ADVERTISEMENT

പോളിന് ഇപ്പോഴും വേദന മാറിയിട്ടില്ല. കുറേ നാള്‍ മുന്‍പുണ്ടായ മര്‍ദനത്തിന്റെ അടയാളങ്ങള്‍ ശരീരത്തില്‍നിന്നു മാഞ്ഞുപോയിട്ടുമില്ല. ലെബനനിലെ ബയ്റൂട്ടില്‍ റോമന്‍ കത്തോലിക്ക സഭ നേതൃത്വം കൊടുക്കുന്ന ഒരു സന്നദ്ധ സംഘടയിലെ അംഗമാണ് അദ്ദേഹം. സെക്സ് റാക്കറ്റിൽ നിന്നും ഒരു യുവതിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തിനു മർദനമേറ്റത്. മര്‍ദനത്തിനു പുറമെ ഭാവിയില്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്ന മുന്നറിയിപ്പും ലഭിച്ചു. പോളിന്റേത് ഒറ്റപ്പെട്ട അനുഭവമല്ല. ലബനനിലും സിറിയയിലുമായി വ്യാപിച്ചുകിടക്കുന്ന സെക്സ് റാക്കറ്റ് ചങ്ങലയില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ ആരു ശ്രമിച്ചാലും അവര്‍ക്ക് പോളിന്റെ അനുഭവം തന്നെയാണുണ്ടാകുന്നത്. കാരണം അവര്‍കരുത്തരാണ്. എന്തിനും തയാറാകുന്നവരും. പെണ്‍കുട്ടികളെയും യുവതികളെയും വിറ്റു കാശാക്കുന്ന ഒരു വലിയ റാക്കറ്റ് തന്നെയുണ്ട്. അവര്‍ക്കു സഹായമായി കൂട്ടിക്കൊടുപ്പുകാരും 

ഏകദേശ കണക്ക് അനുസരിച്ച് എണ്ണൂറോളം സ്ത്രീകളുംപെണ്‍കുട്ടികളും നിലവില്‍ സെക്സ് റാക്കറ്റുകളിൽ അകപ്പെട്ട് പലരുടെയും ലൈംഗിക അടിമകളായി ലെബനനിലും തീരദേശ പട്ടണമായ ജൂനെയിലുമുണ്ട്. ഇവരുടെ സംഖ്യ ഇനിയും കൂടാം. കാരണം കൃത്യമായ കണക്ക് ആര്‍ക്കുമറിയില്ല. ഇവരുടെ അവസ്ഥ ദയനീയമാക്കുന്നതില്‍ ലബനനിലെ നിയമവ്യവസ്ഥയ്ക്കും പങ്കുണ്ട്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയോ അതിനു സൗകര്യം ഒരുക്കിക്കൊടുക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്ന തടവു മാത്രമാണ് ശിക്ഷ. 

ലൈസന്‍സുള്ള വ്യക്തിക്ക് ലൈംഗിക വ്യാപാരത്തിലേര്‍പ്പെടാം. എന്നാല്‍ 1970-നു ശേഷം ഗവണ്‍മെന്റ് ഇത്തരത്തില്‍ ഒരു ലൈസന്‍സ് പോലും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ആരെയും തടവിലിടാനോ പീഡിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയും. എന്നാൽ ക്രിയാത്മകമായ ഇടപെടലുകളുണ്ടാകുന്നില്ലെന്ന് പോളിനെ പോലുള്ള സന്നദ്ധ പ്രവർത്തകർ പറയുന്നു. ലബനനിലെ ലൈംഗിക വ്യാപാരം വര്‍ഷങ്ങളായി പോള്‍ കാണുന്നുണ്ട്. അദ്ദേഹത്തിനൊപ്പം ഭാര്യ റേയുമുണ്ട്. 20 വര്‍ഷം മുമ്പ് തന്റെ ഒരു അയല്‍ക്കാരി വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടതു മുതല്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്തുന്ന ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹം.. 

ലെബനീസ് സ്ത്രീകള്‍ക്കു പുറമെ ആഫ്രിക്ക, സിറിയ എന്നിവിടങ്ങളില്‍നിന്നുള്ളവരും ലൈംഗിക വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുണ്ട്. എല്ലാവരും ജോലി തേടിയാണ് എത്തുന്നത്. അവസാനിക്കുന്നത് സെക്സ് റാക്കറ്റിന്റെ ഇരകളായും. 2016 ല്‍ മാത്രം 75 സിറിയന്‍ സ്ത്രീകളെയാണ് ഒരു വേശ്യാഗൃഹത്തില്‍ തടവുകാരായി വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. ഒടുവില്‍ സ്ത്രീകള്‍ രക്ഷപ്പെട്ടപ്പോഴാണ് വാര്‍ത്ത പുറത്തുവന്നതുതന്നെ. വേശ്യാഗൃഹം നടത്തിയ ലെബനീസ് പൗരനെ അറസ്റ്റ് ചെയ്തെങ്കിലും ഉടന്‍തന്നെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷവും കേസിന്റെ വിചാരണ തുടങ്ങിയുമില്ല. 

പലപ്പോഴും വിവാഹിതരായ സ്ത്രീകള്‍ക്കുപോലും കെണിയില്‍നിന്നു രക്ഷപ്പെടാനാകില്ല. വിവാഹം കഴിക്കുന്ന പുരുഷന്‍മാര്‍ തന്നെ സ്ത്രീകളെ റാക്കറ്റുകള്‍ക്കു കൈമാറുകയാണു പതിവ്. കുട്ടികളെയും നിര്‍ബന്ധിതമായി റാക്കറ്റില്‍ ഏല്‍പിക്കുന്ന പതിവുമുണ്ട്. സിറിയന്‍ അഭയാര്‍ഥികളാണ് കെണിയില്‍ വീഴുന്ന മറ്റൊരു വിഭാഗക്കാര്‍. അഭയാര്‍ഥി ക്യാംപുകളിലേക്ക് എന്നു തെറ്റിധരിപ്പിച്ച്് കൂട്ടിക്കൊണ്ടുവരുന്നത് പലപ്പോഴും വേശ്യാഗൃഹങ്ങളിലേക്കായിരിക്കും. 

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ പോകേണ്ടിവരുന്നുവോ അവിടെയെല്ലാം അവര്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നതാണവസ്ഥ. സാഹചര്യം തന്നെയാണ് വില്ലന്‍. ആരോരുമില്ലാത്തവരാണെന്ന് മനസ്സിലാക്കുന്നതോടെ അവരെ ചൂഷണം െചയ്യാന്‍ എല്ലാവരും തയാറാകുന്നു. ലെബനനില്‍ മാംസ വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളോട് സ്വതന്ത്രമായി സംസാരിക്കാനുള്ള സാഹചര്യവുമില്ല. ഇത്തരം സ്ത്രീകള്‍ എപ്പോഴും നിരീക്ഷണത്തിലായിരിക്കും. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകളോട് സംസാരിച്ച് അവരുടെ കഥകള്‍ മനസ്സിലാക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കൈക്കൂലി കൊടുക്കേണ്ട സ്ഥിതിയുമുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ രക്ഷപ്പെട്ട സ്ത്രീകള്‍ക്കാകട്ടെ സന്നദ്ധ സംഘടനകള്‍ മാത്രമാണ് ആശ്രയം. 

അഭയാര്‍ഥികളുടെ എണ്ണം ഇപ്പോഴും കുറഞ്ഞിട്ടില്ല. അഭയം തേടി സഞ്ചരിക്കുന്നവരില്‍ വലിയൊരു വിഭാഗം എത്തിപ്പെടുന്നത് വേശ്യാവൃത്തിയിലും. നൂറുകണക്കിനു പെണ്‍കുട്ടികളും സ്ത്രീകളും ഓരോദിവസവും ഇരകളായിക്കൊണ്ടിയിരിക്കുന്നു. യുദ്ധത്തിന്റെ ഇരകളാണിവര്‍. ഭീകര സംഘടനയായ ഐഎസ് തടവുകാരായി പിടിച്ചവരുമുണ്ട്. എല്ലാവരുടെയും വിധി ഒന്നുതന്നെ. വലിയ മാനുഷിക പ്രശ്നമാണിത്. സന്‍മനസ്സുള്ള വ്യക്തികളും രാജ്യങ്ങളും കനിയുക മാത്രമാണ് പോംവഴി.

English Summary: The Syrian women and girls sold into sexual slavery in Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com