ക് ആഴത്തിൽ നോക്കിയാൽ ഉറവിടമായ കേന്ദ്രത്തെ അറിയാം. നാനാത്വത്തിൽ ഏകമായ ജീവചക്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'ക്ക് ആധാരമായ ചെറുകഥയുടെ രചയിതാവ് വിനോയ് തോമസ്, സിനിമയുടെ തിരക്കഥ ഇന്ത്യൻ-യൂറോപ്യൻ മിത്തോളജിയുടെ സമന്വയമാണെന്ന് പറഞ്ഞിരുന്നു. സിനിമ കണ്ടപ്പോൾ എന്റെ മനസ്സിൽ വന്നത് ന്യൂഗ്രാഞ്ചിലെ ചുരുളിയാണ്. 'ചുരുളി' സിനിമയിൽ ഉടനീളം സ്പൈരലുണ്ട്. ആ സിനിമയ്ക്ക് നൽകാവുന്ന അനേകം വ്യാഖ്യാനങ്ങളിൽ ഒന്നാണ് കെൽറ്റിക് മിത്ത് - വ്യാഖ്യാനങ്ങൾ മാത്രം. എങ്ങനെ വ്യാഖ്യാനിച്ചാലും പൂർണമായി ഗ്രഹിക്കാനാവാത്ത പ്രഹേളികയാണ് പരമസത്യമെന്ന് രണ്ടു ചുരുളികളും പറയുന്നുണ്ട്.

ന്യൂഗ്രാഞ്ചിനോട് വിട ചൊല്ലി. പ്രശാന്ത സുന്ദരമായ പാതയിൽ ഒരിടത്ത് വീണ്ടുമിറങ്ങി. ബോയൻ നദിയുടെ പരിസരത്ത് മറ്റൊരു പുരാതന നിർമിതിയുടെ അവശിഷ്ടം - ബെക്ടീവ് ആബ്ബി. സിസ്റ്റേറിയൻ സന്യാസികൾക്കു വേണ്ടി മീത്ത് കൗണ്ടിയിലെ രാജാവ് പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചത്. ആരാധനാലയവും താമസസ്ഥലവും ചേർന്ന ഒരു ക്വാർട്ടർ. ലളിതമായ ആശ്രമ ജീവിതത്തിനു വേണ്ടി സജ്ജമായത്. ഇപ്പോൾ ഭാഗികമായി തകർന്ന് ഗവണ്മെന്റിന്റെ സംരക്ഷണത്തിൽ. അകത്തളത്തിൽ നടക്കുമ്പോൾ പഴയ പ്രൗഢി ഓർത്തെടുക്കാം. തലയെടുപ്പുള്ള ഒരു ഗോപുരം, വിശാലമായ പ്രധാന ഹാൾ, ദ്വാരമായ ജാലകങ്ങൾ. താഴേക്കു നീണ്ടു പോകുന്ന അറകൾ. കല്ലടുക്കി വച്ച അതിരുവേലിക്കുമുണ്ട് കാൽപനിക സൗന്ദര്യം. ഇത് ഹോളിവുഡ് പീരിയഡ് സിനിമകളുടെ ഇഷ്ടവേദി. (ബ്രേവ്ഹാർട്ട് - 1996, ലാസ്റ്റ് ഡ്യുവൽ - 2021).

ബോയൻ താഴ്​വരയിൽ സാർത്ഥകമായ പാതിദിനത്തിനു ശേഷം ഞങ്ങളുടെ വാഹനം നഗരം ലക്ഷ്യമാക്കി നീങ്ങി. ഗൈഡ് അപ്പോഴും വാചാലയായിരുന്നു.

English Summary:

A journey to a megalithic ancient monument which is older than the Pyramids of Giza.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com