മരിച്ച് മണിക്കൂറുകൾക്കു ശേഷം ജീവനോടെ തിരിച്ചെത്തിയ ഒരാൾ ഒരാഴ്ച പിന്നിട്ട് വീണ്ടും മരിച്ചിരിക്കുന്നു. ബന്ധുക്കളെയും നാട്ടുകാരെയും തന്റെ അമ്മയുടെ മരണവാർത്ത വിളിച്ചറിയിച്ച മകന്, രണ്ടാമത് ഒരിക്കൽ കൂടി അവരോടെല്ലാമായി ഇങ്ങനെ പറയേണ്ടിവന്നു; ഇത്തവണ എന്റെ അമ്മ ശരിക്കും മരിച്ചു. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒരു വാർത്തയായിരുന്നു ഇത്. ഇക്കഡോറിൽ മരണപ്പെട്ട വയോധിക തന്നെ അടക്കം ചെയ്ത ശവപ്പെട്ടിക്കുള്ളിൽകിടന്ന് മുട്ടിവിളിക്കാൻ തുടങ്ങി. പെട്ടിക്കുള്ളിൽ നിന്നും ശബ്ദം കേട്ട് ബന്ധുക്കൾ തുറന്നു നോക്കുമ്പോൾ 76 കാരിയായ ബെല്ല മൊണ്ടോയയ്ക്ക് ശ്വാസമുണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 9 ന് ബെല്ല മോണ്ടോയ മരിച്ചതായി ആശുപത്രി ജീവനക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നു. ക്വിറ്റോയിൽ നിന്ന് 208 കിലോമീറ്റർ അകലെ ബാബഹോയോയിലെ ഒരു വീട്ടിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. അടക്കംചെയ്ത് അഞ്ചു മണിക്കൂറിനു ശേഷമാണ് ബെല്ല മൊണ്ടോയ വീണ്ടും ഉണരുന്നത്. തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇസ്കെമിക് സ്ട്രോക്ക് മൂലം ബെല്ല മോണ്ടോയ വീണ്ടും മരിച്ചതായി ഇക്വഡോർ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു. മോണ്ടോയ "സ്ഥിര നിരീക്ഷണത്തിന്" വിധേയയായിരുന്നുവെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
Read also: ' ഭിന്നശേഷിയെ അതിജീവിച്ച കുട്ടികളിൽ എന്റെ മോൻ പെടില്ല, അവൻ പറയുന്ന ഒരേയൊരു വാക്ക് അമ്മ എന്നാണ് '
എന്താണ് സംഭവിച്ചതെന്നതിന്റെ മെഡിക്കൽ വിശദീകരണത്തെക്കുറിച്ച് തനിക്ക് ഇതുവരെ അധികാരികളിൽ നിന്ന് ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും കാര്യങ്ങൾ ഇങ്ങനെ തുടരാൻ അനുവദിക്കില്ല എന്നും മരിച്ച സ്ത്രീയുടെ മകൻ ബാർബെറ മോണ്ടോയ പറയുന്നു. റിട്ടയേർഡ് നഴ്‌സായിരുന്ന മോണ്ടോയയുടെ ഭൗതികശരീരം വീണ്ടും സ്വഗൃഹത്തിൽ എത്തിക്കുകയും പൊതു ശ്മശാനത്തിൽ അടക്കം ചെയ്യുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
Content Summary: Old woman come back to life after funeral, dies a week later