ADVERTISEMENT

ഒറ്റപ്പെട്ടു പോയ നേരത്ത് കരുതലുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹൃദയം നിറഞ്ഞ് നന്ദി അറിയിക്കുകയാണ് ഉമ്മു ഹബീബ എന്ന അമ്മ. ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ  പതറിപ്പോയ സമയത്ത് തനിക്കും മക്കള്‍ക്കും അരികിലേക്ക് എത്തിയ കാക്കിയുടെ കരുതലിനെക്കുറിച്ചാണ് ഉമ്മു ഹബീബ പറയുന്നത്. മനസറിഞ്ഞ് ഭക്ഷണവും സുരക്ഷിതമായ താമസ സ്ഥലവും ഒരുക്കി നല്‍കിയവരുടെ നന്മയെക്കുറിച്ചും ഉമ്മു ഹബീബ പറയുന്നു. 

കണ്ണൂർ കണ്ട്രോൾ റൂമിലെ ഫോട്ടോയിൽ കാണുന്ന പോലീസ് ഓഫീസർമാർക്ക് ബിഗ് സല്യൂട്ട്. കേരളപോലീസിൽ ഇങ്ങനെയും ഉണ്ട് നന്മ നിറഞ്ഞ കുറേ പോലീസുകാർ. ഇവരെ കാണാതെ പോകരുത്...അറിയാതെ പോകരുതെന്നു പറയുന്ന ഉമ്മു ഹബീബ തനിക്കുണ്ടായ അനുഭവവും വ്യക്തമാക്കി. 

നമ്മുടെ കേരളത്തിൽ എപ്പോഴും പോലീസ് ഒരു ചർച്ച വിഷയം ആണ്. പോലീസുകാരുടെ തിന്മകൾ മാത്രം കാണുന്ന നമ്മൾ അവരുടെ നന്മകൾ കൂടിഅറിയണം. ചൊവ്വാഴ്ച ഞാനും എന്റെ മക്കളും അഡ്മിഷന്റെ കാര്യത്തിന് വേണ്ടി മംഗലാപുരം പോയിരുന്നു. രാവിലെ 6 മണിക്ക് പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും ബസ് കയറിയ ഞങ്ങൾ അന്ന് രാത്രി 8 മണിയോടെയാണ് മംഗലാപുരത്ത് എത്തുന്നത്. രാത്രി അവിടെ റൂം എടുത്തു. പിറ്റേന്ന് രാവിലെ കോളേജിൽ പോയി. അഡ്മിഷനൊക്കെ ശരിയായപ്പോഴേക്കും സമയം 1 മണി കഴിഞ്ഞു. മംഗലാപുരത്തു നിന്ന് തലപ്പാടിയിലേക്ക് ബസ് കയറി. അവിടെ നിന്ന് കാസർഗോഡ്, കാസറഗോഡു നിന്നും കണ്ണൂർ. അങ്ങോട്ട് പോയതും ഓരോ ജില്ല മാറിയാണ് ബസ് കയറിയത്. ഡയറക്റ്റ് ബസ് ഉണ്ടായിരുന്നില്ല. തിരിച്ചു വരുന്ന വഴി കണ്ണൂർ എത്തുമ്പോൾ സമയം എട്ടര. 8 മണി കഴിഞ്ഞാൽ പിന്നെ ബസ് ഇല്ലെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു.  രാവിലെ ആറ് മണിക്കാണ് അടുത്ത ബസ്. ഞാനും മക്കളും കുടുങ്ങി. എന്ത് ചെയ്യണം എന്ന് കുറേ ആലോചിച്ചു. ഒരു എത്തും പിടിയും കിട്ടിയില്ല. സാമൂഹ്യ വിരുദ്ധർ എന്ന് തോന്നിക്കുന്ന കുറേ ആഭാസൻമാർ എത്തി നോക്കുന്നു. കൂട്ടം കൂട്ടം ആയി ആളുകൾ അവിടേം ഇവിടേം നിന്ന് നോക്കുന്നു. കുട്ടികളോട് ഞാൻ പറഞ്ഞു അത് മൈൻഡ് ചെയ്യണ്ട. 9 മണി വരെ കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു. ഷീ സ്റ്റേ ഹോം ഒന്നും കിട്ടാനില്ല. 

അതിന് ശേഷം മലപ്പുറം മങ്കട സ്റ്റേഷനിലെ ബിന്ദു മാഡത്തിനെ വിളിച്ചു. കണ്ണൂർ സ്റ്റേഷനിലെ നമ്പർ തരാൻ പറഞ്ഞു. ബിന്ദു സർ പിങ്ക് പോലീസിനെ വിളിക്കാൻ പറഞ്ഞു. 1515 ലേക്ക് വിളിച്ചു. പിന്നീട് അങ്ങോട്ട് തുടരെ തുടരെ കാളുകൾ വന്നു കൊണ്ടിരുന്നു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ കൺട്രോൾ റൂമിലെ വണ്ടിയിൽ ദിലീപ് കുമാർ സാറിന്റെ നേതൃത്വത്തിൽ രാഗേഷ് സാറും റോജ മാഡവും വന്നു. ദിലീപ് കുമാർ സാർ കാര്യങ്ങൾ തിരക്കി. 

അവർ ഞങ്ങൾക്ക് ഭക്ഷണം വാങ്ങി തന്നു. ഒരുപാട് സ്ഥലങ്ങളിൽ ഞങ്ങൾക്ക് സ്റ്റേ ചെയ്യാൻ വേണ്ടി അന്വേഷണം നടത്തി. ഒടുവിൽ വളരെ കഷ്ട്ടപ്പെട്ടാണ് ഒരിടം കണ്ടെത്തിയത്. ഉത്തരവാദിതത്തോടെ ഒരു ഓട്ടോ വിളിച്ചു അവിടെ കൊണ്ടാക്കി. സുരക്ഷിതമായ ഒരു സ്ഥലത്ത്. ഇതിൽനിന്ന് ഒരു കാര്യം നമ്മൾ മനസ്സിലാക്കണം ഒരുപാട് സ്ഥലങ്ങൾ അന്വേഷിച്ചു കണ്ടെത്താൻ ആയില്ല. 9 മണി തൊട്ട് 10 മണിവരെ അന്വേഷിച്ചു അവർക്ക് സേഫ് ആയ ഒരു സ്ഥലം കിട്ടിയില്ലെങ്കിൽ അവർക്ക് ഞങ്ങളോട് ആ ബസ് സ്റ്റാൻഡിൽ ഒരു രാത്രി കഴിഞ്ഞു കൂടാൻ പറയാമായിരുന്നു. പക്ഷേ അവർ അത് ചെയ്തില്ല. ഇവിടെ ജാതിയോ മതമോ അവർ നോക്കിയില്ല. ഒരു മനുഷ്യന് വേണ്ട പരിഗണന അത് മാത്രമാണ് അവർ നോക്കിയത്. കൈയ്യൊഴിഞ്ഞില്ല.. വിട്ട് കളഞ്ഞില്ല.. ക്ഷമയോടെ അവർ വീണ്ടും അന്വേഷണം നടത്തി. 

റൂമിൽ നിന്ന് തിരിച്ചു പോകുമ്പോൾ സാറിന്റെ നമ്പർ തന്നു. എന്ത് അവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ടെന്നും അറിയിച്ചു.  പിന്നീട് വീട്ടിൽ എത്തുന്നത് വരെ വിളിച്ചു. വീട്ടിൽ എത്തിയിട്ടും വിളിച്ചു. റോജ മാഡവും പല തവണ വിളിച്ചിരുന്നു.വീട്ടിൽ എത്തുന്നത് വരെ അവരുടെ ഉത്തരവാദിത്വം അവർ നടപ്പിലാക്കി. നന്മ നിറഞ്ഞ ഈ മൂന്ന് പോലീസ് ഓഫീസർ മാർക്കും എന്റെ എല്ലാ വിധ നന്ദിയും ആശംസകളും അർപ്പിക്കുന്നതോടൊപ്പം എല്ലാ വിധ നന്മകളും നേരുന്നു

ഇവരുടെ നന്മ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ കാണാതെ പോകരുത്. കേൾക്കുമ്പോൾ നിസ്സാരമായി തോന്നിയേക്കാം... പക്ഷേ ഇത്തരം നന്മകൾ കണ്ടില്ല എന്ന് നടിക്കരുത്. നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ ഒക്കെ സാധിക്കൂ. അത് പോലീസ് ആയാലും പട്ടാളം ആയാലും ഏത്‌ മനുഷ്യർ ആയാലും.’– ഉമ്മു ഹബീബ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com