sections
MORE

വഴക്കിട്ടോളൂ പക്ഷേ ഓവറാക്കരുത്; ദമ്പതികൾ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങൾ

Couple
പ്രതീകാത്മക ചിത്രം
SHARE

ഒരായുസ്സു മുഴുവൻ ഒന്നിച്ചു കഴിയുന്നവർ തമ്മിൽ വഴക്കുണ്ടാക്കരുതെന്നു പറഞ്ഞാൽ അതു നടക്കുന്ന കാര്യമല്ല. തീർച്ചയായും വലുതും ചെറുതുമായ പലകാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. പക്ഷേ ആ വഴക്കുകളൊന്നും ഒരു പരിധിയിൽക്കൂടുതൽ പരസ്പരം ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വഴക്കിട്ടാലും ഒടുവിൽ ശരിയുടെ ഭാഗത്തു നിൽക്കാൻ ഇരുവരും ശ്രദ്ധിക്കണം. ഞാൻ പിടിച്ച മുയലിനു മൂന്നുകൊമ്പ് എന്ന നിലപാടിൽ രണ്ടുപേരും ഉറച്ചു നിന്നാൽ വഴക്കും വിദ്വേഷവും അനിശ്ചിതകാലത്തേക്കു നീളുമെന്നു മനസ്സിലാക്കുക.

വൈകാരികമായി ദുർബലരായിരിക്കുമ്പോൾ സ്വന്തം ഭാഗത്താണെന്നു തോന്നുമെങ്കിലും അതുമാത്രം ചിന്തിച്ച് ഒരു കാര്യത്തിലും എടുത്തുചാടി തീരുമാനമെടുക്കരുത്. മനസ്സ് ശാന്തമാകുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ നന്നായി വിലയിരുത്തിയശേഷം ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യുക. പ്രശ്നത്തിലെ ശരികളെയും തെറ്റിനെയും കുറിച്ച് പരസ്പരം ചർച്ച ചെയ്ത് ഉചിതമായ ഒരു തീരുമാനമെടുക്കാൻ പരസ്പരം സഹായിക്കാം.

മനസ്സുതുറന്ന് അഭിനന്ദിക്കുക

ചെയ്യുന്ന നല്ല പ്രവൃത്തികൾക്ക് അഭിനന്ദനം ആഗ്രഹിക്കാത്ത ആരാണുള്ളത്. ഏറ്റവും പ്രിയപ്പെട്ടവർ അഭിനന്ദിക്കുമ്പോഴുള്ള സുഖം മറ്റൊന്നിനും നൽകാനാവില്ല. പരസ്പരം ചെയ്യുന്ന നല്ല കാര്യങ്ങളെ മനസ്സു തുറന്ന് അഭിനന്ദിക്കുക. 

mutual-help

ശാരീരികമായി മോശമായ അവസ്ഥയിൽ പങ്കാളി വീട്ടുജോലികളിൽ സഹായിച്ചതിനോ, മാനസികമായി തകർന്നിരിക്കുന്ന അവസ്ഥകളിൽ തോളിൽ ചേർന്നിരുന്ന് കരയാൻ അനുവദിച്ചതിനോ എന്തിനുമാകട്ടെ മനസ്സു തുറന്ന് നന്ദി പറഞ്ഞുകൊണ്ട് ഒന്നു ചേർത്തു പിടിച്ചാൽ അല്ലെങ്കിൽ ഒരു കുഞ്ഞു പൂവോ കാർഡോ ചോക്ലേറ്റുകളോ സമ്മാനമായി നൽകിക്കൊണ്ട് അഭിനന്ദിച്ചാൽ ജീവിതം കൂടുതൽ ഊഷ്മളമാകും. എല്ലാദിവസവും ഇങ്ങനെ ചെയ്യണമെന്നല്ല പറയുന്നത്. വല്ലപ്പോഴുമെങ്കിലും ഇത്തരം കുഞ്ഞു കാര്യങ്ങളിൽക്കൂടി ശ്രദ്ധവെച്ചാൽ ജീവിതം കൂടുതൽ മനോഹരമാവും.

എല്ലാം തികഞ്ഞവരായി ആരുമില്ല

ഇത്രയും നല്ല സ്വഭാവമുള്ള എനിക്ക് നിന്നെപ്പോലെ ഒരാളെയാണല്ലോ പങ്കാളിയായിക്കിട്ടിയത് എന്ന് അറിഞ്ഞോ അറിയാതെയോ പറഞ്ഞാൽ അതുമതി സുന്ദരമായ ഒരു ദാമ്പത്യം വീണുടയാൻ. മനുഷ്യർക്ക് ബലവും ബലഹീനതകളുമുണ്ടാവും. പരസ്പരം ഗുണവും ദോഷവും പെട്ടന്നു തിരിച്ചറിയാൻ ദമ്പതികൾക്കാവും.

complaint

മൂന്നാമതൊരാളുടെ മുന്നിൽവെച്ച് പങ്കാളിയുടെ കുറവുകളെക്കുറിച്ച് വിളിച്ചു പറയുന്നത് ശരിയായ പ്രവണതയല്ല.  ഓഫീസിലാരോടെങ്കിലും വഴക്കിട്ടാലോ, അൽപം മദ്യപിച്ചതിന്റെ ഹാങ്ങ് ഓവർ തീർക്കാനോവേണ്ടി പങ്കാളികളുടെ സ്വഭാവത്തെ കുറ്റം പറയുന്ന ചിലരുണ്ട്. അപ്പോൾ ഒരു കാര്യം തീർച്ചയായും ഓർക്കുക. എല്ലാം തികഞ്ഞവരായി ആരുമില്ല. പങ്കാളിയിലെ നെഗറ്റീവ് സ്വഭാവത്തെ അവഗണിച്ച് പൊസിറ്റീവ് സ്വഭാവത്തെ പരിഗണിക്കാൻ തുടങ്ങിയാൽ ജീവിതത്തോടുള്ള മനോഭാവത്തിൽവരെ മാറ്റം വരും.

 ലൈംഗികത

വിവാഹജീവിതത്തിൽ ലൈംഗികതയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. പങ്കാളികളുടെ ലൈംഗിക താൽപര്യം മനസ്സിലാക്കി ലൈംഗിക ജീവിതം ലൈവായി നിലനിർത്താൻ ശ്രദ്ധിക്കുക. പരസ്പരമുള്ള ഇഷ്ടവും ഇഷ്ടക്കേടുകളും തീർച്ചയായും തുറന്നു പറയുക. വല്ലപ്പോഴും പുതിയ പരീക്ഷണങ്ങൾക്കായി പരസ്പരം സഹകരിക്കുക. മാനസ്സികമായോ ശാരീരികമായോ പങ്കാളി ബന്ധത്തിന് തയാറല്ലാത്ത പക്ഷം നിർബന്ധിക്കാതിരിക്കാനുള്ള മര്യാദകാട്ടുക. നിർബന്ധിച്ചോ ബലംപ്രയോഗിച്ചോ ലൈംഗിക ആനന്ദം നേടാൻ ശ്രമിക്കാതിരിക്കുക എന്നതാണ് ഏറ്റവും  വലിയ കാര്യം.

494195734

താരതമ്യമരുത്

ഇക്കരെ നിൽക്കുമ്പോൾ അക്കരെപ്പച്ച എന്ന തോന്നൽ എപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ വിവാഹിതരായാൽ മനസ്സിൽ നിന്നും ആദ്യം എടുത്തുകളയേണ്ട ചിന്തയും അതു തന്നെയാണ്. ഒരിക്കലും നമ്മുടെ വീട്ടിലെ അന്തരീക്ഷമായിരിക്കില്ല മറ്റുവീടുകളിൽ അതനുസരിച്ച് അവരുടെ ജീവിത രീതികളിലും വ്യത്യാസമുണ്ടാകും.

638601772

മറ്റുള്ളവരുടെ ജീവിതം കണ്ടു അസൂയമൂത്ത് എനിക്കും അങ്ങനെ ആവണം എന്നു പറഞ്ഞ് പങ്കാളിയുടെ സ്വൈര്യം കെടുത്തരുത്. അതു ദുരന്തത്തിലേ കലാശിക്കൂ. എന്റെ സുഹൃത്തിന്റെ പങ്കാളിയെക്കണ്ടു പഠിക്കൂ അയൽക്കാരെ കണ്ടു പഠിക്കൂ എന്നൊക്കെയുള്ള അനാവശ്യമായ കമന്റുകൾ ഒഴിവാക്കുക. ഓരോ വ്യക്തിയുടെയും ജീവിതം വ്യത്യസ്തമാണ് അതനുസരിച്ച് അവരുടെ അഭിരുചികളും വ്യക്തിത്വവും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് ദാമ്പത്യത്തിന്റെ പടിക്കുപുറത്തായിരിക്കട്ടെ എപ്പോഴും താരതമ്യം എന്ന വില്ലന്റെ സ്ഥാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA