ADVERTISEMENT

രാഷ്ട്രീയത്തിലെ വിരമിക്കല്‍ പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ച ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. പക്ഷേ, ചര്‍ച്ചകള്‍ മാത്രം ബാക്കിയാകുകയും തീരുമാനം അകന്നുനില്‍ക്കുകയും ചെയ്യുന്നു. എന്ന് എപ്പോള്‍ എങ്ങനെ വിരമിക്കണം എന്നത് ഓരോ നേതാവും സ്വയം തീരുമാനിക്കട്ടെ എന്ന നയമാണ് പല പാര്‍ട്ടികളും പിന്തുടരുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായ തീരുമാനം എടുത്തത് ബിജെപിയാണ്.

75 വയസ്സുകഴിഞ്ഞവർക്ക്, അവര്‍ എത്രതന്നെ പ്രമുഖരാണെങ്കിലും സീറ്റ് നല്‍കേണ്ടെന്നാണ് ബിജെപി തീരുമാനം. ആ തീരുമാനത്തിന്റെ ബലിയാടുകളാണ് പ്രമുഖരായ എല്‍.കെ.അദ്വാനിയും മുരളി മനോഹര്‍ ജോഷിയും മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനുമൊക്കെ. കോണ്‍ഗ്രസിലാകട്ടെ പ്രായത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. 

പക്ഷേ അങ്ങനെയൊരു തീരുമാനം എടുത്തിരുന്നെങ്കില്‍പ്പോലും അവര്‍ ഒരു വ്യക്തിക്കുവേണ്ടി ആ തീരുമാനം മാറ്റാന്‍പോലും തയാറാകുമായിരുന്നു. കാരണം അത്രമാത്രം അനിവാര്യയാണ് ആ വ്യക്തി. മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്. പരാജയപ്പെട്ട് രാഷ്ട്രീയജീവിതം തന്നെ ഏതാണ്ടു മതിയാക്കിയെന്ന ഘട്ടത്തില്‍നിന്ന് അവര്‍ തിരിച്ചുവന്നരിക്കുകയാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍. സ്വയം മല്‍സരിക്കാന്‍ മാത്രമല്ല തലസ്ഥാനനഗരമായ ഡല്‍ഹിയില്‍ പാര്‍ട്ടിയെ നയിക്കാനും. 

1938 മാര്‍ച്ച് 31 ന് ജനിച്ച ഷീലയ്ക്ക് പ്രായം 81. ഒരുപക്ഷേ ഇത്തവണ പ്രധാനപ്പെട്ട മുന്നണികളുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയും ഷീല തന്നെയാകും. കഴിഞ്ഞ മാസം   പാര്‍ട്ടി അണികള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച കോണ്‍ഗ്രസുകാരുടെ പ്രിയപ്പെട്ട ദീദി ഇത്തവണ ഡല്‍ഹിയിലെ നോര്‍ത്ത് ഈസ്റ്റ് സീറ്റിലാണ് മല്‍സരിക്കുന്നത്. മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‍രിവാളിനോട് മല്‍സരിച്ചു പരാജയപ്പെട്ട സീറ്റ് ഒഴിവാക്കിയുള്ള മല്‍സരം. പക്ഷേ എഎപിയേയും ബിജെപിയേയും അവര്‍ക്ക് ഒരുപോലെ നേരിടേണ്ടതുണ്ട്. 

ചെറുപ്പക്കാര്‍ പോലും ആഴ്ചകള്‍ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തളരുന്ന കാലത്താണ് 81 ന്റെ നവയൗവനവുമായി ഷീല ദീക്ഷിത് പോരിനിറങ്ങുന്നത്. അല്ലെങ്കില്‍ത്തന്നെ പ്രയം അവരെ ഒരിക്കലും തളര്‍ത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ആദ്യമായി അവര്‍ മുഖ്യമന്ത്രിയാകുന്നതുതന്നെ അറുപതാം വയസ്സില്‍. സാധാരണ ഒരു വ്യക്തി ജോലിയില്‍നിന്നു വിരമിക്കുന്ന ഘട്ടത്തില്‍. അവിടെനിന്ന് 15 വര്‍ഷം നീണ്ട ജൈത്രയാത്ര. 

അക്ഷരാര്‍ഥത്തില്‍ ഡല്‍ഹിയില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവ്. പരാജയം രുചിക്കേണ്ടി വന്നെങ്കിലും പിന്നീടും തളര്‍ന്നിട്ടില്ല ദീദി. ഉത്തര്‍പ്രദേശില്‍ മല്‍സരിക്കുകയും കേരളത്തില്‍ ഗവര്‍ണറാകുകയും ഒക്കെ ചെയ്ത് ഡല്‍ഹിയില്‍ തിരിച്ചെത്തി ഒടുവില്‍ പാ‍ര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. 

എഎപിയുടെ ഉദയത്തോടെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണ്. ഒരിക്കല്‍ തങ്ങള്‍ക്കുണ്ടായിരുന്ന മേധാവിത്വം ഷീലയിലൂടെ തിരിച്ചുപിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിന് ഏറ്റവും യോജിക്കുന്നത് ഡല്‍ഹിയുടെ മുക്കും മൂലയും നന്നായി അറിയുന്ന,എതിരാളികളാല്‍പ്പോ ലും ബഹുമാനിക്കപ്പെടുന്ന ഷീല ദീക്ഷിത് തന്നെ. 

കടുത്ത തണുപ്പാണ് ഡല്‍ഹിയുടെ പ്രത്യേകതകളിലൊന്ന്. ഒരുവിധപ്പെട്ടവരൊക്കെ മുറിയടച്ച് ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന കാലാവസ്ഥ. ഡല്‍ഹിയിലെ തണുപ്പിനെ അതിജീവിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമാണ് ഡല്‍ഹിയുടെ നേതൃസ്ഥാനത്ത് എത്താനും കഴിയുന്നത്. ഇന്നു രാജ്യം കാണുന്ന പ്രധാന നേതാക്കളില്‍ ഏറ്റവും കൂടുതല്‍ തവണ ഡല്‍ഹിയുടെ തണുപ്പിനെ നേരിട്ട നേതാവാണ് ഷീല ദീക്ഷിത്. ആ തണുപ്പില്‍നിന്നുമാണ് രാഷ്ട്രീയത്തിന്റെ ചൂട് അവര്‍ ആളിക്കത്തിച്ചത്. 

അതേ നേതാവിന്റെ കരുത്തില്‍ ഇത്തവണ ജയിച്ചുകയറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പാര്‍ട്ടിയെ ജയിപ്പിച്ചും സ്വയം ജയിച്ചും ഒരിക്കല്‍ക്കൂടി താരമാകുമോ ദീദി എന്നറിയാന്‍ ഇനിയും കാത്തിരിക്കണം ഒരു മാസത്തോളം. ആ കാത്തിരിപ്പിനെപ്പോലും ഹരം പിടിപ്പിക്കുകയാണ് ഷീലയുടെ സാന്നിധ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com