sections
MORE

പടിയിറങ്ങിയ ഷീല മടങ്ങിവരുന്നു;നഷ്ട സിംഹാസനം തിരിച്ചുപിടിക്കാനുറച്ച്

Sheila-Dikshit
SHARE

ഡല്‍ഹി ഈസ്റ്റ് നിസാമുദ്ദീനിലെ ആളൊഴിഞ്ഞ ഒരു വീട്ടില്‍ തിരക്കിന്റെ ദിവസമാണു കഴിഞ്ഞുപോയത്. ആരവങ്ങളുടെയും ആര്‍പ്പുവിളികളുടെയും. ഭേദിക്കപ്പെട്ടതു വര്‍ഷങ്ങള്‍ നീണ്ട നിശ്ശബ്ദത, മൗനം. വെള്ളിയാഴ്ച വീട്ടിലെ മുറികളിലും മുറ്റത്തും തെരുവിലുമൊക്കെ നിറഞ്ഞ ആള്‍ക്കൂട്ടത്തോട് വീട്ടുടമസ്ഥ സംസാരിച്ചു. 80 വയസ്സ് പൂര്‍ത്തിയായെങ്കിലും യൗവനം നിറഞ്ഞ ശബ്ദത്തില്‍. ഇനിയും ഒട്ടേറെ അങ്കങ്ങള്‍ക്കു ബാല്യമുണ്ടെന്ന ആത്മവിശ്വാസത്തില്‍.

ഒരു തിരിച്ചുവരവ് സ്വപ്നം കാണാന്‍ പോലും കഴിയാത്ത പ്രായത്തില്‍, എഴുതിത്തള്ളിയവരെ നോക്കി സ്നേഹനിര്‍ഭരമായി പുഞ്ചിരിച്ചു സംസാരിക്കുന്നത് മൂന്നു തവണ തുടര്‍ച്ചയായി രാജ്യത്തിന്റെ തലസ്ഥാന നഗരത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സ്ത്രീയാണ്. ഭരണം നഷ്ടപ്പെട്ട് സ്വന്തം മണ്ഡലത്തില്‍പ്പോലും തോറ്റ് തുന്നംപാടി അവര്‍ പടിയിറങ്ങിയപ്പോള്‍ ആരെങ്കിലും സ്വപ്നം കണ്ടിരുന്നോ ഇങ്ങനെയൊരു തിരിച്ചുവരവ്. അതിശയവും അദ്ഭുതവും ഒക്കെ മാറിനില്‍ക്കട്ടെ. ഇതു യാഥാര്‍ഥ്യം. 80-ാം വയസ്സില്‍ മടങ്ങിയെത്തിരിക്കുകയാണ് ഷീല ദീക്ഷിത്. ഡല്‍ഹിയുടെ സ്വന്തം ഷീല ദീദി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. ഭരണത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും ഇടയില്‍ ഊര്‍ധശ്വാസം വലിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു പുതുജീവനേകാന്‍. നഷ്ട സിംഹാസനം തിരിച്ചുപിടിക്കാന്‍.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മൂടല്‍മഞ്ഞിനെ വകവയ്ക്കാതെ ഷീലയുടെ വീട്ടില്‍ ആളുകൂടി. കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകര്‍. തങ്ങളെ നയിക്കാന്‍ ഇഷ്ടനേതാവ് ഇല്ലാത്തതിന്റെ വേദനയിലായിരുന്നു അവര്‍. അവരോട് പ്രായം മങ്ങലേല്‍പിക്കാത്ത ദൃഡസ്വരത്തില്‍ ഷീല ദീക്ഷിത് പറഞ്ഞു: ഡല്‍ഹിയിലെ എല്ലാ വിഭാഗം ജനങ്ങളെയും നേരില്‍ക്കാണണം. അതാണ് ആദ്യത്തെ ചുവട്. തലസ്ഥാനത്തെ മണ്ണില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കും... കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തതില്‍ ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിക്കാന്‍ വന്നവരോടായിരുന്നു ഷീലയുടെ വാക്കുകള്‍. ആശംസയുടെ സമയം ആയിട്ടില്ലെന്ന് അവര്‍ക്കറിയാം. ആ നിമിഷത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനു പ്രവര്‍ത്തകരെ സജ്ജരാക്കുകയാണ് തന്റെ ചുമതലയെന്നും.

ജനുവരി 16 -ബുധനാഴ്ച അത്യപൂര്‍വമായ ഒരു ചടങ്ങിനു സാക്ഷിയാകാന്‍ പോകുകയാണ് ഡല്‍ഹി. അന്നാണ് ഷീല ദീക്ഷിത് കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കൂടെ മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരും. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും അതിനടുത്ത വര്‍ഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ഇതാദ്യമായി മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെ ഷീലയെ സഹായിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. അനാരോഗ്യം ചൂണ്ടിക്കാട്ടി അജയ് മാക്കൻ ചുമതലയൊഴിഞ്ഞതോടെയാണ് ഷീലയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

അഞ്ചുവര്‍ഷം മുമ്പ് 2013-ലായിരുന്നു ഷീലയുടെ പടിയിറക്കം. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ എന്നോട് ആരും ഒന്നും ആലോചിച്ചിട്ടേയില്ല. ഞാനും ഒന്നിലും ഇടപെട്ടില്ല. അക്കാലത്തെക്കുറിച്ച് ഇപ്പോള്‍ എനിക്കൊന്നും പറയാനുമില്ല. എനിക്ക് ആകെ അറിയാവുന്നത് ഇപ്പോഴത്തെ നേതൃമാറ്റം ഡല്‍ഹിയിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നാണ്.ഷീലയുടെ വാക്കുകള്‍ ശരിവച്ചുകൊണ്ട് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നു. 

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുടമായി കൈകോര്‍ക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഷീല നേതൃസ്ഥാനത്തെത്തുന്നത്. തുടക്കത്തില്‍ത്തനെ എഎപിയുമായി ഒരുബന്ധത്തിനുമില്ലെന്നു ഷീല വ്യക്തമാക്കുന്നു. അതിനു മറ്റു കാരണങ്ങള്‍ക്കൊപ്പം ഇപ്പോഴൊരു പുതിയ കാരണം കൂടിയുമുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട ഭാരത് രത്ന വിവാദം. ഒരു ബന്ധവുമില്ലാത്ത ആ വിഷയം നിയമസഭയില്‍ കൊണ്ടുവന്നതിലൂടെ രാജ്യത്തെയും കോണ്‍ഗ്രസുകാരെയും തന്നെ വ്യക്തിപരമായും മുറിവേല്‍പിച്ചിരിക്കുകയാണ് എഎപി എന്നും ഷീല പറയുന്നു. 

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ഫലം ഇപ്പോഴേ പ്രവചിക്കാനാവില്ല. ഫലം എന്തുതന്നെയായാലും ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ് ഷീലയുടെ മടങ്ങിവരവ്. 80-ാം വയസ്സില്‍ അസാധ്യമെന്നു തോന്നാവുന്ന വലിയ ഉത്തരവാദിത്തം ചുമിലിലേറ്റാനുള്ള സന്നദ്ധത. പുതിയ വര്‍ഷത്തിന്റെ ആദ്യമാസം ഒരു വനിതയ്ക്ക് അവകാശപ്പെട്ടതാണെങ്കില്‍ അതു ഷീല ദീക്ഷിതിനു തന്നെ എന്നുറപ്പ്. കാത്തിരിക്കാം ഷീല നയിക്കുന്ന പോരാട്ടങ്ങളുടെ ഫലങ്ങള്‍ക്കുവേണ്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA