sections
MORE

‘അമ്മേ, എനിക്കു മരിക്കണ്ട’, ആരോഗ്യവാനായ മകനെ കോവിഡ് കൊണ്ടുപോയി; നിസാരമായി കാണരുതേ...!

covid-sondeath
ക്രിസ്റ്റഫറും അമ്മയും. ചിത്രം∙ സോഷ്യൽ മീഡിയ
SHARE

ലോകമാകെ പടർന്നിരിക്കുന്ന മഹാമാരിക്കാലത്ത് വേണ്ടത്ര സുരക്ഷിതത്വം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് അമ്മ. തന്റെ മകനെ കോവിഡ് കൊണ്ടു പോയതിന്റെ മുറിവുണങ്ങും മുൻപാണ് ലോകത്തോട് ഈ അമ്മയുടെ അഭ്യർത്ഥന. മാസ്ക് ധരിക്കാൻ ജനങ്ങൾ അലംഭാവം കാണിക്കരുതെന്നും വലിയ വിപത്ത് സ്വയം ക്ഷണിച്ചു വരുത്തരുതെന്നും അവർ പറയുന്നു. മാസ്ക് ധരിക്കുന്നതിൽ അലംഭാവം കാണിച്ചതിനെ തുടർന്ന് മകന്റെ ജീവൻ നഷ്ടമായതിനെ കുറിച്ച് പറയുകയാണ് അമ്മ. തെക്കേ അമേരിക്കയിലാണ് 25 വയസ്സുള്ള ആരോഗ്യവാനായ ക്രിസ്റ്റഫർ വില്ലറ്റ് എന്ന യുവാവിനെ കോവിഡ്–19 കവർന്നത്. 

ഓട്ടിസ (Asperger's syndrome)മുള്ള വ്യക്തിയായിരുന്നു ക്രിസ്റ്റഫറെങ്കിലും പൂർണ ആരോഗ്യവാനായിരുന്നു. അവന്റെ ജോലികളെല്ലാം അവൻ സ്വന്തമായി ചെയ്തിരുന്നതായും ക്രിസ്റ്റഫറിന്റെ അമ്മ ഡയാന വില്ലറ്റ് പറയുന്നു. ‘അവൻ അവന്റെ മുറിയിലിരുന്ന് കംപ്യൂട്ടറിൽ ജോലി സംബന്ധമായ എല്ലാകാര്യങ്ങളും ചെയ്യുമായിരുന്നു. ക്രിസ്മസിന് ഞാൻ അവനു വേണ്ടി ഒരു ടീഷർട്ട് ഓൺലൈനിൽ ഓർഡർ ചെയ്തു. അപ്പോൾ അവൻ പറഞ്ഞു. എനിക്ക് എല്ലാ സമയവും കംപ്യൂട്ടർ ഗെയിം കളിച്ച് ഇവിടെ തന്നെ അടച്ചുപൂട്ടിയിരിക്കാൻ കഴിയില്ല. ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം ഈ മുറിയിൽ തന്നെയാണ്. ഇവിടെ നിന്ന് പുറത്തു പോകാൻ കൊതിയാകുന്നു. ഒരു ദിവസം ഈ മുറിയിൽ നിന്ന് ഞാൻ രക്ഷപ്പെടും. 

അവശ്യ സാധനങ്ങൾ വിൽക്കുന്ന ഒരു കടയുണ്ട് ക്രിസ്റ്റഫറിന്. എല്ലാവരെയും പോലെ സാധാരണ ജീവിതം തന്നെയാണ് അവനും നയിച്ചിരുന്നത്. ആരോഗ്യപരമായി മറ്റു ‌കാര്യമായ പ്രശ്നങ്ങളൊന്നും അവനുണ്ടായിരുന്നില്ല. ലോകമാകെ കോവിഡ് മഹാമാരി ബാധിച്ചപ്പോൾ അവൻ പറഞ്ഞു. എന്നെ പോലെയുള്ളവർ പോലും ഈ രോഗത്തിന്റെ ഗുരുതരാവസ്ഥയെ പറ്റി ചിന്തിക്കുന്നില്ല, അമ്മേ. ഒരിക്കൽ കടയിൽ പോയി വന്നപ്പോൾ അവൻ പറഞ്ഞു. പലരും മാസ്ക് ധരിക്കാതെയാണ് വരുന്നത്. തനിക്ക് അതിൽ ആശങ്കയുള്ളതായും അവൻ പറഞ്ഞു. അവർ അവർക്ക് ഇഷ്ടമുള്ളതു പോലെ ചെയ്യട്ടെ. നീ എപ്പോഴും സുരക്ഷിതമായിരിക്കുക എന്ന് ഞാൻ അവനോട് പറഞ്ഞു. ക്രിസ്റ്റഫർ അത് അനുസരിച്ചിരുന്നതായാണ് ഞാന്‍ കരുതിയത്. വീട്ടിൽ എത്തുമ്പോഴെല്ലാം അവൻ ശരിയായി മാസ്ക് ധരിച്ചിരുന്നു. വീട്ടിലുള്ളപ്പോൾ നീ മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. 

മൂന്നിടങ്ങളിൽ മാത്രമാണ് അവൻ പോയത്. അവന്റെ തൊഴിലിടം, വീട്, ഒരു ബന്ധുവിന്റെ വീട്. വീട്ടിലിരിക്കുമ്പോഴും അവന് ഭയമുണ്ടായിരുന്നു. കാരണം ഒരു പൊതുയിടത്തിലാണ് ജോലിചെയ്യുന്നത്. അതുകൊണ്ട് വീട്ടിൽ പോലും വളരെ ശ്രദ്ധയോടെയാണ് അവൻ ഇടപഴകിയിരുന്നത്. സിഡിസി നിർദേശങ്ങളെല്ലാം തന്നെ അവൻ പാലിച്ചിരുന്നു. എന്നാൽ ഡിസംബർ 4ന് എല്ലാം തകിടം മറിഞ്ഞു. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ അവനിൽ കണ്ടു തുടങ്ങി. ശക്തമായ ചുമയാണ് ആദ്യം കണ്ടത്. എല്ലാ വർഷത്തെയും ശൈത്യകാലം പോലെ ഇത്തവണയും എനിക്ക് അസുഖം ബാധിച്ചല്ലോ അമ്മേ എന്നാണ് അവന്‍ അന്ന് പറഞ്ഞത്. കോവിഡ് ടെസ്റ്റ് നടത്താൻ  ഞാൻ അവനെ നിർബന്ധിക്കുകയായിരുന്നു. ഒരിക്കലും കോവിഡ് ബാധിച്ചിട്ടുണ്ടാകുമെന്ന് അവൻ കരുതിയിരുന്നില്ല. അന്നു തന്നെ ഞാനും അവനും കോവിഡ് ടെസ്റ്റ് ചെയ്തു. ഡിസംബർ ഏഴിന് ഞങ്ങൾ രണ്ടു പേരും കോവിഡ് പോസിറ്റിവ് ആണെന്ന റിസൾട്ട് കിട്ടി. 

ആദ്യം തന്നെ കുടുംബ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു. ആദ്യം ഡോക്ടർ ചില മരുന്നുകൾ നൽകി. എന്നാൽ മൂന്നു ദിവസം മരുന്നു കഴിച്ചിട്ടും ക്രിസ്റ്റഫറിന്റെ ചുമ കുറഞ്ഞില്ല. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്ന് ഞാൻ ഡോക്ടറെ വിളിച്ചു പറഞ്ഞു. ഉടൻ തന്നെ അവർ അവനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അവന്റെ ഹൃദയത്തിന്റെ എക്സ്റേ എല്ലാം എടുത്തെങ്കിലും അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടു പോകുന്നതിന് മുൻപ് അവൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുകയാണ്. എനിക്ക് മരിക്കണ്ട അമ്മേ, ഞാൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. അവൻ പറഞ്ഞു. എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് ഞാൻ അവനെ ആ മുറിയിലേക്ക് പറ‍ഞ്ഞയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്നെ വിളിച്ചു  പറഞ്ഞു. അമ്മേ, അവർ എന്നെ ഇവിടെ അഡ്മിറ്റ് ചെയ്തു. ടെസ്റ്റിൽ എനിക്ക് കോവിഡ് ന്യൂമോണിയയാണെന്ന് കണ്ടെത്തിയിരിക്കുന്നു. അപ്പോഴും സാരമില്ല, നീയിപ്പോൾ സുരക്ഷിതമായ ഇടത്തിലാണ് ഉള്ളതെന്നു പറഞ്ഞ് ഞാൻ അവനെ സമാധാനിപ്പിച്ചു. 

ഡിസംബർ 16–ാം തീയതി ഞാൻ അവനെ വീണ്ടും ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ, അവന്‍ ഫോണെടുത്തില്ല,  ആശുപത്രിയിലേക്ക് വിളിച്ചപ്പോൾ അവർ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു. അരമണിക്കൂറിനു ശേഷം അവർ തിരിച്ചു വിളിച്ച് അവനെ ഐസിയുവിലേക്കു മാറ്റുകയാണെന്നു  പറഞ്ഞു. അപ്പോഴേക്കും ക്രിസ്റ്റഫറിന്റെ ശരീരത്തിൽ  ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. ഏതാനും ദിവസത്തിനു ശേഷം അവൻ ഫേസ്ടൈമിൽ എന്നെ കണ്ടു. എല്ലാം ശരിയാകും മോനെ എന്നു പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു. എന്നാൽ അപ്പോഴും അവന്റെ കണ്ണിൽ ഭയം നിഴലിച്ചിരുന്നു. ഞങ്ങൾ കണ്ടു സംസാരിച്ചതിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ അവൻ എന്നെ വിട്ട് പോയി. ’– ഡയാന കണ്ണീരോടെ പറയുന്നു. 

ക്രിസ്റ്റഫറിന്റെ സംസ്കാരത്തിനു രണ്ട് ദിവസങ്ങൾക്കു ശേഷം ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഡയാനയും ആശുപത്രിയിൽ അഡ്മിറ്റായി. കോവിഡ് അണുബാധയാണെന്ന് ഡോക്ടർ പറഞ്ഞു. രണ്ടു ദിവസങ്ങൾക്കം താൻ ആശുപത്രിവിട്ടതായും അവർ പറയുന്നു. എത്ര ആരോഗ്യമുള്ളവരും കോവിഡിന് ഇരയാകാമെന്നു ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ക്രിസ്റ്റഫറിന്റെ മരണമെന്ന് ലോകത്തോട് പറയുകയാണ് ഡയാന. ഈ മഹാമാരിയെ അതീവ ഗൗരവത്തോടെ കാണാൻ തയ്യാറാതെ മാസ്ക് ധരിക്കാതെ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ പൊതുയിടത്തിൽ ഇടപഴകുന്നവരാണ് തന്റെ മകന്റെ മരണത്തിനു ഉത്തരവാദികളെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട് ഡയാന. ചിലപ്പോൾ ഒരുനേരത്തെ അശ്രദ്ധ കൊണ്ടാകാം അവന് രോഗം  ബാധിച്ചത്. ഇനിയെങ്കിലും ഈ അവസ്ഥയെ ഗൗരവത്തോടെ കാണാൻ എല്ലാവരും തയ്യാറാകണമെന്നാണ് തന്റെ അഭ്യർഥനയെന്നും കണ്ണീരോടെ ഡയാന പറയുന്നു. 

English Summary: ‘I don’t want to die, mom’: Mother urges masks after healthy 25-year-old son dies of COVID-19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'പ്രിയപ്പെട്ട ചിത്ര ചേച്ചിക്കായി ഈ പാട്ട്'; പിറന്നാൾ സമ്മാനവുമായി രാജലക്ഷ്മി

MORE VIDEOS
FROM ONMANORAMA