ADVERTISEMENT

ഇറാഖില്‍ നജഫിലെ ആശുപത്രി കിടക്കയിലാണ് 20 വയസ്സുകാരി മാലക് ഹൈദര്‍ അല്‍ സുബൈദി. ശരീരം മുഴുവന്‍ ബാന്‍ഡേജ് ഇട്ടിരിക്കുകയാണ്. മുഖത്തും ശരീരത്തും പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. മുഖം തടിച്ചുവീര്‍ത്തിട്ടുമുണ്ട്. കണ്ടാല്‍ തിരിച്ചറാനാവാത്ത രീതിയില്‍ മാറിപ്പോയിരിക്കുകയാണ് സുന്ദരിയും ചെറുപ്പക്കാരിയുമായ സുബൈദി. 

നജഫിന്റെയും ഇറാഖിന്റെയും മാത്രമല്ല ലോകത്തിന്റെ ദുഖമായി മാറിയിരിക്കുകയാണ് സുബൈദി. ഇവര്‍ ഇപ്പോഴത്തെ ദയനീയ അവസ്ഥയില്‍ എത്താന്‍ കാരണം ഭര്‍ത്താവും അയാളുടെ വീട്ടുകാരുമാണ്. ഭര്‍തൃപീഡനങ്ങളാല്‍ കരഞ്ഞു തളര്‍ന്ന്. വേദനകൊണ്ട് പുളയുന്ന ഈ യുവതിയുടെ സങ്കടക്കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളുടെ മനസ്സില്‍ സൃഷ്ടിക്കുന്നത് ദുഃഖവും അമര്‍ഷവും ധാര്‍മിക രോഷവും. ഭര്‍ത്താവിന്റെ ക്രൂരതയും പൈശാചികതയും കിടക്കയിലാഴ്ത്തിയ സുബൈദിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. മൊഹമ്മദ് അല്‍ മയാലിയുടെ രണ്ടാമത്തെ ഭാര്യയാണ് സുബൈദി. കഴിഞ്ഞ എട്ടുമാസമായി അച്ഛനമ്മമാരെ കാണാന്‍ പോലും ഭര്‍തൃവീട്ടുകാര്‍ യുവതിയെ അനുവദിച്ചിട്ടില്ല. എന്നാല്‍ പൊലീസ് ഓഫിസറായ മയാലി  ഫെയ്സ്ബുക്കില്‍ വ്യത്യസ്തമായ കഥയാണ് പറയുന്നത്. സുബൈദിക്ക് മാനസിക രോഗമാണെന്നും സ്വയം തീ കൊളുത്തിയതാണെന്നും അയാള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. 

സ്വയം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയതിനുശേഷം എന്നെയും എന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് അവളുടെ ശ്രമം- മയാലി ആരോപിക്കുന്നു. എന്നാല്‍ സ്ത്രീ അനുകൂല സംഘടനകള്‍ ഈ വാദം തള്ളിക്കളയുന്നു. പച്ചക്കള്ളമാണെന്നും തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നു. സൈന്യത്തിലെ ഒരു കേണലിന്റെ മകനാണ് മയാലി. സ്വാധീനമുള്ളവനാകയാല്‍ അയാളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഗാര്‍ഹിക  അതിക്രമം തെറ്റാണെന്നും അനുവദിക്കാനാകില്ലെന്നും ഇറാഖിന്റെ ഭരണഘടനയിലുണ്ടെങ്കിലും രാജ്യത്തിന്റെ പീനല്‍ കോഡ് അനുസരിച്ച് ഭാര്യമാരെ നേര്‍വഴിക്ക് നയിക്കാന്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് അവകാശമുണ്ട്. അച്ചടക്കം പഠിപ്പിക്കാനും. രാജ്യത്തെ അഞ്ചിലൊന്ന് യുവതികളും വീടുകളില്‍ ഗാര്‍ഹിക അതിക്രമത്തിന് ഇരയാകുന്നുണ്ട്. എന്നാല്‍ ഇതിന്റെ കണക്കുകള്‍ പോലും എങ്ങും രേഖപ്പെടുത്തിയിട്ടില്ല. 

എന്തായാലും സുബേദിക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ അല്‍ മാലികി എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രചരണവും തുടങ്ങിയിട്ടുണ്ട്. ‘ആശുപത്രിയില്‍ കിടക്കുന്ന സുബൈദിയെ ഞാന്‍ കണ്ടു. ആ യുവതിയുടെ കരച്ചില്‍ ഇപ്പോഴും എന്റെ ചെവികളില്‍നിന്നു പോകുന്നില്ല. സുബൈദിയെപ്പോലുള്ള ഒട്ടേറെ യുവതികള്‍ പീഡനത്തിന് വിധേയമാകുന്നുണ്ട്. സ്വന്തം ഭര്‍ത്താക്കന്‍മാരുടെ കയ്യാല്‍ തീ കൊളുത്തപ്പെടുന്നുമുണ്ട്. ഇതിന് എന്നാണ് അവസാനം- ഒരു സ്ത്രീ സംഘടനാ പ്രവര്‍ത്തക ചോദിക്കുന്നു. 

താന്‍ തന്നെയാണ് തന്റെ ശരീരത്തില്‍ തീ കൊളുത്തിയതെന്നു സുബൈദി പറയുന്ന ഒരു വിശദീകരണം പൊലീസില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ മകളല്ല പൊലീസിനു നല്‍കിയതെെന്നാണ് സുബൈദിയുടെ അമ്മ പറയുന്നത്. പരാതി എഴുതാന്‍ പോലും കഴിയാത്ത രീതിയില്‍ അവരുടെ കൈകള്‍ പൊള്ളിയിട്ടുണ്ട്. ഒപ്പിടാനുമാവില്ല. മാസങ്ങളായി മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇറാഖിലെ നിയമവൃത്തങ്ങളില്‍ ഈ കേസ് വലിയ അത്ഭുതമൊന്നും ഉളവാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ദിവസവും ഇതേ രീതിയില്‍ നൂറുകണക്കിനു സ്ത്രീകളാണ് ആശുപത്രികളിലാക്കപ്പെടുന്നതും നീതി തേടുന്നതും. കൃത്യമായ നിയമ സംവിധാനമില്ലാത്തതിനാല്‍ ഗാര്‍ഹിക അക്രമം ആവര്‍ത്തിക്കപ്പെടുന്നു. അവരുടെ നിരയിലെ ഒരു ഇര മാത്രമാണ് സുബൈദി അല്‍ മാലികി. 

English Summary: Outrage over Iraqi woman's alleged torture by her husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com