ADVERTISEMENT

ലോകത്തിന്റെ നെറുകയില്‍ അമേരിക്കന്‍ വനിതാ ഫുട്ബോള്‍ ടീം എത്തുന്നത് ഇതു നാലാം തവണ. ഒരിക്കല്‍ക്കൂടി ലോകഫുട്ബോള്‍ കിരീടം നേടിക്കൊണ്ട്. ലോകത്തെ മറ്റേതു ടീമിനും അസൂയ ഉണര്‍ത്തുന്ന നേട്ടം. പക്ഷേ, വിജയലഹരിയിലും അമേരിക്കയില്‍ വലിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് വനിതാ ടീം- വേതനത്തിലെ തുല്യത. ടീം കിരീടം നേടുന്നതിനുമുമ്പു തന്നെ കോടതിയില്‍ ഫയല്‍ ചെയ്ത ഒരു ഹര്‍ജിയാണ് ചര്‍ച്ചയ്്ക്കു തുടക്കമിട്ടത്.

ഹര്‍ജിയിലെ വാദമനുസരിച്ച് 2013 നും 16 നുമിടയില്‍ ദേശീയ വനിതാ ടീം അംഗങ്ങള്‍ നേടിയത് 15,000 ഡോളര്‍. ഇതേകാലത്ത് പുരുഷ ടീം 2014-ല്‍ 55,000 ഡോളറും 2018-ല്‍ 68,750 ഡോളറുമാണ് നേടിയത്. ഇത് ഫുട്ബോളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിഭസമല്ല, അമേരിക്കയിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ഒരുവശം മാത്രം. വേതനം കുറവാണെങ്കില്‍ കൂട്ടിച്ചോദിച്ചുകൂടേ എന്നു ചോദിക്കാം. വനിതകള്‍ ശമ്പളം കൂട്ടിച്ചോദിക്കുമ്പോള്‍ വെറും 15 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് അവര്‍ക്കു ലഭിക്കുന്നതത്രേ. 

ഇതേസമയം, പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നത് 20 ശതമാനം വര്‍ധന. ജോലിസ്ഥലത്ത് കൂടുതല്‍ ശമ്പളം ചോദിച്ചുവാങ്ങാന്‍ വനിതകള്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് കിംബര്‍ലി ബി.കുമ്മിങ്സിനു പറയാനുണ്ട്. ജോലിസ്ഥലത്ത് കൂടുതല്‍ വേതനം നേടാന്‍ വനിതകളെ പ്രാപ്തമാക്കുന്ന സംഘടന രൂപീകരിച്ച അമേരിക്കക്കാരിയാണ് കിംബര്‍ലി. അവരുടെ വാക്കുകളില്‍ പഠിക്കാന്‍ ഏറെയുണ്ട്. മനസ്സിലാക്കാനും അനുവര്‍ത്തിക്കാനും പ്രാവര്‍ത്തികമാക്കാനും.

കൗണ്‍സലിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് കിംബര്‍ലി. ഒപ്പം കരിയര്‍ ഡവലപ്മെന്റില്‍ ബിരുദങ്ങളും. അമേരിക്കിയില്‍ സര്‍വകലാശാലകളോടു ചേര്‍ന്ന് കരിയര്‍ സെന്ററുകളുണ്ട്. പക്ഷേ, പലരും ഇതുപയോഗിക്കാറില്ല. ഇതു മനസ്സിലാക്കിയാണ് കിംബര്‍ലി മാനിഫെസ്റ്റ് യുവേഴ്സെല്‍ഫ് എന്ന കൂട്ടായ്മ രൂപീകരിക്കുന്നത്. ഏറ്റവും യോജിക്കുന്ന കരിയര്‍ കണ്ടെത്താനും കരിയറില്‍ ഉയര്‍ച്ച സ്വന്തമാക്കാനും വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും പ്രാപ്തമാക്കുന്ന പ്രസ്ഥാനം. 

പരീക്ഷയ്ക്കും അഭിമുഖങ്ങള്‍ക്കും വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും തയാറെടുക്കാറുണ്ട്. പക്ഷേ, ശമ്പളത്തെക്കുറിച്ചു സംാസാരിക്കുമ്പോള്‍ പലരും തയാറെടുപ്പുകള്‍ നടത്താറില്ല. പ്രത്യേകിച്ചും സ്ത്രീകള്‍. ഇതുതന്നെയാണ് സ്ത്രീകള്‍ക്ക് ശമ്പളം വളരെ കുറവു മാത്രം കിട്ടാനുള്ള പ്രധാന കാരണമെന്നാണ് കിംബര്‍ലിയുടെ കണ്ടെത്തല്‍. അഭിമുഖത്തിനൊടുവില്‍ ഇഷ്ടപ്പെട്ടാല്‍, ഇത്ര തുകയായിരിക്കും തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നു കേള്‍ക്കുമ്പോള്‍ തല കുലുക്കി സമ്മതിക്കുകയാണ് പൊതുവെ എല്ലാവരും ചെയ്യുന്നത്. ഒരു ലക്ഷം തരേണ്ടയിടത്ത് 50,000 രൂപയായിരിക്കും വാഗ്ാദനം. 

ചതിക്കുഴിയെക്കുറിച്ച് മനസ്സിലാക്കാതെ വാഗ്ാദനം ചെയ്യുന്നത് സ്വീകരിക്കുന്നു. ഈ പ്രവണത മാറണം. ജോലിയെക്കുറിച്ചും വേതനത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ തയാറെടുപ്പോടെ വേണം പോകാന്‍. കൃത്യമായ പദ്ധതി മനസ്സിലുണ്ടാകണം. ചോദിക്കുന്ന ശമ്പളം ലഭിക്കുമോ എന്ന കാര്യത്തില്‍ ഭയമില്ലാതെയാണ് പുരുഷന്‍മാര്‍ സ്ഥാപന മേധാവികളുമായി സംസാരിക്കുക. ഇത് അവര്‍ക്ക് അനുകൂല ശമ്പളം ലഭിക്കാന്‍ കാരണമാകുന്നു. 

സ്വന്തം കഴിവുകളെക്കുറിച്ചും മൂല്യത്തെക്കുറിച്ചുമുള്ള കൃത്യമായ ധാരണയാണ് സ്ത്രീകള്‍ക്ക് അത്യാവശ്യം വേണ്ട ഗുണങ്ങളിലൊന്ന്. തങ്ങള്‍ക്ക് ഒരു സ്ഥാപനത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും എന്തു മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും കൃത്യമായ ധാരണയുണ്ടായിരിക്കണം. അങ്ങനെയായാല്‍ അര്‍ഹതയുള്ള ശമ്പളം ചോദിച്ചുവാങ്ങാന്‍ ബുദ്ധിമുട്ടില്ല. അടുത്തമാസം ഓഗസ്റ്റ് 22 ന് ഒരു പ്രത്യേകതയുണ്ട്. കറുത്ത വംശക്കാരായ സ്ത്രീകള്‍ തുല്യവേതനത്തിനുവേണ്ടി ഒരുമിക്കുന്ന ദിവസം. 

കറുത്ത വര്‍ഗക്കാരും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും പലപ്പോഴും ചിന്തിക്കുന്നത് കഠിനാധ്വാനം ചെയ്താല്‍ ഉയരങ്ങളില്‍ താനേ എത്തുമെന്നാണ്. കുറച്ചുനാള്‍ ജോലി ചെയ്തുകഴിയുമ്പോള്‍, ഉയരങ്ങള്‍ അപ്രാപ്യമാകുമ്പോള്‍ ഇവര്‍  ദുഃഖിതരായി മാറുന്നു. പക്ഷേ, ജോലിസ്ഥലത്ത് ദേഷ്യം കാണിച്ചാല്‍, ഉറക്കെ സംസാരിച്ചാല്‍ തങ്ങള്‍ ചൂടന്‍ സ്വഭാവക്കാരായി ബ്രാന്‍ഡ് ചെയ്യപ്പെടുമോ എന്നുപേടിച്ച് ഇവര്‍ എല്ലാ വേദനകളും നിശ്ശബ്ദം സഹിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ഥാപനത്തിനു പുറത്തും ബന്ധങ്ങള്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യം. ജീവിതത്തില്‍ താന്‍ ഉയരങ്ങളിലെത്താനുള്ള പ്രധാനകാരണം ജോലി ചെയ്യുന്ന സ്ഥാപനത്തിനു പുറത്തു സൃഷ്ടിച്ചെടുത്ത ബന്ധങ്ങള്‍ കൊണ്ടാണെന്ന് കിംബര്‍ലി തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

വര്‍ഷത്തില്‍ ഏതു സമയത്തും ശമ്പളം കൂട്ടിച്ചോദിച്ചുകൊണ്ട് മാനേജരെ അല്ലെങ്കില്‍ സ്ഥാപന മേധാവിയെ കാണാം. അതിനു പ്രത്യേക സമയം എന്നൊന്നില്ല. പക്ഷേ, മനസ്സില്‍ കൃത്യമായ പദ്ധതി ഉണ്ടായിരിക്കണം. സഹപ്രവര്‍ത്തകന് ഇത്ര കിട്ടുന്നുണ്ട്, അതുകൊണ്ട് തനിക്കും കിട്ടണം എന്ന വാദവുമായല്ല മേധാവിയെ കാണേണ്ടത്. ദേഷ്യപ്പെടുകയോ നിരാശ പ്രകടിപ്പിക്കുകയോ അല്ല ചെയ്യേണ്ടതും. പകരം, ജോലിയെക്കുറിച്ച്, സ്ഥാനപത്തെക്കുറിച്ച്, സമാന സാഹചര്യത്തിലുള്ള സ്ഥാപനങ്ങളെക്കറിച്ച്, അവിടെ ലഭിക്കുന്ന ശമ്പളത്തെക്കുറിച്ച് ഒക്കെ കൃത്യമായ ധാരണ മനസ്സിലുണ്ടായിരിക്കണം. വ്യക്തമായ പദ്ധതിയുമായി, സ്പഷ്ടമായി സംസാരിക്കുക. നിലപാടില്‍ ഉറച്ചുനില്‍ക്കുക. ആത്മവിശ്വാസ ത്തോടെ സംസാരിക്കുക. വിജയം കൂടെയുണ്ടാകും എന്നാണ് കിംബര്‍ലി പറയുന്നത്. സ്വന്തം അനുഭവത്തില്‍നിന്നും അവര്‍ സഹായിച്ച ആയിരക്കണക്കിനു പേരുടെ അനുഭവങ്ങളില്‍നിന്നും പഠിച്ച വിലപ്പെട്ട പാഠമാണത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com