sections
MORE

അശ്ലീല സന്ദേശങ്ങളെ നേരിട്ടു, പുരുഷന്മാരുടെ ശൗചാലയം ഉപയോഗിച്ചു; നാസയിലെ പെൺകരുത്ത്

Representative Image
പ്രതീകാത്മക ചിത്രം
SHARE

ചന്ദ്രനില്‍ ആദ്യമായി മനുഷ്യനെ എത്തിച്ച അപ്പോളോ 11 ദൗത്യം സഫലമായ ദിവസം കെന്നഡി സെപ്യ്സ് സെന്റര്‍ നിറയെ പുരുഷന്‍മാരായിരുന്നു. ഷര്‍ട്ടും ടൈയും ധരിച്ച പുരുഷന്‍മാര്‍ നിരന്നുനില്‍ക്കുന്നു. അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം വ്യത്യസ്തയായിരുന്നു. അന്ന് 28 വയസ്സുണ്ടായിരുന്ന ജോ ആന്‍ മോര്‍ഗന്‍. 1969 ജൂലൈ 16 ന് കെന്നഡി സ്പെയ്സ് സെന്ററില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്ന ഒരേയൊരു വനിതയും അവര്‍ തന്നെയായിരുന്നു.

അതും ഇന്‍സ്ട്രമെന്റേഷന്‍ കണ്‍ട്രോളര്‍ എന്ന സുപ്രധാന പദവിയില്‍. ദൗത്യത്തില്‍ എവിടെയെങ്കിലും ഒരു പിഴവ് സംഭവച്ചാല്‍ അതു മുഴുവന്‍ ടീമിനെയും അറിയിക്കേണ്ടത് മോര്‍ഗന്‍ ആയിരുന്നു. പക്ഷേ അതിനുവേണ്ടി, കെന്നഡി സെപ്യ്സ് സെന്ററിലെ ഒരേയൊരു സ്ത്രീ സാന്നിധ്യമാകുന്നതിനുവേണ്ടി,  അവര്‍ക്ക് കടമ്പകള്‍ ഏറെ കടക്കേണ്ടിവന്നു.

ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിറയ്ക്ടറിന് മോര്‍ഗനെ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം അവരെ വിളിച്ചു പറഞ്ഞു: നിങ്ങളാണ് ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നന്നായി ആശയവിനിമയം നടത്തുന്ന ആള്‍. നിങ്ങള്‍ തീര്‍ച്ചയായും കണ്‍സോളില്‍ ഉണ്ടായിരിക്കണം. മോര്‍ഗന്‍ അതു സമ്മതിച്ചു. പക്ഷേ, അതിനുവേണ്ടി ദൗത്യത്തിന്റെ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക അനുമതി നേടേണ്ടിയിരുന്നു. ഒരു തലമുറയെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ് ജോ ആന്‍ മോര്‍ഗന്‍. മനുഷ്യചരിത്രത്തിലെ നിര്‍ണായകമായ ഒരു കാല്‍വയ്പില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വനിത. സിഎന്‍എന്‍ ഫിലിംസ് ഡോക്യുമെന്ററി അപ്പോളോ 11 മോര്‍ഗനെ വീണ്ടും അവതരിപ്പിക്കുന്നു-ചരിത്രം സൃഷ്ടിച്ച വനിതയായി.

അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായ ആദ്യ വനിതാ എന്‍ജിനീയര്‍ എന്ന നിലയില്‍ പുരുഷന്‍മാരുടേതു മാത്രമായിരുന്ന ലോകമാണ് ജോ ആന്‍ മോര്‍ഗനെ കാത്തിരുന്നത്. മോര്‍ഗന്‍ ജോലി ചെയ്തിരുന്ന പല കെട്ടിടങ്ങളിലും പുരുഷന്‍മാരുടെ റെസ്റ്റ് റൂമുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ പുരുഷന്‍മാരുടെ മുറി ഉപയോഗിക്കുക. അല്ലെങ്കില്‍ സ്ത്രീകള്‍ക്കുമാത്രമായുള്ള മുറിയുള്ള കെട്ടിടം തേടി പോകുക.

ഒരു വനിത എന്ന നിലയില്‍ ലൈംഗിക ആക്രമണങ്ങളെയും ജോ ആന്‍ മോര്‍ഗനു നേരിടേണ്ടിവന്നിട്ടുണ്ട്. ബ്ലോക്ക്ഹൗസ് 34 എന്ന കെട്ടിടത്തിലായിരുന്നു ജോലി. ചില ദിവസങ്ങളില്‍ അശ്ലീല ഫോണ്‍ കോളുകളും മോര്‍ഗന് സഹിക്കേണ്ടിവന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു അശ്ലീല കോള്‍ വന്നപ്പോള്‍ മോര്‍ഗന്‍ പെട്ടെന്നു ഫോണ്‍ വച്ചു. ടെലിഫോണ്‍ ഓപറേറ്റര്‍മാരില്‍ ഒരാള്‍ പെട്ടെന്നു മുറിയിലേക്കു വന്ന് എന്തു സംഭവിച്ചു എന്ന് അന്വേഷിച്ചു. നിങ്ങളുടെ മുഖം കണ്ടിട്ട് വീട്ടില്‍ ആരോ മരിച്ചുവെന്നു തോന്നുന്നല്ലോ എന്നാണയാള്‍ പറഞ്ഞത്. അതേ, അതു തന്നെയാണു സംഭവം എന്നു മോര്‍ഗനും മറുപടി പറഞ്ഞു. സാധാരണയിലധികം നിര്‍ഭയത്വം ഉള്ളതുകൊണ്ടാകും അവയൊയൊക്കെ നേരിടാനും അതിജീവിക്കാനും മോര്‍ഗനു കഴിഞ്ഞതും ഇന്നും രസകരമായി അവയെക്കുറിച്ചു പറയുന്നതും.

റോയ് താര്‍പെ എന്നയാളായിരുന്നു അപ്പോളോ 11 വിക്ഷേപണ സമയത്ത് മോര്‍ഗന്റെ തൊട്ടടുത്ത് ഇരുന്നിരുന്നത്. മോര്‍ഗനെക്കുറിച്ച് അതീവ സാഹസികയായ  ഒരു സ്ത്രീ എന്നാണ് റോയ് ഓര്‍ത്തിട്ടുള്ളത്. ആവശ്യമില്ലാത്ത എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം കടിച്ചുകീറാന്‍ കാത്തുനില്‍ക്കുന്നതുപോയെയായിരുന്നു മോര്‍ഗന്‍ എന്നും റോയ് ഓര്‍മിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള കാലത്തായിരുന്നു മോര്‍ഗന്റെ കുട്ടിക്കാലം. ഒന്നാം ക്ലാസ് അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. പ്രാഥമിക വിദ്യാഭ്യാസം മുഴുവന്‍ വീട്ടിലിരുന്നാണ് നടത്തിയത്. അക്കാലത്ത് പിതാവ് സമ്മാനിച്ച കെമിസ്ട്രി പുസ്തകങ്ങളുടെ സെറ്റ് ആയിരുന്നു മോര്‍ഗന്റെ കുട്ടിക്കാലത്തെ വിലപ്പെട്ട നിധി.

17-ാം വയസ്സില്‍ യുഎസ് സൈന്യത്തിലെ ബാലിസ്റ്റിക് മിസൈല്‍ ഏജന്‍സിയിലേക്ക് മോര്‍ഗന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആണ്‍കുട്ടികളാണ് ആ പോസ്റ്റിലേക്ക് അപേക്ഷിച്ചിരുന്നവര്‍. അതിലൊരു പെണ്‍കുട്ടി മാത്രം-അതായിരുന്നു മോര്‍ഗന്‍. ഒടുവില്‍ കെന്നഡി സ്പെയ്സ് സെന്ററില്‍ എത്തിയപ്പോഴേക്കും അവര്‍ ഒരു മാതൃകയായി വളര്‍ന്നിരുന്നു. ആര്‍ക്കും ആശ്രയിക്കാവുന്ന, പ്രതീക്ഷയോടെ നോക്കിക്കാണാവുന്ന മികച്ച മാതൃക. അവര്‍ വിജയിച്ചതുകൊണ്ടും സമ്പന്നമായ ഒരു ചരിത്രം അവശേഷിപ്പിച്ചതുകൊണ്ടും പിന്നീട് നൂറുകണക്കിനു വനിതകള്‍ക്ക് ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞു. 

ഇപ്പോള്‍ അമേരിക്കയില്‍ വിശ്രമജീവിതത്തിലാണ് മോര്‍ഗന്‍-78 വയസ്സ്. രാത്രിയില്‍ വീടിനു പിന്നിലെ ആകാശത്തേക്കു നോക്കുമ്പോള്‍ പുഞ്ചിരിക്കുന്ന ചന്ദ്രനെ മോര്‍ഗന്‍ കൊതിയോടെ നോക്കും. 12 പേരെ ചന്ദ്രനില്‍ എത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാണ് ഞാന്‍.., മടുപ്പില്ലാതെ വീണ്ടും വീണ്ടും അവര്‍ അത് ആവര്‍ത്തിക്കുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA