ADVERTISEMENT

ഓസ്ട്രേലിയന്‍ യാത്രയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി ദീപ്തി സതി. പച്ച വിരിച്ച പുല്‍മേട്ടിലൂടെ, കംഗാരുക്കള്‍ക്കൊപ്പം നടക്കുന്ന ചിത്രങ്ങളാണ് ദീപ്തി പങ്കുവച്ചത്. ജനങ്ങളേക്കാൾ കൂടുതല്‍ കംഗാരുക്കള്‍ ഉള്ള നാടാണ് ഓസ്ട്രേലിയ. ഇവയുടെ പേരിലാണ് രാജ്യം അറിയപ്പെടുന്നതും. ഓസ്ട്രേലിയന്‍ സംസ്ഥാനമായ ക്യൂൻസ്ലാന്റ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നുമായ ബ്രിസ്ബെയ്നില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. രാജ്യത്തെ പുരാതനനഗരങ്ങളിലൊന്നാണ് ബ്രിസ്ബെയ്ൻ. ബ്രിസ്ബെയ്ൻ നദീതീരത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് നഗരത്തിന് ആ പേർ ലഭിച്ചത്. ആകെ ജനസംഖ്യയുടെ 36% വിദേശികളുള്ള വൈവിധ്യമാർന്ന നഗരമാണിത്. 

Image Credit : deeptisati/instagram
Image Credit : deeptisati/instagram

ഗാലറികളും മ്യൂസിയങ്ങളും ബ്രിസ്ബെയ്ൻ നഗരത്തിന്റെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്, ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്വീൻസ്‌ലാൻഡ് ആർട്ട് ഗാലറിയും ഗാലറി ഓഫ് മോഡേൺ ആർട്ടുമാണ്. സൗത്ത് ബാങ്ക് പാർക്ക്‌ലാൻഡ്‌സ്, സിറ്റി ബൊട്ടാണിക് ഗാർഡൻസ്, കിങ് ജോർജ്ജ് സ്‌ക്വയർ, സിറ്റി ഹാൾ, സ്റ്റോറി ബ്രിജ്, മൗണ്ട് കൂത്ത ബൊട്ടാണിക് ഗാർഡൻസ് ആൻഡ് ലുക്ക്ഔട്ട്, ലോൺ പൈൻ കോലാ സാങ്ചറി എന്നിങ്ങനെയുള്ള ഒട്ടേറെ വിനോദസഞ്ചാര ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. സിഡ്‌നിക്കും മെൽബണിനും ശേഷം രാജ്യാന്തര വിനോദസഞ്ചാരികളുടെ ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ സ്ഥലമാണ് ഇവിടം.

Image Credit : deeptisati/instagram
Image Credit : deeptisati/instagram

കംഗാരു പോയിന്റ് ക്ലിഫിലെ സ്‌റ്റോറി ബ്രിജ് അഡ്വഞ്ചർ ക്ലൈംബിങും റോക്ക് ക്ലൈംബിങും ജനപ്രിയ വിനോദ പ്രവർത്തനങ്ങളാണ്. ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ സ്റ്റീൽ കാൻറിലിവർ പാലമായി അറിയപ്പെടുന്ന സ്‌റ്റോറി ബ്രിജ് ബ്രിസ്‌ബേനിന്റെ തെക്കും വടക്കൻ പ്രാന്തപ്രദേശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നു. 1940 ൽ സ്ഥാപിതമായ ഇത് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Image Credit : deeptisati/instagram
Image Credit : deeptisati/instagram

തിമിംഗല നിരീക്ഷണ ക്രൂയിസ് യാത്രകളും റിവര്‍വാക്കും ബോട്ടിംഗും കൈറ്റ്സർഫിംഗുമെല്ലാം ഒട്ടേറെ ഇടങ്ങളില്‍ ഉണ്ട്. ബ്രിസ്‌ബേനിന്റെ തെക്കും വടക്കും യഥാക്രമം ഗോൾഡ് കോസ്റ്റും സൺഷൈൻ കോസ്റ്റും ആണ്, ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ നീന്തൽ, സർഫിംഗ് ബീച്ചുകളുടെ ആസ്ഥാനമാണ് ഈയിടങ്ങള്‍. സൗത്ത് സ്ട്രാഡ്‌ബ്രോക്ക് ഐലൻഡ്, ദി സ്പിറ്റ്, മെയിൻ ബീച്ച്, സർഫേഴ്‌സ് പാരഡൈസ് തുടങ്ങി ഓസ്‌ട്രേലിയയിലെയും ലോകത്തെയും ഏറ്റവും പ്രശസ്തമായ സര്‍ഫിംഗ് കേന്ദ്രങ്ങളുള്ള 70 കിലോമീറ്റർ തീരപ്രദേശമാണ് ഗോള്‍ഡ്‌ കോസ്റ്റ്. 

2015 ൽ, ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് നഗരങ്ങളിൽ ഒന്നായി ബ്രിസ്ബെയ്ൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ബ്രിസ്ബേൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യ സമയമായി പറയുന്നത്. ഏറ്റവും ചൂടേറിയതും ഈർപ്പമുള്ളതുമായ മാസങ്ങളായതിനാൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

English Summary:

Deepti Sati's Australian Adventure: Instagram pictures viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com