ADVERTISEMENT

"അമ്മ പറഞ്ഞു കേട്ട ഒരു കാര്യമുണ്ട്. ഞാൻ കൈക്കുഞ്ഞ് ആയിരുന്നപ്പോൾ ഒരു തമിഴൻ ഭിക്ഷക്കാരൻ വീട്ടിൽ വന്നപ്പോൾ ഇങ്ങനെ ചോദിച്ചുവത്രെ, ഇന്ത കുഴന്തയെ കൊടുക്കുമാ , തമിഴ്നാട്ടിൽ നല്ല വില കിടൈയ്ക്കും കേട്ട് കൊണ്ട് നിന്ന അപ്പച്ചൻ വാക്കത്തിയുമായി അയാളെ പറമ്പിനു പുറത്തുവരെ ഓടിച്ചു . സത്യത്തിൽ അയാൾ ചോദിക്കുക മാത്രമാണ് ചെയ്തത്, - കിട്ടിയില്ലെങ്കിൽ പോവുകയും ചെയ്യും. അതിക്രമം ചെയ്തിട്ടുമില്ല. ചോദിക്കാതെ കൊടുക്കുമോയെന്ന് എങ്ങനെ അറിയും?പിന്നെ അപ്പച്ചൻ ഓടിച്ചത് ശരിയായോ?

 

തികച്ചും ശരിയായി- കാരണം എന്നെ വിൽക്കാൻ വച്ചിരിക്കുകയല്ലല്ലോ" സജി മാർക്കൊസ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ഇങ്ങനെ കുറിക്കുകയുണ്ടായി. നടൻ വിനായകൻ അദ്ദേഹത്തിന്റെ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പ്രസ്മീറ്റില്‍ തീർത്തും അനവസരത്തിൽ നേരിട്ട ഒരു ചോദ്യമാണ് ഇതുപോലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗ് ആയ പോസ്റ്റുകൾക്ക് ആധാരം. 

 

അവിടെ വച്ചു വിനായകൻ ചോദിച്ച ചോദ്യമുണ്ട്, എന്താണ് ഈ മീ ടു. വളരെ ബുദ്ധിപരമായി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇടുന്ന അദ്ദേഹത്തിന് അതിന്റ അർത്ഥം അറിയില്ലെന്ന് പറയാനാകില്ല, പക്ഷേ, അതിന്റെ അർത്ഥം ഒരുപാട് പേർക്ക് അറിയില്ല എന്ന് തുടർന്ന് വന്ന ചർച്ചകൾ ബോധ്യപ്പെടുത്തുന്നുണ്ട്. എന്താണ് മീ ടു? എന്താണ് കൺസന്റ്? ഈ രണ്ട് ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കു പിന്നാലെയാണ് സോഷ്യൽ മീഡിയ.

 

എനിക്ക് നിങ്ങളുമായി സെക്സ് ചെയ്യാൻ ആഗ്രഹമുണ്ട്. ക്യാൻ വീ? - ഇത്തരം ഒരു ചോദ്യമാണ് കൺസന്റ് ചോദിക്കൽ. വിനായകൻ പറഞ്ഞ ഉത്തരം അനുസരിച്ചു ആഗ്രഹം തോന്നിയ സ്ത്രീയോട് അനുവാദം വാങ്ങുന്നു എന്നതാണ്. എന്താണ് അങ്ങനെ ചോദിച്ചാൽ കുഴപ്പം? കഴിഞ്ഞ ദിവസം ഒരു പുരുഷ സുഹൃത്തിനോട് സംസാരിക്കുകയുണ്ടായി,

"ഞാൻ ഒരു സ്ത്രീയെ പരിചയപ്പെട്ടു. ഒരു ഒഫീഷ്യൽ കാര്യത്തിന് ഓൺലൈനിൽ സംസാരിച്ചു എന്നത് മാത്രമാണ് പരിചയം. ഞങ്ങൾ വാട്സാപ്പിൽ ഡീറ്റെയിൽസ് സംസാരിച്ചിരുന്നു, അങ്ങനെ പരിചയം ആയി. പക്ഷേ അടുത്ത 10 മിനിറ്റിൽ അവർ സെക്സിനു താത്പര്യം ഉണ്ടോ എന്നാണ് ചോദിച്ചത്"

 

" എന്നിട്ട് എന്താണ് മറുപടി കൊടുത്തത് "

 

" ഒന്നുമില്ല, ഞാൻ ഷോക്ക് ആയി. ആദ്യമായി സംസാരിച്ചു തുടങ്ങി അത്ര സമയത്തിനുള്ളിൽ ഒരാൾക്ക് എങ്ങനെ ' ഹാപ്പി മോമെന്സ് ' ഡിമാൻഡ് ചെയ്യാൻ പറ്റും? "

 

"താല്പര്യം ഇല്ലെങ്കിൽ പറഞ്ഞാൽ പോരെ?"

 

" മതിയായിരിക്കും, പക്ഷേ... "

 

" ഒരു സ്ത്രീ ഇങ്ങോട്ട് ചോദിച്ചത് കൊണ്ടാണോ? "

 

" അല്ല, എന്നെക്കുറിച്ച് ഒന്നും അറിയാത്ത ഒരാൾ, എന്റെ ആറ്റിറ്റ്യൂഡ് അറിയാത്ത ഒരാൾ, എങ്ങനെ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പറ്റും? "

 

" ഹഹ... ഞങ്ങൾ സ്ത്രീകൾ ഈ ചോദ്യം ഒരുപാട് കേൾക്കുന്നതാണ്.",

 

സെക്സിനു താത്പര്യം ഉണ്ടോ? എന്ന ചോദ്യം സ്ത്രീ ആണോ പുരുഷൻ ആണോ എന്നതിൽ അല്ല പ്രശ്നം, ആ ചോദ്യത്തിന്റെ സാഹചര്യത്തിൽ തന്നെ ആണ് പ്രശ്നം. ഏറ്റവും പ്രധാന പ്രശ്നം സമ്മതം ചോദിക്കൽ എന്നതിന്റെ അർത്ഥവ്യത്യാസമാണ്. ചക്കയോ മാങ്ങയോ തരാൻ പറയുന്ന അത്ര എളുപ്പത്തിൽ ഒരു സ്ത്രീയോട് ശാരീരിക ബന്ധം ആവശ്യപ്പെടുന്നത് നീതിയല്ല. പ്രണയത്തിൽ ആണെങ്കിൽ പോലും( അല്ലെങ്കിലും ) രണ്ട് വ്യക്തികളും അതിന് തയ്യാറാണ് എന്ന അവസ്ഥ എത്തുന്ന സമയത്ത് കണ്സന്റ് എന്ന വാക്ക് കൃത്യമായി മാറുന്നു. അവിടെ സമ്മതം ചോദിക്കൽ അല്ല നടക്കുന്നത്, മറിച്ചു പരസ്പരം ഉള്ള സമ്മതം കൊടുക്കലാണ്. പ്രണയം കൊണ്ട് അന്ധമായ ഒരു സാഹചര്യത്തിൽ, എന്തെങ്കിലും വാഗ്ദാനങ്ങൾ നൽകിയ ശേഷം, no - എന്ന വാക്ക് പറയാൻ പറ്റാത്ത ഒരവസ്ഥയിൽ എതിരെ നിൽക്കുന്ന ആളെ എത്തിച്ച ശേഷം ഒക്കെയുള്ള അനുവാദം ചോദിക്കൽ പ്രഹസനം മാത്രമാണ്. 

 

എന്താണ് മീ ടു?

 

ഒരു വ്യക്തിക്ക് ഒട്ടും സുഖകരമല്ലാത്ത( comfort അല്ലാത്ത ) ഒരു സാഹചര്യത്തിൽ can i have sex with you? എന്ന് ചോദിക്കുന്നത് ഉൾപ്പെടെ അവസരം മുതലെടുത്ത് ആ വ്യക്തിയെ നിസ്സഹായ അവസ്ഥയിൽ എത്തിച്ചു മാനസികമായും ശരീരികമായും ഉപയോഗിക്കുന്നതുമെല്ലാം മീടു തന്നെ. കണ്‍സെന്റ് എന്ന വാക്കിനെയും മീടുവിനെയും ഒരുപാട് വ്യത്യസ്തമായ അല്ലെങ്കിൽ അവരവർക്ക് യോജിച്ച രീതിയിൽ ആളുകൾ സങ്കൽപ്പിക്കുന്നുണ്ട്.  സമ്മതം ചോദിക്കാതെ എങ്ങനെ ഒരാളോട് ശാരീരിക ബന്ധത്തിനു സമ്മതമാണോ എന്നറിയും എന്ന ചോദ്യമാണ് ഇതിൽ ഉയർന്നു വരുന്നത്. അവിടെയാണ് സമ്മതം ചോദിക്കൽ അല്ല പരസ്പരമുള്ള അംഗീകരിക്കലും സ്വീകരിക്കലും ആണ് നീതി എന്നു പറയേണ്ടി വരുന്നത്. താത്പര്യമുള്ള രണ്ട് പേർക്കിടയിൽ അത് വളരെയെളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു അനുഭവവുമാണ്. കാരണം മനുഷ്യന്റെ പ്രാഥമിക ആവശ്യമെന്ന നിലയിൽ വാക്കുകളെക്കാൾ വേഗത്തിൽ ആ സമ്മതം മനസ്സിലാക്കൽ എളുപ്പമാകുന്നു. അവിടെ സ്വീകാര്യതയും ബഹുമാനവും ഉണ്ടാവുന്നു. അത് സമ്മതം ചോദിക്കൽ അല്ല എന്ന് ഒരിക്കൽ കൂടി അടിവര ഇട്ട് പറയട്ടെ.

 

വിദേശ രാജ്യങ്ങളിലെ ശാരീരിക ബന്ധ രീതികളെ താരതമ്യപ്പെടുത്തി പുരോഗമന ആശയവുമായും ഈ സമ്മതം ചോദിക്കൽ ചർച്ചകൾ നടക്കുന്നുണ്ട്. ഓരോ നാടിനും പുരോഗമനം എന്നത് അവരവരുടെ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴും മര്യാദക്ക് സ്ത്രീകളോട് പെരുമാറാൻ അറിയാത്ത,ലിംഗ സമത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു നാട്ടിൽ സമ്മതം ചോദിക്കൽ എന്നത് ഒരു അപമാനം തന്നെയാണ്. കാരണം അതൊരാളുടെ ആവശ്യമാണ്, അതിനെ തൃപ്തിപ്പെടുത്താൻ " തരുമോ " എന്നതാണ് ആ ചോദ്യം. ആവർത്തിക്കുന്നു, ഒരു വ്യക്തിയും ചരക്കല്ല, ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാധ്യസ്ഥരുമല്ല. ആ ചോദ്യം തന്നെ നീതി നിഷേധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT