ADVERTISEMENT

രാത്രിയിൽ ഇറങ്ങി നടക്കാൻ ആരൊക്കെയുണ്ട്?. ഈ ചോദ്യം മറ്റെവിടെ നിന്നുമല്ല കഴിഞ്ഞ ദിവസങ്ങളിൽ കേട്ടത്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുമായിരുന്നു. നിർഭയ ദിനത്തിനോടനുബന്ധിച്ച് ഇത്തരത്തിലൊരു വാഗ്ദാനം സംസ്ഥാനത്തെ സ്ത്രീകൾക്ക് കൊടുക്കുമ്പോൾ അതിൽ സന്തോഷം തോന്നിയവരും അതിനെ പരിഹസിച്ചവരുമുണ്ട്. ഈയൊരു ഒറ്റ ദിവസത്തിന് വേണ്ടി, ഇരു വശത്തും പോലീസ് അകമ്പടിയോടെ എന്തിനാണ് ഞങ്ങൾക്കൊരു രാത്രി യാത്രയെന്ന് അവരിൽ പലരും ചോദിച്ചു. ഈ ദിവസം കഴിഞ്ഞാലും ഞങ്ങൾക്ക് നടക്കണമെന്ന് അവർ പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അതിനു തുടക്കമെന്നോണമാണ് നിർഭയ ദിനത്തിലെ ഈ രാത്രി യാത്രയെന്ന് സർക്കാർ സ്ത്രീകൾക്ക് ഉറപ്പ് നൽകുന്നുണ്ട്, എന്നാലത് എത്രത്തോളം പാലിക്കാനാകുമെന്ന കാര്യത്തിലാണ് സ്ത്രീകൾക്കുൾപ്പെടെ സംശയം. 

ആർക്കാണ് രാത്രിയിൽ ഇറങ്ങി നടക്കേണ്ടത്?

ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്തകളുടെയൊക്കെ താഴെ വന്ന അഭിപ്രായങ്ങൾ നോക്കിയാൽ മനസ്സിലാകും ചില മലയാളി പുരുഷന്മാരുടെ യഥാർഥ മനസ്സിലിരിപ്പ്. സ്ത്രീ തന്നെ സ്ത്രീയ്ക്കുള്ള കുഴി വെട്ടുന്നു എന്ന തലത്തിൽ തുടങ്ങി അസഭ്യം ഉൾപ്പടെ നിറഞ്ഞ കമന്റ് ബോക്സുകൾ മനോരോഗം ബാധിച്ച മനുഷ്യരുടെ പ്രതീകമായി അവശേഷിക്കുന്നു. എന്നിട്ടും പ്രതീക്ഷയോടെ തുല്യ അവകാശമുള്ള പൗരനായി എന്നെങ്കിലും മാറുന്നതും സ്വപ്നം കണ്ടു കഴിയുകയാണ് സ്ത്രീകൾ. 

night-walk-pta-3

ആയിരക്കണക്കിന് സ്ത്രീകൾ കേരളത്തിൽ അങ്ങോളമിങ്ങോളം രാത്രികളെ ആഘോഷമാക്കി തെരുവിൽ നടന്നു. ആഗ്രഹമുണ്ടായിട്ടും വീട്ടുകാരുടെ അനുവാദമില്ലാതെ പുറത്തിറങ്ങാനാകാത്തതിനാൽ രാത്രിയെ ആസ്വദിക്കാനാകാത്ത സ്ത്രീകളുടെ സങ്കടങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ല. വീട്ടമ്മയായ ഒരു സ്ത്രീ സുഹൃത്ത് പറഞ്ഞത് ഇങ്ങനെയാണ്. :-

"ഉള്ള ജോലി കളഞ്ഞ് എഴുത്തുകാരിയാകാൻ ഇറങ്ങിയപ്പോഴാണ് കുടുംബത്തിന്റെ യഥാർഥ മുഖം കണ്ടത്. ഇപ്പോൾ ഒന്നിച്ച് പുറത്ത് പോകില്ല, ആഘോഷങ്ങളില്ല, ഉത്സവത്തിന് പുതിയ വസ്ത്രങ്ങൾ എനിക്ക് മാത്രമില്ല. ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കളെല്ലാം കൂടി രാത്രിയിൽ ഒന്നിച്ച് നടക്കാമെന്ന ആഗ്രഹമുണ്ടായിരുന്നു. 'രാത്രിയിൽ നടക്കുന്ന ...... പെണ്ണുങ്ങളോടൊപ്പം നീ ആരെ കാണാൻ പോകുവാ?'. എന്നാണ് ഭർത്താവിന്റെ അമ്മ ചോദിച്ചത്. ഭർത്താവ് മിണ്ടിയില്ല. ആഗ്രഹം പറഞ്ഞതിന് ശേഷം ഭർത്താവ് എന്നോട് മിണ്ടിയിട്ടില്ല."

അതേ ചിലപ്പോൾ സ്വപ്നങ്ങൾക്ക് പോലും സ്ത്രീകൾക്ക് കുടുംബത്തിൽ അതിരുകളുണ്ട്. ഒരുപാട് വലിയ സ്വപ്നമൊന്നും അവൾ കാണേണ്ടതില്ല. മാർക്കറ്റിങ് ബിസിനസിൽ സ്വന്തം ആഗ്രഹം പോലെ ഉയരങ്ങളിലേക്ക് കയറിപ്പോകുന്ന ഒരുവന്റെ ഭാര്യയ്ക്കാണ് അവളുടെ സ്വന്തം സ്വപ്നത്തെ എല്ലാ അർഥത്തിലും പെട്ടിയിൽ വച്ച് പൂട്ടേണ്ട അവസ്ഥയുണ്ടാകുന്നത്. 

എന്താണ് രാത്രികൾക്കിത്ര ഭംഗി?

"ഈ രാത്രിയാകുമെനിക്കേറ്റവും ദുഃഖ

പൂരിതമായ വരികളെഴുതുവാന്‍.

പ്രേമിച്ചു ഞാനവളെ, ചിലപ്പോളവള്‍

പ്രേമിച്ചുവെന്നെയും.

ഈ രാവുപോല്‍ പലരാവുകള്‍ നീളെ ഞാന്‍

കോരിയെടുത്തു അവളെയീക്കൈകളില്‍.",

night-walk-pta-2

രാത്രികൾ ചിലപ്പോൾ പ്രണയാർദ്രമാണ്, അവ എല്ലായ്പ്പോഴും ഉന്മാദ സൗന്ദര്യം പേറുന്നവയും. അവയെ ഏതു കാലത്തും ആസ്വദിച്ചിട്ടുള്ളത് പുരുഷന്മാർ അല്ലാതെ മറ്റാരാണ്? സൗഹൃദങ്ങൾക്കും പ്രണയത്തിനും രഹസ്യങ്ങൾക്കും കച്ചവടങ്ങൾക്കുമെല്ലാം ഇരുട്ടിന്റെ മറവ് വേണ്ടുന്ന മനുഷ്യരുടെ ജീവിതം തന്നെ രാത്രിയുടെ ബന്ധപ്പെട്ടിട്ടാണുള്ളത്. പകൽ വെളിച്ചത്തിൽ അവർ ഉറക്കമായിരിക്കും. അല്ലെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കിയിരിക്കും. എന്നാൽ പലപ്പോഴും സ്ത്രീകളോ, പകലിൽ ജീവിതത്തിനായി, വിശപ്പിനും ജീവിച്ചിരിക്കാനുമായി പകലിലും രാവിലും ഒരേ പോലെ ഉറക്കമൊഴിച്ചിരിക്കുന്നവർ. 

അവിടെ അവർ രാത്രികളിൽ നിരത്തിലേക്കിറങ്ങുന്നുണ്ടെങ്കിൽ അവരുടെ ഉടലിൽ ഒരു കനത്ത ഭാരമുണ്ടാകും. ആയിരം കണ്ണുകളുടെ ഭാരം. ആ ഓരോ കണ്ണുകളും അവളെ അവരുടെ ഉറക്കറയിലേയ്ക്ക് ക്ഷണിക്കും. അവർക്ക് രാത്രി രഹസ്യങ്ങളുടേത് മാത്രമാണ്. അതുകൊണ്ട് തന്നെ രാത്രിയിലും മറ്റു ജോലികൾ ചെയ്യുന്ന സ്ത്രീകളുണ്ടെന്നും അവർക്കും യാത്രകൾ അനിവാര്യമാണെന്നും രാത്രിയുടെ ഉന്മാദത്തെ അനുഭവിക്കാൻ അവർക്കും അവകാശങ്ങളുണ്ടെന്നും ഇത്തരക്കാർ മറന്നു പോയേക്കും. 

സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമെന്ന് എഴുതി വയ്ക്കപ്പെട്ട  ഭരണ ഘടന അനുസരിച്ചല്ല, തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു മനുസ്മൃതി അനുസരിച്ചാണ് സ്ത്രീകൾക്കായുള്ള അധികാരത്തെയും അവകാശങ്ങളെയും മനുഷ്യർ ചോദ്യം ചെയ്യുന്നത്. രാത്രിയിൽ നടക്കുമ്പോൾ അവളെ തൊടുകയും അസഭ്യം പറയുകയും തുടങ്ങി ബലാത്സംഗം വരെ ചെയ്യപ്പെടുമെന്ന തോന്നൽ മനുഷ്യർക്കുണ്ട്. അതുകൊണ്ട് തന്നെ അതിൽ നിന്നൊക്കെ രക്ഷപെടേണ്ടത് വേണമെങ്കിൽ അവളുടെ കാര്യമാണ്, അതിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും എന്തെങ്കിലും സംഭവിച്ചു പോയാൽ തങ്ങളെ കുറ്റം പറയരുതെന്നും പലപ്പോഴും പല പുരുഷന്മാരും ചില സ്ത്രീകളും ഉപദേശിക്കുന്നു. 

രാത്രികളുടെ അവകാശി പുരുഷന്മാർ മാത്രമാണെന്ന് ഏതോ കാലം മുതലേ ആരോ കണ്ടെത്തിയ നിയമമെന്നോണം അവർ കയ്യടക്കി അനുഭവിച്ചു പോരുകയും ചെയ്യുന്നു. എന്നാലും ആശകൾക്ക് വകയുണ്ട്, നൈറ്റ് ഷിഫ്റ്റ് ആയി ജോലി ചെയ്യുന്ന ഐ ടി സ്ഥാപനങ്ങളിലെ പല പെൺകുട്ടികളും രാത്രിയിൽ സഞ്ചരിക്കുന്നുണ്ട്, അപൂർവം ചിലർ തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം പുറത്തിറങ്ങി തട്ടുകടയിൽ നിന്നും കട്ടൻ വാങ്ങി കുടിക്കുകയും തമാശകൾ പറയുകയും ചെയ്യുന്നുണ്ട്. 

night-walk-02

എന്നാൽ ഒരാൾക്കുമില്ല ഒറ്റക്കിറങ്ങാൻ ധൈര്യം. ജോലിക്ക് വേണ്ടി ധൈര്യം കാട്ടിയ പെൺകുട്ടികളുടെ എഴുത്തുകൾ വായിക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, ശിക്ഷിക്കാൻ മാത്രമല്ല രക്ഷിക്കാനും ആഗ്രഹമുള്ള ഒരുപാട് "മനുഷ്യർ" ചുറ്റുമുണ്ട്, എന്നാൽ അവർക്കൊക്കെയും സമൂഹത്തെ ഭയമാണ്. പെട്ടെന്ന് വീട്ടിൽ പൊക്കോളൂ എന്ന് പറയാനല്ലാതെ , അവളെ ഓർത്ത് ഭയക്കാനല്ലാതെ നടന്നോളൂ, ഞങ്ങളുമുണ്ട്, ഞങ്ങളുടെ സ്ത്രീ സുഹൃത്തുക്കളുമുണ്ട് - എന്ന് പറയാൻ ആർക്കുമാവുന്നില്ല. 

ഏതു കാലത്താവും യാതൊരു ഭയവും കൂടാതെ സ്ത്രീകൾക്ക് രാത്രിയെ സ്വന്തമാക്കാനാവുക? അല്ലെങ്കിൽ എന്നെങ്കിലും അങ്ങനെയൊരു രാത്രി അവൾക്ക് സ്വന്തമായി ലഭിച്ചേക്കുമോ?. ഭർത്താവിന്റെയും കുട്ടികളുടേയുമൊപ്പം സെക്കൻഡ് ഷോ കാണാൻ പോകുമ്പോഴല്ലാതെ, കാമുകന്റെയൊപ്പം തട്ടുകടയിലേയ്ക്ക് ബൈക്കിൽ പോകുമ്പോഴല്ലാതെ,ജോലി കഴിഞ്ഞ് ഉള്ളിൽ കനത്ത ഭയത്തോടെ വീട്ടിലേയ്ക്ക് ഓടുമ്പോഴല്ലാതെ, ഒറ്റയ്ക്ക്... ഏതൊരു പകൽ പോലെയും ഭയമില്ലാതെ നടക്കാനായേക്കുമോ?.

സംസ്ഥാന സർക്കാരിന്റേത് ഒരു ആശ്വസിപ്പിക്കലാണ്. എന്നാൽ ഇരു വശത്തും സുരക്ഷയ്ക്ക് ആളെ നിർത്തി ഒന്നിച്ച് നടക്കുന്ന സ്ത്രീകൾ നിവൃത്തി കെട്ടവരുമാണ്. ആ തലയ്ക്ക് മീതെ നിൽക്കുന്ന വാൾ ഒരുനാൾ അഴിഞ്ഞു വീണു തല പിളരാതെ സ്ത്രീകൾക്ക് കരുതൽ കൊടുത്ത്, ധൈര്യപ്പെടുത്തൽ നൽകി അവളെ തെരുവിലേക്കിറക്കി വിടാൻ സർക്കാരും അവൾക്കൊപ്പമുള്ളവരും തയാറാകണം. ആദ്യം ഒന്നിച്ചും പിന്നെ ഒറ്റയ്ക്കും അവൾക്കും രാത്രിയെ ആസ്വദിക്കണം. രാത്രിയിൽ ഇറങ്ങുമ്പോൾ "മറ്റേ" പരിപാടിയ്ക്കാണ്  എന്ന ചിന്ത മാറണം. എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ളതാണ്. 

English Summary : Family Restict Woman From Night Walk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT