ADVERTISEMENT

വളര്‍ന്നുവരുന്ന ഒരു ഓപറ ഗായിക മാത്രമായിരുന്നു 1990 കാലത്ത് ആനി സോഫി ഷ്മിത്ത്. അക്കാലത്ത് ഫ്രാന്‍സിലെ നാഷനല്‍ ഓര്‍ക്കെസ്ട്രയുടെ ഭാഗമായി പ്രശസ്ത സ്വിസ് സംഗീതജ്ഞന്‍ ചാള്‍സ് ഡുടോയിറ്റ് നയിക്കുന്ന ഓപറയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അഭിമാനത്തിന്റെയും അംഗീകാരത്തിന്റെയും നിമിഷം. 

ആദ്യത്തെ കണ്‍സര്‍ട് കഴിഞ്ഞപ്പോള്‍ തുടങ്ങിയത് കടുത്ത മാനസിക-ശാരീരിക പീഡനം. ഡുടോയിറ്റ് അപ്രതീക്ഷിതമായി ആനിയെ ബലമായി ചുംബിച്ചു. അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തു.

അന്നുമുതല്‍ അവര്‍ ഡുടോയിറ്റില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിച്ചു. അയാളെ കഴിയുന്നത്ര അകറ്റാനും. അയാള്‍ അതു മനസ്സിലാക്കി. അതോടെ പരസ്യമായി ആനിയെ അപമാനിക്കാന്‍ തുടങ്ങി. അന്ന് 29 വയസ്സ് മാത്രമുണ്ടായിരുന്ന ആനി റിഹേഴ്സലിലും മറ്റും ഭര്‍ത്താവിനെക്കൂടി കൊണ്ടുവരാന്‍ തുടങ്ങി. ഇത് സംഗീതജ്ഞനെ വീണ്ടും പ്രകോപിപ്പിച്ചു. ഒടുവിലയാള്‍, തന്റെ ഇഷ്ടങ്ങള്‍ക്കു വഴങ്ങാത്തതിന്റെ പേരില്‍ ആനിയെ പുറത്താക്കി പ്രതികാരം ചെയ്തു. പരാതിപ്പെടണം എന്നുണ്ടായിരുന്നു. ആനി അതിനു തയാറായില്ല. താന്‍ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. തന്നെ ഭ്രാന്തിയായി കരുതുമെന്നും.

കാലം കടന്നുപോയി. മീ ടൂ മുന്നേറ്റവും കഴിഞ്ഞ് ലോകം മുന്നോട്ടാണ്. പക്ഷേ, ഇന്നും ഫ്രാന്‍സില്‍ സ്ത്രീകള്‍ പീഡനത്തില്‍നിന്ന് മുക്തരല്ല എന്നതാണ് യാഥാര്‍ഥ്യം. മീ ടൂ പോലും അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഫ്രാന്‍സില്‍ ലിംഗതുല്യതയ്ക്കുവേണ്ടി നിയമങ്ങള്‍ നടപ്പാക്കാന്‍ ഒരു വനിതാ മന്ത്രിതന്നെയുണ്ട്. പീഡനങ്ങള്‍ തടയാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ശന നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്.

തെരുവില്‍ വച്ച് സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ചുമത്തുന്നത്. 50,000 രൂപയിലധികം. എട്ടുമാസത്തോളം നീളുന്ന തടവുശിക്ഷയും അനുഭവിക്കണം. ജോലിസ്ഥലത്ത് പുരുഷന്‍മാരുടെ ഏതാണ്ട് അതേ സംഖ്യയോളം സ്ത്രീകളുമുണ്ട്. അമ്മമാരായതിനുശേഷവും സ്ത്രീകള്‍ക്കു ജോലി സ്ഥലത്തേക്ക് മടങ്ങിയെത്താനുള്ള അവസരവുമുണ്ട്. മൂന്നു വയസ്സുമുതല്‍ കുട്ടികള്‍ക്ക് സാര്‍വത്രിക വിദ്യാഭ്യാസം എന്ന സമ്പ്രദായവുമുണ്ട്. പക്ഷേ, വേതനത്തില്‍ ഇന്നും പ്രകടമായ വ്യത്യാസം നിലനില്‍ക്കുന്നു. പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം മാത്രമാണു സ്ത്രീകള്‍ക്കു ലഭിക്കുന്നത്.

2017 കാലത്ത് സംഗീതജ്ഞന്‍ ഡുടോയിറ്റിനെതിരെ പത്തോളം സ്ത്രീകള്‍ രംഗത്തുവന്നിരുന്നു. ആനിയെ പ്പോലെ സമാനമായ പീഡനങ്ങള്‍ അനുഭവിച്ചവര്‍. മീ ടൂവാണ് അവര്‍ക്ക് തുറന്നുപറയാന്‍ ധൈര്യം നല്‍കിയത്. തുടക്കത്തില്‍ ചില സംഗീത സംഘടനകള്‍ ആരോപണങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കിയെങ്കിലും അവസാനം രാജ്യത്തെ നാഷനല്‍ ഓര്‍ക്കസ്ട്ര അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നു. തന്റെ കരണത്ത് ഒരടി കിട്ടിയപോലെയാണ് അപ്പോള്‍ തോന്നിയതെന്നു പറയുന്നു ആനി.

മീ ടൂ പ്രസ്ഥാനം അതേ പേരിലല്ല ഫ്രാന്‍സില്‍ പ്രചരിച്ചത്. ഔട്ട് യുവര്‍ പിഗ്...എന്ന ഹാഷ്ടാഗിലായിരുന്നു അവിടെ സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. പക്ഷേ, ഇന്നും ലൈംഗിക പീഡനത്തെക്കുറിച്ച് പരസ്യമായി പരാതിപ്പെടുന്നവരെ കള്ളം പറയുന്നവരായാണ് ഫ്രഞ്ച് സമൂഹം കാണുന്നതും പരിഗണിക്കുന്നതും.

സംവിധായകന്‍ ലുക് ബെസ്സനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെ ഉദാഹരണം. സഹപ്രവര്‍ത്തകരായ നടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചെങ്കിലും ബെസ്സനെതിരെ കേസ് എടുക്കാന്‍പോലും പൊലീസ് തയാറായില്ല. ഒടുവില്‍ ഒരു നടി രണ്ടാമതും പീഡന ആരോപണം കോടതിയില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നത്. അതിപ്പോഴും തുടരുന്നു. ഫ്രാന്‍സിലെ സ്ത്രീകള്‍ പോലും മറ്റു സ്ത്രീകളുടെ ആരോപണത്തെ കാര്യമായി പിന്തുണയ്ക്കാറില്ല എന്ന വസ്തുതയുമുണ്ട്.

തുറന്നുപറച്ചിലുകള്‍ ഏറെ കടന്നുപോയി എന്നും പുരുഷന്‍മാര്‍ക്ക് അവരായിരിക്കാന്‍ അവകാശമുണ്ടെന്നും വാദിച്ചുകൊണ്ട് സ്ത്രീകള്‍ തന്നെ രംഗത്തെത്തിയ സംഭവവും ഉണ്ടായി. പക്ഷേ 2011-ല്‍ ഫ്രഞ്ച് പ്രസിഡന്റ് ആകാന്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന ഡോമിനിക് സ്ട്രോസ് കാനെതിരെ ആരോപണം ഉയരുകയും അദ്ദേഹത്തിന് പൊതുജീവിതത്തില്‍നിന്ന് ഏതാണ്ട് നിഷ്ക്രമിക്കുന്ന അവസ്ഥ നേരിടുകയും ചെയ്തു.

സ്ത്രീയെ ആക്രമിക്കാനും പീഡിപ്പിക്കാനും കീഴടക്കാനും പുരുഷന്‍മാര്‍ക്ക് അവകാശമുണ്ടെന്ന തരത്തിലാണ് ഇപ്പോഴും ആളുകള്‍ ചിന്തിക്കുന്നത്. കഴിയാവുന്നത്ര സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും അതേക്കുറിച്ച് മേനി പറയുകയും ചെയ്യുന്നത് പലരുടെയും പതിവാണ്. സ്ത്രീകള്‍ തങ്ങള്‍ക്കു വഴങ്ങുമെന്നാണ് പുരുഷന്‍മാര്‍ പൊതുവെ പ്രതീക്ഷിക്കുന്നത്. വഴങ്ങിയില്ലെങ്കില്‍ ബലം പ്രയോഗിക്കാനും അവര്‍ക്കു മടിയില്ല. ഇത്തരം അനുഭവങ്ങള്‍ ഒട്ടേറേപ്പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. പലരും തുറന്നുപറഞ്ഞെങ്കിലും ഇന്നും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 

ലോകത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്താന്‍ മീ ടൂവിന് കഴിഞ്ഞിട്ടുണ്ട്. ഫ്രാന്‍സില്‍ ഉദ്ദേശിച്ച മാറ്റം ഉണ്ടായിട്ടില്ലെങ്കിലും കഴിഞ്ഞകാലങ്ങളില്‍നിന്ന് വ്യത്യാസം ഉണ്ടായി. നിശ്ശബ്ദമായി പീഡനം സഹിക്കുന്നവരുടെ കാലം കഴി‍ഞ്ഞിരിക്കുന്നു. ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കാത്തവരുടെ കാലവും കഴിഞ്ഞിരിക്കുന്നു. എതിര്‍പ്പിന്റെ ശബ്ദത്തിന്റെ ഇനിയും മൂര്‍ച്ച കൂടാം. ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടാന്‍ തയാറുള്ളവരുടെ തലമുറയാണ് ഇനി വരാന്‍ പോകുന്നത്. ലോകത്തിലെല്ലായിടത്തും... ഒപ്പം ഫ്രാന്‍സില്‍ പ്രത്യേകിച്ചും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com