ADVERTISEMENT

അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ കൊളംബിയയിലെ മോണിക്ക വേഗ എന്ന അമ്മ ഒരുപാട് സന്തോഷിച്ചു. പക്ഷേ ഗർഭത്തിന്റെ 35–ാം ആഴ്ചയിലെ സ്കാനിങ്ങിലാണ് ഡോക്ടർമാർ ഒരു സംശയം ആ അമ്മയോട് പറയുന്നത് കുഞ്ഞിന്റെ കരളിൽ ഒരു മുഴവളരുന്നുണ്ട്. വിശദമായ പരിശോധനയുടെ ഭാഗമായി കളർസ്കാൻ നടത്തിയപ്പോഴാണ് ഇടിത്തീ പോലെ ആ സത്യം അമ്മയുടെ കാതിൽ വീണത്. പിറക്കാൻ പോകുന്നത് ഇരട്ടക്കുഞ്ഞുങ്ങളാണ് പക്ഷേ അതിലൊന്ന് വളരുന്നത് അമ്മയുടെ വയറ്റിലല്ല, വയറ്റിൽ കിടക്കുന്ന ഭ്രൂണത്തിന്റെ വയറ്റിലാണ്. മാത്രവുമല്ല കൈകാലുകളും മറ്റു ശരീരഭാഗങ്ങളുമുള്ള ആ ഭ്രൂണത്തിന് ഹൃദയവും തലച്ചോറുമില്ല.

താലോലിക്കാൻ ഇരട്ടക്കുഞ്ഞുങ്ങളെ കാത്തിരുന്ന അമ്മയ്ക്ക് ഈ തിരിച്ചറിവ് ഒരു ഷോക്കായി അവരുടെ രക്തസമ്മർദ്ദം ഉയർന്നു ഇതേ സമയം  അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ വയറിനുള്ളിലെ ഭ്രൂണം വളർന്നുകൊണ്ടേയിരിക്കുന്നു. ഇരട്ടകളിലൊന്നിന്റെ ആന്തരീകാവയവങ്ങളെ ഞെരിച്ചു കൊണ്ടായിരുന്നു ആ ഭ്രൂണത്തിന്റെ വളർച്ച.

ഈ സ്ഥിതി തുടർന്നാൽ പ്രസവത്തോടെ അമ്മ പക്ഷാഘാതം വന്നു തളർന്നു കിടക്കും, കുഞ്ഞുങ്ങളുടെ ജീവനും നഷ്ടമാകും. അങ്ങനെയാണ് ഡോക്ടർമാർ ആ തീരുമാനമെടുത്തത്. ഗർഭത്തിന്റെ 37–ാമത്തെ ആഴ്ച അവർ സിസേറിയനിലൂടെ അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ പുറത്തെടുത്തു. അതിനു ശേഷം അവളെ കീഹോൾ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി അവളുടെ ഉള്ളിൽ വളർന്ന ഇരട്ട സഹോദരിയെ പുറത്തെടുത്തു. പക്ഷേ സിസേറിയനിടെ പൊക്കിൾക്കൊടി മുറിച്ചപ്പോൾത്തന്നെ ആ നവജാത ശിശുവിന്റെ വയറ്റിൽ വളർന്നു കൊണ്ടിരുന്ന ഭ്രൂണം മരിച്ചിരുന്നു.

ഫീറ്റസ് ഇൻ ഫീറ്റു എന്ന അപൂർവ അവസ്ഥമൂലമാണ് ഇങ്ങനെയുണ്ടാകുന്നതെന്നായിരുന്നു ഡോക്ർമാരുടെ വിശദീകരണം എന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞു പോയ ദുരിതകാലത്തെ 33കാരിയായ ആ അമ്മ ഓർത്തെടുത്തതിങ്ങനെ:-

വയറ്റിൽ വളരുന്ന കുഞ്ഞിനെപ്പറ്റിയും അതിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെപ്പറ്റിയും ഡോക്ടർമാർ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ലക്ഷക്കണക്കിന് ആളുകളിൽ ഒരാൾക്ക് വരുന്ന അസുഖം എന്നാണ് ഡോക്ടർമാർ എന്നോടു പറഞ്ഞത്. ആദ്യമൊന്നും ഞാനിത് വിശ്വസിക്കാൻ തയാറായില്ല. പിന്നെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനെപ്പറ്റിയുള്ള ശാസ്ത്രീയ വിശദീകരണങ്ങളടങ്ങിയ ലേഖനവും അവർ എന്നെക്കാട്ടിത്തന്നു.

മാസംതികയും മുൻപേയുള്ള പ്രസവം ഒഴിവാക്കാനായി മാക്സിമം പിടിച്ചു നിൽക്കാൻ അവർ എന്നോടാവശ്യപ്പെട്ടെങ്കിലും പിന്നീടുള്ള പരിശോധനയിൽ എന്റെ കുഞ്ഞിന്റെ ഉള്ളിൽ വളരുന്ന ഭ്രൂണം അവളുടെ ആന്തരീകാവയവങ്ങളെ ഞെരിച്ചു കളയുന്ന രീതിയിൽ വളരുന്നതു കണ്ടതോടെയാണ് വേഗം തന്നെ എന്നെ സിസേറിയനു വിധേയമാക്കിയതും കുഞ്ഞിനെ പുറത്തെടുത്തതും.- വേഗ പറയുന്നു.

ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ അമ്മയുടെ വയറ്റിലായിരിക്കുമ്പോൾപ്പോലും ഒരു ആയുസ്സിലേക്കുള്ള ദുരിതം അനുഭവിച്ച കുഞ്ഞിന്റെ പിറവിയുടെ കഥ ഏറെ അവിശ്വസനീയതയോടെയാണ് ലോകം കേൾക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com