ADVERTISEMENT

നിസ്സാരമായ, പേരില്ലാത്ത, ഓർമയിൽ പോലും സൂക്ഷിക്കേണ്ടാത്ത ദയയും കാരുണ്യവും നിറഞ്ഞ പ്രവൃത്തി... അത്രമേൽ മനോഹരമായ മറ്റെന്തുണ്ട്... പക്ഷേ, കൊടുക്കുന്നവനോ സ്വീകരിക്കുന്നവനോ പോലും പലപ്പോഴും അതിന്റെ മഹത്വം അറിയാറില്ല. ഞാൻ ചിലരെ സ്നേഹിക്കുന്നത് എനിക്കും അവർക്കുമിടയിൽ സംഭവിച്ച ചില നിമിഷങ്ങളുടെ പേരിലാണ്. വിഷാദത്തിലേക്കു വീണു പോകുന്നതിനു മുൻപുള്ള നിമിഷങ്ങളിൽ എന്റെ നേർക്കയച്ച കനിവൂറുന്ന നോട്ടം, പരാജയപ്പെട്ട് ഇടിഞ്ഞുതൂർന്നുപോയ തോളിൽ തട്ടി പറഞ്ഞ ‘സാരമില്ല’ എന്ന ഒറ്റവാക്ക്, പറയാൻ മറന്ന പ്രണയം ഒളിപ്പിച്ച ചില കണ്ണേറുകൾ, ഒറ്റയാവും ദുസ്സഹ നേരങ്ങളിലെ ചില ചേർത്തുപിടിക്കലുകൾ... അത്രയും മഹത്തരമായി തോന്നിയിട്ടില്ല മറ്റൊരു വിലപിടിച്ച സമ്മാനങ്ങളും. അത്തരം സമ്മാനങ്ങൾ കൊടുക്കാനും സ്വീകരിക്കാനും പഠിച്ചാൽ ജീവിതം എപ്പോഴും പ്രസാദമധുരമായിരിക്കും.

എൺപതു പിന്നിട്ട അച്ഛനു വേണ്ടി കാര്യമായൊന്നും ചെയ്യാൻ കഴിയാതെ പോയ മകളാണ് ഞാൻ. പഠനവും ജോലിയും വിവാഹവുമൊക്കെ തന്നിഷ്ടത്തിനു തിരഞ്ഞെടുത്തപ്പോളൊക്കെ എന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചു കൂടെ നടന്നൊരാൾ. അച്ഛനു പണമോ, മറ്റെന്തെങ്കിലും ഭൗതിക സൗകര്യങ്ങളോ ഞാൻ നൽകേണ്ടതായിട്ടില്ല. പക്ഷേ, ഒരുപാട് പേർക്കിടയിൽ ജീവിക്കുമ്പോഴും അച്ഛൻ ചിലപ്പോഴൊക്കെ ഏകാകിയായി കാണാറുണ്ട്. ആ ഏകാന്തത അച്ഛനെ പൊതിയരുതെന്ന് വാശിയുള്ളതിനാൽ ഞാൻ കഴിയുന്നത്ര ദിവസങ്ങളിൽ അച്ഛനെ വിളിച്ച് ഒരു മണിക്കൂർ സംസാരിക്കും. സംഗീതം, സാഹിത്യം തുടങ്ങി ഒരുപാട് മേഖലകളിൽ ഞങ്ങൾക്ക് പൊതുവായ ഇഷ്ടങ്ങൾ ഉള്ളതിനാൽ ഒരിക്കലും വിഷയദാരിദ്ര്യം ഉണ്ടായിട്ടുമില്ല. എന്തെങ്കിലും തിരക്കിൽപെട്ട് ഒന്നോ രണ്ടോ ദിവസം വിളിക്കാൻ പറ്റിയില്ലെങ്കിൽ അച്ഛൻ കുട്ടികളെ പോലെ പിണങ്ങും. ‘തിരക്കുകാരിയെ വിളിക്കാനില്ല’ എന്ന് ചുണ്ടുകോട്ടും. അതുകൊണ്ട് ഏത്ര തിരക്കിൽപ്പെടുന്ന ദിവസവും ആ മുപ്പതു മിനിറ്റ് ഞാൻ മറ്റാരും കവർന്നെടുക്കാതെ മാറ്റിവയ്ക്കുന്നു. അതേയുള്ളു എനിക്ക് ഇനി എന്റെ ജീവിതത്തിലെ ഹീറോയ്ക്ക് നൽകാൻ.

ചിലരുണ്ട്, ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഞാനെന്ന വള്ളിയിൽ തൂങ്ങി സ്വന്തം സങ്കടക്കടലിൽ നിന്നു കരകയറാൻ ശ്രമിക്കുന്നവർ. എന്റെ എഴുത്തു മാത്രം വായിച്ചറിഞ്ഞു വരുന്നവരാണ്. അവർക്കു വേണ്ടിയും നൽകാൻ എന്റെ കയ്യിൽ ഒന്നേയുള്ളു – എന്റെ സമയം. വിഷാദത്തിന്റെ മഞ്ഞുമലയിൽ പെട്ടുപോയ അവരിലേക്ക് പ്രതീക്ഷയുടെ ചെറിയൊരു പൊൻവെയിൽ വെട്ടം വീഴും വരെ ഏതു രാത്രിയിലും ഞാൻ അവരോടൊപ്പം ഫോണിന്റെ മറുതലയ്ക്കൽ ഉണർന്നിരിക്കാറുണ്ട്. എനിക്കുമുണ്ട് അത്തരം ചില കൂട്ടുകെട്ടുകൾ. ജീവിതമെന്ന രഥയാത്രയിൽ കുതിരകൾ വഴി മറന്ന് പാഞ്ഞപ്പോഴൊക്കെ പങ്കാളിയോ സഹോദരങ്ങളോ സുഹൃത്തുക്കളോ ഒക്കെ സധൈര്യം കടിഞ്ഞാൺ വീണ്ടെടുത്ത് ആ തേര് മുന്നോട്ട് ഓടിച്ചിട്ടുണ്ട്. അവർ ചിലപ്പോൾ കേൾവിക്കാരായി, ചിലപ്പോൾ കണ്ണുരുട്ടി ഹെഡ്മാസ്റ്റർമാരായി, ചിലപ്പോൾ പുതുകാര്യങ്ങളിലേക്ക് പിച്ച വയ്പിച്ച് അമ്മയായി...

സ്നേഹം പ്രകടിപ്പിക്കില്ലെന്നു വാശിയുള്ള ചിലരുണ്ട്. അങ്ങനെ ചെയ്തു പോയാൽ തന്റെ ദൗർബല്യം മറ്റുള്ളവർ തിരിച്ചറിയുമെന്നു ഭയക്കുന്നവർ. അത്തരം ചിലർ തന്ന അപൂർവ സൗന്ദര്യമുള്ള ചില സമ്മാനങ്ങളുണ്ട്. സ്നേഹനിരാസങ്ങൾ മൂലം ഹൃദയം മുറിഞ്ഞുനീറി പിടയുമ്പോഴോ, ‘സ്നേഹിക്കാൻ എന്നെ കൊള്ളില്ലെന്ന’ ആത്മനിന്ദ കീഴടക്കുമ്പോഴോ ഒക്കെ വാട്സാപ് ഡിപി ഒഴിവാക്കി ‘ഐ ആം ക്ലോസ്ഡ് ഓഫ്’ എന്ന് പറയാതെ പറയാറുണ്ട് ഞാൻ. അപ്പോൾ പ്രതീക്ഷിക്കാത്ത ചില നമ്പരുകളിൽ നിന്നു വരുന്ന നാലക്ഷര ചോദ്യമുണ്ട്, ‘R U OK?’. മതി... ഒഴുകാൻ മടിച്ചു നിന്ന കണ്ണീർ പൊട്ടിയൊലിച്ച് നോവാറാ‍ൻ തുടങ്ങും. അതല്ലെങ്കിൽ, എനിക്കിഷ്ടപ്പെട്ട ഏതെങ്കിലുമൊരു ഗസലിന്റെ യു ട്യൂബ് ലിങ്ക് ആകാം, പ്രിയപ്പെട്ട കവിതയുടെ രണ്ടു വരിയാകാം... അതൊന്നുമല്ലെങ്കിൽ എനിക്കു വേണ്ടി മാത്രം പാടിയ രണ്ടു വരി പാട്ടാകാം. മനസ്സിലെ വിഷാദത്തിന്റെ ചാരനിറ കാൻവാസിൽ പിന്നെ എത്ര വേഗമാണ് നിറപ്പകിട്ടുള്ള ശലഭങ്ങൾ വിരിഞ്ഞു തുടങ്ങുന്നത്.

ഒ. ഹെൻറിയുടെ പ്രശസ്തമായ ലാസ്റ്റ് ലീഫ് (അവസാനത്തെ ഇല) എന്ന കഥയിൽ അസാധാരണമാം വിധം മഹത്തരമായ ഒരു കാരുണ്യ പ്രവൃത്തിയെ കുറിച്ചു പറയുന്നുണ്ട്. ന്യുമോണിയ ബാധിച്ച് അവശനിലയായിലായ ചിത്രകാരിപ്പെൺകുട്ടി തന്റെ മരണത്തെ കുറിച്ച് വിചിത്രമായ ഒരു കൽപ്പന കണ്ടെത്തുന്നു. തന്റെ ജനാലയ്ക്കു പുറത്തെ ചുവരിൽ പറ്റിപ്പിടിച്ചു വളരുന്ന ഐവി ചെടിയിലെ അവസാന ഇല പൊഴിയുമ്പോൾ താൻ മരിക്കുമെന്നായിരുന്നു അത്. അവൾ അതിനായുള്ള കാത്തിരിപ്പ് തുടങ്ങി. അതോടെ ആരോഗ്യവും ക്ഷയിച്ചുവന്നു. ഇതറിഞ്ഞെത്തിയ വൃദ്ധനായ ഒരു ചിത്രകാരൻ (അന്നു വരെ അയാൾക്ക് ജീവിതത്തിൽ അംഗീകാരം ലഭിച്ചിരുന്നില്ല) ആ ചുവരിൽ ഇലയുടെ സ്ഥാനത്ത് ജീവസ്സുറ്റ ഒരില വരച്ചു ചേർക്കുന്നു. കനത്ത കാറ്റും മഴയും തണുപ്പുമുള്ള രാത്രിയിലായിരുന്നു അദ്ദേഹം അതു വരച്ചത്. അന്നു രാത്രി അവസാന ഇല പൊഴിഞ്ഞുവെങ്കിലും അദ്ദേഹം വരച്ച ഇല അവിടെ ബാക്കിയായി. അതിനെ യഥാർഥമെന്നു ധരിച്ച പെൺകുട്ടിയിൽ പ്രതീക്ഷകൾ വേരുപിടിക്കുന്നു. അവള്‍ ജീവിതത്തിലേക്കു മടങ്ങുന്നു. പക്ഷേ, അവൾക്കു വേണ്ടി ആ ചിത്രം വരച്ച രാത്രിയുടെ തണുപ്പും മഴയുമേറ്റു വാങ്ങി ആ വൃദ്ധചിത്രകാരൻ ന്യുമോണിയ ബാധിച്ചു മരിച്ചു. ജീവിതത്തിലന്നു വരെ മികവുറ്റതെന്ന് പേരെടുത്ത ഒരു ചിത്രം പോലും രചിക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ ആ കാരുണ്യപ്രവൃത്തിക്കു പക്ഷേ, ഒരു ജീവന്റെ വിലയുണ്ടായിരുന്നു. പ്രതിഫലമായി യാതൊന്നും പ്രതീക്ഷിക്കാതെ അദ്ദേഹം ഭിത്തിയിൽ കോറിയിട്ട ആ അവസാന ഇലയിലും മനോഹരമായ, മഹത്തായ എന്തു സൃഷ്ടിയാണുള്ളത്? 

ഇതുപോലെ എത്രയെത്ര പ്രവൃത്തികൾ നമുക്ക് ചെയ്യാനാകും... ഇനി മടങ്ങി വരവില്ല എന്ന മട്ടിൽ വിഷാദത്തിലേക്ക് ആഴ്ന്നു പോകുന്നയാളെ നോക്കി പതിവായി ഒന്നു ചിരിച്ചാൽ, തനിച്ചായിപ്പോയവളുടെ രാക്കരച്ചിലുകൾക്ക് വല്ലപ്പോഴുമൊന്നു കൂട്ടിരുന്നാൽ, മാനക്കേടിന്റെ ചാപ്പ ഭയന്ന് പറയാൻ മടിക്കുന്ന വൈകാരികമോ ഭൗതികമോ ആയ ഇല്ലവല്ലായ്മകൾ കണ്ടറിഞ്ഞു കൈപിടിക്കാനായാൽ... ഇല്ല... നിങ്ങൾ ചിലപ്പോൾ ഒന്നും നേടുന്നുണ്ടാകില്ല. പക്ഷേ, മറ്റൊരാളുടെ ജീവനെ താങ്ങിനിർത്താനുള്ള ചൂടിക്കയർ പന്തലാകാനെങ്കിലും കഴിയും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com