ADVERTISEMENT

കഴിഞ്ഞ വർഷം ജൂണിലാണ് അമേരിക്കയിലെ വിർജീനിയ സ്വദേശികളായ ആൻഡ്രു മക്കൻസീയും ഭാര്യ ക്രിസ്റ്റിയും ബൈക്ക് അപകടത്തിൽപ്പെട്ടത്. ട്രാഫിക് സിഗ്നൽ തെറ്റിച്ചു വന്ന കാർ ബൈക്കിൽ ഇടിച്ചതോടെ റോഡിലേക്ക് തെറിച്ചുവീണ ആൻഡ്രുവിന് സംഭവസ്ഥലത്തുവച്ച് തന്നെ ബോധം പൂർണമായും നഷ്ടപ്പെട്ടു. എന്നാൽ ബോധം വന്നപ്പോഴാകട്ടെ തന്റെ ജീവിതത്തിലെ 29 വർഷക്കാലം അദ്ദേഹത്തിന്റ ഓർമയിൽ നിന്നു അപ്പാടെ മാഞ്ഞു പോയിരുന്നു. 1993 ലാണ് താനെന്ന് ഉറച്ചു വിശ്വസിച്ചാണ് ആൻഡ്രൂ കണ്ണുതുറന്നത്. ഇതിനുശേഷം ആൻഡ്രൂ ഭാര്യയോട് തന്നെ വീണ്ടും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അപകടത്തിനുശേഷം ആൻഡ്രൂവിന്റെ ജീവൻ തിരിച്ചുപിടിക്കാൻ ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. ആന്തരിക രക്തസ്രാവത്തിനു പുറമേ അസ്ഥികൾ ഒടിഞ്ഞ നിലയിലാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടന്ന് മൂന്നു ദിവസത്തിനു ശേഷം മാത്രമാണ് ആൻഡ്രൂവിന് ബോധം തെളിഞ്ഞത്. ആ സമയത്ത് വീൽചെയറിൽ അദ്ദേഹത്തിനരികിൽ തന്നെ ക്രിസ്റ്റിയും  ഉണ്ടായിരുന്നു. എന്നാൽ കണ്ണു തുറന്നപ്പോഴാകട്ടെ തൊട്ടരികിൽ നിന്ന മക്കളെ പോലും തിരിച്ചറിയാൻ ആൻഡ്രൂവിന് സാധിച്ചില്ല.

1993 ലാണ് താനെന്ന് കരുതിയ ആൻഡ്രൂ ഭാര്യയെ തിരക്കുകയാണ് ആദ്യം ചെയ്തത്. സമീപത്തു തന്നെയുള്ള താൻ ആശുപത്രിയിലെ ജീവനക്കാരിയാണെന്നാണ് ആൻഡ്രൂ ആ സമയത്ത് കരുതിയത് എന്ന് ക്രിസ്റ്റി പറയുന്നു. ആൻഡ്രൂവിന്റെ അവസ്ഥ കണ്ട് തകർന്നു പോയ കുടുംബം ഡോക്ടർമാരുമായി സംസാരിച്ചപ്പോഴാകട്ടെ അദ്ദേഹത്തിന് ഓർമ്മ തിരിച്ചു കിട്ടുന്ന കാര്യത്തിൽ ഉറപ്പുനൽകാനാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഭർത്താവിനെ അങ്ങനെയങ്ങ് വിട്ടു കളയാൻ ക്രിസ്റ്റി ഒരുക്കമായിരുന്നില്ല.

ആശുപത്രിയിൽ തന്റെ മുറിയിൽ തന്നെ ആൻഡ്രൂവിനെയും കഴിയാൻ അനുവദിക്കണമെന്ന് അവർ അധികൃതരോട് ആവശ്യപ്പെട്ടു. തന്റെ സാമീപ്യം അദ്ദേഹത്തിൻ മാറ്റമുണ്ടാക്കാൻ സഹായിക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ക്രിസ്റ്റിയുടെ ആ വിശ്വാസം തെറ്റിയില്ല. പതിയെ പതിയെ ആൻഡ്രൂ ക്രിസ്റ്റിക്കരികിലെത്തി പല കാര്യങ്ങളും തിരക്കി തുടങ്ങി. ജീവൻ തന്നെ തിരിച്ചു കിട്ടിയ നിമിഷങ്ങൾ എന്നാണ് ക്രിസ്റ്റി ആ ദിവസത്തെ വിശേഷിപ്പിക്കുന്നത്.

ഏതാണ്ട് രണ്ടാഴ്ചയ്ക്കടുത്ത് ആശുപത്രിയിൽ കഴിഞ്ഞ ഇരുവരും സാവധാനം നടക്കാനാവുന്ന സ്ഥിതിയിലാണ് പുറത്തിറങ്ങിയത്. രണ്ടു മാസങ്ങൾക്ക് ശേഷം കുടുംബവുമൊത്ത് കടൽത്തീരത്ത് അവധി ദിനങ്ങൾ ചിലവഴിക്കാൻ ഇറങ്ങിയപ്പോൾ തിരിച്ചു കിട്ടിയ ജീവിതം ഒന്നുകൂടി മനോഹരമാകണമെന്ന് ആൻഡ്രുവിന് തോന്നി. ഒട്ടും വൈകാതെ തന്നെ ഒരിക്കൽ കൂടി വിവാഹം ചെയ്യുമോ എന്ന് ക്രിസ്റ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. ഭർത്താവിന്റെ ആഗ്രഹം വിചിത്രമാണെങ്കിലും  രണ്ടാമതൊന്ന് ആലോചിക്കാതെ ക്രിസ്റ്റി സമ്മതം അറിയിക്കുകയായിരുന്നു.

അങ്ങനെ 37 വർഷങ്ങളായി ദാമ്പത്യ ജീവിതം നയിച്ചുകൊണ്ടിരുന്ന ഇരുവരും അവധി ദിനങ്ങൾക്ക് ശേഷം വീണ്ടും  വിവാഹ പ്രതിജ്ഞ പുതുക്കി.   ഇപ്പോഴും അപകടം നടന്ന ദിവസത്തെ കാര്യങ്ങൾ ഒന്നും ആൻഡ്രൂവിന്റെ ഓർമ്മയില്ല. പക്ഷേ ഒന്നു മാത്രം അദ്ദേഹത്തിന് അറിയാം. തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് ക്രിസ്റ്റി മാത്രമാണെന്ന്.

English Summary: After Bike Accident, Man In US Wakes Up Thinking It's 1993 And Asks Wife To Marry Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com