ADVERTISEMENT

പത്തൊൻപതാം നൂറ്റാണ്ടിൽ ക്ഷയരോഗം യുഎസിനെ കീഴ്‌പ്പെടുത്തി. ഒട്ടേറെ ക്ഷയരോഗികളെ ഒരു ഗുഹയ്ക്കുള്ളിൽ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. ഗുഹയ്ക്കുള്ളിലെ വായു ഇവരുടെ ക്ഷയരോഗം സുഖപ്പെടുത്തുമെന്ന ചിന്തയായിരുന്നു ഇതിനു പിന്നിൽ ഈ ഗുഹയുടെ പേരാണ് മാമ്മോത്ത് കേവ്. പേരു സൂചിപ്പിക്കുന്നതുപോലെ ലോകത്തിലെ ഏറ്റവും വലിയ ഗുഹാ സംവിധാനമാണ് മാമ്മോത്ത് ഗുഹ. നൂലാമാലകൾ പോലെ വഴിതിരിഞ്ഞു പോകുന്ന ധാരാളം ഗുഹയറകളുള്ള സംവിധാനമാണു മാമ്മോത്ത് ഗുഹ. യുഎസിലെ കെന്റിക്കിയിൽ സ്ഥിതി ചെയ്യുന്ന ഇത് ലോക പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള പ്രകൃതിസംവിധാനമാണ്. ചുണ്ണാമ്പുകല്ലാണ് പ്രധാനമായും ഗുഹയുടെ ഘടന. ചുണ്ണാമ്പുകല്ലിൽ കാലങ്ങളോളം സംഭവിച്ച നശീകരണമാണു ഗുഹയ്ക്കു വഴിവച്ചത്. 676 കിലോമീറ്ററാണ് ഈ ഗുഹാഭീമന്റെ നീളം. കേരള സംസ്ഥാനത്തിന്റെ വടക്കു മുതൽ തെക്കുവരെയുള്ള നീളം 585 കിലോമീറ്ററാണ്. അതായത് മാമ്മോത്ത് ഗുഹയ്ക്ക് കേരളത്തേക്കാൾ നീളമുണ്ടെന്ന് അർഥം.

Image Credit : Kelly vanDellen/shutterstock
Image Credit : Kelly vanDellen/shutterstock

നാലായിരം വർഷങ്ങളായി ഈ ഗുഹ ഉപയോഗിപ്പെടുന്നുണ്ടെന്നാണു കണക്ക്. യുഎസിലെ ആദിമഗോത്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കടുത്ത കാലാവസ്ഥ ഉടലെടുക്കുന്ന കാലത്ത് അവർ ഇവിടെയെത്തി താമസിച്ചിരുന്നു. ശവശരീരം പ്രത്യേകരീതിയിൽ ഉണക്കി കാലങ്ങളോളം സൂക്ഷിക്കുന്ന രീതി ഗോത്രങ്ങൾക്കിടയിലുണ്ടായിരുന്നു. ഇത്തരം ധാരാളം മമ്മികൾ ഗുഹയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഒപ്പം പലകാലങ്ങളായി മരിച്ചവരുടെ അസ്ഥികൂടങ്ങളും മറ്റ് അവശേഷിപ്പുകളും. യുഎസിലെ പ്രേതവിശ്വാസികളുടെ പ്രധാനപ്പെട്ട ചർച്ചാവിഷയം കൂടിയാണ് മാമ്മോത്ത് ഗുഹ. ഇവിടെ പ്രേതങ്ങൾ നിർബാധം വിഹരിക്കുന്നെന്ന് വിശ്വസിക്കുന്നവരുണ്ട്.

mammoth-cave-the-colossal-underground-marvel-that-outsizes-kerala1
മാമ്മോത്ത് ഗുഹ

യുഎസിന്റെ കൊളോണിയൽ വാഴ്ചക്കാലത്ത് അടിമകളെക്കൊണ്ടായിരുന്നു അപകടകരമായ ഈ ഗുഹയിൽ പര്യവേക്ഷണങ്ങളും സർവേകളും നടത്തിയിരുന്നത്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തനാണ് അക്കാലത്ത് അടിമയും പിൽക്കാലത്ത് സ്വതന്ത്രനാക്കപ്പെട്ടയാളുമായ സ്റ്റീഫൻ ബിഷപ്. ഈ ഗുഹയുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ സ്റ്റീഫൻ നിർണായകമായ സംഭാവനകൾ നൽകി. ഗുഹയ്ക്കുള്ളിൽ നിന്നു ഖനനം ചെയ്‌തെടുക്കുന്ന സോൾട്ട്പീറ്റർ എന്ന രാസവസ്തു വെടിമരുന്ന് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. 1812ൽ യുഎസിൽ നടന്ന യുദ്ധങ്ങളിൽ തോക്കുകളും പീരങ്കികളും നിറച്ചിരുന്നത് ഈ വെടിമരുന്ന് ഉപയോഗിച്ചാണ്.

mammoth-cave-adds-8-newly-mapped-miles-its-already-record-length1
മാമ്മോത്ത് ഗുഹ

1816 മുതൽ തന്നെ ഈ ഗുഹാസംവിധാനത്തെ വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നു. ഇന്നിത് മാമ്മോത് കേവ് നാഷനൽ പാർക്ക് എന്ന ബൃഹത് വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമാണ്. വർഷം തോറും ലക്ഷക്കണക്കിനാളുകൾ ഇവിടം സന്ദർശിക്കുന്നു. നയാഗ്രാ വെള്ളച്ചാട്ടം കഴിഞ്ഞാൽ യുഎസിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന പ്രകൃതികേന്ദ്രമാണ് മാമ്മോത്ത് കേവ് നാഷനൽ പാർക്ക്.

പക്ഷികളും ചെറുമൃഗങ്ങളും മീനുകളും ഉൾപ്പെടെ 130 സ്പീഷിസുകളിലെ ജീവികൾ ഗുഹയ്ക്കുള്ളിൽ ജീവിക്കുന്നു. ഇതിൽ 12 സ്പീഷിസുകൾ ഇവിടെ മാത്രം ഉള്ളവയാണ്. സതേൺ കേവ്ഫിഷ്, ആൽബിനോ ഷ്രിംപ്, ഇന്ത്യാന ക്രേ ഫിഷ് തുടങ്ങിയ ജലജീവികൾ, ഇന്ത്യാന ബാറ്റ്, ഈസ്റ്റേൺ പിപിസ്‌ട്രെല്ലെ ബാറ്റ് തുടങ്ങിയ വവ്വാലുകൾ തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്. ഇതിൽ പലതും വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്.

Mammoth Cave National Park excitedly reveals 'longest cave in the world is now even longer'
Mammoth Cave National Park excitedly reveals 'longest cave in the world is now even longer'

ഗുഹകളിൽ നീളത്തിലെ രണ്ടാമൻ മെക്‌സിക്കോയിൽ സ്ഥിതി ചെയ്യുന്ന സിസ്‌റ്റെമ സാക് അക്ടുനാണ്. 335 കിലോമീറ്ററാണ് ഇതിന്റെ നീളം. മൂന്നാമത്തെ നീളൻ ഗുഹയും യുഎസിലാണ്. ജ്യുവൽകേവ് എന്നറിയപ്പെടുന്ന ഇതിന്റെ നീളം 289 കിലോമീറ്ററാണ്. മെക്‌സിക്കോയിലെ സിസ്‌റ്റെമ ഒക്‌സ് ബെൽഹ, യുക്രെയിനിലെ ഒപ്സ്റ്റിമിസ്റ്റിച്ച്‌ന കേവ് , യുഎസിലെ വിൻഡ് കേവ് എന്നിവയൊക്കെ 200 കിലോമീറ്ററിലധികം നീളമുള്ളവയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഗുഹ ഇതൊന്നുമല്ല. അത് ജോർജിയയിലെ കോകാസസ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന ക്രുബേറ എന്ന ഗുഹയാണ്. ഇഴപിരിഞ്ഞുപോകുന്ന ചുരുളി ഘടനകളും ഇടുങ്ങിയ അറകളും വഴിതെറ്റാനുള്ള സാഹചര്യമൊരുക്കും. വളരെ പരിചിതരായ പര്യവേക്ഷകർ പോലും ഈ ഗുഹയിൽ വിയർത്ത ചരിത്രമുണ്ട്.

English Summary:

Mammoth Cave National Park is a national park in south-central Kentucky.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com