ADVERTISEMENT

കൊൽക്കത്തയിൽ ജനിച്ചുവളർന്ന്, അമേരിക്കയിൽ ജോലി ചെയ്യുന്ന  അഭിജിത് ബാനർജി നൊബേൽ സമ്മാനത്തിലൂടെ ഇന്ത്യയ്ക്ക് വീണ്ടും അഭിമാന മുഹൂർത്തം സമ്മാനിച്ചത് പലരെയും അതിശയിപ്പിച്ചെങ്കിലും നിർമല ബാനർജിയുടെ മുഖത്ത് അദ്ഭുതം ഒട്ടും തന്നെയുണ്ടായിരുന്നില്ല. പുരസ്കാരം സ്വാഭാവികം എന്ന ഭാവമായിരുന്നു, അദ്ഭുതത്തേക്കാൾ ആ മുഖത്ത് തെളിഞ്ഞുനിന്നിരുന്നത്. അത് മറ്റാരുമായിരുന്നില്ല; അഭിജിത്തിന്റെ അമ്മ. 

കൊൽക്കത്തയിലെ വീട്ടിലിരുന്ന് ലോകം കാണുന്ന വ്യക്തി. സാമ്പത്തിക രംഗത്തെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്ന വ്യക്തി. അതിന്റെ തെളിവായിരുന്നു അവരുടെ കയ്യിലുണ്ടായിരുന്ന ആ പുസ്തകം–പുവർ ഇക്കണോമിക്സ്. അഭിജിത്തിനെ നൊബേൽ സമ്മാനത്തിന്റെ ഉയരങ്ങളിലെത്തിച്ച പുസ്തകം. മാധ്യമ പ്രവർത്തകർ കൊൽക്കയിലെ വീട്ടിലെത്തി കാണുമ്പോൾ നിർമല ബാനർജിയുടെ കയ്യിൽ മകന്റെ ചിത്രവും അഭിജിത്ത് എഴുതിയ പുവർ ഇക്കണോമിക്സ് എന്ന പുസ്തകവുമുണ്ടായിരുന്നു. 

ഈ കുടുംബത്തിൽ നിറയെ സാമ്പത്തിക ശാസ്ത്രജ്ഞൻമാരാണ്. അഭിജിത്തിന്റെ അച്ഛൻ,ഞാന്‍.  ഞങ്ങളെല്ലാം സാമ്പത്തിക വിദഗ്ധർ തന്നെ....അഭിമാനത്തോടെ നിർമല പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഞങ്ങളെല്ലാം വ്യത്യസ്ത മേഖലകളിലാണ് ജോലി ചെയ്യുന്നതെന്നു മാത്രം. എങ്കിലും എല്ലാക്കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. സംവാദങ്ങൾ,തർക്കങ്ങൾ എല്ലാമുണ്ട്. 

ദാരിദ്ര്യലഘൂകരണം എന്നതായിരുന്നു അഭിജിത്തിന്റെ പ്രധാന പ്രമേയം. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു സമൂഹത്തെയോ മുന്നിൽക്കാണുന്നതിനുപകരം ഓരോ കുടുംബത്തെയും പ്രത്യേകമായെടുത്ത് ദാരിദ്ര്യ ലഘൂകരണം എന്ന ആശയം. വ്യക്തികളിൽനിന്നു തുടങ്ങുന്ന പ്രക്രിയയാണത്. 

രാഷ്ട്രീയ തർക്കങ്ങൾ എന്തുതന്നെയാണെങ്കിലും അഭിജിത്തിനെ ആദ്യം അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ പ്രധാനമന്ത്രിയുമുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ നൂറിലധികം വരുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻമാർക്കൊപ്പം സാമ്പത്തിക സ്ഥാപനങ്ങളെ രാഷ്ട്രീയമുക്തമാക്കണമെന്ന പ്രചാരണത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. 

അഭിജിത്തിനും എസ്തേർ ദഫ്ലോയ്ക്കും മൈക്കൽ ക്രെമറിനും ലഭിച്ച പുരസ്കാരം യഥാർഥത്തിൽ അവർക്കുമാത്രം അവകാശപ്പെട്ടതല്ല, കൊൽക്കത്തയിൽ വായിച്ചും ചിന്തിച്ചും ചർച്ച ചെയ്തും സാമ്പത്തിക രംഗത്തെ ഓരോ ചലനവും അറിഞ്ഞു ജീവിക്കുന്ന നിർമല ബാനർജിക്കു കൂടി അവകാശപ്പെട്ടതാണ്. അതിന്റെ തെളിവാണ് പുരസ്കാര വാർത്തയറിഞ്ഞതുമുതൽ അവർ താഴെ വയ്ക്കാതെ കൊണ്ടുനടക്കുന്ന ആ പുസ്തകവും ചിത്രവും. 

English Summary : Nobel prize-winner, Abhijith Banerjee, Nirmala Banerjee,Poor Economics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com