‘ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയിൽ ബാക്കിയുണ്ട്...’; യാത്രാ അനുഭവം പങ്കുവച്ച് നവ്യ

Mail This Article
ഇന്തൊനീഷ്യയിലെ സുന്ദരഭൂമിയായ ബാലിയില്‍നിന്നു ഹൃദയം തൊടുന്ന യാത്രാ അനുഭവം പങ്കുവച്ച് നവ്യ. മകനൊപ്പമുള്ള എട്ടു ദിവസത്തെ ബാലി യാത്രയിൽ തദ്ദേശികളുടെ പരിഗണനയെക്കുറിച്ചാണ് നവ്യയുടെ കുറിപ്പ്. ബാലി യാത്രാ അനുഭവം നവ്യയുടെ വാക്കുകളിൽ വായിക്കാം.
ബാലിയോട് വിട ..
ഞാനൊരു സഞ്ചാരിയല്ല പക്ഷേ നടത്തിയ ചുരുക്കം യാത്രകളിൽ നിന്ന് ഇത് പറയാതേ വയ്യ. അതിഥി ദേവോ ഭവാ! അതിവിടെ കണ്ടതുപോലെ മറ്റെവിടെയും കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല.

ആദ്യമൊക്കെ ഇതൊരു അസാധാരണ ബഹുമാനവും സ്നേഹവും കാണിക്കലാണോ എന്നു തോന്നി (എന്തിലും ഒരു സംശയം നമ്മുടെ ട്രേഡ് മാർക്ക് ആണല്ലോ) പക്ഷേ അല്ല ഒരു ചെറിയ അനുഭവം കുറിക്കാം…

നുസ ദുവ എന്ന സ്ഥലത്താണ് ഞങ്ങൾ ആദ്യം എത്തിയത് അവിടെ നിന്ന് ഉബുദ് പിന്നീട് ചാങ്കൂ ഇതായിരുന്നു 8 ദിവസത്തേക്കുള്ള പ്ലാൻ .പക്ഷേ വാട്ടർസ്പോർട്സ് അധികവും നുസ ദുവ ആയതിനാൽ മോന്റെ ആഗ്രഹപ്രകാരം ഞങ്ങൾ അവസാന ദിവസം നുസ ദുവയിലേക്കു തിരിച്ചെത്തി, എത്തിയപ്പോഴാണ് ഞങ്ങൾ താമസിച്ച ബീച്ച് ഫ്രണ്ട് ഹോട്ടലിന്റെ 100 മീറ്റർ മാറിയുള്ള സെന്ററിൽ ലോ ടൈഡ് കാരണം, ആക്റ്റിവിറ്റീസ് ചെയ്യുന്നില്ല എന്നു പറഞ്ഞത്, അടുത്ത ദിവസം കാലത്ത് ഞങ്ങൾ മടങ്ങുകയുമാണ്. ഞങ്ങളുടെ മുഖത്തെ നിരാശ കണ്ടപ്പോൾ, ഏകദേശം 4 കിലോമീറ്റർ ദൂരെ ഉള്ള ഒരു സ്ഥലത്തു വിളിച്ചു ചോദിച്ചു, ഞങ്ങളെ അവർ അവിടെ എത്തിച്ചു. അവർക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ചിലപ്പോൾ കമ്മീഷൻ കിട്ടുന്നത് കൊണ്ടാകാം എന്നൊക്കെ കരുതാം, പക്ഷേ എനിക്കതിനെ സ്നേഹമായിട്ടാണ് തോന്നിയത്, പരിഗണനയായിട്ടാണ് തോന്നിയത്...

എപ്പോഴും കാണുമ്പോൾ അവിടെ ഉള്ള എല്ലാ കടകളിലെയും കടലിലെയും കൊട്ടാരങ്ങളിലെയും വീടുകളിലെയും റോഡിലെയും ടാക്സിയിലെയും മനുഷ്യർക്കെല്ലാം മനംനിറയ്ക്കുന്ന ചിരിയാണ്. ഇവിടേക്ക് മടങ്ങി വരാൻ തോന്നുന്ന സുരക്ഷിതത്വം ആ ചിരിയിൽ എനിക്കു കാണാനായി.
മോന്റെ ഒപ്പം ഉള്ള യാത്രയായതിനാൽ എന്റെ ഇഷ്ടത്തിനുള്ള മ്യൂസിയം ഒക്കെ അധികം കാണാൻ കഴിഞ്ഞില്ല പക്ഷേ ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയിൽ ബാക്കിയുണ്ട് .
വീണ്ടും കാണാനുള്ള കൊതിയോടെ...വിട…
ബാലി, ഇന്ത്യന്‍ സഞ്ചാരികളുടെ പറുദീസ
ഇന്തൊനീഷ്യയിലെ ഏറ്റവും മനോഹരമായ ദ്വീപുകളില്‍ ഒന്നാണ് ബാലി. ശാന്തമനോഹരമായ കടലോരങ്ങളും വിശാലമായ നെല്‍പാടങ്ങളും അഗ്നിപര്‍വ്വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ ബാലി, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അധികം ചെലവില്ലാതെ പോയിവരാവുന്ന ഒരിടം.
അതിമനോഹരമായ സൂര്യാസ്തമയ കാഴ്ചകൾ കാണാവുന്ന ഉലുവാട്ടു ക്ഷേത്രം ബാലിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. പാറക്കൂട്ടത്തിന് മുകളിലുള്ള കടൽ ക്ഷേത്രമാണ് തനഹ് ലോട്ട് ക്ഷേത്രം. മനോഹരമായ നടപ്പാതകൾക്കും പ്രകൃതിഭംഗിക്കും പേരുകേട്ട തെഗലാലംഗ് റൈസ് ടെറസുകൾ കാണേണ്ട കാഴ്ചയാണ്. ബാലിയുടെ സാംസ്കാരിക ഹൃദയമായ ഉബുദ്, കലാവിപണികളുടെയും പരമ്പരാഗത നൃത്ത പരിപാടിളുടെയും പുരാതന ക്ഷേത്രങ്ങളുടെയും ആസ്ഥാനമായ സേക്രഡ് മങ്കി ഫോറസ്റ്റ് സാങ്ച്വറി എന്നിവയും സന്ദര്‍ശിക്കേണ്ടവയാണ്.
മനോഹരമായ കുട്ട, സെമിനിയാക് തുടങ്ങിയ ബീച്ചുകള്‍ സമുദ്രവിനോദങ്ങള്‍ക്ക് പേരുകേട്ടതാണ്. പെംഗ്ലിപുരാൻ പോലുള്ള പരമ്പരാഗത ഗ്രാമങ്ങൾ ആധികാരികമായ ബാലിനീസ് അനുഭവം നല്‍കും. തടാകത്തിൻ്റെ അതിമനോഹരമായ കാഴ്ചകള്‍ നിറഞ്ഞ സജീവ അഗ്നിപർവ്വതമായ മൗണ്ട് ബത്തൂരിൻ്റെ ആസ്ഥാനം കൂടിയാണ് ബാലി.
വര്‍ഷം മുഴുവനും പോയി വരാവുന്ന സ്ഥലമാണെങ്കിലും ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ബാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് വിമാനനിരക്കും ഹോട്ടല്‍ നിരക്കും വളരെ കുറവായിരിക്കും. കൂടാതെ ബീച്ചുകളും ക്ഷേത്രങ്ങളും പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ആളുകളുടെ തിരക്കും കുറവായിരിക്കും.