ADVERTISEMENT

പെഗ്ഗി ബേക്കര്‍ എന്ന യുവതി ജോലി ചെയ്യുന്നത് ചിക്കാഗോയിലെ ഒരു ഓഫിസില്‍. ഉയരം കൂടിയ കെട്ടിടത്തിന്റെ 37-ാം നിലയില്‍. വാലന്റൈന്‍സ് ദിനം കഴിഞ്ഞ് അഞ്ചുദിവസമായി. അന്നവര്‍ അസാധാരണമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി. ജോലിക്കിടെ സഹപ്രവര്‍ത്തകര്‍ കൂട്ടംകൂടിനിന്ന് ഓഫിസിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു. തമ്മില്‍ അവര്‍ എന്തോ പറയുന്നുണ്ട്. സാക്ഷ്യം വഹിച്ച കാഴ്ചയുടെ അതിശയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ആകാംക്ഷ സഹിക്കാനാവാതെ പെഗ്ഗിയും ജനാലയുടെ സമീപമെത്തി പുറത്തേക്കു നോക്കി.

അങ്ങു ദൂരെ പാര്‍ക്കിലെ മഞ്ഞുപാളികളില്‍ വെട്ടിത്തിളങ്ങുകയാണ് അക്ഷരങ്ങള്‍.അതൊരു വിവാഹാഭ്യര്‍ഥനയാണ്. മാരി മീ (Marry Me)... കലാകാരനായ ഒരു കാമുകന്റെ ഹൃദയത്തില്‍നിന്നു പുറപ്പെട്ട പ്രണയാക്ഷരങ്ങള്‍. കാഴ്ചയുടെ സൗന്ദര്യവും വിസ്മയവും കീഴ്പ്പെടുത്തിയെങ്കിലും അപ്പോഴും പെഗ്ഗി അറിഞ്ഞില്ല ആ വാക്കുകള്‍ തനിക്ക് സമര്‍പ്പിക്കപ്പെട്ടതാണെന്ന്.പ്രിയപ്പെട്ട കാമുകന്‍ ബോബ് ലെംപ തനിക്കുവേണ്ടി എഴുതിയ വാക്കുകളാണതെന്ന്.

ലെംപ എന്ന കാമുകന്‍ പെഗ്ഗിയോട് വിവാഹാഭ്യര്‍ഥന നടത്താന്‍ തിര‍ഞ്ഞെടുത്തത് വാലന്റൈന്‍സ് ദിനം. പക്ഷേ അഭ്യര്‍ഥന വ്യത്യസ്തമാകണമെന്ന് അദ്ദേഹത്തിനു വാശിയുണ്ടായിരുന്നു. ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത രീതിയില്‍ ആഴത്തില്‍ പതിയണം തന്റെ വാക്കുകളെന്നും അദ്ദേഹം ആഗ്രഹിച്ചു. വ്യത്യസ്തമായ പ്രണയത്തിന്റെ അതിലും വ്യത്യസ്തമായ ഒരു തിലകക്കുറി. 

ചിക്കാഗോ പാര്‍ക്ക് -കാമുകീ, കാമുകന്‍മാര്‍ പ്രണയാഭ്യര്‍ഥനകള്‍ കൈമാറാന്‍ തിരഞ്ഞെടുക്കുന്ന പ്രത്യേക സ്ഥലം. ലൈംപയും തിരഞ്ഞെടുത്തത് ചിക്കാഗോ പാർക്ക് തന്നെ. അവിടെ മ‍ഞ്ഞുപാളികളില്‍ അദ്ദേഹം തന്റെ ഹൃദയം വരച്ചുവച്ചു. ഹൃദയമാകുന്ന മഞ്ഞില്‍ പ്രണയം തുടിക്കുന്ന വിരലുകളില്‍ ആത്മാവിന്റെ പുസ്തകത്താളിലെന്നപോലെ കുറിച്ചു.

പെഗ്ഗി ജോലി ചെയ്യുന്നത് 37-ാം നിലയിലെ ഓഫിസിലാണെന്ന് ലെംപയ്ക്ക് അറിയാം. അവിടെനിന്ന്് നോക്കിയാല്‍ കാണണമെന്നതിനാല്‍ കുറച്ചു വലുതായിത്തന്നെയാണ് അദ്ദേഹം തന്റെ പ്രണയം പറഞ്ഞത്. 45അടി നീളത്തിലും 31 അടി വീതിയിലും. വാലന്റൈന്‍സ് ദിനത്തിന് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ശക്തിയായ ഹിമപാതത്തില്‍ ലെംപയുടെ ജോലി തടസ്സപ്പെട്ടു. എങ്കിലും പിന്നോട്ടുപോകാതെ അദ്ദേഹം തന്റെ വ്യത്യസ്ത പ്രണയാഭ്യര്‍ഥനയുമായി മുന്നോട്ടുതന്നെപോയി. ഒടുവില്‍ ഫെബ്രുവരി 19... അന്ന് ഓഫിസ് ജോലിക്കിടെ ജനാലയിലെ പുറത്തേക്കു നോക്കിയപ്പോള്‍ പെഗ്ഗി കണ്ടു ലെംപ തനിക്കായി കുറിച്ച വാക്കുകള്‍..അന്നു വൈകിട്ട് പെഗ്ഗിയുടെ നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ ലെംപയുടെ മനസ്സും നിറഞ്ഞു... ആ കണ്ണുകളില്‍ ലെംപ പ്രണയം കണ്ടു. ലെംപയുടെ മനസ്സില്‍ പെഗ്ഗി പ്രണയത്തിന്റെ ആഴം അറി‍ഞ്ഞു.... 

ചിക്കാഗോ പാര്‍ക് ഫെയ്സ്ബുക് പേജില്‍ പങ്കുവച്ച മഞ്ഞിലെ പ്രണയാക്ഷരങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com