ADVERTISEMENT

‘അമ്മാ... ഞാൻ ഗേ ആയാൽ അമ്മ അംഗീകരിക്കുമോ?’ പതിനൊന്നുകാരൻ മകന്റേതാണ് ചോദ്യം.

‘അതുപിന്നെ... നിനക്ക് ഇപ്പോഴേ പെൺകുട്ടികളോട് ക്രഷ് ഉണ്ടല്ലോ. അപ്പോ നീ ഗേ ആവത്തില്ല’ ഞാൻ മറുപടി നൽകി.

‘അങ്ങനല്ല, ഇമാജിൻ ചെയ്യൂ. ഞാൻ ഗേ ആണെന്ന്. അപ്പോഴോ?’ അവൻ വിടാൻ ഭാവമില്ല.

‘അത്... അംഗീകരിക്കും. പക്ഷേ ചെറിയ ടെൻഷനൊക്കെ തോന്നും’ ഞാൻ സത്യം പറഞ്ഞു.

‘അമ്മാ... യു ആർ എ സെക്സിസ്റ്റ്. ഞാൻ അമ്മേടടുത്തൂന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല’ ഞാൻ തലതാഴ്ത്തിപ്പോയി.

ഇതാണ്  പുതുതലമുറ. നമ്മുടെ കാലത്ത് സെക്സിസ്റ്റ് എന്ന് പുച്ഛത്തോടെ പറഞ്ഞിരുന്നത് സ്ത്രീകളെ അവഹേളിക്കുന്നവരെ ഉദ്ദേശിച്ചാണ്. പക്ഷേ, ഈ കുട്ടികൾ അതിനുമപ്പുറം എല്ലാ ജെൻഡറിനെയും അംഗീകരിച്ചവരാണ്. അല്ലെങ്കിൽ ജെൻഡർ വ്യത്യാസങ്ങളെ കുറിച്ചു ചിന്തിക്കാത്തവരാണ്. ഒരു വശത്ത് ഈ തലമുറ നിൽക്കുമ്പോളാണ് മറുവശത്ത് രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന കേസിലെ പ്രതിയുടെ ജെൻഡർ നാം ആഘോഷമാക്കുന്നത്. എന്തുപറ്റി നമുക്ക്?

യൗവനം വിടാത്ത സ്ത്രീകൾ പ്രതിപ്പട്ടികയിൽ വന്നാൽ കേസ് ക്രിമിനൽ ആയാലും സിവിൽ ആയാലും യുഎപിഎ ആയാലും മാധ്യമങ്ങളും സമൂഹമാധ്യമങ്ങൾ പ്രത്യേകിച്ചും അവരുടെ അഴകളവുകളുടെ പിന്നാലെയാണ്. ഇത്  കേരളത്തിലെ മാത്രം കഥയല്ല. ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന ഫെർഡിനാൻഡ് മാർക്കോസ് ശതകോടികളുടെ അഴിമതി നടത്തിയപ്പോൾ ലോകം ഫെർഡിനാൻഡിനെക്കാൾ ചർച്ച ചെയ്തത് ഭാര്യയായ ഇമെൽഡയുടെ ആഡംബര ജീവിതത്തെ കുറിച്ചാണ്. കുപ്രസിദ്ധമാകുന്ന ആഡംബരത്തെ കുറിച്ച് സൂചിപ്പിക്കാൻ ഒരു വാക്കും അക്കാലത്തുള്ളവർ കണ്ടെത്തി, ഇമെൽഡിഫിക് (Imeldific). അതായത് ഒരു ജനതയെ മുഴുവൻ പട്ടിണിയിലേക്ക് എറിഞ്ഞുകൊടുത്ത് രാജ്യത്തെ വഞ്ചിച്ച ഫെർഡിനാൻഡ് മർക്കോസിനെക്കാൾ നാം പ്രതിസ്ഥാനത്തു നിൽത്തിയത് ഇമെൽഡയെയാണ്. ചർച്ച ചെയ്തത് ഇമെൽഡയുടെ ഷൂസുകളെയും വസ്ത്രാഭരണങ്ങളെയും കുറിച്ചാണ്.

സോളർ, സ്വർണക്കടത്ത് കേസുകളിൽ സരിതയുടെയും സ്വപ്നയുടെയും വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാൻ കിട്ടുന്ന ഒരു പഴുതും ആരും വേണ്ടെന്നുവയ്ക്കുന്നില്ല. പരസ്യമായി ഇതിനെതിരെ പ്രതികരിക്കുന്നവരും രഹസ്യമായി ‘ക്ലിപ്’ കിട്ടുമോ എന്ന് തിരക്കുന്നു. അവർ പ്രതികളായ കേസിന്റെ ഗുരുതര സ്വഭാവം പോലും ഇല്ലാതാക്കുന്ന മട്ടിലാണ് ചർച്ചകളുടെ പോക്ക്. കൂടത്തായി കൂട്ടക്കൊല കേസിലും ഇതു തന്നെയാണ് നാം കണ്ടത്. സ്ത്രീ പ്രതിയാകുമ്പോൾ കേസിന്റെ മെറിറ്റിനെക്കാൾ ചർച്ചയാകുന്നത് അവരുടെ യൗവനവും സൗന്ദര്യവുമൊക്കെയാണ്.

സ്ത്രീ എന്നാൽ ശരീരം മാത്രമെന്ന ചിന്തയിൽ നിന്നാണ് ഈ ഒളിഞ്ഞുനോട്ടങ്ങളുണ്ടാകുന്നത്. മാത്രമല്ല, സ്ത്രീശരീരം അശ്ലീലമെന്നാണ് പലരും പഠിച്ചുവച്ചിരിക്കുന്നത്. അപ്പോൾ എന്തെങ്കിലും വിഷയത്തിൽ ആരോപണവിധേയയായി അല്ലെങ്കിൽ കേസിൽ പ്രതിയായി ഒരു സ്ത്രീ എത്തുന്നതോടെ സഹപ്രതികളെക്കാൾ അവളിലേക്ക് ചൂണ്ടുവിരലുകൾ കൂർക്കുകയാണ്. പല  കേസുകളിലും പ്രതിയാകുന്ന പുരുഷന്മാർ തന്നിഷ്ടത്തിനു ലൈംഗിക ജീവിതം നയിക്കുന്നവരാകും. പക്ഷേ, അതൊരിക്കലും ചർച്ചയാകുന്നില്ല. കാരണം, നമ്മുടെ നാട്ടുനടപ്പിൽ ലൈംഗികത പുരുഷനിൽ അവകാശവും സ്ത്രീയിൽ അശ്ലീലവുമാണ്. സ്ത്രീ പ്രതിയാകുന്ന കേസിൽ ലൈംഗികമായ കുറ്റകൃത്യങ്ങളോ ഉപയോഗപ്പെടുത്തലുകളോ നടന്നിട്ടില്ലെങ്കിൽ പോലും അവളുടെ ശരീരം ചർച്ചയാകുന്നുണ്ട്. കാരണം, കുറ്റകൃത്യം ചെയ്ത സ്ത്രീ പൊതുമുതൽ എന്ന മട്ടിലാണ് പലരും ചിന്തിക്കുന്നത്. അവളെ കുറിച്ച് എന്തും പറയാം. അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാൽ അവരെയും ഇതേ മട്ടിൽ അവഹേളിച്ചു നിശബ്ദരാക്കാം.

കുറ്റകൃത്യങ്ങളെ, കുറ്റവാളികളെ വിമർശിക്കരുതെന്നല്ല. അത് ചെയ്യാനുള്ള അവകാശം കണ്ടുനിൽക്കുന്നവർക്കുമുണ്ട്. പക്ഷേ, ആ വിമർശനത്തിൽ ലൈംഗികത തിരുകുമ്പോൾ, ശാരീരിക പ്രത്യേകതകൾ ചർച്ചയാകുമ്പോളൊക്കയാണ് അശ്ലീലമാകുന്നത്. ഇനി ആ കുറ്റകൃത്യത്തിൽ ലൈംഗികതയ്ക്ക് പ്രസക്തിയുണ്ടെങ്കിൽ പോലും സ്ത്രീ ഒറ്റയ്ക്കല്ല അതു ചെയ്തെന്നു മറക്കാതിരിക്കാം. 

കുറ്റകൃത്യത്തിന്റെ ഒരറ്റത്ത് സ്ത്രീയുണ്ടോ, എങ്കിൽ അതിൽ ലൈംഗികതയുണ്ടാകും എന്ന മിഥ്യാധാരണ എന്നാണ് നാം ഉപേക്ഷിക്കുക?  കുറ്റവാളിയോ കുറ്റാരോപിതയോ ആയ സ്ത്രീയുടെ ശരീരം വിമർശകർക്ക് പൊതുവിടത്തിലെയോ സ്വകാര്യതയിലെയോ ചർച്ചയിൽ യഥേഷ്ടം ഉപയോഗിക്കാമെന്ന ധാരണ തിരുത്തുക. അല്ലെങ്കിൽ ഇത്തരം ശീലക്കേടുകളുടെ പേരിൽ വരും തലമുറയ്ക്കു മുന്നിൽ നാണംകെട്ടു നിൽക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com