ADVERTISEMENT

ട്യൂട്ടി (Tutti) – ആ വാക്ക് ആദ്യമായി കേൾക്കുകയായിരുന്നു ഞാൻ. ‘ഈറ്റ് പ്രേ ലവ്’ എന്ന ഹോളിവുഡ് ചിത്രത്തിലെ നായികയ്ക്ക് ഇറ്റലിയിൽ നിന്നു കിട്ടിയ വാക്കാണത്. ‘എല്ലാം’ എന്നാണ് അർഥം. അവർ അതിനു നൽകുന്ന അതിമനോഹരമായ നിർവചനമാണ് സിനിമയുടെ ക്ലൈമാക്സ്. ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയ ഒരമ്മയ്ക്കും കുഞ്ഞുമകൾക്കും നഷ്ടമായ വീട് എന്ന സ്വപ്നം വീണ്ടെടുത്തു നൽകുകയാണ്, ട്യൂട്ടി എന്ന പദത്തിലൂടെ നായികയായ എലിസബത്ത് ഗിൽബർട്ട്.

എനിക്കും ആ വാക്ക് നന്നേ ഇഷ്ടപ്പെട്ടു. എല്ലാം അല്ലെങ്കിൽ എല്ലാവർക്കും – എല്ലാവരുടെയും ചിന്തകൾ ആ മട്ടിലായിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായ ഇടമായി മാറിയേനെ. പകരം നാം കുഞ്ഞുങ്ങൾക്ക് നാവിൽ തേനും വയമ്പും ഇറ്റിക്കുന്നതോടൊപ്പം സ്വാർഥത കൂടി പകർന്നു നൽകുകയാണ്. കളിപ്പാട്ടങ്ങൾ കൂട്ടുകാരുമായോ സഹോദരങ്ങളുമായോ പങ്കുവയ്ക്കാത്ത കുട്ടികളുണ്ട്. ചില രക്ഷിതാക്കൾ അതു പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സ്കൂളിലെത്തിയാൽ ഈ സ്വഭാവം മാറുമെന്ന് കരുതുന്നുണ്ടോ? ഇന്ന് പല സ്കൂളുകളും പഠിപ്പിക്കുന്നത് സ്വാർഥരാകാനാണ്. ക്ലാസിൽ നിന്ന് അവധിയെടുത്ത കുട്ടിക്ക് നോട്ട് കൈമാറരുതെന്നു ശഠിക്കുന്ന സ്കൂളുകളുണ്ട്. വീട്ടിൽ ചെന്നു കഴിഞ്ഞാൽ കുട്ടികൾ തമ്മിൽ ബന്ധപ്പെടരുതെന്നു നിർബന്ധ ബുദ്ധിയുള്ളവരുണ്ട്. എന്തിനാണ് നമ്മളീ കുഞ്ഞുങ്ങളെ ഒറ്റ മരത്തിലെ കിളികളാകാൻ പഠിപ്പിക്കുന്നത്...? എപ്പോഴും ‘എനിക്ക്, എന്റേത്’ എന്നു ചിന്തിക്കുന്ന കുരുന്നുകൾക്ക് ഒരിക്കലും സമൂഹത്തിന്റെ ഭാഗമാകാൻ കഴിയില്ല. പഠനകാലത്ത് ഒരു സുഹൃത്തിനെ പോലും സമ്പാദിക്കാൻ കഴിയില്ല. ജോലിയിൽ കയറിയാൽ അവർക്ക് ഒരിക്കലും ഒരു ടീമിന്റെ ഭാഗമായി ജോലി ചെയ്യാനാകില്ല. വിവാഹജീവിതത്തിലാകും ഏറ്റവും വലിയ പരാജയം. കാരണം തികച്ചും പരസ്പര പൂരകമായി മാത്രം നിലനിൽക്കാൻ കഴിയുന്ന ബന്ധമാണല്ലോ അത്. എന്നിട്ടും നാം കുഞ്ഞുങ്ങളെ അവനവനിസം ശീലിപ്പിക്കുന്നു!

സ്വാർഥതയുടെ ആൾരൂപങ്ങളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പുറമേ അവരിൽ എല്ലാം സുഭദ്രമാണ്. പക്ഷേ, നിങ്ങൾ എപ്പോഴെങ്കിലും അവരുമായി യോജിച്ചു പ്രവർത്തിച്ചു നോക്കൂ. അല്ലെങ്കിൽ അവരിൽ നിന്ന് എന്തെങ്കിലുമൊരു കാരുണ്യമോ കരുതലോ വേണ്ട അവസ്ഥയിലെത്തൂ. അന്നു കാണാം അവരുടെ വിശ്വരൂപം. അവർ നിങ്ങൾക്കായി അവരുടെ വിഭവങ്ങളൊന്നും (സമയമോ പണമോ സ്വാധീനമോ) ചെലവഴിക്കാൻ പോകുന്നില്ല. സാരമില്ല. നമുക്ക് തത്കാലത്തേക്ക് അൽപ്പം നോവുമെന്നേയുള്ളൂ. കാത്തിരുന്നാൽ കാണാം ആ വിഭവങ്ങളൊന്നും പ്രയോജനപ്പെടാത്ത അവസ്ഥയിൽ അവർ തന്നെ എത്തിനിൽക്കുന്നത്. പ്രളയം വന്നപ്പോൾ നമുക്ക് നേരെ രക്ഷാകരങ്ങൾ നീട്ടിയ ചില മത്സ്യത്തൊഴിലാളികൾ പങ്കുവച്ച അനുഭവങ്ങൾ ഓർമയില്ലേ. കോട്ടമതിൽ കെട്ടിയുയർത്തിയ വീടിനുള്ളിൽ മൂക്കോളം മുങ്ങി നിന്നവരെ കുറിച്ച്. അത്രേയുള്ളൂ പണത്തിന്റെയും പ്രതാപത്തിന്റെയും ആയുസ്സ്. പക്ഷേ, പ്രളയം കഴിഞ്ഞു കോവിഡ് വന്നിട്ടും നാം പലതും പഠിച്ചിട്ടില്ല.

‘‘എനിക്ക് സൗഹൃദങ്ങളെ ഭയമാണ്, അവർ ചതിച്ചാലോ...’’ എന്റെ മുന്നിലിരുന്നാണ് അൻപതു വയസ്സോടടുത്ത അയാൾ ഹൃദയം തകർന്നു പറഞ്ഞത്. ജീവിതത്തിലെ ഒരു പ്രതിസന്ധിയിൽ കുടുംബം കയ്യൊഴിയുമെന്നായപ്പോൾ ആരെയെങ്കിലും കൂടെനിർത്തിക്കൂടേ, സുഹൃത്തുക്കളെയെങ്കിലും എന്നു ചോദിച്ചപ്പോളാണ് അദ്ദേഹം അതു പറഞ്ഞത്. എനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയാം. അവരിൽ പലരും അഭിമാനത്തോടെ പറയുന്നതു കേട്ടിട്ടുണ്ട്, ‘ഞങ്ങൾ സുഹൃത്തുക്കളെയൊന്നും വീട്ടിൽ കയറ്റില്ലെ’ന്ന്. അതൊരു മനോവൈകല്യമാണെന്ന് തിരിച്ചടിക്കാൻ തോന്നിയെങ്കിലും അതു പറയാൻ തക്ക അടുപ്പം ഒരിക്കലും അവരോട് തോന്നാത്തതിനാൽ ഞാൻ നാവടക്കുകയായിരുന്നു. അൻപതു വയസ്സിൽ നിങ്ങൾ ജീവിതവിജയത്തെ അളക്കേണ്ടത് ഔദ്യോഗികമായ പദവിയുടെയോ വീടിന്റെ വലിപ്പത്തിന്റെയോ ബാങ്ക് ബാലൻസിന്റെയോ ഒന്നും അളവുകോൽ കൊണ്ടല്ല. മറിച്ച് നേടിയ സൗഹൃദങ്ങളുടെ ആഴവും പരപ്പും കൊണ്ടാണ്. അതിൽ ചിലയിടങ്ങളിലെങ്കിലും നിങ്ങൾ ചതിക്കപ്പെട്ടിട്ടുണ്ടാകാം. ഏറ്റവും അടുത്തവർ ഒരു വാക്ക് പോലും ഉരിയാടാതെ പടിയിറങ്ങിപ്പോയിട്ടുണ്ടാകാം. പക്ഷേ, അത് നൂറിൽ ഒന്നോ രണ്ടോ മാത്രമാകും. അപ്പോഴും ബാക്കി 98 പേരും നിങ്ങൾക്കു വേണ്ടി അവിടെത്തന്നെയുണ്ടാകും.

ഒറ്റയ്ക്കാകുമ്പോൾ നമുക്ക് വേഗത്തിൽ നടക്കാനായേക്കും. പക്ഷേ, ഒന്നുചേർന്നു നടക്കുമ്പോൾ നമുക്ക് കൂടുതൽ ദൂരം, അതും ഏറ്റവും സന്തോഷകരമായി, താണ്ടാനാകുമെന്ന് ഉറപ്പ്. കാരണം, വീണുപോയാൽ താങ്ങാൻ കൂടെയാളുണ്ട്. മരുഭൂമിയിൽ നമ്മുടെ തണ്ണീർക്കുടത്തിലെ വെള്ളം തീർന്നാലും നാം ദാഹിച്ചുവലയില്ല. കൂടെയുള്ളവർ നമുക്കായി അതു പങ്കുവയ്ക്കും. മഴയത്ത് നമ്മുടെ കുട പറന്നുപോയാലും അവരുടെ കുട നമുക്ക് മേലാപ്പ് തീർക്കും. അത്രമേൽ മനോഹരമാണ് ജീവിതത്തിലെ ആ സഹനർത്തനം. അതുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് കൂട്ടുകൂടാൻ പഠിപ്പിച്ചു തുടങ്ങാം. പങ്കുവയ്ക്കാൻ, ത്യജിക്കാൻ ഒക്കെയുള്ള പാഠങ്ങൾ അതിലൂടെ അവർക്കു ലഭിക്കും. സന്തോഷം, സമ്പാദ്യം, സുഖങ്ങളൊക്കെ എല്ലാവരുമായി പങ്കുവയ്ക്കേണ്ടതാണ്. മാധവിക്കുട്ടി എഴുതിയ പിശുക്കന്റെ ക്ലാവു പിടിച്ച നാണ്യശേഖരം പോലെയാകരുത് നിങ്ങളുടെ സ്നേഹം. പകരം അത് ആവശ്യമുള്ളവന് പകർന്നുനൽകൂ. ഇരട്ടിയായി മടങ്ങുവരുക തന്നെ ചെയ്യും.ഒറ്റയ്ക്ക് ഞാനൊരു തുള്ളിയാണ്, ഒന്നിച്ചു നാമൊരു സമുദ്രവും എന്ന ചൊല്ല് മറക്കാതിരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT