അസ്തമയക്കാഴ്ചകളും പാഷന് ഫ്രൂട്ട് രുചിയും; തായ്‌ലൻഡ് യാത്രയിൽ നിക്കി ഗല്‍റാണി

Mail This Article
നിവിന്‍ പോളിയുടെ 1983 എന്ന ചിത്രത്തിലെ മഞ്ജുള ശശിധരന്‍ ആയാണ് നിക്കി ഗല്‍റാണി എന്ന കര്‍ണ്ണാടകക്കാരി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലും പ്രത്യക്ഷപ്പെട്ട നടി തെന്നിന്ത്യയുടെ മനംകവര്‍ന്നു. ദിലീപ് ചിത്രമായ ഇവന്‍ മര്യാദരാമനില്‍ നായികയായി വന്ന നിക്കിയുടെ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിനിമയില്‍ അത്ര സജീവമല്ല നടി. എന്നിരുന്നാലും റിയാലിറ്റി ഷോകളിലൂടെയും മറ്റും ഇപ്പോഴും നിക്കി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ എത്തുന്നു.

2022 ല്‍, ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം നടന്‍ ആദി ഷെട്ടിയുമായി വിവാഹം കഴിഞ്ഞ നിക്കി, തന്‍റെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഈയിടെ ഭര്‍ത്താവൊന്നിച്ചുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
അസ്തമയത്തിന്‍റെ പശ്ചാത്തലത്തില്‍ ബീച്ചില്‍ നില്‍ക്കുന്ന ഇരുവരെയും ചിത്രത്തില്‍ കാണാം. തായ്‌ലൻഡിലെ ചുംഫോൺ ആർക്കിപെലാഗോയിൽ സ്ഥിതിചെയ്യുന്ന കോ സമൂയി ദ്വീപിലുള്ള നിക്കി ബീച്ച് റിസോർട്ട് ആൻഡ് സ്പായില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ബോഡി മസാജുകൾ, സ്‌ക്രബുകൾ, ഫേഷ്യലുകൾ, സ്റ്റീം റൂം സെഷനുകൾ തുടങ്ങി നിരവധി സുഖചികിത്സകൾ നടത്തുന്ന സ്പാ സെന്റർ, രുചികരമായ സമുദ്രവിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്റുകൾ എന്നിവയ്ക്കൊപ്പം അത്യാധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ഈ റിസോര്‍ട്ട്, സെലിബ്രിറ്റികള്‍ അടക്കമുള്ള സഞ്ചാരികള്‍ക്കിടയില്‍ ജനപ്രീതിയാര്‍ജ്ജിച്ചു വരുന്ന ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്.

ഫുകേത്, കോ ചാങ്ങ് എന്നിവ കഴിഞ്ഞാൽ തായ്‌ലൻഡിലെ മൂന്നാമത്തെ വലിയ ദ്വീപായ കോ സമൂയിയില്‍ പ്രധാനമായും ടൂറിസത്തെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഉള്ളത്. മനോഹരമായ ബീച്ചുകളും മലഞ്ചെരിവുകളും തെങ്ങിന്‍തോപ്പുകളും പവിഴപ്പുറ്റുകളുമെല്ലാമായി പ്രകൃതിഭംഗിയാര്‍ന്ന ഇവിടം ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ സഞ്ചാരികളെ വരവേല്‍ക്കുന്നു.
മലായ് പെനിൻസുല, ദക്ഷിണ ചൈന എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് 15 നൂറ്റാണ്ടുകൾക്കു മുൻപ് ഈ ദ്വീപിൽ ആദ്യമായി ജനവാസമുറപ്പിച്ചത്. 1687 മുതലുള്ള ചൈനീസ് ഭൂപടങ്ങളിൽ ‘പുലോ കോർണം’ എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപിന്‍റെ ഇപ്പോഴത്തെ പേര്, തെക്കൻ തായ്‌ലൻഡിൽ പ്രാദേശികമായി കാണപ്പെടുന്ന ഒരു മരത്തിന്‍റെ പേരില്‍ നിന്നുമാണ് വന്നത് എന്നു കരുതപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ, തായ്‌ലൻഡിന്‍റെ പ്രധാന ഭൂപ്രദേശവുമായി വലിയ ബന്ധമില്ലാത്ത ഒറ്റപ്പെട്ട പ്രദേശമായിരുന്നു കോ സാമുയി. ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോഴാകട്ടെ, ബാങ്കോക്ക് എയർവേയ്‌സിന്‍റെ ഉടമസ്ഥതയിലുള്ള സാമുയി എയർപോർട്ട് വഴി എളുപ്പത്തില്‍ ഇവിടെയെത്താം. കൂടാതെ, രണ്ട് കാർ/പാസഞ്ചർ ഫെറികൾ ഉൾപ്പെടെ നിരവധി കടത്തുവള്ളങ്ങൾ ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നു. ദ്വീപിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും എത്താന്‍ ബസ്, ടാക്സി സര്‍വീസുകളും സുലഭമാണ്.
നാഥോന്‍ പര്‍വ്വതനിരകള്‍, ലിപ നോയി ബീച്ച്, ബോ ഫട്ട് ബീച്ച്, ചാവെങ്, ബാംഗ് പോ ബീച്ച്, ചാവെങ് ബീച്ച്, നമുവാങ് വെള്ളച്ചാട്ടം, വാട്ട് ഫ്രാ യായി ബുദ്ധ ക്ഷേത്രം തുടങ്ങി ഒട്ടേറെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. കോ സമൂയിയുടെ വടക്ക് ഭാഗത്തായി കോ ഫംഗാൻ, കൊ താവോ, കോ നാങ് യുവാൻ തുടങ്ങിയ റിസോർട്ട് ദ്വീപുകളുമുണ്ട്. ജർമനി, യുകെ, തായ്‌ലൻഡ് എന്നിവിടങ്ങളില്‍ നിന്നാണ് ദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.
വിനോദസഞ്ചാരികളുടെ അമിതമായ ഒഴുക്ക് കാരണം ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കോ സമൂയി നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കടുത്ത ജലക്ഷാമമാണ് ഇവിടെ അനുഭവപ്പെട്ടത്.