ADVERTISEMENT

നീലാകാശവും വെൺമേഘങ്ങളും കണ്ണാടിയിൽ എന്നവണ്ണം മുഖം നോക്കുന്ന  തടാകത്തിൽ താറാവുകൾക്കൊപ്പം നീന്തിത്തുടിക്കുകയാണ് രാജഹംസങ്ങൾ. വെൺമയുള്ള തൂവലുകളും നീണ്ടു വളഞ്ഞ കഴുത്തും കറുപ്പുനിറം ചാലിച്ചു വരച്ചതു പോലുള്ള ഓറഞ്ച് കൊക്കും ചേർന്ന മനോഹര രൂപങ്ങൾ വെള്ളപ്പരപ്പിലൂടെ വലിയ കളിപ്പാട്ടങ്ങൾ പോലെ അങ്ങനെ ഒഴുകി നീങ്ങുന്നു. ബ്രിട്ടനിലെ പാർക്കുകളോടു ചേർന്നുള്ള ജലാശയങ്ങളിലെ സ്ഥിരം കാഴ്ചയാണിത്. ഇംഗ്ലിഷിൽ Swan എന്നറിയപ്പെടുന്ന ഈ അരയന്നങ്ങളെ രാജഹംസം എന്നു ഞാനിവിടെ വിശേഷിപ്പിച്ചത് വെറുതെയല്ല. രാജ്യത്തെ അതീവ സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ഭൂരിഭാഗം ഹംസങ്ങളുടെയും ഉടമസ്ഥൻ ഇപ്പോഴും ബ്രിട്ടീഷ് രാജകീയ ചക്രവർത്തിയാണ്. (The British Royal Monarch). അതിലേക്കു പിന്നാലെ വരാം. സ്കോട്​ലൻഡിലെ വിശാലമായ സ്ട്രാത്ക്ലൈഡ് കൺട്രി പാർക്കിലെ തടാകക്കരയിലാണ് ഞാൻ നിൽക്കുന്നത്. സുഹൃത്ത് കോതമംഗലം സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജിമ്മി, കൂത്താട്ടുകുളത്ത് നിന്ന് അടുത്തയിടെ എത്തിയ ഗ്രാഫിക് ഡിസൈനറായ സുഹൃത്ത് അരുൺ ജോസ് എന്നിവരും കുടുംബസമേതം ഞങ്ങൾക്കൊപ്പം ഉണ്ട്. പുൽത്തകടിയിൽ അടിച്ച കൂടാരത്തിലും സമീപത്തുമായി മറ്റുള്ളവർ വിശ്രമിക്കുമ്പോൾ,  ഹംസങ്ങളെ അടുത്തു കാണാനായി ഞാൻ കൗതുകപൂർവ്വം തടാകക്കരയിലേക്കു നീങ്ങി. 

scotland5

50 അടിയോളം ദൂരം മാറി തടാകത്തിലൂടെ നീന്തിക്കൊണ്ടിരുന്ന ഹംസങ്ങളിൽ ഒന്ന് എന്നെ ഒളി കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. വല്ലതും തരുമെങ്കിൽ ഞാനങ്ങ് വരാം എന്ന ഭാവത്തിൽ അവൾ വേഗം കുറച്ച് മുന്നോട്ടു നീന്തുന്നതിനിടെ ഞാൻ വേഗം പോയി സംഘടിപ്പിച്ചു കൊണ്ടുവന്ന ബ്രഡ് മുറിച്ചെടുത്ത് നീട്ടി. മുന്നോട്ടു നീങ്ങുകയായിരുന്ന ഹംസം യൂടേൺ എടുത്ത് അന്തസ്സ് കൈവിടാതെ സാവധാനം എന്റെ അടുത്തേക്ക് വരുന്നു. ഇട്ടുകൊടുത്ത കഷ്ണങ്ങൾ അടുത്തെത്തി തിന്നുന്നതു കണ്ടതോടെ സുഹൃത്തുക്കളും കൗതുകപൂർവ്വം ഹംസത്തിന് തീറ്റ നൽകാൻ അടുത്തെത്തി. ബ്രഡ് മതിയാവോളം തിന്നശേഷം വെള്ളത്തിൽ നിന്നു കരയ്ക്ക് കയറി കുറേനേരം ഞങ്ങൾക്കൊപ്പം നിന്നിട്ടാണ് അവൾ വെള്ളത്തിലേക്കു മടങ്ങിയത്.

scotland6
scotland7

അടുത്തയിടെ എലിസബത്ത് രാജ്ഞിയുടെ മരണശേഷം, പുതിയ ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമനാണ് ഇതുൾപ്പെടെ പൊതുജലാശയങ്ങളിലെ മ്യൂട്ട് ഇനത്തിൽപ്പെട്ട ഇത്തരം അരയന്നങ്ങളുടെ പ്രത്യേക അവകാശി. പതിനാറാം നൂറ്റാണ്ട് വരെ, ഒരു നിശ്ചിത ജലാശയത്തിൽ ഹംസങ്ങളുടെ ഉടമസ്ഥാവകാശം ഭൂവുടമകൾക്കു സാധാരണയായി അനുവദിച്ചിരുന്നു.  

scotland2

ലണ്ടൻ നഗരത്തിലെ ലിവറി കമ്പനികളായ വിന്റനേഴ്‌സിനും ഡൈയേഴ്സിനുമാണ് ഇപ്പോഴും ഈ അവകാശമുള്ളത്. തേംസ് നദിയിൽ തങ്ങൾക്കുള്ള ഹംസങ്ങളെ കമ്പനികൾ റോയൽ മൊണാർക്കുമായി തുല്യമായി പങ്കിടുന്നു.

തേംസിലെ ഹംസങ്ങളെ ഇങ്ങനെ മൂന്ന് ഉടമസ്ഥർക്കിടയിൽ തുല്യമായി പങ്കിടുന്ന ചടങ്ങിന് സ്വാൻ അപ്പിങ് എന്നു പറയുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇത് ആരംഭിച്ചത്. എല്ലാവർഷവും ജൂലൈ മൂന്നാംവാരം സംഘടിപ്പിക്കുന്ന ഈ പരമ്പരാഗത ചടങ്ങിലൂടെ ഹംസങ്ങളുടെ സെൻസസ് എടുക്കുകയും അവയുടെ ആരോഗ്യം പരിശോധിക്കുകയും ചെയ്യുന്നു.

scotland4

ചരിത്രത്തിൽ ആദ്യമായി 2009 ജൂലൈ 20ന് എലിസബത്ത് രാജ്ഞി സ്വാൻ അപ്പിങ് ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. മ്യൂട്ട് സ്വാൻ, ബ്ലാക്ക് സ്വാൻ എന്നിങ്ങനെ രണ്ടുതരം ഹംസങ്ങളാണ് ബ്രിട്ടനിൽ ഉള്ളത്. ചിത്രത്തിൽ കാണുന്ന മ്യൂട്ട് സ്വാൻ അഥവാ നിശബ്ദ ഹംസം, സിഗ്നസ് ഓലോർ എന്നും അറിയപ്പെടുന്നു. മറ്റ് ഇനം അരയന്നങ്ങളേക്കാൾ ശബ്ദം കുറവായതിനാലാണ് ഇവ മ്യൂട്ട്സ് സ്വാൻ എന്നറിയപ്പെടുന്നതിന് കാരണം. 

Cygnus Atratus എന്നതാണ് ബ്ലാക്ക് ഹംസത്തിന്റെ അപരനാമം. കനേഡിയൻ ശതാബ്ദിയുടെ ഭാഗമായി 1967ൽ എലിസബത്ത് രാജ്ഞി ഒട്ടാവ നഗരത്തിന് സമ്മാനിച്ചതാണ്  ബ്ലാക്ക് ഹംസത്തിന്റെ ആദ്യ 6 ജോഡികൾ. രാജകീയ സംരക്ഷണയിൽ വളരുന്ന ഹംസങ്ങൾ ഇപ്പോൾ ബ്രിട്ടനിൽ എമ്പാടുമുള്ള ഒട്ടേറെ ജലാശയങ്ങളുടെ പ്രധാന അലങ്കാരമാണ്. 

English Summary:

Majestic Swans Grace Britain's Lakes: Unveiling a Royal Legacy in the Heart of Nature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com