മാലപൊട്ടിക്കുന്ന മോഷ്ടാക്കളുടെ പിന്നാലെ പോകരുത്; പകരം ഇങ്ങനെ ചെയ്യാം

HIGHLIGHTS
  • വിജനമായ വഴിയാണെങ്കിൽ അപരിചിതരോട് സംസാരിക്കരുത്.
  • മോഷ്ടാക്കളുടെ പിന്നാലെ പോയി ആക്രമിക്കരുത്.
Theft
വൃദ്ധയുടെ മാല പൊട്ടിക്കുന്ന മോഷ്ടാവ്. ട്രാഫിക് പൊലീസ് പങ്കുവച്ച ദൃശ്യങ്ങളിൽ നിന്ന്
SHARE

വഴിചോദിക്കാനെന്ന വ്യാജേനയെത്തി വഴിയാത്രക്കാരുടെ സമീപം സ്കൂട്ടർ നിർത്തി അവരുടെ ആഭരണങ്ങളും പണവും കവരുന്ന മോഷ്ടാക്കൾ നിരത്തിൽ വാഴുമ്പോഴാണ് ട്രാഫിക് പൊലീസ് പങ്കുവച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വയോധികയുടെ മാലപൊട്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാവിനെ മണിക്കൂറുകൾക്കകം കുടുക്കിയതിനെക്കുറിച്ചും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നുമുള്ള നിർദേശങ്ങളാണ് വിഡിയോയുടെ ഇതിവൃത്തം.

തിരുവനന്തപുരത്തു നടക്കുന്ന മാലപൊട്ടിക്കൽ കേസിലെ സ്ഥിരം മോഷ്ടാവിനെയാണ് ബുദ്ധിപരമായ നീക്കത്തിലൂടെ പൊലീസ് കുടുക്കിയത്. വഴിചോദിക്കാനെന്ന വ്യാജേന വയോധികയുടെ അടുത്തെത്തിയാണ് മോഷ്ടാവ് മാലപൊട്ടിച്ചത്. മോഷ്ടാവിനെ തടയാനുള്ള ശ്രമത്തിനിടെ അവർ നിലത്തു വീഴുന്നുണ്ടെങ്കിലും ഭാഗ്യംകൊണ്ട് മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. അപ്രതീക്ഷിത ആക്രമണമുണ്ടാക്കിയ ഞെട്ടലിലും മോഷ്ടാവിനെ പിന്തുടരാൻ ശ്രമിക്കുന്നതിനിടയിലും ഒന്നിലധികം പ്രാവശ്യം പ്രായമായ ആ സ്ത്രീ നിലത്തു വീഴുന്നുണ്ട്.

ഇങ്ങനെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്നും എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്നും വിശദീകരിച്ചുകൊണ്ട് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :- 

കള്ളനും പോലീസും...

തിരുവനന്തപുരത്ത് വഴി ചോദിക്കാനെന്ന മട്ടിൽ അടുത്ത് ബൈക്ക് നിർത്തി ഒരു സ്ത്രീയുടെ മാല പൊട്ടിച്ച് ഓടിയ കള്ളനെ മണിക്കൂറുകൾക്കകം പിടിച്ച കഥ നിങ്ങൾ വായിച്ചു കാണും. കേരള പൊലീസിന് അഭിനന്ദനങ്ങൾ..!

സുരക്ഷയും ദുരന്ത ലഘൂകരണവും തൊഴിലായതിനാൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചത് മാല നഷ്ടപ്പെട്ടതിനു ശേഷം ആ സ്ത്രീ ചെയ്ത കാര്യങ്ങളാണ്. കള്ളന്റെ പുറകെ ഓടി അയാളുടെ കൈയിൽ കയറിപ്പിടിച്ചു. അയാൾ അത് ശ്രദ്ധിക്കാതെ സ്‌കൂട്ടർ ഓടിച്ചു പോയി, പാവം സ്ത്രീ താഴെ വീണെങ്കിലും ഭാഗ്യത്തിന് വലിയ പരിക്കൊന്നും പറ്റിയില്ല. വീഴ്ചയിൽ തലപൊട്ടുകയോ കൈയോ കാലോ ഒടിയുകയോ ചെയ്തേനെ. സാരി എങ്ങാനും സ്‌കൂട്ടറിൽ കുരുങ്ങിയിരുന്നെങ്കിൽ റോഡിൽ വലിച്ചിഴച്ചു പോകുമായിരുന്നു. പേടിച്ചോടുന്ന കള്ളൻ ഇതൊന്നും ശ്രദ്ധിക്കില്ല. ഒരു മാലയിൽ തീരേണ്ട നഷ്ടം ഒരു ജീവനിൽ എത്താൻ ഒരു മിനിറ്റ് മതി.

ഇത്തരം സാഹചര്യം ആർക്കും എപ്പോഴും ഉണ്ടാകാം. മാലയോ ബാഗോ തട്ടിപ്പറിക്കാനാകാം ശ്രമം. സ്ത്രീകളോ കുട്ടികളോ ആണെങ്കിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടേക്കാം. അതുകൊണ്ട് ഇതൊഴിവാക്കാനാണ് ശ്രമിക്കേണ്ടത്. തൊട്ടടുത്ത് ആരെങ്കിലും വാഹനത്തിലോ റോഡിലോ വന്ന് നിന്ന് സംസാരിക്കാൻ നോക്കിയാൽ സുരക്ഷിതമായ ദൂരം പാലിക്കണം (കയ്യെത്താത്ത ദൂരം). വിജനമായ വഴിയാണെങ്കിൽ സംസാരിക്കാതിരിക്കുന്നത് തന്നെയാണ് ബുദ്ധി. ഇനി ഏതെങ്കിലും കാരണവശാൽ അവർ ഉപദ്രവിക്കുകയോ മാലയോ ബാഗോ പിടിച്ചു പറിക്കുകയോ ചെയ്താൽ ഒരു കാരണവശാലും തിരിച്ച് അടിയുണ്ടാക്കാൻ പോകുകയോ പുറകെ ഓടുകയോ ചെയ്യരുത്. നമ്മൾ ഒരു ഏറ്റുമുട്ടലിന് തയാറായി വീട്ടിൽ നിന്നും ഇറങ്ങിയ ആളല്ല. എന്നാൽ കള്ളന്റെ കാര്യം അങ്ങനെയല്ല. കള്ളൻ ആയുധം ഉൾപ്പടെ എത്രത്തോളം തയാറെടുപ്പോടെയാണ് വന്നിരിക്കുന്നതെന്ന് നമുക്കറിയില്ല. വേറെ പങ്കാളികൾ ഉണ്ടാകാം. കൂടുതൽ നഷ്ടം നമുക്ക് തന്നെയാണ് വരാൻ സാധ്യത.

ഇത്തരത്തിൽ നമ്മുടെ നേരെ മോഷണമോ അപമാന ശ്രമമോ അക്രമമോ നടന്നാൽ സാധിച്ചാൽ വണ്ടിയുടെ നമ്പറും ആളെക്കുറിച്ചുള്ള മറ്റു കാര്യങ്ങളും ഓർത്തിരിക്കാൻ ശ്രമിക്കുക. നമുക്ക് വലിയ അപകടമൊന്നും പറ്റിയില്ലെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും പോലീസിൽ വിവരം അറിയിക്കുക. കാരണം ഇത്തരം ആളുകൾ മിക്കവാറും ഓരോ ഏരിയ നോക്കി കളവ് നടത്തുന്നവരാണ്. അപ്പോൾ വീഡിയോ കാമറ ഇല്ലെങ്കിലും കുറ്റകൃത്യത്തിന്റെ പാറ്റേൺ കണ്ടാൽ പൊലീസിന് അവരെ പിടിക്കാൻ എളുപ്പമാകും.

സുരക്ഷിതരായിരിക്കുക...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA