ADVERTISEMENT

ഉത്തരം കിട്ടാത്ത ചോദ്യമെന്നും സമസ്യയെന്നുമൊക്കെ സ്ത്രീകളുടെ മനസ്സിനെ പണ്ടേ വിശേഷിപ്പിച്ചിട്ടുണ്ട് കവികളും കലാകാരന്‍മാരും. പക്ഷേ, പുതിയ കാലത്ത് സ്ത്രീകളുടെ മനസ്സിന്റെ സങ്കീര്‍ണതകളെക്കുറിച്ചും അവരെ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചും കൂലങ്കഷമായി ചിന്തിക്കേണ്ടിവരുന്ന സാഹചര്യം സ്വപ്നത്തില്‍പ്പോലും കണ്ടിരുന്നില്ല കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. 

അതേ നേതാക്കളിപ്പോള്‍ കൂട്ടുകയും കുറയ്ക്കുകയും ഗുണിക്കുകയും ഹരിക്കുകയും ചെയ്യുന്നതിനൊപ്പം അന്തം വിട്ടിരിക്കുക കൂടിയാണ്; സ്ത്രീ മനസ്സിന്റെ സങ്കീര്‍ണതകളെക്കുറിച്ച് പിന്നെയും പിന്നെയും ആലോചിച്ച്. എത്ര ആലോചിച്ചിട്ടും ഉത്തരംകിട്ടാതെ ഇനിയന്തു മാര്‍ഗമെന്ന ആശയക്കുഴപ്പത്തിലും. ഇക്കഴിഞ്ഞ 23 ലെ പോളിങ് ദിനത്തിനുശേഷമാണ് കേരളത്തിലെ മൂന്നു മുന്നണികളുടെയും നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും ചങ്കിടിപ്പ് കൂടിയതും സ്ത്രീകള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് അവര്‍ ആകുലപ്പെടാന്‍ തുടങ്ങിയതും. 

കാരണം പ്രധാന മല്‍സരം നടന്ന മണ്ഡലങ്ങളിലെല്ലാം സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് ഒപ്പത്തിനൊപ്പമോ പുരുഷന്‍മാരെ കടത്തിവെട്ടുകയോ ചെയ്തിരിക്കുന്നു. സ്ത്രീകളുടെ കൂടിയ പോളിങ് ശതമാനം എന്തിന്റെ സൂചനയാണെന്നാണ് എല്ലാവരും ആശങ്കപ്പെടുന്നത്. വിശ്വാസത്തിനു മുറിവേറ്റ സ്ത്രീകളുടെ വേദനയാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചതെന്നു വാദിക്കുന്നവരുണ്ട്. ആത്മാഭിമാനത്തിനുവേണ്ടി വോട്ടു ചെയ്തതാണെന്ന് അവകാശപ്പെടുന്നരുണ്ട്. സമാധാനത്തിനും പുതിയ ഇന്ത്യയ്ക്കും വേണ്ടിയാണെന്ന് മറ്റൊരു വാദം. 

വാദങ്ങള്‍ക്കപ്പുറം യഥാര്‍ഥത്തില്‍ എന്താണെന്നു നടന്നതെന്നാകട്ടെ ആര്‍ക്കും ഒന്നും തീര്‍ത്തുപറയാനും കഴിയുന്നില്ല. മുമ്പൊക്കെ പുരുഷന്‍മാര്‍ തീരുമാനിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തീരുമാനം നടപ്പിലാക്കുന്നതുമായിരുന്നു പതിവെങ്കില്‍ ഇത്തവണ സ്ത്രീകള്‍ പോളിങ് ബൂത്തിലേക്ക് പോയത് ഉറച്ച മനസ്സുമായി. തീരുമാനമെടുത്ത്,  ഉറച്ച ചുവടുകളുമായി. ഇങ്ങനെ ചിന്തിക്കാനുള്ള അടിസ്ഥാനം പോളിങ് ശതമാനത്തിനെ വര്‍ധന തന്നെ. 

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലമാണ്. ഒരു മുന്നണി അവിടെ ഒരു വനിതയെത്തന്നെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. പത്തനംതിട്ടയില്‍ ആകെ രേഖപ്പെടുത്തിയതില്‍ പകുതിയലധികവും സ്ത്രീകളുടെ വോട്ടുകളാണ്. അതില്‍ത്തന്നെ ക്ഷേത്രനഗരമായ ആറന്‍മുള മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്നു. വിശ്വാസസംരക്ഷണത്തിനുവേണ്ടി സ്ത്രീകള്‍ വലിയതോതില്‍ തെരുവിലിറങ്ങിയ ആറന്‍മുളയിലെ ആകെ സ്ത്രീവോട്ടര്‍മാരുടെ എണ്ണം 120296. 107473 പുരുഷ വോട്ടര്‍മാരില്‍ 76600 പേര്‍ വോട്ടു ചെയ്തപ്പോള്‍ 87395 സ്ത്രീകള്‍ വോട്ടു ചെയ്തു. കൂടുതലായി പോള്‍ ചെയ്യപ്പെട്ട സ്ത്രീകളുടെ വോട്ടാണ് ആറന്‍മുളയിലെയും പത്തനംതിട്ട മണ്ഡലത്തിലെയും സാധ്യതകളെ തകിടം മറിയ്ക്കുന്നതും തിരഞ്ഞെടുപ്പ് പണ്ഡിതന്‍മാരെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നതും. 

കേരളത്തിലെ മറ്റൊരു ക്ഷേത്രനഗരമായ ഗുരുവായൂരിലും വോട്ടു ചെയ്തവരില്‍ സ്ത്രീകള്‍ തന്നെയാണു മുന്നില്‍. ഇവിടെ വ്യത്യാസം ഏതാണ്ട് 11 ശതമാനമാണ്. 80726 സ്ത്രീകള്‍ വോട്ടു ചെയ്തപ്പോള്‍ 64526 പുരുഷന്‍മാര്‍ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. തൃശൂരില്‍ ആര് ജയിക്കുമെന്ന് കണക്കൂകൂട്ടാനിരിക്കുന്നവരെ കുഴക്കുന്ന പ്രശനവും ഇതുതന്നെ. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട തൃശൂര്‍, ഒല്ലൂര്‍ നിയമസഭാ മണ്ഡ‍ലങ്ങളിലും ആലത്തൂരില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരിയിലും ഒഴികെ എല്ലാ നിയോജനമണ്ഡലങ്ങളിലും സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. 

പത്തനംതിട്ടയും തൃശൂരും കഴിഞ്ഞാല്‍ പിടിതരാത്ത മറ്റൊരു മണ്ഡലം തിരുവനന്തപുരമാണ്. 2014-ലേക്കാള്‍ സ്ത്രീകളുടെ പോളിങ് ശതമാനം ഇവിടെ 6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പുരുഷന്‍മാരുടെ വര്‍ധന വെറും 1.72 ശതമാനം മാത്രം. കഴിഞ്ഞതവണ 66.6 ശതമാനം മാത്രം സ്ത്രീകളാണ് വോട്ടു ചെയ്തതെങ്കില്‍ ഇത്തവണ അത് 72.66 ശതമാനമായി വര്‍ധിച്ചു. പല നിയോജമണ്ഡലങ്ങളിലും കഴിഞ്ഞതവണ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ ബഹുദൂരം പിന്നിലായിരുന്നെങ്കില്‍ ഇത്തവണ ഒപ്പത്തിനൊപ്പമായി. 

പ്രത്യേകിച്ചും തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ സ്ത്രീകള്‍ ഒപ്പത്തിനൊപ്പമെത്തിയത് പ്രകടമായ സൂചന തന്നെയാണ്. നേരത്തെ 4.31 ശതമാനം വ്യത്യസമുണ്ടായിരുന്നതാണ് ഇത്തവണ സമാസമമായത്. 

ഇതു കണക്കിലെ കളികളാണ്. കണക്കുകള്‍ക്കപ്പുറം സ്ത്രീകളുടെ മനസ്സാണ് ഇത്തവണത്തെ ജയപരാജയത്തെ നിര്‍ണയിക്കുന്നതെന്നു വ്യക്തമായിക്കഴിഞ്ഞു. അതാകട്ടെ പിടിതരാതെ വഴുതിമാറുകയും ചെയ്യുന്നു. ഇത്തവണത്തേതു സൂചനയാണെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് വളരെദൂരം മുന്നിലെത്തുമെന്നു തീര്‍ച്ച. അപ്പോഴെങ്കിലും വനിതകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com