ADVERTISEMENT

കൊറോണക്കാലമാണ്, എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചിരിക്കുന്ന മനുഷ്യരാണ് ചുറ്റിനും. ജോലിക്ക് പൊയ്ക്കൊണ്ടിരുന്നവർ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു പോകുമ്പോൾ ഇനിയെന്താണ് മുന്നിൽ എന്നൊരു ആശങ്കയുണ്ട്. പനിയുടെയും പകർച്ച വ്യാധിയുടെയും ഭീതി നടുക്കുമ്പോൾത്തന്നെ ഒറ്റപ്പെട്ടു പോകുന്നതിന്റെ സങ്കടങ്ങൾ. എന്നാൽ പഴയതു പോലെയല്ല വീട്ടിലിരിക്കാൻ സമയമില്ലാത്തവർക്കൊക്കെ ഇത് വീട്ടിലിരിപ്പു കാലമാണ്. പുറത്തു പോകാനാകാത്തതിന്റെ ഫ്രസ്‌ട്രേഷനുകൾ ഒഴിച്ച് നിർത്താൻ എന്തൊക്കെ ചെയ്യാം എന്ന് ആലോചനയാണ് എല്ലാവരും. 

കൊറോണ ക്വാറന്റീനിൽ എന്തൊക്കെയാണ് സ്ത്രീകളുടെ പരിപാടികൾ? മൂന്നാഴ്ച വീട്ടിൽ തന്നെ തടവിലാക്കപ്പെട്ട പോലെ നിൽക്കേണ്ടി വരുമ്പോൾ പതിവായി ജോലിക്ക് പോയിക്കൊണ്ടരുന്ന, പുറത്തിറങ്ങിയിരുന്ന പെണ്ണുങ്ങൾ എന്താണ് വീടിനുള്ളിൽ ചെയ്യാൻ പോകുന്നത്. ഒരു അന്വേഷണം.

വ്ലോഗറും എഴുത്തുകാരിയും ട്രാവലറുമായ നിധി ശോശ കുര്യൻ പറയുന്നു

"പകപ്പാണ്..  അങ്കലാപ്പും.. 21 ദിവസങ്ങൾ വീടിനുള്ളിൽ തന്നെയാണ്.. ഇഷ്ടംപോലെ സമയം മുന്നിലുണ്ട്. പുസ്തകങ്ങൾ വായിക്കാം സിനിമ കാണാം.പാട്ട് കേൾക്കാം അങ്ങനെ ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ഒന്ന് പൊടിതട്ടിയെടുക്കണം. അതോടൊപ്പം അതിജീവനത്തിന് ചില മാർഗങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു.  മൂന്ന് വർഷത്തോളമായി ഫ്ലാറ്റ് ജീവിതമാണ്. പക്ഷേ അമ്മ ഇവിടം ഒരു സ്വർഗ്ഗം ആക്കി. ബാൽക്കണിയിലും വീടിനുള്ളിലും എന്തിന്  അടുക്കളയിൽ വരെ പൂക്കളും ചെടികളും പച്ചക്കറികളും. കൃഷിയുടെ ആദ്യാക്ഷരങ്ങൾ പോലും അറിയാത്ത ഞാൻ എങ്ങനെ വീടിനുള്ളിൽ തന്നെ കൃഷിചെയ്യാമെന്ന് പഠിച്ചു തുടങ്ങി.

അങ്ങനെയാണ് ഞാനും മൈക്രോ ഫാമിംഗ് ശീലിക്കാൻ തീരുമാനിക്കുന്നത്. വളരെ ലളിതമായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് മൈക്രോ ഫാർമിംഗ്.  വീട്ടിൽതന്നെ മണ്ണോ ചട്ടിയോ ഇല്ലാതെ നമുക്ക് ആവശ്യമുള്ള ഇലക്കറികൾ വളർത്താം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.  അതിനായി ചെറുപയർ വൻപയർ കടല മുതിര ഉലുവ ജീരകം കടുക് തുടങ്ങിയതെല്ലാം എടുക്കാം.  ഒരു രാത്രി മുഴുവൻ ഇതൊക്കെ വെള്ളത്തിലിട്ട് കുതിർത്ത ശേഷം നമുക്ക് ഇത് മുളപൊട്ടാൻ വെക്കാം..പൊട്ടിയ പാത്രങ്ങളോ പ്ലേറ്റുകളോ  പഴയ ചട്ടികളോ ഒക്കെ ഇതിനായി എടുക്കാം.  മണ്ണില്ലാത്തതിനാൽ ഈ പാത്രങ്ങളിൽ കുറച്ച് കട്ടിക്ക് ടിഷ്യൂ പേപ്പർ വെച്ചു കൊടുക്കാം.  ഇതിന്റെ പുറത്തേക്ക് കുതിർത്തു വച്ച് ധാന്യങ്ങൾ വിതറി കൊടുക്കാം.മുളവന്നു തുടങ്ങുന്നതിന് അനുസരിച്ച് വെള്ളം തളിച്ചു കൊടുക്കേണ്ടതാണ്. 

ഏകദേശം 5 മുതൽ 7 ദിവസം കൊണ്ടുതന്നെ മുളകൾ വലുതായി തണ്ടും ഇലയും ആയി നമുക്ക് ഉപയോഗിക്കാൻ പാകത്തിന് വളർന്നുവരും.  സാധാരണ ഇലകൾ തോരൻ വെക്കുന്നത് പോലെ നമുക്ക് ഇതും തോരൻ വെക്കാൻ കഴിയും. നല്ല രുചി ആണെന്ന് മാത്രമല്ല വിഷാംശം തീരെ ഇല്ലാത്ത തോരനും കറികളും നമുക്ക് കഴിക്കാൻ സാധിക്കും എന്നത് ചെറിയ കാര്യമല്ലല്ലോ.തോരൻ വെക്കാം, സാലഡുകളിൽ  ചേർക്കാം, മറ്റു കറികൾക്ക് ഒപ്പം ചേർക്കാം തുടങ്ങി പല സാധ്യതകൾ മുന്നിലുണ്ട്.ഇതിന്റെ പോഷകഗുണങ്ങൾ മറ്റ് ഇലക്കറികളേക്കാൾ  അഞ്ചിരട്ടി കൂടുതലാണ്..

വരും ദിവസങ്ങളിലെ അവസ്ഥ എന്താണ് എന്ന് ഊഹിക്കാൻ കൂടി കഴിയുന്നില്ല.  സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്ത് തിന്നാം എന്നാണല്ലോ.  കടയിൽ പോയി പച്ചക്കറികൾ വാങ്ങിക്കുമ്പോൾ ഒന്നുകിൽ അത്രയെങ്കിലും ഒരു ലാഭം ആയല്ലോ. വളരെ ലളിതമായി ചെയ്യാവുന്ന ഈ ഒരു കൃഷി എല്ലാവരും വീടുകളിൽ പരീക്ഷിക്കുക തന്നെ വേണം.ഞാനിത് വീട്ടിൽ ഉണ്ടാക്കുക മാത്രം അല്ല. അതോടൊപ്പം എന്റെ യൂട്യൂബ് ചാനൽ ആയ Travel fm ഇൽ ഒരു vlog ഇടുകയും  മറ്റുള്ളവരിലേക്ക് എന്നെകൊണ്ട് ആവുംവിധം ഒരു information കൊടുക്കാനും ശ്രദ്ധിച്ചു.. ഈയൊരു അവസ്ഥയിൽ നമുക്കിതൊക്കെയല്ലേ ചെയ്യാൻ കഴിയൂ.. 21 ദിവസങ്ങൾ വിരസമായി കഴിയാതെ പുതിയ പുതിയ വിശേഷങ്ങളും ടിപ്സുമായി ഞാൻ travel fm ഇൽ തന്നെ ഉണ്ടാവും.. Sharing is the way of caring..

ആക്ടിവിസ്റ്റും നടിയുമായ സുബിക്ഷ എൽ ഡോറാഡോ പറയുന്നു,

"നമ്മുടെ കണക്കു കൂട്ടൽ എല്ലാം പിഴയ്ക്കാൻ,'പ്രകൃതി നിശ്ചയിച്ചാൽ മതി...!' എന്ന് മനുഷ്യനെ ചിന്തിപ്പിക്കുന്നതിന്റെ ആവർത്തനങ്ങളാണ്"നാം ഈ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അനുഭവിക്കുന്നത്...!കൊറോണ ഭീതി മൂലം ജില്ലകളും,സംസ്ഥാനങ്ങളും,രാജ്യവും എല്ലാം 21 ദിവസം "ലോക്ക് ഡൗൺ" പ്രഖ്യാപിച്ചു കഴിഞ്ഞു...!എല്ലാവരെയും പോലെ ഞാനും 21 ദിവസം വീട്ടിൽ ഇരിക്കുന്നു.

സിനിമ ഒരു ഡ്രീം തന്നെ ആണ് എനിക്ക്. അതുകൊണ്ട് തന്നെ കുറേ സിനിമകൾ കാണുക, ക്രാഫ്റ്റ് വർക്കുകൾ ചെയ്യുക,പുതിയ ക്രാഫ്റ്റ് പഠിക്കുക, ഉണ്ടാക്കാൻ ശ്രമിക്കുക, എന്നിവയൊക്കെയാണ് എന്റെ സന്തോഷങ്ങൾ! (സദാസമയവും വീടും വൃത്തിയാക്കി ഇരിപ്പിനോട് ഒട്ടും താൽപര്യമില്ല!)ഒപ്പംതന്നെ ഞാൻ ഉണ്ടാക്കുന്ന ക്രാഫ്റ്റ്കളും, ഡ്രീം ക്യാച്ചറുകളും, മാനസിക ഉല്ലാസം എന്നതിനൊപ്പം ഈ ക്രാഫ്റ്റുകളെ  ചെറിയൊരു വരുമാനമാർഗമായും ഞാൻ ഉപയോഗപ്പെടുത്താറുണ്ട്.!'21 ദിവസം' എന്നത് പലർക്കും ഒരു വലിയ ടാസ്ക് ആണ്! പ്രത്യേകിച്ചും സ്ത്രീകൾക്ക്. വീട്ടിലെ അംഗങ്ങൾ എല്ലാം ഒന്നിച്ച് ചേരുന്ന, ജീവിതത്തിൽ എക്കാലവും ഓർമിച്ച്‌ വയ്ക്കാൻ കഴിയുന്ന നിർണായക നിമിഷമായി ഈ ഒരു 21 ദിവസത്തെ  മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും! എന്നാ തുടങ്ങുകയല്ലേ?ഈ ദിവസങ്ങൾ എങ്ങനെ  തള്ളിനീക്കും എന്നതാണ് നിങ്ങളുടെ ആശങ്ക എങ്കിൽ പരിഹാരം ഏറെയുണ്ട്.! വളരെ സിമ്പിൾ ആയി നമുക്കിതിനെ ഓവർകം ചെയ്യാം.

 ‘സ്ഥിരമായി ജോലിക്ക് പോകുന്നത് കാരണം വീട് ഒന്ന് അടുക്കിപ്പെറുക്കി വെക്കാൻ പറ്റുന്നില്ല’എന്ന നിങ്ങളുടെ സ്ഥിരം പരിഭാവത്തിൽ  നിന്നു തന്നെ നമുക്ക് തുടങ്ങാം.  ആദ്യം വീട്ടിൽ എല്ലാ മുക്കിലും,മൂലയ്ക്കും പൊടി പിടിച്ചു കിടക്കുന്ന എല്ലാം ഒന്ന് വൃത്തിയായി അടുക്കിപ്പെറുക്കി വയ്ക്കാം. പൊടിപിടിച്ച വസ്തുക്കളെല്ലാം തുടച്ചുമിനുക്കി കുട്ടപ്പൻ ആക്കൂ. പാഴ്‌വസ്തുക്കളെ 'ഗെറ്റ് ഔട്ട്' അടിക്കൂ. അവയെ പറമ്പിൽ കൂട്ടി ഇടാതെ, കത്തിച്ചു കളയേണ്ടതിനെ കത്തിച്ചു കളയാം. പ്ലാസ്റ്റിക് വസ്തുക്കളെ ഒരു ചാക്കിൽ കെട്ടി മാറ്റിവയ്ക്കാം. വീടിന്റെയും,റൂമുകളുടെയും, ഷേപ്പ് മൊത്തത്തിൽ ഒന്ന് മാറ്റാം. ഇത് ചെയ്തു കഴിയുമ്പോൾ തന്നെ രണ്ടു ദിവസം കഴിഞ്ഞുകാണും.  

കുഞ്ഞുങ്ങളുള്ള രക്ഷിതാക്കൾ കുട്ടികളോട് ചെറിയ പാട്ടും, കളികളുമായി ഓരോ ദിവസവും നല്ലൊരു സമയം അവർക്കു വേണ്ടി മാറ്റി വയ്ക്കാം. വൈകുന്നേരങ്ങൾ ആണ് ഇതിന് ഏറ്റവും നല്ലത്. വീട്ടുകാരും ഒന്നിച്ച് കുശലം പറഞ്ഞും, കുട്ടികളുമായി കളിച്ചും ഇരിക്കാൻ ഇതിലും നല്ല മറ്റൊരു അവസരം ഇനി ഉണ്ടോ? വീട്ടിൽ ഇരിക്കാൻ പോലും സമയമില്ലാത്ത ബിസിനസുകാരും,  മാസങ്ങളിലോ,ആഴ്ചകളിലോ വീട്ടിൽ വരുന്ന സിനിമാക്കാരും,കൂലിപ്പണിക്കാരും,സർക്കാർ ഉദ്യോഗസ്ഥരും,മറ്റ് ജോലിക്കാരും എല്ലാം ഒരുപോലെ വീട്ടിൽ ഇരിക്കുന്ന അപൂർവ ദിവസങ്ങൾ ആണിത്. ഒപ്പം വെക്കേഷൻ സമയവും. വെക്കേഷൻ ആയതു കൊണ്ട് കുട്ടികൾക്ക് പഠിക്കേണ്ട, ട്യൂഷനും പോകേണ്ട,മാനസികമായി കുട്ടികളും ഫ്രീ ആവും. ജോലിത്തിരക്കും, മറ്റൊരു ചിന്തകളും ഇല്ലാതെ വീട്ടിൽ തന്നെ ഇരിക്കാൻ കിട്ടിയ ഈ അവസരം എല്ലാവരും അങ്ങ് അടിച്ചുപൊളിക്കന്നേ. രക്ഷിതാക്കൾ  കൂടെ കളിക്കുക എന്നത് കുട്ടികൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദമാണ്.. എന്ന് അറിയാമല്ലോ...? വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ചിരുന്ന് കളിക്കാൻ കഴിയുന്ന ഗെയിമുകൾ, ഒരുപാട് യൂട്യൂബിൽ നോക്കിയാൽ കിട്ടും.അതുമല്ലെങ്കിൽ, അച്ഛനോ, അമ്മയോ,ചെറുപ്പത്തിൽ കളിച്ചിരുന്ന കളികൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം. മൊബൈൽഫോണും,വീഡിയോ ഗെമും ഒന്നുമില്ലാത്ത ബാല്യകാലത്ത് അച്ഛനമ്മമാർ കളിച്ചിരുന്ന കളികൾ കുട്ടികൾ കേൾക്കുമ്പോൾ കൗതുകമായിരിക്കും. അതൊന്ന് ഓർത്തെടുത്ത് കളി തുടങ്ങിക്കോളൂ. ഗൃഹാതുരത്വം നിറഞ്ഞ ഈ കളികൾ നിങ്ങൾക്കും മനസ്സിന് സന്തോഷം പകരും. 

കഴിഞ്ഞില്ല. ഇനിയുമുണ്ട് നിങ്ങൾക്ക് ചെയ്യാൻ ഏറെ കാര്യങ്ങൾ. ആദ്യം വരൂ. നമുക്ക് അടുക്കള ഭാഗത്തേക്ക് ഒന്നു പോകാം. ആദ്യം അടുക്കള മുറ്റം ഒന്നു വൃത്തിയാക്കി എടുക്കാം. ഒന്ന് കിളച്ചെടുത്ത്. ചീര, പയർ,വെണ്ടയ്ക്ക, തക്കാളി,വഴുതന എന്നിങ്ങനെയുള്ള വിത്തുകൾ നടാം. 21ദിവസം പരിപാലിക്കാൻ നമുക്ക് സമയം ഉണ്ടല്ലോ.? നട്ടു കഴിഞ്ഞാൽ ഒരു മാസം നന്നായി പരിചരിച്ചാൽ രണ്ടു മാസം ആകുമ്പോഴേക്കും, വിളയെല്ലാം പാകമാവും.'സ്വന്തമായി വീട്ടിൽ വിളവെടുത്ത് ഉണ്ടാക്കി കഴിച്ചതിന്റെ, സന്തോഷവും,സംതൃപ്തിയും,ഒന്ന് വേറെ തന്നെയല്ലേ.?' ജോലിത്തിരക്ക് കാരണം വീട്ടിലുള്ള ആരുടെയും ആരോഗ്യം ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്ന വേവലാതിയും ഈ സമയം നമുക്ക് തീർക്കാം...! നിങ്ങളുടെയും,കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനവും, സൗന്ദര്യപരിപാലനവും,എല്ലാം ഒന്ന് ശ്രദ്ധിക്കാൻ...ഈ ദിവസങ്ങളെ നമുക്ക് ഉപയോഗപ്രദമാക്കാം. പറമ്പിൽ നിന്ന് കിട്ടുന്ന ഇലക്കറികൾ, വാഴത്തണ്ട, വഴക്കൂമ്പ്, ചീര അങ്ങനെ ഒരുപാട് സാധങ്ങൾ ഉണ്ടാവില്ലേ.?നിങ്ങളുടെ തിരക്കിനിടയ്ക്ക് മുൻപിതെല്ലാം ഏറെ കുറേ... ഉപയോഗമില്ലാതെ നശിച്ചുപോയിക്കാണും. ഇനി മുതൽ അവയെല്ലാം..തോരനും ഉപ്പേരിയും ഒക്കെ ഉണ്ടാക്കാം... ശരീരത്തിന് ആവശ്യമുള്ള, രോഗപ്രതിരോധ ശേഷി കൂട്ടുന്ന പോഷകങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ എല്ലാം ഉപയോഗിച്ച് പകർച്ച വ്യാധികളോട് നമുക്ക് പ്രതിരോധിക്കാം. അടുക്കളത്തോട്ടത്തിനൊപ്പം തന്നെ,വീടിന്റെ മുൻവശം നല്ല ഭംഗിയുള്ള ഒരു ഗാർഡൻ നമുക്ക് സെറ്റ് ചെയ്യാം. യൂട്യൂബിൽ അതിനൊക്കെ ഒരു പാട് ഐഡിയകൾ സെർച്ച് ചെയ്താൽ കിട്ടും. അലങ്കാര ചെടിയും,പച്ചക്കറികൃഷിയും, ഒരേപോലെ പരിപാലിക്കുകയും ചെയ്യാം. ഇപ്പോൾതന്നെ ദിവസേന സമയം നീക്കാൻ കുറച്ചു കാര്യങ്ങൾ ആയില്ലേ?

ഇനി മറ്റൊരു കാര്യം. ഇപ്പോൾ നല്ല വേനലായി തുടങ്ങിയല്ലോ.? ചൂടും തുടങ്ങി. താമസിക്കുന്ന വീടിന്റെ മുറ്റത്ത് വെള്ളവും ഭക്ഷണവും വയ്ക്കുന്നത് വേനലിൽ ഒരുപാട് ജീവികൾക്ക് സഹായകരമാണ്. ദിവസവും ഭക്ഷണം കഴിക്കാൻ വരുന്ന ജീവികൾ തന്നെ എനിക്ക് വലിയ നേരം പോക്കാണ്. സ്ഥിരമായി ഭക്ഷണം കഴിക്കാൻ വരുന്ന ആൾക്കാർക്ക് പുറമേ പുതിയ അതിഥികളും വീടിന്റെ മുറ്റത്ത് വരുന്നു. വീട്ടിൽ കുഞ്ഞുകുട്ടികൾ ഉള്ള അമ്മമാർ കുട്ടികളെക്കൊണ്ട് ദിവസവും ഈ ജീവജാലങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് ശീലിപ്പിക്കുന്നത് കുട്ടികൾക്ക്, സാമൂഹ്യ ജീവികളോടുള്ള സ്നേഹം വളർത്തിയെടുക്കാൻ വളരെ നല്ലതാണ്. അതോടൊപ്പം തന്നെ ഈ വേനലവധിയിൽ പ്രകൃതിയിലെ ജീവജാലങ്ങളെ കുറിച്ചുള്ള ഒരു തുറന്ന  പഠനത്തിനും ഇത്‌ അവരെ സഹായിക്കുന്നതാണ്. ഇനി  ബന്ധങ്ങൾ നിലനിർത്താൻ അൽപസമയം നമുക്ക് ഉപയോഗപ്പെടുത്താം. തിരക്കുകൾക്കിടയിൽ മറന്നുപോയ സൗഹൃദങ്ങൾ,ബന്ധുക്കൾ എല്ലാവരെയും അന്വേഷണം നടത്താം. വിളിക്കാറില്ല, സംസാരിക്കാറില്ല എന്ന പരാതികൾ എല്ലാം പരിഹരിക്കാം.

ഇനി Entertainment ലേക്ക് കടക്കാം. അതിനു മുൻപ് എല്ലാ സ്ത്രീകളോടും ഒരു ചോദ്യം, നിങ്ങൾ എങ്ങനെ നിങ്ങളെ മറന്നുപോയി?ദിവസവും നമ്മളെന്ന വ്യക്തിക്ക് വേണ്ടി, കുറച്ചു സമയമെങ്കിലും സ്വകാര്യമായി ചെലവഴിക്കുക. നമ്മൾ ഒരു ദിവസം അഞ്ചു മിനിറ്റ് എങ്കിലും നമുക്ക് വേണ്ടി ജീവിച്ച ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം.?നമ്മൾ എന്ന വ്യക്തിയെ,ആ വ്യക്തിയുടെ കഴിവിനെ നമ്മൾ തിരിച്ചറിയണം. വീട് ,കുട്ടികൾ, പഠിത്തം, ഭർത്താവ്,ജോലിത്തിരക്ക് അങ്ങനെ നൂറ് കാര്യങ്ങൾ കൊണ്ടാകാം  നിങ്ങൾ നിങ്ങളെ മറന്നുപോയത്. പക്ഷേ അതിൽ  പലതിനെയും നമുക്ക് അവഗണിക്കാൻ പറ്റില്ല. എങ്കിൽപോലും അവയെ നിലനിർത്തിക്കൊണ്ട്,നിങ്ങളുടെ ഉള്ളിലെ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ്, തിരികെ കൊണ്ടു വരേണ്ടത് "നിങ്ങളുടെ മാത്രം" ആവശ്യമാണ്. നിങ്ങൾക്കുള്ളിലെ കഴിവുകൾ  ഓരോ ദിവസവും മെച്ചപ്പെടുത്തൂ. ഒന്ന് ചിന്തിച്ചു നോക്കൂ, നമുക്ക് നമ്മൾ ആവാൻ കഴിയുന്നില്ല!നമ്മുടെ മനസിനെ നമുക്ക് സന്തോഷിപ്പിക്കാൻ കഴിയുന്നില്ല. എന്നത് തന്നെയാണ്, മാനസിക തകർച്ചയ്ക്കും, ക്ഷീണത്തിനും,വിഷാദത്തിനും,ഡിപ്രഷനും എല്ലാം കാരണമാകുന്നത്.ഓരോ വ്യക്തിക്കും അവരുടേതായ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ടിവിയും,ഫോണും എല്ലാം നമുക്ക് അൽപ സമയം മാറ്റി വെക്കാം.മാനസിക സംഘർഷങ്ങളെ ഒഴിവാക്കാൻ മെഡിറ്റേഷനും, യോഗയും പ്രാർത്ഥനയും,ഈ ദിവസങ്ങളിൽ ശീലിക്കുന്നത് മാനസികമായ ഉണർവിനും,ഉന്മേഷത്തിനും,സ്വയം ശാക്തികരിക്കുന്നതിനും നല്ലതാണ്. 

ഇനിയിപ്പോൾ നിങ്ങൾ വീട്ടിലല്ല, ഹോസ്റ്റലിലെ മറ്റോ ആണെങ്കിലും പുസ്തകങ്ങളൊന്നും തന്നെ നിങ്ങളുടെ പക്കൽ ഇല്ലെങ്കിലും ടെൻഷൻ വേണ്ട. മൊബൈലിൽ തന്നെ പുസ്തകങ്ങൾ PDF ഫയൽ ആയി കിട്ടും അതിൽ നിങ്ങളുടെ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാം. സുഹൃത്തുക്കളോട് ചോദിച്ച് നല്ല പുസ്തകങ്ങളും സിനിമകളും കാണാം.അതിനുവേണ്ട app ഫോണിൽ ഡൗൺലോഡ് ചെയ്താൽ മതി. ഒരു സ്‌ത്രീ ജന്മ മായതുകൊണ്ട് വീടിന്റെ വിളക്ക് നിങ്ങൾ ആണ് എന്നാണ് (വീട്ടിലുള്ള മറ്റുള്ളവരുടെ)സങ്കൽപ്പം. പക്ഷേ, നിങ്ങളുടെ മനസ്സിന്റെ വിളക്ക് ആര് കത്തിക്കും.? നിങ്ങളുടെ മനസ്സിന്റെ വിളക്ക് നിങ്ങൾ ആണ്.ആ ജ്യോതി പരക്കേണ്ടത് നിങ്ങൾക്കുള്ളിലാണ്.ഇനിയുള്ള 21 ദിവസങ്ങൾ നിങ്ങളുടെ നേട്ടങ്ങളിലേക്കുള്ള ചുവടു വയ്പുകൾ ആവട്ടെ...,ഒരിക്കലും മറക്കാനാവാത്ത മനോഹരമായ 21 ദിവസങ്ങൾ ആവട്ടെ!

അധ്യാപികയും എഴുത്തുകാരിയുമായ രാധ മീര കൊറോണക്കാലത്തെ നേരിടുന്ന വിധം 

,"സത്യത്തിൽ ഞാൻ  കൊറോണ ഭീതി പടരും മുന്നേതന്നെ  ലോക്ക്ഡൗൺ എന്ന് പറയാവുന്ന ഒരു ഘട്ടത്തിലായിരുന്നു .വേറൊന്നുമല്ല , എന്റെ  പിഎച്.ഡി  അവസാനഘട്ടത്തിലെത്തി നിൽക്കുന്നതിന്റെ ഭാഗമായി  പ്രൂഫ്  വായനയും വീണ്ടും വീണ്ടും  തിരുത്തലുമൊക്കെയായി തിരക്കിൽതന്നെ .

അതിനിടയിൽ വർഷങ്ങളായി  മുടങ്ങിക്കിടന്ന വായന തുടങ്ങിവച്ചത് , പിന്നെയും മുടങ്ങിയിരുന്നു . ഇതിനിടയിൽ , നാലോ അഞ്ചോ പുസ്തകം വായിച്ചു റിവ്യൂ എഴുതിയിരുന്നു . കൊറോണ  ലോക്ക്ഡൗൺ അറിഞ്ഞപ്പോൾ  ,  പിഎച്ഡി പ്രൂഫ് റീഡ്  കഴിഞ്ഞാൽ  വായനയും റിവ്യൂ എഴുത്തും , പൂർത്തിയാകാത്ത മൂന്നു നോവലുകൾ എഴുതി പൂർത്തിയാക്കണം ,  ഒരു തിരക്കഥ പൂർണ്ണമാക്കണം , എന്നൊക്കെയാണ്  ആഗ്രഹങ്ങൾ . എഴുത്തുകാരി എന്നനിലയിൽ കുറെ വായിക്കണം  എഴുതണം എന്നതിനപ്പുറം  ഒരു വീട്ടമ്മ എന്നനിലയിൽ ഫലപ്രദമായി ചെലവഴിക്കേണ്ട ഒരു സമയംകൂടിയാണിതെന്ന്  മനസ്  പറയുന്നുണ്ട് .  

ഏതായാലും  ഞാൻ മനസിന്റെ പറച്ചിലിന് ഇടയ്ക്കിടെ ചെവി കൊടുത്തു. കുത്തഴിഞ്ഞ മട്ടിൽ കിടന്ന അലമാരയിലെ തുണികൾ  അടുക്കി . വീടിന്റെ മുക്കുംമൂലയും വൃത്തിയാക്കി.  ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കാനുള്ള ശ്രമംതുടങ്ങിയത്  വിജയിപ്പിക്കാൻ  പ്രചോദനംതരുന്ന മട്ടിൽ  കിളിർത്തുവരുന്ന പുതുമുകുളങ്ങളെ കണ്ടു സംതൃപ്തിയോടെ വെള്ളവും വളവും നൽകുന്നു . മിണ്ടാൻ നേരമില്ലാതെ ഓടിയിരുന്ന കാലംകൊണ്ട്  ദൂരെയായിപ്പോയ സൗഹൃദങ്ങളെയും ബന്ധങ്ങളെയും  അടുപ്പിച്ചുനിർത്തി . 

വരാൻപോകുന്നത് വറുതിയുടെ നാളുകളാവുമോ എന്ന ആശങ്കയിൽ കരുതലായി ഉള്ളിയും വാളൻപുളിയും ഉണക്കമുളകും കായവും ചേർത്ത  ഉണക്കച്ചമ്മന്തിയും തേങ്ങാ ചമ്മന്തി പൊടിയും   ഉണ്ടാക്കിവച്ചു . വാട്സപ് ഗ്രൂപ്പിലെ കൂട്ടുകാരുടെ കൊച്ചുകൊച്ചു നേരമ്പോക്കുകളിൽ മുഴുവനും  പങ്കെടുക്കാൻ  ആവുന്നില്ല എങ്കിലും  അവരെ  ഇടയ്ക്കിടെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു . 

ലോകത്ത്  സംഭവിക്കുന്ന എന്തിനും ഗുണവും ദോഷവും  ഉണ്ടെന്നത്  വീണ്ടും  ഉറപ്പിക്കുംവിധം കാര്യങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുന്നു . വാഹന അപകടങ്ങൾ ഇല്ലാതെയായി . അന്തരീക്ഷ മലിനീകരണം ഇല്ലാതെയായി . പെട്രോൾ ഡീസൽ ഇന്ധനങ്ങൾ ഇത്രയും ദിനങ്ങൾ കൊണ്ടു  ലാഭമായി . പ്രകൃതി മൊത്തത്തിൽ ഒന്നു പുനർനവീകരിക്കപ്പെടുന്നു. മോഷണം കൊലപാതകം  ജാതിമതരാഷ്ട്രീയ വൈരം  ജനങ്ങൾ  മറന്നുതുടങ്ങി . ഒരു നിശ്ചലാവസ്ഥ കൊണ്ടുവരാൻ കൊറോണയ്ക്ക് കഴിഞ്ഞു . 

എങ്കിലും  ജനങ്ങൾക്കെല്ലാം ഒരു പുതുജീവിതം  കൊടുക്കാനും,  ഇനി  ആരെയും  രോഗഗ്രസ്തമാക്കാതെ പിന്മാറി  മരണനിരക്ക്  ഉണ്ടാക്കാതെ  ഈ  കൊറോണയും  നമ്മെ  കടന്നുപോകട്ടെ എന്ന്  പ്രാർത്ഥിച്ചും ആശംസിച്ചുംകൊണ്ട് ഞാൻ  ഈ  പങ്കുവയ്ക്കലിന്  തൽക്കാല വിരാമമിടുന്നു . "ലോകാ സമസ്താ സുഖിനോ ഭവന്തു ! "

English Summary: Women Enjoy Their Quarantine Days

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT